ഹെലനും സീതയും

140

Ravichandran C

ഹെലനും സീതയും

(1) വാത്മീകി രാമായണത്തിന്റെ ഗ്രീക്ക്ബന്ധവും സുവിദമാണ്. ഹോമര്‍ രചിച്ച ഗ്രീക്ക് മഹാകാവ്യമായ ‘ഇലിയഡി’ന്റെ ഇതിവൃത്തം വാത്മീകി രാമായണത്തില്‍ അനുകരിച്ചിട്ടുണ്ട്. ട്രോയ്‌ രാജകുമാരനായ പാരീസ് ഗ്രീസിലെ മെനലോസിന്റെ ഭാര്യയായ ഹെലനെ അപഹരിച്ച് സ്വരാജ്യത്തേക്ക് കൊണ്ടുപോകുന്നു. ഹെലനെ വീണ്ടെടുക്കാനായി ഗ്രീക്ക്-ട്രോജന്‍ സൈന്യങ്ങള്‍ തമ്മില്‍ ഘോരയുദ്ധം നടക്കുന്നു, അവസാനം ഗ്രീക്കുകാര്‍ ഹെലനെ വീണ്ടെടുത്ത് സ്വദേശത്തേക്ക് തിരിക്കുന്നു-ഇതാണ് ഇലിയഡിന്റെ കഥാന്ത്യം. വാത്മീകി രാമയണത്തില്‍ സീതാപഹരണവും രാമ-രാവണയുദ്ധവും കടന്നുവരുന്നത് ഈ കഥകളെല്ലാം സമാനമായ ചില ഇന്തോ-യൂറോപ്യന്‍ മിത്തുകളില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്ന സൂചനയാണ് കൊണ്ടുവരുന്നത്.

(2) രാമായണത്തിലെ പല കഥാപാത്രങ്ങളുടേയും പേരുകള്‍ വൈദികസാഹിത്യത്തില്‍ കാണാനാവും. വിശ്വാമിത്രന്‍, വസിഷ്ഠന്‍, അഗസ്ത്യന്‍ എന്നീ ഋഷിനാമങ്ങള്‍ രാമായണത്തിലുമുണ്ട്. രാമന്‍, സീത തുടങ്ങിയ ശബ്ദങ്ങള്‍ വേദങ്ങളില്‍ കാണപ്പെടുന്നുണ്ട് എന്ന അഭിപ്രായവും ചിലര്‍ ഉന്നയിക്കുന്നു. തൈത്തരീയ ബ്രാഹ്മണത്തില്‍ ജനകന്‍ വരുന്നുണ്ട്. ഇക്ഷ്വാകു, ദശരഥന്‍ തുടങ്ങിയ പേരുകളുമവിടെയുണ്ട്. തൈത്തരീയബ്രാഹ്മണത്തില്‍ നിന്നാണ് ജനകനെപറ്റി ആദ്യത്തെ അറിവ്് ലഭിക്കുന്നതെന്ന് ഫാദര്‍ കാമില്‍ ബല്‍കെയെ പോലുള്ളവര്‍ നീരീക്ഷിക്കുന്നു. പക്ഷെ സമാനമായ പേരുകള്‍ ഉണ്ടെന്നുകരുതി അവയൊക്കെ രാമായണവുമായി ബന്ധപ്പെട്ടതാണെന്ന് കരുതാനാവില്ല.

(3) ഋഗ്വേദത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രം ആര്യന്‍മാരുടെ ശത്രുവും പ്രതിനായകനുമായി പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. പക്ഷെ ആ കഥാപാത്രത്തിന് ഭാഗവതത്തിലെ ശ്രീകൃഷ്ണനുമായി സമാനത തീരെ കുറവാണ്. രാമായണത്തിലെ പേരുകളില്‍ പലതും പ്രാചീനഭാരത്തില്‍ നിലവിലിരുന്നു എന്നൂഹിക്കാം. ബി.സി ആയിരത്തിനോടടുപ്പിച്ച് ഉത്തരേന്ത്യന്‍ ജനപഥങ്ങളില്‍ വെച്ച് പ്രബല പരിഷ്‌കൃതവര്‍ഗ്ഗമായി കോസലന്‍മാരും ഉത്തരബീഹാറിലെ വൈദേഹന്‍മാരും ഉയര്‍ന്നുവന്നിരുന്നുവെന്ന് സങ്കല്‍പ്പിക്കുന്നതില്‍ തെറ്റില്ല. സ്വാഭാവികമായും അവര്‍ കൈമാറിയിരുന്ന ഒരു ഗ്രോത്രകഥയുടെ വായ്‌മൊഴി രൂപം പില്‍ക്കാലത്ത് മുന്തിയ സാഹിത്യമായി വിവിധഭാഷകളിലും രാജ്യങ്ങളിലും വ്യാപിച്ചുവെന്നുവേണം കരുതാന്‍.

