പക്ഷമില്ലാഞ്ഞിട്ടല്ല മറിച്ച് പക്ഷം പിടിച്ചാല്‍ ‘പരിക്കേല്‍ക്കുമെന്ന’ ഭീതിയാണ്‌ നിക്ഷ്പക്ഷരെ ജനിപ്പിക്കുന്നത്

0
106
അജ്ഞേയവാദികളെ ഇതിലേ ഇതിലേ
ലോകം കണ്ട പല പ്രമുഖ മതവിമര്ശകരും അജ്ഞേയവാദികളായിരുന്നു. നാസ്തികനായിരുന്ന ബുദ്ധനെപ്പോലും ആ ഗണത്തില് കൂട്ടുന്നവരുണ്ട്. അജ്ഞേയവാദി (Agnostic or Agnostic atheist) ആയിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് പറയാറുണ്ട്. ദൈവമുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യതയുമില്ല, നിഷേധിയാകുമ്പോഴുണ്ടാകുന്ന അസ്വീകാര്യതയും ഒഴിവാക്കാം. കൗശലപൂര്ണ്ണമായ ഒരു സമീപനമായി അജ്ഞേയവാദം വിലയിരുത്തപ്പെടാറുണ്ട്. ദൈവം ഉണ്ടാകാം-ഇല്ലായിരിക്കാം;രണ്ടിനും വേണ്ടത്ര തെളിവില്ല എന്ന നിലപാട് ‘സുരക്ഷിതപാത'(safe route)യായി കാണുന്ന കോടിക്കണക്കിന് ആള്ക്കാരുണ്ട്.
ദൈവമുണ്ടോ എന്ന്‌ ചോദിച്ചാല് ‘അറിയില്ല’ എന്ന് പറയുന്നവന് അജ്ഞേയവാദി. ‘ഇല്ല’ എന്നു പറയുന്നവന് നാസ്തികന് എന്നൊരു ലളിത നിര്വചനം നിലവിലുണ്ട്. പക്ഷെ ഇത്തരത്തില് വാചികാര്ത്ഥത്തില് കാര്യങ്ങള് പരിമിതപ്പെടുത്തുന്നത് പ്രായോഗികമായി ശരിയായി കൊള്ളണമെന്നില്ല. ദൈവമുണ്ടാകാന് സാധ്യത തീരെക്കുറവാണ് എന്നാണ് പൊതുവെ നാസ്തികര് പറയുക. ‘ദൈവമില്ല’എന്നുപറയുന്നത് അശാസ്ത്രീയമായ സമീപനമാണ്. ദൈവമെന്നല്ല സമാനമായ മനുഷ്യന്റെ മനോജന്യ സങ്കല്പ്പങ്ങളെല്ലാം ഇല്ലെന്ന് പറയാനോ ഇല്ലെന്ന് തെളിയിക്കാനോ മുതിരുന്നത് അശാസ്ത്രീയമായിരിക്കും. ഇവിടെ ദൈവവും ‘കാക്രിപൂക്രി’യും സമാനം. രണ്ടും ഇല്ലെന്ന് തെളിയിക്കാന് ആര്ക്കുമാവില്ല. അതിനായി എത്ര കഷ്ടപ്പെട്ടാലും എന്തു തെളിവ് കൊണ്ടുവന്നാലും സാധുവാകുകയുമില്ല. ഉള്ളതിനേ തെളിവ് ഹാജരാക്കാനാവൂ. ദൈവം ഉണ്ടെന്നതിന് തെളിവില്ല എന്നാണ് നാസ്തികര് പറയുക. There is hardly any evidence for the existence of god or any similar stuff. ദൈവം ഇല്ലെന്ന് വിശ്വസിക്കുകയല്ല മറിച്ച് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കുകയാണ് അവര് ചെയ്യുന്നത്. അതായത് നാസ്തികത ഒരു വിശ്വാസമല്ല, മറിച്ച് അവിശ്വാസമാണ്. Atheism is not a believing business.
”ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല” എന്ന അജ്ഞേയവാദിയുടെ അടിസ്ഥാനപ്രസ്താവന പരിഗണിക്കാം. ഈ പ്രസ്താവമനുസരിച്ച് ദൈവം ‘ഉണ്ട്’ എന്നയാള്ക്ക് അറിയില്ലെന്ന് വ്യക്തമാണ്. ഉണ്ട് എന്നറിയാന് തെളിവ് ആവശ്യമുണ്ട്. അത് ഇല്ലാത്തതിനാലാണല്ലോ ഉണ്ട് എന്ന് അറിയാനാവാത്തതും പറയാനാവാത്തതും. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് അജ്ഞേയവാദിയും നാസ്തികനും തമ്മില് ഭിന്നതയില്ല. തെളിവ് ഇല്ലാത്തതിനാല് ദൈവം ഉണ്ട് എന്ന് പറയാനാവില്ലെന്ന് ഇരുകൂട്ടരും ഒരുപോലെ അംഗീകരിക്കുന്നു.
