പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് കൊടുത്തത് ആരാണ്?

0
556

Ravichandran C

 

കീരിയുംപാമ്പും തമ്മില്‍ എന്ത്?

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് (the mongoose) കൊടുത്തത് ആരാണ്? ഇനി പിറക്കാനിരിക്കുന്ന പാമ്പുകളും കീരികളും ശത്രുക്കളാകാന്‍ കാരണമെന്താണ്? അങ്ങനെ ഒരു നിയമം ആരുടേതാണ്? ഏത് ഡിങ്കനാണ് ഈ വൈരം ഇത്തരത്തില്‍ ആസൂത്രണം ചെയ്തത്?

(1) പാമ്പും കീരിയും തമ്മിലുള്ള ‘വൈരം’ ജൈവപരിണാമത്തിന്റെ ഉല്‍പ്പന്നമാണ്. പാമ്പിന്‍ വിഷത്തോട് കീരിക്ക് കാര്യമായ പ്രതിരോധശേഷി (immunity) ഉണ്ടെന്നാണ് നാമതിന്റെ കാരണമായി പറയുക. ഒരു കാര്യം നിഷേധിക്കാനാവില്ല-പാമ്പിനെ കണ്ടാല്‍ കീരി വിടില്ല. കീ കൊടുത്തുവെച്ചതുപോലെ ആക്രമണം തുടങ്ങും. ലോകമെമ്പാടുമായി 34 സ്പീഷിസുകള്‍ ഉണ്ടെങ്കിലും എല്ലാ കീരികളും പാമ്പ് വേട്ടയില്‍ ഒരുപോലെ സമര്‍ത്ഥരല്ല. കീരിക്ക് പാമ്പിന്‍വിഷത്തോട് പൂര്‍ണ്ണമായ പ്രതിരോധശേഷിയുണ്ട് എന്നു കരുതരുത്. ചെറിയ ഡോസില്‍ വിഷം ഉള്ളില്‍ചെന്നാല്‍ അതിനെ നിര്‍വീര്യമാക്കാനുള്ള രക്തഘടനയാണ് കീരിക്കുള്ളത് എന്നതാണ് വാസ്തവം. മറ്റ് ജീവികള്‍ക്ക് ഈ ശേഷിയില്ല. സ്ഥിരം വേട്ടയാടുന്ന പാമ്പുകളുടെ വിഷത്തോട് മാത്രമേ കീരിക്ക് പ്രതിരോധം പരിണാമപരമായി ലഭിക്കുയുള്ളൂ. അതുപോലെ തന്നെ കീരി പാമ്പിനെ തിന്നും. അതിന്റെ പ്രധാന കാരണം പാമ്പിന്‍വിഷം വെനം (venom) ആണെന്നതാണ്.

Image result for snake and mongoose(2) വെനവും(venom) പോയിസണും(poison) ഒരേ അര്‍ത്ഥത്തില്‍ നാം ഉപയോഗിക്കുമെങ്കിലും അവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രക്തചംക്രമണവ്യൂഹത്തില്‍ ചെന്നാല്‍ പ്രശ്‌നകാരിയാകുന്നതാണ് വെനം. വിഷമാകട്ടെ, ദഹനേന്ദ്രിയവ്യൂഹം, ത്വക്ക്, ശ്വാസകോശം എന്നിവിടങ്ങളില്‍ ചെല്ലുമ്പോഴാണ് അപകടം. ഉദാഹരണമായി ഉള്ളില്‍ കഴിക്കുന്ന വിഷം, വിഷവാതകം ശ്വസിക്കുന്നത്, ത്വക്കിലൂടെ ഉള്ളിലെത്തുന്ന വിഷം മുതലായവ. വെനമാകട്ടെ രക്തചംക്രമണവ്യവസ്ഥയില്‍ കുത്തിവെച്ചാലേ പ്രശ്‌നമുണ്ടാകുന്നുള്ളൂ. ആ കുത്തിവെപ്പാണ് പാമ്പ്കടി. ദഹനേന്ദ്രിയവ്യൂഹത്തിലെത്തിയാല്‍ വെനത്തിന്റെ തന്മാത്രകള്‍ ഭക്ഷണമെന്നപോലെ വിഘടിപ്പിക്കപ്പെടും. It is no more the same thing. പാമ്പിനെ കൊന്നുതിന്നുമ്പോള്‍ കീരിക്ക് പ്രശ്‌നമില്ലാത്തതിന്റെ കാര്യമതാണ്. മനുഷ്യരും അത് ചെയ്യാറുണ്ടല്ലോ.

