മതംപൊട്ടിയ നിയമങ്ങള്‍

0
168

Ravichandran C

മതംപൊട്ടിയ നിയമങ്ങള്‍

സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തോടെ ശബരിമലദര്‍ശനം നടത്താന്‍ തുനിഞ്ഞ പല യുവതികളെയും മതാനിന്ദാ നിയമം എറിഞ്ഞുവീഴ്ത്തുന്നത് നാം കണ്ടു. കോടതിവിധി അനുസരിച്ച് ക്ഷേത്രദര്‍ശനം നടത്തിയാല്‍ മതവ്രണനിയമം ഉപയോഗിച്ച് ജയിലില്‍ അടയ്ക്കും എന്ന അവസ്ഥ തമാശയായി തോന്നുന്നുണ്ടോ? അക്ഷാര്‍ത്ഥത്തില്‍ പല യുവതികളുടെയും കാര്യത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്. ശബരിമല ലഹള തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്കൊതുങ്ങിയപ്പോഴും മലകയറ്റത്തിന്് ശ്രമിച്ച പലരും ഇപ്പോഴും ജാമ്യമില്ലാതെ ജയിലില്‍പോയി. ഇവരാരെങ്കിലും എന്തെങ്കിലും കുറ്റം ചെയ്തവരല്ല, മറിച്ച് മതത്തിന് വേണ്ടിയുള്ള ചില അന്ധനിയമങ്ങളുടെ ഇരകളാണ്. കുറ്റംമൂലം ലഭിക്കുന്ന ശിക്ഷയല്ല മറിച്ച് നിയമം ഏല്‍പ്പിക്കുന്ന ശിക്ഷയാണ് അനുഭവിക്കുന്നത്.

മതേതരത്വം വിഭാവനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ മതനിന്ദാ നിയമം(blasphemy law) ഇല്ല. അതിന് പരിഹാരമെന്നോളം ശിക്ഷാനിയമത്തില്‍ നിരവധിയെണ്ണം കുത്തിനിറച്ചിട്ടുണ്ട്. 153 എ, 295 എ, 289, ഐ.റ്റി ആക്റ്റ് 66 എ എന്നിവയാണ് അവയില്‍ പ്രധാനം. അവയില്‍ 295 എ ആണ് കുപ്രസിദ്ധമായ വ്രണനിയമം! മതവികാരം(?) വ്രണപ്പെടുമ്പോഴാണ് ഈ വകുപ്പ് നിങ്ങളെ ആക്രമിക്കുന്നത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍/കണ്ടുമനസ്സിലാക്കാന്‍ കഴിയുന്ന കുറ്റമായാണ് (cognizable offence) വിഭാവനം ചെയ്തിരിക്കുന്നത്. അതായത് ഒരാളുടെ മതവികാരം വ്രണപെട്ടത് നിയമത്തിന് തിരിച്ചറിയാന്‍ സാധിക്കുമെന്നര്‍ത്ഥം. വികാരം വ്രണപെട്ടയാള്‍ അറിയിച്ചാല്‍മതി. യഥാര്‍ത്ഥത്തില്‍ ഇത്തരം മാനസികവ്യാപാരങ്ങള്‍ പുറത്തുള്ളവര്‍ക്ക് തിരിച്ചറിയാനോ കണ്ടുമനസ്സിലാക്കാനോ കഴിയാത്ത കുറ്റങ്ങളുടെ (non cognizable offence) പട്ടികയില്‍ വരേണ്ടവയാണ്. പക്ഷെ അങ്ങനെ വന്നാല്‍ വാദംകേള്‍ക്കലോ വിചാരണയോ ഇല്ലാതെ ജാമ്യം നിഷേധിച്ച് ജയിലില്‍ അടയ്ക്കാനാവില്ലല്ലോ. ഇനി വ്രണപ്പെട്ടെന്ന് അവകാശപ്പെട്ട് മുന്നിലെത്തുന്ന ഒരാളുടെ വ്രണം തിരിച്ചറിയാന്‍ പോലീസ് പരാജയപ്പെട്ടാല്‍ കോഗ്നിസിബിള്‍ ഒഫന്‍സ് പോലും തിരിച്ചറിയാനാവരെന്ന പഴി കേള്‍ക്കേണ്ടിവരും.

