കൊറോണ വൈറസിനെതിരെ ഇതിനകം പുറത്തിറങ്ങിയ പ്രാര്‍ത്ഥനകളില്‍ ഏറ്റവും മികച്ചത് കേന്ദ്രമന്ത്രി റാംദാസ് അത്താവാലയുടെതാണ്

88

Ravichandran C

Prayer Of The Year
Go Corona! Corona Goooo! പുതിയ കൊറോണ വൈറസിന് എതിരെ ഇതിനകം പുറത്തിറങ്ങിയ പ്രാര്‍ത്ഥനകളില്‍ ഏറ്റവും മികച്ചത് കേന്ദ്രമന്ത്രി റാംദാസ് അത്താവാലയുടെതാണെന്ന് പറയാന്‍ പല കാരണങ്ങളുണ്ട്. First of all, അത്‌ വളരെ ലളിതമാണ്. simple, straight and clear as whistle! വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വെ കാര്യം പറയുന്നു. നോ ഞഞ്ഞാപിഞ്ഞ! നീണ്ട വിവരണം ഇല്ല. ഭാവാഭിനയത്തോടെ ആലപിക്കുകയോ ചവിട്ടി പൊളിക്കുകയോ വിറച്ചു തുള്ളുകയോ ചെയ്യേണ്ടതില്ല. ‘ഹലോ ഹായ് ..’എന്നു പറയുന്നതുപോലെ നിസ്സാരമായി നിര്‍വഹിക്കാം. Minimum expression, maximum output. പൊട്ടിച്ചിരിക്കണ്ട, മാറത്തടിക്കണ്ട, നിലത്ത് കിടന്ന് ഉരുളണ്ട്, മണ്ണു കപ്പണ്ട. ചക്കരകഞ്ഞി തിളപ്പിക്കുകയോ മൃഗങ്ങളുടെ കഴുത്തറുക്കുകയോ ചെയ്യേണ്ട. Just a few seconds required. കട്ടി സംസ്‌കൃതമോ ഞെട്ടിപ്പിക്കുന്ന ലാറ്റിനോ മാരക അറബിയോ ഇല്ല. എല്‍.കെ.ജി ഇംഗ്ലിഷില്‍ ഉള്ള കാര്യം തുറന്നുപറയുന്നു.
സാധാരണയായി മതജീവി പ്രാര്‍ത്ഥനകള്‍ ദുരൂഹമായ പാണ്ഡിത്യപ്രകടനവും കണ്ണില്‍ച്ചോരയില്ലാത്ത സാഹിത്യവും അടങ്ങിയവ ആയതിനാല്‍പ്രാര്‍ത്ഥനാതൊഴിലാളി ശരിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സ്വീകരിക്കേണ്ടവര്‍ പരാജയപ്പെട്ടുപോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഭക്തര്‍ ലോകക്ഷേമം, വേള്‍ഡ് പീസ്, ഇന്നര്‍ എഞ്ചിനീയറിംഗ് എന്നൊക്കെയുള്ള ഉത്തരാധുനിക ഡിമാണ്ടുകള്‍ ഉന്നയിക്കുന്നത് കേട്ട് സിസ്റ്റം അടിച്ചുപോകുന്നവര്‍ നിരവധി. ‘വളച്ചുകെട്ടാതെ കാര്യംപറ’ എന്നു ഭക്തരോട് തിരിച്ചു പറയാന്‍ മിണ്ടാപ്രാണികളായ അവര്‍ക്ക് സാധിക്കാറുമില്ല. ഭിക്ഷാടനസാഹിത്യത്തിലെ ഇത്തരം ദുരൂഹതകളാണ് പല പ്രാര്‍ത്ഥനകളും പച്ച തൊടാതിരിക്കാന്‍ കാരണമെന്ന് കരുതപെടുന്നു. അതേസമയം സുഗ്രാഹ്യവും ലളിതവുമായ പ്രാര്‍ത്ഥനകള്‍(ഉദാ-രോഗം മാറണേ, സമ്പത്തുണ്ടാകണേ, സൗന്ദര്യം കൂടണേ, കുഞ്ഞുണ്ടാകണേ…) താരതമ്യേന ഉയര്‍ന്ന സഫല്‍നിരക്ക് കാണിക്കുന്നതായി കാണാം. പുതിയതായി മ്യൂട്ടേറ്റ് ചെയ്തു വന്ന വൈറസ് എന്ന നിലയില്‍ അതിസങ്കീര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ മനസ്സിലാക്കാന്‍ കോവിഡ് വൈറസുകള്‍ക്ക് പരിമിതിയുണ്ടാവും. കണ്ണുകീറി വരുന്ന ബേബി വൈറസ്സുകള്‍ക്കുപോലും മനസ്സിലാകുന്ന ഒരു പ്രാര്‍ത്ഥന വികസിപ്പിച്ചെടുത്തതിലൂടെ മഹത്തായ കണ്ടുപിടുത്തമാണ് കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രാര്‍ത്ഥന തൊഴിലാളികള്‍ക്കു പൊതുവെ ആവേശംപകരുന്ന ഒന്നാണിത്.
അപ്പോഴും ഈ പ്രാര്‍ത്ഥനയുടെ ഒരു ന്യൂനത ചൂണ്ടിക്കാട്ടാതിരിക്കാന്‍ സാധിക്കില്ല. കൊറോണയോട് പോകാന്‍ ആവശ്യപെടുന്നുവെങ്കിലും എങ്ങോട്ട് പോകണം എന്ന് വ്യക്തമാക്കുന്നില്ല. പ്രാര്‍ത്ഥന കേട്ട് പുറത്തിറങ്ങുന്ന വൈറസുകള്‍ എങ്ങോട്ടുപോകും? വലിയ ലോകപരിചയം ഇല്ലാത്ത വൈറസ് കുഞ്ഞുങ്ങള്‍ ആശയക്കുഴപ്പത്തില്‍ ആകുമെന്നുറപ്പ്. സാധാരണയായി പാകിസ്ഥാനിലോട്ട് പോടാ, ഇറ്റലിയിലോട്ട് പോടാ… എന്നൊക്കെ പറയുന്നതുപോലെ കൃത്യമായ ലക്ഷ്യസ്ഥാനം സൂചിപ്പിക്കാതെയുള്ള പ്രാര്‍ത്ഥനകള്‍ വിപരീതഫലം ഉളവാക്കുമോ എന്ന ആശങ്ക തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രാര്‍ത്ഥനാപണ്ഡിതര്‍ പ്രകടിപ്പിക്കുന്നുണ്ട്. മറ്റ് എങ്ങോട്ടെങ്കിലും പോകാന്‍ കൊറോണ തീരുമാനിച്ചാല്‍ ലോകമെമ്പാടും ഭീഷണി നിലനില്‍ക്കും. അതുകൊണ്ടുതന്നെ ‘ഭൂമി വിട്ടുപോ’അല്ലെങ്കില്‍ ‘ആത്മഹത്യ ചെയ്യൂ’ എന്ന രീതിയില്‍ ഈ പ്രാര്‍ത്ഥന പരിഷ്‌കരിക്കാനാവശ്യമായ സത്വര നടപടികള്‍ ഫുള്‍ കാബിനറ്റ് കൂടി തീരുമാനിക്കും എന്നു പ്രത്യാശിക്കാം.