(3) പാമ്പും കീരിയും പരമ്പരാഗത ശത്രുതയുടെ കാരണമെന്താണ്? അത്തരമൊരു ‘ശത്രുത’ മനുഷ്യഭാവനയാണ്. അവര്‍ക്കിടയില്‍ പോരാട്ടം നടക്കാന്‍ പ്രധാനകാരണം കീരികള്‍ പാമ്പുകളെ ഭക്ഷണമായി (potential meal) കാണുന്നു എന്നതാണ്. എന്തെങ്കിലും ശത്രുതയുണ്ടായിട്ടാണോ പാമ്പുകള്‍ തവളകളെ കൊന്നുതിന്നുന്നത്?  പക്ഷെ അവിടെ ശത്രുത തോന്നിപ്പിക്കുന്ന പോരാട്ടമില്ല. കാരണം തവളയ്ക്ക് അതിനുള്ള ശേഷിയില്ല. പരിണാമത്തിന്റെ വഴികള്‍ അന്ധവും സ്വാഭാവികമായതിനാല്‍ ഏതാണ്ട് തുല്യശേഷികളുള്ള ജീവികളില്‍ ഒന്ന് മറ്റൊന്നിനെ ഭക്ഷണമായി പരിഗണിച്ചാല്‍ അവിടെ പോരാട്ടം ഉറപ്പാണ്. തങ്ങളുടെ മെനുകാര്‍ഡിലുള്ള ജീവികളെ കൊല്ലാന്‍ കീരികള്‍ ശ്രമിക്കുന്നു. അതേസമയം പാമ്പുകള്‍ ആത്മാരക്ഷാര്‍ത്ഥം ഫണംവിടര്‍ത്തി വിഷംകുത്തിവെച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ നമുക്കതൊരു പരമ്പരാഗത വൈരം ആയിത്തീരുന്നു. പക്ഷെ സംഗതി ഇരതേടലും ജീവന്‍സംരക്ഷിക്കലുമാണ്. എല്ലാത്തിലും സവിശേഷ അര്‍ത്ഥവും ലക്ഷ്യവും കല്‍പ്പിക്കുന്ന മനുഷ്യമസ്തിഷ്‌കത്തിന്റെ ഭാവനാവിലാസങ്ങളാണ് ബാക്കിയൊക്കെ.

(4) സത്യത്തില്‍ കീരികള്‍ക്ക് പാമ്പുകളെ ഇഷ്ടമാണ്-ഭക്ഷിക്കാന്‍. മിന്നല്‍വേഗതയുള്ള ഘോരവിഷവുമുള്ള ആഫ്രിക്കന്‍ മാംബകള്‍പോലും കീരികള്‍ക്ക് ഭക്ഷണം മാത്രമാണ്. ഇരുപത് അടിവരെ നീളമുള്ള രാജവെമ്പാലകള്‍പോലും കഴിവതും കീരിയുമായി ഒരു പോരാട്ടം ഒഴിവാക്കാനാവും ശ്രമിക്കുക. പാമ്പും കീരിയും ഏറ്റമുട്ടിയാല്‍ 80-90 ശതമാനം കേസുകളിലും കീരി വിജയിക്കും. അതിന് പ്രധാന കാരണങ്ങള്‍ കീരിയുടെ കട്ടിരോമങ്ങള്‍ നിറഞ്ഞ ശരീരവും ചുറുചുറുക്കും പാമ്പിന്‍വിഷത്തോടുള്ള ആന്തരിക പ്രതിരോധശേഷിയുമാണ്. ബാക്കി വരുന്ന 10-20 ശതമാനം അവസരങ്ങളില്‍ കീരികള്‍ പരാജയപ്പെടുന്നതിന് കാരണം മിക്കപ്പോഴും തെറ്റായ ആക്രമണതന്ത്രമാണ്. അടവ് പിഴച്ചാല്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതല്ലെങ്കില്‍ കീരി ചെറുതോ പരിചയസമ്പത്ത് കുറഞ്ഞതോ ആയിരിക്കും; പോരാടുന്ന പാമ്പാകട്ടെ താരതമ്യേന വലുതും പരിചയസമ്പത്തുള്ളതും.