സ്വാഭാവികമായും, വാദി എന്തു പറയുന്നോ അതാണ് കേസ്! പോലീസും അങ്ങനെ മനസ്സിലാക്കികൊള്ളണം, മനസ്സിലായേ പറ്റൂ! രാജാവ് നഗ്നനായിരിക്കാം, പക്ഷെ അയാളുടെ വേഷാഭൂഷാദികളെ പുകഴ്ത്താന്‍ പോലീസ് ബാധ്യസ്ഥമാണ്. കുറ്റാരോപിത(ന്‍) പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല-കീഴടങ്ങുക, അകത്തുപോകുക. ഇവിടെ പോലീസിനെ സംബന്ധിച്ചിടത്തോളം കുറ്റം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുക എന്നതുമാത്രമാണ് പ്രധാനം. 295 എ ഒരു അന്ധനിയമമാണ്. അവിടെ യുക്തിക്കും തെളിവിനും പ്രാധാന്യമില്ല. തോന്നലുകളുടെയും അവകാശവാദങ്ങളുടെയും ലോകമാണത്. ഇന്നുവരെ 295 എ പ്രകാരം ആരെയും കോടതി ശിക്ഷിച്ചതായി കേട്ടിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലേ ശിക്ഷിക്കാനാവൂ. പക്ഷെ ഒരുപാട് പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതനെ തടവിലാക്കി അപമാനിച്ച ശേഷം അവസാനം തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടിട്ടെന്തു കാര്യം? ഇവിടെ കുറ്റമല്ല ശിക്ഷ കൊണ്ടുവരുന്നത് മറിച്ച് നിയമം തന്നെയാണ്. അതേസമയം വ്യാജപരാതി കൊടുക്കുന്നവരെ ശിക്ഷിക്കാനും വകുപ്പില്ല! ശിക്ഷിക്കപ്പെടാത്ത കേസില്‍ അനുഭവിച്ച ജയില്‍വാസത്തിനും മാനസികപീഡനത്തിനും ആര് സമാധാനം പറയും? നാഗരികസമൂഹം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.

ഇത്തരം കിരാത നിയമങ്ങള്‍ക്കെതിരെയും അവയുടെ ദുരുപയോഗങ്ങള്‍ക്കെതിരെയും ഒന്നും ചെയ്യാനാവില്ലേ? കോടതിയില്‍ പരാതിപെട്ടുകൂടേ? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ഥിരംകേള്‍ക്കുന്ന ചോദ്യങ്ങളിലൊന്ന്. അസുഖകരമായ വസ്തുത ആദ്യംതന്നെ പറയട്ടെ, നമ്മുടെ പാര്‍ലമെന്റിനോ രാഷ്ട്രീയനേതാക്കള്‍ക്കോ ഭരണാധികാരികള്‍ക്കോ പ്രഭുവര്‍ഗ്ഗത്തിനോ ഇക്കാര്യത്തില്‍ യാതൊരു താല്പര്യവുമില്ല. പ്രശ്‌നമുണ്ടായാല്‍ ഏതെങ്കിലും തരത്തില്‍ ഊരിപ്പോകാന്‍ അവര്‍ക്കറിയാം. നിയമം എപ്പോഴും ആഞ്ഞടിക്കുന്നത് സാധാരണജനങ്ങള്‍ക്കെതിരെയാണ്. തങ്ങള്‍ക്ക് ഇത്രയധികം അമാതാധികാരവും പരിഗണനയും നല്‍കുന്ന ഒരു വകുപ്പ് നീങ്ങി പോകണമെന്ന് മതനേതാക്കളോ ആഗ്രഹിക്കില്ലല്ലോ. പിന്നെയാരാണ് ഇതിനെതിരെ ശബ്ദമുയര്‍ത്തുക? ഇന്ത്യന്‍ പീഡല്‍കോഡിലെ വെറുപ്പ് ഉളവാക്കുന്ന പ്രസ്താവങ്ങള്‍ (hate speech provisions) സംബന്ധിച്ച വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് കഴിഞ്ഞകൊല്ലം ബി.ജെ.പി നേതാവ് സുബ്രമണ്യന്‍സ്വാമി സുപ്രീംകോടതിയില്‍ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. 295 എ എന്തുംകൊണ്ടും ആ പട്ടികയില്‍ പെടേണ്ടതാണ്. പക്ഷെ അവിടെ കോടതിക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താനാവാത്ത ഒരു നിയമപരമായ ഒരു പ്രശ്‌നമുണ്ട്.