ഇനി പ്രസ്താവനയുടെ രണ്ടാംഭാഗം നോക്കാം.’ദൈവം ഇല്ല എന്നറിയില്ല’: ശരിയാണ്. ദൈവം ഇല്ലെന്നറിയണമെങ്കില് അതിനും ഉപോല്ബലകമായ തെളിവ് വേണം. അങ്ങനെയൊരു തെളിവില്ല. അതുകൊണ്ടുതന്നെ നല്കാനുമാവില്ല. ഇല്ലാത്തതിന് തെളിവില്ലെന്ന് നാസ്തികന് പറയുന്നതും ഇതേ കാരണത്താലാണ്. One can’t prove the negative. അപ്പോള് ദൈവം ഇല്ല എന്നുള്ളതിന് തെളിവില്ലെന്ന് അജ്ഞേയവാദിയും നാസ്തികനും ഒരുപോലെ സമ്മതിക്കുന്നു.
അജ്ഞേയവാദപ്രസ്താവനയുടെ രണ്ടുഭാഗവും ഫലത്തില് നാസ്തികപരമാണെന്നാണ് ഇതിലൂടെ തെളിയുന്നത്. അതായത് അജ്ഞേയവാദം നിരീശ്വരവാദപരവും നിരീശ്വരവാദം അജ്ഞേയവാദപരവുമാണ്(atheism is agnostic and agnosticism is atheist). പക്ഷെ അത് എപ്രകാരം തുറന്നുപറയുന്നു എന്നതില് മാത്രമാണ് കാതലായ വ്യത്യാസം.
ദൈവം മനോജന്യസങ്കല്പ്പ(delusion)മായതിനാല് ഇല്ലെന്ന് തെളിയിക്കാനാവില്ലെന്ന് പറയുമ്പോള് ‘ദൈവം മനോജന്യസങ്കല്പ്പം അല്ലെങ്കില് ഇല്ലെന്ന് തെളിയിക്കാനാവുമോ?’ എന്നുചോദിച്ചാലും ഉത്തരം നിഷേധപരമായിരിക്കും. യഥാര്ത്ഥത്തില് ഇല്ലാത്തതിനാലാണ് അത് മനോജന്യമായ ഒരു അമൂര്ത്തമായ ഭവനയാണെന്ന് പറയുന്നത്. അതിന് അമൂര്ത്തമോ മൂര്ത്തമോ ആയ തെളിവില്ല. തെളിവില്ലാതിരിക്കാന് കാരണം അങ്ങനെയൊന്ന് ഇല്ല എന്നതാകാനാണ് സാധ്യത. ഏതെങ്കിലും ഒന്ന് എവിടെയും ഇല്ലെന്ന് തെളിയിക്കാന് ബുദ്ധിമുട്ടായിരിക്കും. കാരണം ഈ ‘എവിടെയും’ എന്താണ് എന്ന് നമുക്ക് കൃത്യമായി അറിയാനാവില്ല.
ദൈവം പ്രപഞ്ചത്തിന് അതീതമാണെന്ന മുട്ടാപ്പോക്ക് വാദം ചില അതിബുദ്ധികള് പ്രയോഗിക്കുന്നതിന്റെ കാരണമിതു തന്നെ. ഉള്ളിടത്ത് തെളിവില്ലെങ്കില് ‘ഇല്ലാത്തിടത്തും’ ‘അറിയാത്തിടത്തും’ ദൈവത്തിന് തെളിവ് ഉണ്ടെന്ന് അവകാശപ്പെട്ട് കാലം കഴിക്കാം. അതുമല്ലെങ്കില് ‘ഇല്ലാത്തിടത്തും’ ‘അറിയാത്തിടത്തും’ ദൈവത്തിന് തെളിവില്ല എന്ന് ഇവിടെനിന്നുകൊണ്ട് നിങ്ങള്ക്കെങ്ങനെ പറയാനാവും? – എന്ന ചോദ്യമുയര്ത്താം.ആ വാദങ്ങള് സാധുവായി പരിഗണിച്ചാല് എല്ലാം ഉണ്മയായി സ്വീകരിക്കേണ്ടതുണ്ട്. ഒന്നും ഇല്ലെന്ന് പറയാനാവില്ല. പക്ഷെ അങ്ങനെയല്ലല്ലോ നാം മുന്നോട്ടുപോകുന്നത്. നമ്മുടെ ലോകത്ത് ഉള്ളതും ഇല്ലാത്തതും ഉണ്ട്. ദൈവത്തിനും പ്രേതത്തിനുമൊക്കെ മാത്രം അക്കാര്യത്തില് പ്രത്യേക അനുകൂല്യം നല്കുന്നതില് കഥയില്ല.