(5) പോരാട്ടത്തില്‍ കാര്യമായ തോതില്‍ വിഷം കീരിയുടെ ശരീരത്തില്‍ എത്തിക്കാന്‍ പാമ്പിന് കഴിഞ്ഞാലും കീരി വീഴും. പോരാട്ടത്തില്‍ കീരിക്കെതിരെ പാമ്പിന് പലതരം പരിമിതികളുണ്ട്. സ്വന്തം ശരീരം മുഴുവന്‍ ഒരു ദിശയില്‍ എത്തിക്കേണ്ട സ്ഥലത്ത് മിന്നല്‍പിണരുപോലെ എത്തിക്കാന്‍ കീരിക്ക് സാധിക്കുമ്പോള്‍ പാമ്പിന് തലയുംവാലും ശരീരവുമൊക്കെ ഒരുപോലെ കാത്തുരക്ഷിക്കാന്‍ പ്രയാസമായിരിക്കും. കീരി പാമ്പിനെക്കാള്‍ ശക്തിയുള്ള ജീവിയാണ്. പാമ്പിന്റെ വാലില്‍ കടിക്കാന്‍ കീരിക്ക് എളുപ്പമാണ്. ഇതിനോട് പാമ്പ് പ്രതികരിക്കുന്നതോടെ പോരാട്ടം ആരംഭിക്കുന്നു. പാമ്പ് രക്ഷപെട്ടുപോകാന്‍ കീരി അനുവദിക്കില്ല. ചുറ്റും ഓടിനടന്ന് നിരന്തരം പ്രകോപിക്കും. പാമ്പിന്റെ തല മുമ്പോട്ട് ആയുന്നത് കടിക്കാന്‍ മാത്രമല്ല. തല കൊണ്ടിടിച്ചും ചീറ്റിയും ഭയപ്പെടുത്തി ഓടിക്കാനാണ് പലപ്പോഴും അത് ശ്രമിക്കുന്നത്. വിഷം അമൂല്യമാണെന്ന ധാരണ പാമ്പുകള്‍ക്കുണ്ടെന്ന് സാരം.
തല ഉയര്‍ത്തി ചീറ്റിയും കൊത്തിയും കടിച്ചും തിരിഞ്ഞും മറിഞ്ഞും കുറെക്കഴിയുമ്പോള്‍ പാമ്പ് ക്ഷീണിക്കുന്നു. അപ്പോള്‍ ചാടിവീണ് വിഷസഞ്ചിയും പല്ലുകളും ഒഴിവാക്കി പാമ്പിന്റെ കഴുത്ത് കടിച്ചെടുക്കുകയാണ് കീരി ചെയ്യുന്നത്. ഇതുവഴി പാമ്പിന്റെ നട്ടെല്ലിലെ നാഡികള്‍ മുറിച്ച് പാമ്പിനെ തളര്‍ത്തി അതിന്റെ ചലനശേഷി നശിപ്പിക്കുന്നു. തുടര്‍ന്നു തല കടിച്ച് നശിപ്പിക്കുന്നു. പരിചയസമ്പന്നനായ കീരിയാണെങ്കില്‍ ഒറ്റക്കടിയില്‍ തന്നെ മൂര്‍ഖന്റെ തല തകര്‍ത്തുകളയും. പോരാട്ടത്തില്‍ വിജയിച്ചാല്‍ മിക്കപ്പോഴും കീരി പാമ്പിനെ ഭക്ഷിക്കും. അതല്ല പോരാട്ടത്തില്‍ വിഷംകൂടുതലായി ഏറ്റിട്ടുണ്ടെങ്കില്‍ ഇരുകൂട്ടരും അവരവരുടെ വഴിക്ക് പോകും. ശക്തമായ വിഷബാധ ഉണ്ടായിട്ടില്ലെങ്കില്‍ കീരി അതിജീവിക്കും.