(4) ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, ജപ്പാന്‍, തായ്‌ലണ്ട്, മ്യാന്മര്‍, ഫിലിപ്പൈന്‍സ്, കംബോഡിയ, കംമ്പൂച്ചിയ, മംഗോളിയ,നേപ്പാള്‍,ചൈന,ജാവ-സുമാത്ര തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള രാമായണകഥയ്ക്ക് വാത്മീകിരാമായണവുമായി സാദൃശ്യങ്ങള്‍ കുറവാണെന്ന് സൂചിപ്പിച്ചല്ലോ. എന്തിനേറെ, ഇന്ത്യയില്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ തന്നെ തീര്‍ത്തും ഭിന്നങ്ങളായ വായ്‌മൊഴിരൂപത്തിലുള്ള രാമകഥകള്‍ പ്രചാരത്തിലുണ്ട്. സത്യത്തില്‍ ഇവയൊന്നും വാല്മീകിരാമായണത്തിന്റെ പ്രാദേശിക രൂപങ്ങളല്ല. നേരെമറിച്ച്, സ്വന്തമായ അസ്തിത്വവും വ്യക്തിത്വവുമുള്ള കഥകളാണ്. പുരുഷാധിപത്യ കേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയേയും സീതയെന്ന ഭാര്യ അനുഭവിക്കുന്ന അപമാനപീഡകളേയും ശക്തമായി വിമര്‍ശിക്കുന്ന നാടോടി ഗാനങ്ങള്‍ ആന്ധ്രാപ്രദേശില്‍ പ്രചാരത്തിലുണ്ട്. വാല്മീകിരാമായണം മൂലകഥയെന്ന് പറയാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടങ്കിലും വാത്മീകിക്ക് രാമായണത്തിന് മേല്‍ യാതൊരു കുത്തകാവകാശവുമില്ലെന്ന് സ്പഷ്ടമാണ്.

(5) ലോകമെമ്പാടുമായി നൂറ് കണക്കിന് രാമയണങ്ങളുണ്ട്. എന്തുകൊണ്ട് വാത്മീകിരാമായണത്തിന് ഇത്രയധികം പ്രശസ്തിയും പ്രാധാന്യവും? പ്രചാരത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം എ.ഡി. 16-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തുളസിദാസിന്റെ രാമചരിതമാനസത്തിനാണ്. ഉത്തരേന്ത്യയില്‍ രാമായണമെന്നാല്‍ പൊതുവെ തുളസിദാസിന്റെ രാമചരിതമാകുന്നു. ദക്ഷിണേന്ത്യയിലാകട്ടെ, കമ്പരാമായണം, അദ്ധ്യാത്മ രാമായണം തുടങ്ങിയവയാണ് കൂടുതല്‍ സ്വീകാര്യം. കമ്പരാമായണം രചിക്കപ്പെട്ടത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. പതിനാലാം നൂറ്റാണ്ടില്‍ ആസ്സാമീസ് ഭാഷയില്‍ മാധവ് കണ്ഡാലിയുടെ(Madhava Kandali) സപത്കാണ്ഡരാമായണം(Saptakanda Ramayana)) വിരചിതമായി.

(6) തുളസിദാസിന്റെ രാമചരിതമാനസം(1567) ഹിന്ദിയുടെ പ്രാദേശികഭേദമായ അവധി (Awadhi)ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഗുജറാത്തി കവിയായ പ്രേമാനന്ദിന്റെ രാമായണം പതിനേഴാം നൂറ്റാണ്ടില്‍ പുറത്തുവന്നു.ബംഗാളിയിലെ കൃതിവാസന്‍ രചിച്ച കൃതിവാസ രാമായണം(Krittivasi Ramayan) പ്രസിദ്ധപ്പെടുത്തിയത് പതിനാലാം നൂറ്റാണ്ടിലാണ്. തെലുങ്കില്‍ രഘുനാഥനും(പതിനഞ്ചാം നൂറ്റാണ്ട്) കന്നടയില്‍ നിതാഹരിയും(തൊറവെ രാമായണം, പതിനാറാം നൂറ്റാണ്ട്) രാഷ്ട്രകവി കുവേമ്പുവും(ശ്രീരാമായണ ദര്‍ശനം-ഇരുപതാം നൂറ്റാണ്ട്), ഒറിയയില്‍ ബല്‍റാംദാസും(പതിനാറാം നൂറ്റാണ്ട്), മാറാത്തിയില്‍ ശ്രീധരനും(പതിനെട്ടാം നൂറ്റാണ്ട്), മൈഥിലിയില്‍ ചന്ദ ധായും രചിച്ച രാമായണങ്ങള്‍ അതാതിടങ്ങളില്‍ വാത്മീകിയുടെ കൃതിയെ അതിശയപ്പിക്കുന്ന ജനപ്രീതി നേടി. മലയാളത്തില്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്‍ രചിച്ചത് പതിനാറാം നൂറ്റാണ്ടിലാണ്.