അജ്ഞേയവാദി ആ പേരില് അറിയപ്പെടാന് ആഗ്രഹിക്കുന്നതിന്റെ പ്രധാനകാരണം നാസ്തികതയക്ക് പരമ്പരാഗതസമൂഹങ്ങളില് പൊതുവെയുള്ള സ്വീകാര്യതയില്ലായ്മയാണെന്ന് നമുക്കറിയാം. ”എന്താ പറഞ്ഞത്, ദൈവമില്ലെന്നോ!? നിനക്കെങ്ങനെയത് പറയാന് സാധിക്കുന്നു?!!!”-അമ്പരന്നുകൊണ്ടുള്ള ഇത്തരമൊരു ചോദ്യം സ്വമാതാവില് നിന്ന് ഒരിക്കലെങ്കിലും നേരിട്ടില്ലാത്ത നാസ്തികര് കുറവായിരിക്കും. പരമ്പരാഗതസമൂഹങ്ങളില് നാസ്തികത ജനകീയമാകാന് സാധ്യതയില്ല. ജനത്തിന്റെ ആഗ്രഹചിന്തകളേയും ഭൗതികാസക്തിയേയും തൃപ്തിപ്പെടുത്തുന്ന യാതൊന്നും നാസ്തികതയിലില്ല എന്നതാണതിന്റെ കാരണം. ഭക്തി ‘ഭൗതികാസക്തി’ എന്ന വാക്കിന്റെ ചുരുക്കപ്പേരാണെങ്കില് നാസ്തികത ആസക്തികളോട് നിസംഗമായി നിലകൊളളുന്നു. അതില് കപടമായ വാഗ്ദാനങ്ങളില്ല.
നിങ്ങള് പറയുന്നതൊക്കെ ശരിയായിരിക്കാം പക്ഷെ എപ്പോഴും മനുഷ്യന് ”വീഴാതിരിക്കാന് ഒരു താങ്ങ് വേണം-ചാരിനില്ക്കാന് ഒരു തൂണുവേണം” എന്നൊക്കെ ജനത്തെകൊണ്ട് ചിന്തിപ്പിക്കാനും പറയിപ്പിക്കാനും ബാല്യത്തിലെ മതബോധനം പ്രേരകമാകുന്നു. നാസ്തികത സൈദ്ധാന്തികമായി പലര്ക്കും അസ്വീകാര്യമാകാനുള്ള ഒരു കാരണമതാണ്. ”ദൈവം ഉണ്ടായിട്ട് ജീവിക്കാന് വയ്യ, പിന്നെ ഇല്ലാതായാലുള്ള സ്ഥിതി ഒന്നാലോചിച്ച് നോക്കൂ”- എന്നായിരിക്കും ഇക്കൂട്ടര് വിലപിക്കുക!
മനുഷ്യനിലെ ഭൗതികാസക്തി നിയന്ത്രിക്കാന് അത്ര എളുപ്പമല്ലാത്തതിനാല് മതമെന്ന കപടവാഗ്ദാനം അവനെ പെട്ടെന്ന് കീഴ്‌പ്പെടുത്തുന്നു. അതല്ലാതെ പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന അറിവോ അസ്തിത്വത്തെ കുറിച്ചുള്ള ദാര്ശനികബോധ്യമോ ഒന്നുമല്ല വിശ്വാസിയെ അലട്ടുന്നത്. പ്രപഞ്ചം എന്നാല് എന്താണെന്ന് പോലുമറിയാത്തവരാണ് 90% വിശ്വാസികളും. അസ്തിത്വം എന്നാല് ചക്കയോ മാങ്ങയോ എന്നുപോലും തിരിച്ചറിയാത്തവരാണ് കൂറ്റന് വിശ്വാസികളില് മഹാഭൂരിപക്ഷവും. ദൈവം നേരിട്ട് ഹാജരായി താനില്ലെന്ന് പറഞ്ഞാലും അവര് മോഹചിന്ത ഒലിപ്പിച്ചു കളയാന് മറ്റൊരു ‘ഓവുചാല്‘(ventilation) സംഘടിപ്പിക്കും. ഒരു ദൈവം മരിച്ചാല് മറ്റൊന്നിനെ വരിക്കും. അവികിസിത സമൂഹങ്ങളിലെ പൊതുസ്ഥിതി ഇതാണെന്നിരിക്കെ നാസ്തികത പരസ്യമായി പ്രകടിപ്പിക്കാന് അവിശ്വാസികള് മടിക്കുന്നതില് അതിശയിക്കാനില്ല. സമൂഹത്തിന്റെ താഴേത്തട്ടില് നാസ്തികരെ ഏറെയൊന്നും കാണാനാവില്ല. എന്നുകരുതി നാസ്തികരെല്ലാം സമ്പന്നരും ചിന്തകരുമാണെന്ന് കരുതരുത്. കര്ഷകര്, തൊഴിലാളികള്, നിരക്ഷര്, തുടങ്ങിയവര്ക്കിടയില് നാസ്തികതയ്ക്ക് വേരോട്ടമുണ്ടാകാന് വിഷമമാണ്. കാരണം അവരെ ഉത്തേജിപ്പിക്കുന്നതൊന്നും നാസ്തികതയിലില്ല.