(6) കീരികളുടെ നാഡീവ്യൂഹത്തില്‍ ഉള്ള അസൈറ്റല്‍-കൊളിന്‍ സ്വീകരണികള്‍ (Acetyl-choline receptors ) മൂര്‍ഖന്‍, ബ്ലാക്ക് മാംബ തുടങ്ങി അവ ഏറ്റവുമധികം വേട്ടയാടുന്ന പാമ്പുകളുടെ വെനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് സൂചിപ്പിച്ചുവല്ലോ. സ്ഥിരമായി വേട്ടയാടുന്ന പാമ്പുകളുടെ കാര്യത്തില്‍ മാത്രമേ കീരിക്ക് പ്രതിരോധശേഷി ഉണ്ടാവൂ. ഉദാഹരണമായി അണലിവിഷത്തോട് പൊതുവെ മിക്ക കീരികള്‍ക്കും പ്രതിരോധശേഷി കുറവാണ്. ഗബൂണ്‍ വൈപര്‍(gaboon vipers) പോലുള്ള അണലികള്‍ കീരികളെ കൊന്നുതിന്നാറുണ്ട്. വിഷമില്ലാത്ത പെരുമ്പാമ്പ് പോലും വലിയ പാമ്പുകളും കീരിയെ തിന്നാറുണ്ട്. പേ പിടിച്ചാലല്ലാതെ കീരികള്‍ സാധാരണ മനുഷ്യരെ ഉപദ്രവിക്കാറില്ല. പക്ഷെ ഇണക്കി വളര്‍ത്തുന്നത് അപകടകരമാണ്, പലയിടത്തും നിയമവിരുദ്ധവും.

(7) എങ്ങനെയാണ് ബ്ലാക്മാംബയേയും മൂര്‍ഖനെയുമൊക്കെ കീരി പരാജയപ്പെടുത്തുന്നത്? പ്രാണന്‍ കയ്യില്‍പിടിച്ച് പാമ്പ് പോരാടുമ്പോള്‍ കുറെ കടികള്‍ എന്തായാലും ഏല്‍ക്കാതിരിക്കില്ല. ഇത്തരം പാമ്പുകളിടെ വെനത്തില്‍ കാണപ്പെടുന്ന പ്രധാന ഘടകം ആല്‍ഫ ന്യൂറോടോക്‌സിനുകള്‍ (alpha-neurotoxin) ആണ്. പേശികോശങ്ങള്‍ക്ക് (muscle cells) മുകളിലുള്ള അസൈറ്റൈല്‍ കൊളിന്‍ തന്മാത്രകളുമായി ചേര്‍ന്നാണ് ന്യൂറോ ടോക്‌സിനുകള്‍ പ്രവര്‍ത്തിക്കുക. പേശികള്‍ക്ക് ചുരുങ്ങാനും വികസിക്കാനും(to contract or relax) ഉള്ള നിര്‍ദ്ദേശങ്ങള്‍ നാഡീവ്യൂഹത്തില്‍ നിന്നും എത്തിച്ചുകൊടുക്കുന്ന ധര്‍മ്മമാണ് ഈ സ്വീകരണികള്‍ക്കുള്ളത്. ആല്‍ഫ ന്യൂറോടോക്‌സിനുകള്‍ ഇത്തരം സന്ദേശവിനിമയം തടഞ്ഞുവെക്കുന്നു. പേശികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നില്ല. പേശികള്‍ ചലിപ്പിക്കാനാവാതെ കടിയേറ്റ ജീവിയുടെ ശരീരം തളരുകയും(paralyze) ക്രമേണ ഇര കൊല്ലപെടുകയും ചെയ്യുന്നു.