1957 ലെ റാംജിലാല്‍ മോഡി കേസിലാണ് (Ramji Lal Modi v State of UP) 295 എ വകുപ്പിന്റെ നൈതികത ഏറ്റവും അവസാനമായി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഡിവിഷന്‍ ബഞ്ച് 295 എ വകുപ്പിന്റെ ഭരണഘടനാ സാധുത(constitutionality)) സ്ഥിരീകരിക്കുകയുണ്ടായി. പ്രസ്തുത വിധി റദ്ദാക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഏഴ് അംഗങ്ങള്‍ ഉള്ള ഒരു സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ എതിര്‍ തീരുമാനം ഉണ്ടാവണം എന്നാണതിന്റെ അര്‍ത്ഥം. ഇതത്ര എളുപ്പമല്ല. ആദ്യമായി സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ മുമ്പില്‍ 295 എ റദ്ദാക്കപ്പെടാനും റാംജിലാല്‍ മോഡി കേസിലെ വിധി മറികടക്കാനും വേണ്ടത്ര കാരണങ്ങളും തെളിവുകളും ഉണ്ടെന്ന് സ്ഥാപിച്ച് അനുകൂലവിധി നേടണം. അങ്ങനെ ബോധ്യപെട്ടാല്‍ പ്രസ്തുത രണ്ടംഗ ബഞ്ച് കേസ് അഞ്ച് അംഗങ്ങളുള്ള ഒരു സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന് ഹര്‍ജി കൈമാറണം. അഞ്ച് അംഗ ബഞ്ചിനും ബോധ്യപ്പെട്ടാല്‍ കുറഞ്ഞത് ഏഴ് അംഗങ്ങളുള്ള ഒരു ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടും. അവിടെ അനുകൂലമായ തീരുമാനം ഉണ്ടായാല്‍ 295 എ നീക്കം ചെയ്യപ്പെടും. ഇന്ത്യന്‍ നിയമവ്യവസ്ഥയും കോടതികളും പ്രവര്‍ത്തിക്കുന്ന രീതി വെച്ചുനോക്കുമ്പോള്‍ ഏറെ സമയം വേണ്ടിവരുന്ന ദുഷ്‌കരമായ നടപടിക്രമങ്ങള്‍ക്ക് ശേഷംമാത്രമേ ഇവിടെ അനുകൂലഫലത്തിന് സാധ്യതയുള്ളൂ. എത്ര എളുപ്പം, അല്ലേ?!

ആര്‍ട്ടിക്കിള്‍ 19(2) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്(Art 19(1)(a)) മേല്‍ പൊതുക്രമസമാധാന താല്പര്യപ്രകാരമുള്ള/പൊതുജനതാല്‍പര്യാര്‍ത്ഥമുള്ള(‘in the interests of public order’) യുക്തിസഹമായ നിയന്ത്രണം(reasonable restriction upon the freedom of speech’) എന്ന വകുപ്പ് അനുസരിച്ചാണ് 1957 ല്‍ 295 എ ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി വിധിച്ചത്. പൊതുജനതതാല്പര്യം, പൊതുക്രമസമാധാനം എന്നൊക്കെ പറഞ്ഞാല്‍ എത്രവേണമെങ്കിലും വലിച്ചുനീട്ടുകയോ വെള്ളംചേര്‍ക്കുകയോ ചെയ്യാവുന്ന അവ്യക്തമായ ഉപാധികളാണെന്ന് നമുക്കറിയാം. പൊതുക്രമസമാധാനം തകാരാറിലാക്കുന്ന ആഹ്വാനങ്ങളുടെ കാര്യം പറഞ്ഞ് കോടതി ന്യായീകരിച്ചെങ്കിലും 295 എ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് അത്തരം സാധ്യതകളൊന്നുമില്ലാത്ത വ്യക്തിഗത വ്രണപ്പെടലുകളുടെ പേരിലാണ്.