അതേസമയം, മദ്യവും മതവുമൊക്കെ ആ കൃത്യം വെടിപ്പായി നിര്വഹിക്കും. നാസ്തികതയിലെത്താന് കേവലം ജ്ഞാനവും തിരിച്ചറിവും മാത്രമല്ല കുറച്ച് ആത്മവിശ്വാസവും അത്യാവശ്യമാണ്. നാസ്തികത സാമൂഹികമായി ഒരു ”നഷ്ടക്കച്ചവട”മാണെന്ന തോന്നലാണ് ‘പരസ്യനാസ്തികര്‘(daylight atheists) ആകുന്നതില് നിന്ന് അവിശ്വാസികളെ തടയുന്നത്. ലോകമെമ്പാടുമുള്ള നാസ്തികരില് തൊണ്ണൂറ് ശതമാനവും ‘കുളിമുറി നാസ്തികരാ’യി(closet atheists) തുടരുന്നതിന്റെ കാരണവുമിതുതന്നെ.
പാമ്പിനെയൊക്കെ ഭയക്കുന്നതുപോലെ കുട്ടിക്കാലം മുതല് സ്വാംശീകരിച്ചെടുക്കുന്ന മതഭയവും മറ്റൊരു ശക്തമായ കാരണമാണ്. അജ്ഞേയവാദിയുടെ കാര്യം നോക്കുക, നാസ്തികനാണെന്ന് തുറന്നു പറയാത്തതിലൂടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ വെറുപ്പിക്കാതിരിക്കാം എന്നവന് ചിന്തിക്കുന്നു. An Agnostic prefers to please others more than himself. That is why it is some times called ‘spineless atheism’ or ‘atheism without balls’! മതവിശ്വാസം വികാരപരമാണ്. ‘അജ്ഞേയവാദി’ ‘നാസ്തികന്‘ എന്നീ പദങ്ങള് മതവിശ്വാസിയില് ഭിന്ന വികാരമായിരിക്കും ഉണ്ടാക്കുക എന്നയാള് പ്രതീക്ഷിക്കുന്നുണ്ട്. അജ്ഞേയവാദിയെന്ന പദം അധികമാരും പരിചയപ്പെട്ടിട്ടില്ലാത്തതിനാല് ഒരുപക്ഷെ മുന്വിധിയോടു കൂടിയ ശത്രുതാനിലപാടുകള് ഒഴിവാക്കപ്പെട്ടേക്കാം. അജ്ഞേയവാദിയായാല് മതവിമര്ശനമില്ലാതെ വിശ്വാസരഹിതജീവിതം നയിക്കാം എന്നു ചിന്തിക്കുന്നവരുമുണ്ട്. എന്നാല് അജ്ഞേയവാദിക്ക് നാസ്തികനേക്കാള് മതഭയം കൂടുതലാണെന്നതില് രണ്ടുപക്ഷമില്ല.
പൊതുവില് രണ്ടുരീതിയിലുള്ള അജ്ഞേയവാദമുണ്ട്. ഒന്ന് താല്ക്കാലികമായ സ്വഭാവമുള്ളതാണ് (TAP or Temporary Agnosticism in Practice). ദൈവം ഉണ്ടോ ഇല്ലയോ എന്നതിന് പൂര്ണ്ണമായ തെളിവുകള് കണ്ടെത്താന് മനുഷ്യനിതുവരെ കഴിഞ്ഞിട്ടില്ല. എന്നു കരുതി നാളെ കിട്ടിക്കൂടെന്നില്ല. ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കേണ്ടതാണ്. അതിന് കഴിയുന്നതുവരെ ദൈവത്തെ നിഷേധിക്കുകയോ സ്വീകരിക്കുയോ ചെയ്യുന്നത് ഉചിതമല്ല – ഇതാണ് താല്ക്കാലികസ്വഭാവമുള്ള അജ്ഞേയവാദത്തില് (TAP) ഉദ്ദേശിക്കുന്നത്. ഈ വാദം യുക്തിസഹവുമല്ലെന്ന് പറയാനാവില്ല. ശാസ്ത്രത്തില് തന്നെ പല സംഗതികളും താല്ക്കാലിക അജ്ഞേയവാദമെന്ന നിലയില് കൈകാര്യം ചെയ്യുന്നുണ്ട്. മനുഷ്യപരിണാമത്തിന്റെ കാര്യത്തില് ശാസ്ത്രം തെളിവുകള് കണ്ടെത്താന് വിഷമിക്കുന്ന മേഖലകള്, ദിനോസറിന്റെ കൂട്ടനാശം സംബന്ധിച്ച കാരണങ്ങള് തുടങ്ങി നിരവധി ശാസ്ത്രനിഗമനങ്ങള് ഇപ്പോഴും പൂര്ണ്ണമായും സാധൂകരിക്കപ്പെട്ടിട്ടില്ല. ദിനോസറുകള് കൂട്ടമായി നശിച്ചതിന് ഉല്ക്കാപതനം ഉള്പ്പെടെ പല കാരണങ്ങള് പരിഗണിക്കാം. അത്തരം കാരണങ്ങളെല്ലാം തന്നെ ശരിയാകാനും സാധ്യതയുണ്ട്. പക്ഷേ, കൃത്യമായി എന്തു കാരണത്താലാണ് ദിനോസറുകള് നിശ്ശേഷം അപ്രത്യക്ഷമായതെന്ന് ഇന്നും കണ്ടെത്താനായിട്ടില്ല.