(8) എന്നാല്‍ കീരിയുടെ അസറ്റൈല്‍ കൊളിന്‍ സ്വീകരണികളുമായി പ്രവര്‍ത്തിച്ച് പാമ്പിന്‍വിഷത്തിലെ ആല്‍ഫന്യൂറോ ടോക്‌സിനുകള്‍ മറ്റ് ജീവികളിലെന്നപോലെ നാഡീസന്ദേശങ്ങള്‍ തടയാന്‍ കഴിയില്ല. മറിച്ചായാല്‍ കീരിക്ക് തളര്‍ച്ച കാരണം ഭക്ഷണത്തിന് വേണ്ടി അധികം പോരാടാനാവില്ല. എങ്ങനെയാണ് കീരിയില്‍ മാത്രം ഈ പ്രത്യേകത പരിണാമപരമായി ഉടലെടുത്തത്? പാമ്പിനെ കൊന്നു ഭക്ഷിക്കുന്ന മറ്റ് ജീവികളിലും നേരിയ തോതിലെങ്കിലും ഈ പ്രതിരോധം ഉണ്ടാകേണ്ടതാണ്. കൊല്ലാനെത്തുന്ന ജീവിയെ പാമ്പ് കൊന്നാല്‍ അതിന്റെ വംശം കുറ്റിയറ്റ് പോകുമല്ലോ. പാമ്പിന്‍ വിഷത്തിലെ ടോക്‌സിനുകളോട് സഹജമായി പ്രതിരോധമുണ്ടായിരുന്ന കീരികളാവും അതിജീവിച്ചതും കാലാന്തരത്തില്‍ തുടര്‍തലമുറകളുണ്ടാക്കിയതും. ഇത് കൃത്യമായും പരിണാമപരമായ ഒരനുകൂലനമാണ്. പാമ്പിന്റെ ഏറ്റവും വലിയ ആയുധം വെനമാണ്. അത് ഉപയോഗശൂന്യമായി തീര്‍ന്നാല്‍ പിന്നെ ചുവരെഴുത്ത് വ്യക്തമായിരിക്കും. ഈ ദുര്യോഗമാണ് പാമ്പുകള്‍ക്ക് കീരിക്കെതിരെ നേരിടേണ്ടി വരിക. അതല്ലെങ്കില്‍ ഹെവി ഡോസ് വെനം കീരിയുടെ രക്തചംക്രമണവ്യൂഹത്തിന് ഉള്ളില്‍ ചെലുത്താന്‍ കഴിയണം. കീരിയെപ്പോലൊരു ജീവിയെ അങ്ങനെ കടിച്ച് തകര്‍ക്കാന്‍ പാമ്പിന് പരിമിതികളുണ്ട്. കട്ടികൂടിയ മിനുസമുള്ള രോമങ്ങളാല്‍(silky fur) ആവരണം ചെയ്തിരിക്കുന്നതിനാല്‍ പാമ്പ് ചുറ്റിവരിഞ്ഞാലും പലപ്പോഴും കീരി വഴുതി രക്ഷപെടുന്നത് കാണാം. കാര്യമായി വിഷം കുത്തിവെക്കാനും ഈ ആവരണം തടസ്സമാണ്.

(9) ചുരുക്കി പറഞ്ഞാല്‍ പാമ്പ് കീരിക്ക് സമ്പുഷ്ടമായ ആഹാരം മാത്രമാണ്. വയറ്റിപ്പിഴപ്പിനായിട്ടാണ് ആ സാധു ജീവി ചരിത്രപരമായി പാമ്പുകളെ ആക്രമിക്കന്നത്. അതിനെ പരമ്പരാഗത ശത്രുതയായി ചിത്രീകരിക്കുന്നത് മതിയായ തോതില്‍ എമ്പതിയും സാമൂഹികബോധവും ഇല്ലാത്തത് കൊണ്ടാണ് എന്നൊരു സാമൂഹികശാസ്ത്ര വെളിപാടിന് സാധ്യത സമൃദ്ധം.