(7) രാവണന്റെ സഹോദരന്‍മാരായ അഹിരാവണനും മഹിരാവണനും (Ahi Ravana and Mahi Ravana)പ്രാമുഖ്യമുള്ള മറ്റൊരു വകഭേദവും ഇന്ത്യയുടെ ചില ഭാഗങ്ങളിലുണ്ട്. ഹനുമാനാണ് ഇത്തരം കഥകളില്‍ തിളങ്ങുന്നത്. രാവണനിര്‍ദ്ദേശമനുസരിച്ച് കാളിക്ക് ബലി നല്‍കാനായി അഹിയും മഹിയും ചേര്‍ന്ന് രാമലക്ഷ്മണന്‍മാരെ തട്ടിക്കൊണ്ടുപോയി പാതാളത്തില്‍ ഒളിപ്പിക്കുന്നു ഹനുമാന്‍ ചെന്ന് രക്ഷിക്കുന്നു എന്നൊക്കെയാണ് അവിടെ കഥ. കേരളത്തിലും ലക്ഷദ്വീപിലും നിലവിലുള്ള മാപ്പിളരാമായണത്തില്‍ രാമായണത്തിലെ തൃപ്തികമല്ലാതായി. വൈഷ്ണവ-ശൈവ സംഘര്‍ഷം രൂക്ഷമായിരുന്ന കാലത്തായിരുന്നു വാത്മീകി രാമായണം കരുത്താര്‍ജ്ജിച്ചതെന്ന് കരുതപ്പെടുന്നു. കൂടുതല്‍ ഗംഭീരമായി അവരവരുടെ ദൈവത്തെ ചിത്രീകരിക്കാന്‍ ശിവപുരാണവും വിഷ്ണുപുരാണവും തമ്മില്‍ മത്സരിച്ചിരുന്നു. ശിവനെതിരെ മഹാവിഷ്ണുവിന്റെ മാഹാത്മ്യം പ്രചരിപ്പിക്കാന്‍ രാമകഥ നല്ലരീതിയില്‍ പ്രയോജനപ്പെടുമെന്ന് വൈഷ്ണവര്‍ കണ്ടെത്തി. മഹാവിഷ്ണുവിന് ശാപം കിട്ടിയത് വിവരിക്കുന്ന അവതാരകഥയുള്‍പ്പടെയുള്ള ആദ്യഭാഗവും ഉത്തരകാണ്ഡം മുഴുവനും ആദ്യകാല വാല്മീകിരാമായണത്തില്‍ ഇല്ലായിരുന്നുവെന്നും വിഷ്ണുഭക്തി പ്രചരിപ്പിക്കാനായി കാലാന്തരത്തില്‍ കൂട്ടിചേര്‍ത്തവയാണവയെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

(8) വാത്മീകിരാമായണത്തിന് ഉത്തരേന്ത്യയില്‍ കിട്ടിയ പ്രചാരം പോലും ദക്ഷിണേന്ത്യയില്‍ ലഭിച്ചിരുന്നില്ല. ശ്രീരാമന്‍ ആരാധനമൂര്‍ത്തിയോ ദൈവമോ അല്ലാത്ത കൃതികള്‍ ഒരു കാലത്തും ഏറെയൊന്നും പഠിക്കപ്പെട്ടിട്ടില്ല. രാമഭക്തി മുഖ്യ വിഷയമാക്കിയതായിരുന്നു തുളസീദാസിന്റെ രാമചരിതമാനസത്തിന്റെ പ്രശസ്തിക്ക് നിദാനം. മതവാദികള്‍ക്ക് ആകര്‍ഷകമായി തോന്നിയവയും മതപ്രചാരത്തിന് സഹായകരവുമായ രാമായണങ്ങള്‍ മാത്രമാണ് മുന്‍പന്തിയിലെത്തിയത്. അല്ലാത്തവ കേവലം ശുദ്ധസാഹിത്യകൃതികളും നാടോടിസാഹിത്യവുമായി മൂലയിലൊതുങ്ങി. ഭക്തിപ്രധാനമായ രാമായണങ്ങളാകട്ടെ വിശുദ്ധഗ്രന്ഥങ്ങളായി രൂപം മാറി, നിരവധി വ്യാഖ്യാനങ്ങളും കമന്ററികളും രചിക്കപ്പെട്ടു