ഇനി മറ്റൊരു അജ്ഞേയവാദമുള്ളത് സ്ഥിരമായ അജ്ഞേയവാദമാണ് (PAP-Permanent Agnosticism in Principle). ദൈവത്തിന് തെളിവില്ലെന്ന് മാത്രമല്ല, തെളിവ് കണ്ടെത്താനുമാവില്ല. പക്ഷേ, തെളിവില്ലെന്നുകരുതി ദൈവമില്ലെന്ന് വരുന്നില്ല. കാരണം സാമാന്യമായ അര്ത്ഥത്തിലുള്ള തെളിവുകളുടെ മേഖലയ്ക്കുപരിയാണ് ദൈവാസ്തിത്വം… ഇതാണ് ഇക്കൂട്ടരുടെ അഭിപ്രായം. ദൈവം ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും തുല്യ സാധ്യതയാണ് ഇത്തരം അജ്ഞേയവാദത്തില് പൊതുവെ കല്പ്പിക്കപ്പെടുന്നത്. പക്ഷേ, ഇവിടെ ഉണ്ടാവുക (Existent) എന്നതും ഇല്ലാതിരിക്കുക (Non-Existent) എന്നതും തുല്യമായി കാണാനാണ് ശ്രമിക്കുന്നത്. അത് താത്വികമായും നൈതികമായും ശരിയല്ല.
അജ്ഞേയവാദിയായി സ്വയം വിശേഷിപ്പിക്കുന്ന ബ്രര്ട്രാന്ഡ് റസ്സല് PAP ന്റെ കഥയില്ലായ്മ വ്യക്തമാക്കുന്നത് പ്രസിദ്ധമായ ‘സ്വര്ഗ്ഗീയ ചായകപ്പി’ന്റെ (Clestial teacup) ഉദാഹരണത്തിലൂടെയാണ്. ഭൂമിയുടേയും ചൊവ്വയുടേയും ഭ്രമണപഥത്തിനിടയിലൂടെ ഒരു ചെറിയ ചായകപ്പ് ചുറ്റിത്തിരിയുന്നുവെന്ന് ഒരാള് അവകാശപ്പെടുന്നുവെന്നിരിക്കട്ടെ. ഭൂമിയില്നിന്നും കണ്ടുപിടിക്കാനാവാത്ത വിധം ചെറുതാണെതെന്നും കരുതുക. അങ്ങനെയെങ്കില് അങ്ങനെയൊരു ചായക്കപ്പ് ഇല്ലെന്ന് ആര്ക്കും തെളിയിക്കാനാവില്ല. ഇല്ലാത്ത ഈ ചായക്കപ്പില് ‘വിശ്വസിക്കാന്‘ ചായക്കപ്പ് ഉണ്ടാകേണ്ടതില്ല. കാരണം അങ്ങനെയൊന്ന് ഇല്ലെന്ന് ആര്ക്കും തെളിയിക്കാനാവില്ലല്ലോ. അതായത് ചായക്കപ്പ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവില്ല. എന്നുകരുതി ‘ഉണ്ടെന്നോ ഇല്ലെന്നോ’ സങ്കല്പ്പിച്ച് ആരും ജീവിക്കുന്നില്ല. ദൈവവിശ്വാസം ഇത്തരത്തിലൊരു ചായക്കപ്പ് വിശ്വാസമാണെന്നാണ് റസ്സല് പറഞ്ഞത്.
