ജാതിവാദത്തോട് ഐക്യപെടാനാവില്ല

0
167

ജാതിവാദത്തോട് ഐക്യപെടാനാവില്ല – രവിചന്ദ്രൻ സി

വൈക്കോലില്‍ പുതച്ചു കിടക്കരുത്. മതത്തെയല്ല മറിച്ച് മതദര്‍ശനങ്ങളെയും മതരാഷ്ട്രീയത്തെയുമാണ് നാം വിമര്‍ശിക്കുന്നത്. ശാസ്ത്രീയവും യുക്തിസഹവുമായി വിശദീകരിച്ച് ബോധവല്‍ക്കരണം നടത്തുന്നു. ഹിന്ദുവിനൊപ്പം കൂടി മുസ്ലീമിനെ അധിക്ഷേപിക്കാനോ ക്രിസത്യാനികള്‍ക്ക് ഒപ്പം കൂടി ബൗദ്ധരെ പരഹസിക്കാനോ ഇവരെയെല്ലാം കൂട്ടി ജൂതര്‍ക്കെതിരെ പോരാടാനോ നാം ശ്രമിക്കാറില്ല. മതങ്ങള്‍ തമ്മില്‍ തൂക്കി മാര്‍ക്കിട്ട് കളിക്കാറില്ല. മതസ്പര്‍ദ്ധ മൂര്‍ച്ഛിപ്പിക്കുന്ന രീതിയില്‍ ലൂസി വരെ പോയി ചരിത്രം വിളമ്പാറുമില്ല. ബ്രാഹ്മണവിമര്‍ശനം എന്നൊരു മതവിമര്‍ശനം ഇല്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അത് ബ്രാഹ്മണമതത്തിന്റെ പൊളളത്തരങ്ങളും ആശയപരിസരങ്ങളും എക്‌സ്‌പോസ് ചെയ്യലാണ്, അല്ലാതെ ബ്രാഹ്മണരുടെ പുതുതലമുറയെ അധിക്ഷേപിക്കലല്ല. പരനിന്ദയില്‍ അഭിരമിക്കലല്ല. മതവിശ്വാസികളല്ല മതമാണ് വിമര്‍ശിക്കപ്പെടേണ്ടത്, ആ ചിന്താരീതിയാണ് ഇകഴ്ത്തപ്പെടേണ്ടത്. അതിനെയാണ് പൊളിക്കേണ്ടത്. മതവിശ്വാസികള്‍ മതത്തിന്റെ ഇരകളാണ് എന്നാണ് നമ്മുടെ ബോധ്യം. ജാതിവിശ്വാസികളുടെ കാര്യത്തിലും അതേ നിലപാടാണുള്ളത്. അംബേദ്കറും നാരായാണഗുരുവും സ്വീകരിച്ച അതേ നിലപാടാണത്. Kindly read their views on caste and religion.

അഭിനവ ജാതിവാദികളുടെ പ്രവര്‍ത്തനത്തെ ഇതുമായി കൂട്ടിക്കുഴയ്ക്കരുത്. ജാതി പോകണമെന്നല്ല അവര്‍ ആഗ്രഹിക്കുന്നത് , മറിച്ച് സ്ഥാപനവല്‍ക്കരിച്ച് ശക്തിപെടണമെന്നാണ്, എക്കാലത്തും ജാതി നിലനില്‍ക്കണമെന്നാണ്. ഒരു ജാതിക്ക് വേണ്ടി മറ്റൊരു ജാതിയെ ഇകഴ്ത്തുകയും പരിഹസിക്കുകയും ജാതികള്‍ക്കിടയില്‍ സ്പര്‍ദ്ധയും കാലുഷ്യവും വിതറി, ജാതിയില്‍ നിന്ന് ഒരിക്കലും മോചനം നേടാനാവില്ലെന്ന് ആക്രോശിച്ച് ജാതി-മത-വംശ സാമൂഹികരോഗങ്ങളില്‍ നിന്ന് സൗഖ്യംകൊതിക്കുന്ന ഒരു ജനതയെ ആശങ്കയിലാഴ്ത്തുകയുമാണവര്‍ ചെയ്യുന്നത്. ജനതയുടെ ഉള്ള കണ്ണുകള്‍പോലും കുത്തിപൊട്ടിക്കുന്ന ജാതിപോഷണപ്രവര്‍ത്തനമാണിത്.

ജാതി ഉണ്ടെങ്കില്‍ പിന്നെ വേണ്ടത് ജാതിനിര്‍മാര്‍ജന പ്രവര്‍ത്തനമോ(annihilation of caste) സമാധാനപരമായ സഹവര്‍ത്തിത്വമോ(peaceful co-existence) ആണ്. അല്ലാതെ ജാതിത്തീ ആളിക്കത്തിക്കലല്ല. ബോധപൂര്‍വം ജാതികാലുഷ്യം ഉണ്ടാക്കുന്നവര്‍, മതകാലുഷ്യം ഉണ്ടാക്കുന്നവര്‍, വിഭജനതന്ത്രങ്ങള്‍ വാരിവിതറുന്നവര്‍. ഇവരെല്ലാം സമൂഹത്തില്‍ ചളിക്കുഴികളും കിടങ്ങുകളും തീര്‍ക്കുന്നവരാണ്. സംവരണം കിട്ടികൊണ്ടിരിക്കെ സംവരണത്തിന് വേണ്ടി ജാതിപറയുന്നു എന്നൊക്കെ പറയുന്ന പാതാളകോമഡി ഈ സമൂഹത്തിന് എത്ര വിനാശകരമാണെന്ന് തിരിച്ചറിയുന്നവര്‍ ഇത്ര ലളിതമായി കാര്യങ്ങളെ കാണില്ല. ജാതിരാഷ്ട്രീയം, ജാതി അടിസ്ഥാനത്തിലുള്ള വിലപേശല്‍, ജാതിയടിസ്ഥാനത്തില്‍ അന്യജാതികളെ അധിക്ഷേപിക്കല്‍, ജാതിയടിസ്ഥാനത്തില്‍ സ്വജാതിയുടെ ഗോത്രബോധം മൂര്‍ച്ഛിപ്പിക്കല്‍.ഇത്യാദി കലാപരിപാടികളൊന്നും ജാതിവിരുദ്ധതയല്ല, ജാതിനിര്‍മാര്‍ജ്ജനമല്ല. അവയൊക്കെ പച്ചയായ ജാതിവാദമാണ്. അതിനോട് ഐക്യപെടാനാവില്ല.