കാള്‍സണും പ്രഗ്‌നാനന്ദയും
(Ravichandran C)
പ്രഗ്നാന്ദയും കാള്‍സണും തമ്മിലുള്ള മത്സരങ്ങള്‍ സംഷിപ്തരൂപത്തില്‍ കണ്ടിട്ടുണ്ട്. Absorbing games! പ്രഗ്യാനന്ദ ഇന്ത്യയില്‍ നടക്കുന്ന ചെസ് വിപ്ലവത്തിന്റെ സംഭാവനയാണ്. ചെസ് അടിസ്ഥാനപരമായി വ്യക്തിഗത ഗെയിമാണ്. കാള്‍സനെ വര്‍ഷങ്ങളായി ശ്രദ്ധിക്കുന്നു. വ്യക്തിഗുണവും പ്രതിഭയും സംഗമിക്കുന്ന കളിക്കാരന്‍. കാള്‍സണ്‍ കളി മടുത്ത് പലയിടത്തുനിന്നും പിന്‍മാറിയെങ്കില്‍ അതിന് വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടാകും. എളുപ്പമായിരുന്നു പല വെല്ലുവിളികളും. ചെന്നൈ ചെസ് ഒളിമ്പ്യാഡില്‍ കാള്‍സണ്‍ പങ്കെടുത്തു. വൈവിധ്യമാണ് അവിടെ മത്സര ലഹരി ഉയര്‍ത്തിയത്. പ്രഗ്നാന്ദ കളി ജയിച്ചതോടെ സ്ഥിരംകാണുന്ന ദേശീയത മൂപ്പിക്കലും വംശീയതാരതമ്യങ്ങളുമെല്ലാം കാണാനാവുന്നു.
താരതമ്യേന ചെലവ് കുറഞ്ഞ കളിയാണ് ചെസ്. സമ്പന്നരെല്ലാം മികച്ച കളിക്കാരാകുന്നില്ല, ദരിദ്രര്‍ ആകാതെയിരിക്കുന്നുമില്ല. ഉന്നത നിലവാരത്തില്‍ കളിക്കാന്‍ സാമൂഹിക പിന്തുണ സഹായകരമാണ്. ഇന്ത്യയില്‍ (especially in Tamilnadu) അത് ലഭ്യമായി വരുന്നുണ്ട്. കാള്‍സണും പ്രഗ്യാനന്ദയും തമ്മിലുള്ള ഗെയിമുകള്‍ കറുത്തവനും വെളുത്തവനും തമ്മിലുള്ള പോരാട്ടമോ ദരിദ്രനും സമ്പന്നനും തമ്മിലുള്ള വര്‍ഗ്ഗസമരമോ സാമ്രാജ്യത്വശക്തക്കും കോളണിക്കാര്‍ക്കും ഇടയിലുള്ള യുദ്ധമോ അല്ല. അത് പ്രതിഭാധനരായ രണ്ട് വ്യക്തികള്‍ക്കിടയിലുള്ള മത്സരമാണ്. അര്‍ത്ഥശൂന്യമായ വിദ്വേഷപ്രകടനങ്ങളും വര്‍ണ്ണ-വംശീയ താരതമ്യങ്ങളും അവിടെ അഭികാമ്യമല്ല.
എന്താണ് മത്സരം? It is a passport to self actualization and general progress. മത്സരവും(competition) മത്സരബുദ്ധിയും (Competitiveness) മഹത്തരമാണ്. അവയെ ഇക്ഴത്തുന്നത് പ്രതിലോമകരം. മനുഷ്യരാശി ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് മനുഷ്യര്‍ക്കിടയിലുള്ള മത്സരത്തിലൂടെയാണ്, വ്യക്തി അവനവനോട് തന്നെ മത്സരിക്കുന്നത് കൊണ്ടാണ്. മത്സരം മൂലമാണ് ജീവിതത്തില്‍ സമ്മര്‍ദ്ദവും ആനന്ദവും നിരാശയും ഉണ്ടാകും. അവയൊക്കെയാണ് ജീവിതത്തെ സജീവവും സുന്ദരവുമാക്കുന്നത്. ജീവിതമായാല്‍ സമ്മര്‍ദ്ദവും സുഖദു:ഖങ്ങളും വേണം. Dose, frequency and scale are the criteria. Too much and too many are not ideal എന്ന് പ്രത്യേകം പറയേണ്ടതില്ല.
മത്സരം എന്നാല്‍ വയലന്‍സ് അല്ല. അത് യുദ്ധമോ(war) നശീകരണമോ(destruction) അല്ല. Competition is creative. അത് സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമാണ്. മത്സരത്തില്‍ നിഴലിക്കുന്ന തത്വം സമത്വമാണ്. എതിരാളിയെ തുല്യനായി കാണുന്നില്ലെങ്കില്‍ മത്സരത്തിനിറങ്ങാനാവില്ല. പകരം നിങ്ങളയാളെ അവഗണിക്കും, അല്ലെങ്കില്‍ നശിപ്പിക്കും.
മത്സരിക്കുന്നത് ശത്രുക്കളുമായല്ല, എതിരാളികളുമായാണ്. അല്ലെങ്കില്‍ പന്തിന് പകരം കാലിനടിക്കും. മത്സരത്തില്‍ പരസ്പരബഹുമാനമുണ്ട്, തിരിച്ചറിവുകളുണ്ട്. തോല്‍വിയുടെ നിരാശയും വിജയത്തിന്റെ ലഹരിയും സന്നിഗ്ധതയുടെ പിരിമുറുക്കവും നമുക്ക് ലഭ്യമായ സമയത്തെ അര്‍ത്ഥവത്താക്കുന്നു. പ്രഗ്‌നാന്ദ മത്സരിച്ച് മുന്നേറട്ടെ, വീണും എഴുന്നേറ്റും കുതിക്കട്ടെ. അവന്റെ നേട്ടങ്ങളും വീഴ്ചകളും വിലയിരുത്തപെടട്ടെ. മത്സരബോധം നിലയ്ക്കുമ്പോള്‍ നിങ്ങള്‍ ശവസമാനമാകും. മത്സരമില്ലാത്ത ജീവിതം സോമ്പി ജീവിതം.