ഈ നിലയില് നോക്കിയാല് ‘ഇല്ല’ എന്നു പറയാനാവുന്ന ഒന്നും ഈ പ്രപഞ്ചത്തിലുണ്ടാവില്ല. ഉദാഹരണമായി ‘ക്ഷിബ്ബു’ എന്നൊരു കണം പ്രപഞ്ചത്തിലെ സര്വ ചരാചരങ്ങളിലും അടങ്ങിയിട്ടുണ്ടെന്ന് ഒരാള് അവകാശപ്പെട്ടാല് ഇല്ലെന്ന് തെളിയിക്കാന് ആര്ക്കുമാവില്ല. ആ വസ്തു ഉണ്ടെന്നതിന് തെളിവില്ലായിരിക്കാം. പക്ഷേ, അതുകൊണ്ടുമാത്രം ഇല്ലെന്നെങ്ങനെ പറയാനാവും? തീര്ച്ചയായും സാധ്യമല്ല. തെളിവുകള്ക്കതീതമാണ് അതിന്റെ അസ്തിത്വമെങ്കില് പറയാനുമില്ല. ചുരുക്കത്തില്, ഏതൊരു വസ്തുവോ വസ്തുതയോ ആയിക്കൊള്ളട്ടെ, ഉണ്ടാകാനും ഇല്ലാതിരിക്കാനും എപ്പോഴും തുല്യസാധ്യതയാണുള്ളതെന്ന് പറഞ്ഞ് തര്ക്കം അവസാനിപ്പിക്കാം. ഈ വാദം കുറേക്കൂടി നീട്ടിയാല് നിലവില് തെളിവുള്ള ഒന്നിന്റെ അസ്തിത്വം തെളിവിന് ‘അതീത’മാണെങ്കില് ലഭ്യമായി തെളിവ് ആ വസ്തുവിന്റെ അസ്തിത്വം ഒരുതരത്തിലും സാധൂകരിക്കില്ലെന്ന വാദവും ഉയര്ത്താം! ചുരുക്കത്തില് ഇത്തരം അജ്ഞേയവാദം ദുരൂഹവും യുക്തിഹീനവുമാണ്.
പ്രസിദ്ധ കത്തോലിക് ചരിത്രകാരനായ ഹ്യൂറോസ് വില്യംസണിന്റെ (Hugh Roses Williamson) അഭിപ്രായത്തില് പ്രതിബദ്ധതയുള്ള ഒരു വിശ്വാസിയേയും പ്രതിബദ്ധതയുള്ള ഒരു നിരീശ്വരവാദിയേയും അംഗീകരിക്കാം; മാനിക്കാം. പക്ഷേ, അവിടെയും ഇവിടെയും തൊടാതെ നിന്ന് നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന കയ്യാലപ്പുറത്തെ തേങ്ങകളായ അജ്ഞേയവാദികളെ ഒരുതരത്തിലും സഹിക്കാനാവില്ല! നിഷ്പക്ഷം എന്നാല് ‘സ്വന്തംപക്ഷം’ എന്ന സൂത്രവാക്യം സുവിദമാണല്ലോ. പക്ഷമില്ലാഞ്ഞിട്ടാല്ല മറിച്ച് പക്ഷം പിടിച്ചാല് ‘പരിക്കേല്ക്കുമെന്ന’ ഭീതിയാണ്‌ നിക്ഷ്പക്ഷരെ ജനിപ്പിക്കുന്നത്. ഭീരുത്വവും കാര്യങ്ങള് തുറന്നുപറയാനുള്ള തന്റേടമില്ലായ്മയുമാണ് ഒരാളെ അജ്ഞേയവാദിയാക്കുന്നതെന്ന നിരീക്ഷണവുമുണ്ട്.
ആദ്യത്തെ അജ്ഞേയവാദമാണ്(TAP) ദൈവത്തെ സംബന്ധിച്ച അന്വേഷണത്തില് കുറേക്കൂടി ഉചിതമായിട്ടുള്ളത്. ഏതൊരു നാസ്തികനും അജ്ഞേയവാദത്തില് നിന്നും തുടങ്ങുന്നതായിരിക്കും ഉചിതം. അജ്ഞേയവാദം നാസ്തികതയും ‘പ്യൂപ്പ ഘട്ടമായും’ ‘ലാര്വാഘട്ട’മായും പരിഗണിക്കപ്പെടുന്നുണ്ട്. പക്ഷെ എന്നെന്നും ലാര്വ ഘട്ടത്തില് തുടര്ന്നാല് ‘വളര്ച്ച’യെക്കുറിച്ച് സന്ദേഹമുയരും. ദൈവത്തിന് തെളിവ് കണ്ടെത്താന് ശാസ്ത്രത്തിന് ഒരിക്കലും കഴിയില്ലെന്ന വാദം തെറ്റാണ്. 1835-ല് ഫ്രഞ്ച് തത്വചിന്തകനായ ഓഗസറ്റ് കോമ്‌റ്റെ (August Comte) എഴുതി: ”നക്ഷത്രങ്ങളുടെ രാസഘടനയും ധാതുവിശേഷവും ഏതു മാര്ഗ്ഗമുപയോഗിച്ചാലും നമുക്കൊരിക്കലും കണ്ടുപിടിക്കാനാവില്ല” പക്ഷേ, ഇന്ന് സാധാരണ സ്‌പെക്‌ട്രോസ്‌കോപ്പ് ഉപയോഗിച്ച് മനുഷ്യന് പ്രകാശവര്ഷങ്ങള് അകലെയുള്ള നക്ഷത്രങ്ങളുടെ ഘടനാവിശേഷങ്ങള് അവയുടെ സ്‌പെക്ട്രം പരിശോധിച്ച് നിര്ണ്ണയിക്കുന്നു. കോമ്‌റ്റെയുടെ ജോതിശാസ്ത്രപരമായ അജ്ഞേയവാദത്തിന്(Astronomical Agnosticism)അധികം ആയുസ്സുണ്ടായില്ലെന്നര്ത്ഥം. ഏതൊന്നിനെയായാലും ഒരിക്കലും ഒരു മാര്ഗ്ഗത്തിലും കണ്ടെത്താനാവില്ലെന്ന് പറയുന്നത് അശാസ്ത്രീയവും യുക്തിഹീനവുമാകുന്നു.