295 എ വ്രണപ്പെടല്‍ നിയമം ആണെങ്കില്‍ 153 എ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രവര്‍ത്തികളും പ്രസ്താവനകളും തടയാന്‍ ലക്ഷ്യമിടുന്നു. 295 എയ്ക്ക് ശിക്ഷ പരമാവധി മൂന്നുവര്‍ഷം തടവാണ്. കേസ് രജിസ്റ്റര്‍ചെയ്താല്‍ പോലീസ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. ജാമ്യം കോടതിയുടെ വിവേചനാധികാരമാണ്. കേസ് രജിസ്റ്റര്‍ കക്ഷികള്‍ക്കിടയില്‍ പറഞ്ഞുതീര്‍ക്കാനുമാവില്ല(ie non-bailable and non-compoundable). സാധാരണഗതിയില്‍ മൂന്ന് വര്‍ഷംവരെ ശിക്ഷ പറയുന്ന വകുപ്പുകളെല്ലാം ജാമ്യം ലഭിക്കുന്നവയാണ് എന്നോര്‍ക്കുക. എന്നാല്‍ രണ്ടു മതങ്ങളെ തമ്മിലടപ്പിക്കുന്നതിനോ വര്‍ഗ്ഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്നതിനും 153 എ പ്രകാരം ഇതിലും കുറഞ്ഞ ശിക്ഷയേ ഉള്ളൂ-പരമാവധി മൂന്ന് വര്‍ഷം ശിക്ഷ, ജാമ്യം ലഭിക്കുകയുംചെയ്യും. വര്‍ഗ്ഗീയലഹളകളെക്കാളും മതസ്പര്‍ദ്ധകളെക്കാളും ഭീകരമാണ് മതവികാരം വ്രണപ്പെടല്‍ എന്നു സാരം. താരതമ്യേന നിരുദ്രപകരമെന്ന് തോന്നിക്കുന്ന ഐ.പി.സി സെക്ഷന്‍ 289 ആണ് മൂന്നാമത്തെ വ്രണവകുപ്പ്. ഇതും മറ്റൊരാളുടെ മതവികാരത്തെ വ്രണപെടുത്തുന്നതിനുള്ള സമ്മാനമാണ്. പരമാവധി ഒരുവര്‍ഷം ശിക്ഷ, ജാമ്യംലഭിക്കും. 2000ല്‍ ഐ.റ്റി ആക്റ്റിലെ 66 എ കൂടി ഏര്‍പ്പെടുത്തിയതോടെ ഏത് തരത്തിലുള്ള അധിക്ഷേപങ്ങളും വ്രണപെടുത്തലുകളും കുറ്റകരമായി. മഹാരാഷ്ട്രയില്‍ ബാല്‍താക്കറെയുടെ ശവഘോഷയാത്രയോട് അനുബന്ധിച്ച് നഗരം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചപ്പോള്‍ അത് സംബന്ധിച്ച് ഒരു ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്കെതിരെയും പോസ്റ്റ് ലൈക്ക് ചെയ്ത കൂട്ടുകാരിക്കെതിരെയും ഐ.ററി 66 എ പ്രയോഗിച്ചപ്പോഴാണ് രാഷ്ട്രം ഈ കരിനിയമത്തിന്റെ ദുരുപയോഗ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. സാമൂഹികമാധ്യമങ്ങളിലെ മതവിമര്‍ശനത്തിനെതിരെ മതവെറിയര്‍ ഐ.റ്റി ആക്റ്റിലെ 66 എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ബോധ്യപെട്ടതോടെ 2015 ല്‍ സുപ്രീംകോടതി ഈ ജാമ്യമില്ലാവകുപ്പ് റദ്ദാക്കി. തുറന്നതും വ്യക്തമായി നിര്‍വചിക്കാത്തതും അവ്യക്തവുമാണ് (“open ended, undefined, and vague”) ഈ വകുപ്പെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അപ്പോള്‍പ്പിന്നെ 295 എ യുടെ കാര്യമോ എന്ന ചോദ്യം വീണ്ടും എഴുന്നേറ്റുനില്‍ക്കുന്നു.