പണ്ടുമുതല്ക്കേ അജ്ഞേയവാദികളെ പല മതവാദികളും പരിഹസിക്കുമായിരുന്നു. ഗ്ലാസ് പകുതിയേ നിറഞ്ഞിട്ടുള്ളുവെന്ന് വാദിച്ച് യാഥാര്ത്ഥ്യത്തില്നിന്ന് ഒളിച്ചോടുന്ന ഇക്കൂട്ടരെ ‘ഭീരുക്കളായ അവിശ്വാസികളാ’യാണ് പരമ്പരാഗതമതം കണ്ടിട്ടുള്ളത്. റവറണ്ട് ഡോക്ടര് വാസ് (Reverend Dr Wace, The Principal of King’s College) തോമസ് ഹക്‌സിലിയുടെ (T.H Huxley) അജ്ഞേയവാദത്തെ കുറിച്ചെഴുതി: ”താന് ഒരു അജ്ഞേയവാദിയെന്നറിയപ്പെടണം എന്നായിരിക്കും അദ്ദേഹമാഗ്രഹിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ യഥാര്ത്ഥ പേര് മറ്റൊന്നാണ്. അത് ‘അവിശ്വാസി’ എന്ന പഴയപേര് തന്നെയാണ്. അവിശ്വാസിയെന്ന പേര് അസുഖകരമാണ്; അതങ്ങനെ വേണംതാനും. യേശുവില് വിശ്വസിക്കുന്നില്ലെന്ന് തുറന്നടിക്കുന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും അസുഖകരമായിതന്നെ തോന്നണം”
ഈ അഭിപ്രായപ്രകടനത്തിന് പിന്നീട് ഹക്‌സിലി സുന്ദരമായി മറുപടി പറയുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അജ്ഞേയവാദമെന്നത് ഒരു വിശ്വാസമോ തത്വസംഹിതയോ അല്ല. അത് ചിന്താപരമായ ഒരു രീതിശാസ്ത്രമാണ്. അതിന്റെ യഥാര്ത്ഥസത്ത കുടികൊള്ളുന്നത് യുക്തിയുടെ ചരടുകളില്ലാത്ത പ്രവര്ത്തനത്തിലാണ്. അതായത് ബൗദ്ധികവിഷയങ്ങളില് ബാഹ്യപരിഗണനകള് പൂര്ണ്ണമായും ഒഴിവാക്കി സ്വന്തം യുക്തിബോധത്തില് കഴിയാവുന്നിടത്തോളം വിശ്വസിക്കുക. എപ്പോഴും നിഗമനങ്ങള് ഏളുപ്പമായിരിക്കും എന്ന് കരുതരുത്.
അജ്ഞേയവാദിയായാലും നാസ്തികനായാലും മതത്തെ എത്രമാത്രം വിമര്ശിക്കുന്നു, എതിര്ക്കുന്നു എന്നതു മാത്രമാണ് മതം പരിഗണിക്കുക. മറിച്ചുള്ള ലേബലുകളില് കാര്യമില്ല. ഫ്രാന്സിലൊക്കെ സര്വേ നടത്തുമ്പോള് അജ്ഞേയവാദികളും നാസ്തികരും വെവ്വേറെ തങ്ങളുടെ വ്യക്തിത്വം രേഖപ്പെടുത്താനാവശ്യപ്പെടാറുണ്ട്. 2009 ലെ കണക്കനുസരിച്ച് 67% അവിശ്വാസികളുള്ള ഫ്രാന്സില് 33% അജ്ഞേയവാദികളും 34% നാസ്തികരുമാണുള്ളത്. വികസിത രാജ്യങ്ങളിലെ ഈ ചേരിതിരിവ് വികസ്വരരാജ്യങ്ങളില് അപ്രത്യക്ഷമാകുന്നു. അവിടെ എല്ലാത്തരം ലേബലുകളും ‘അവിശ്വാസി’എന്ന ഒരൊറ്റ പട്ടികയില് ഉള്പ്പെടുത്തപ്പെടുന്നു.
പലപ്പോഴും “മതഭയം” തന്നെയാണ് ഒരു നിരീശ്വരവാദിയാകുന്നതില് നിന്ന് പലരേയും തടയുന്നത്. മതാധിഷ്ഠിത സമൂഹത്തില് മറ്റുള്ളവര് എന്തുപറയുമെന്ന് ചിന്തിക്കുന്നവന് മൃദു ലേബലികളില് താല്പര്യമുദിക്കുക സ്വാഭാവികമാണ്. മാനവികതാവാദി, ഹ്യൂമനിസ്റ്റ്, സ്‌ക്കെപ്റ്റിക്, ശാസ്ത്രവാദി, അനാര്ക്കിസ്റ്റ്, കമ്മ്യൂണിസ്റ്റ്….തുടങ്ങി ‘നിരീശ്വരവാദി’ അല്ലാത്ത ലഭ്യമായ പല പദങ്ങളും സ്വയം വിശേഷിപ്പിക്കാന് പലരും ഉപയോഗിക്കാറുണ്ട്. ഫലത്തില് ഇവരെല്ലാം നാസ്തികരും മതനിഷേധികളുമായിരിക്കും. ഉപനിഷത്തുകളില് വരുന്ന ”നേതി-നേതി” ടീമില് പെട്ടയാളാണ് താനെന്ന് സൂചിപ്പിക്കുന്നവര് ഉദ്ദേശിക്കുന്നത് മറ്റൊന്നല്ല. ‘തണല്തേടി’കളെന്ന് വിളിച്ച് അവരെ തള്ളാന് വരട്ടെ. പലപ്പോഴും പ്രഖ്യാപിത നാസ്തികരേക്കാള് വീറോടെ മതത്തെ എതിര്ക്കുന്നത് അവരായിരിക്കും. അജ്ഞേയവാദിക്ക് തന്റെ അജ്ഞേയവാദം തന്നെ ശരിയാണോ തെറ്റാണോ എന്ന കാര്യത്തില് സംശയമുണ്ടാവുക സ്വാഭാവികമാണല്ലോ. പക്ഷെ അനുനിമിഷം സര്വ കാര്യങ്ങളിലും രണ്ടിലൊന്ന് തീരുമാനം എടുത്ത് നടപ്പിലാക്കി തന്നെയാണ് നാം ജീവിക്കുന്നത്. ദൈവത്തിന്റെയും പ്രേതത്തിന്റെയുമൊക്കെ കാര്യത്തില് മാത്രം അത് സാധ്യമല്ലെന്ന നിലപാട് വരുമ്പോള് അക്കൂട്ടരെക്കുറിച്ച് മറ്റുള്ളവര്ക്ക് സംശയം ഉണരുന്നതും സ്വാഭാവികം മാത്രം.
അജ്ഞേയവാദികള്ക്കെതിരെ പല ആക്ഷേപങ്ങളും ഉന്നയിക്കാം. പക്ഷെ അയാള് മതപരമായി തീര്ത്തും ഉദാസീനമാണെന്ന വസ്തുത കാണാതിരിക്കരുത്. മൃദു അജ്ഞേയവാദമെന്നും തീവ്ര അജ്ഞേയവാദമെന്നുമൊക്കെ തരംതിരിവുകള് ഉണ്ടാക്കാന് എളുപ്പമാണ്. അജ്ഞേയവാദികള്ക്കെതിരെ റിച്ചാഡ് ഡോക്കിന്സും മറ്റും സ്വീകരിക്കുന്ന കര്ക്കശമായ നിലപാടില് തീര്ച്ചയായും സത്യസന്ധതയുടെ കനല്വെളിച്ചമുണ്ട്. പക്ഷെ അവരുടെ പരിമിതികള് കൂടി ഉള്ക്കൊണ്ടുകൊണ്ടുള്ള ഒരു സമീപനമാണ് കൂടുതല് യുക്തിഭദ്രമെന്ന് തോന്നുന്നു. ജനം രണ്ടു വിഭാഗം:പുഴയില് കുളിക്കുന്നവരും-കുളിക്കാത്തവരും-വിശ്വാസികളും അവിശ്വാസികളുമാണവര്. പുഴയില് മുതലയുള്ളതിനാല് കുളിക്കുന്നില്ലെന്ന് ഒരു കൂട്ടര് പറയുന്നു. മുതല ഉണ്ടാകാനിടയുള്ളതുകൊണ്ട് കുളിക്കുന്നില്ലെന്നാണ് വേറൊരു
കൂട്ടരുടെ സമീപനം. മുതല ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുള്ളതിനാല് തങ്ങള് പുഴയിലേക്കിറങ്ങുന്നില്ലെന്നാണ് മൂന്നാമത്തെ വിഭാഗത്തിന്റെ നിലപാട്. ശ്രദ്ധിക്കുക, ഇവരാരും പുഴയിലിറങ്ങുന്നില്ല. പരിഗണിക്കേണ്ട പ്രധാനകാര്യം അതാകുന്നു
Posted by രവിചന്ദ്രന് സി at 11/12/2011 04:41:00 pm
Advertisements