ഇന്ത്യന്‍ പീനല്‍കോഡും സി.ആര്‍.പി.സി യുമൊക്കെ എത്രയോ തവണ പരിഷ്‌കരിക്കപ്പെട്ടു, പക്ഷെ അപ്പോഴും മതചില്ലകളില്‍ തൊട്ടില്ല

160

Ravichandran C

മഹേശ രാജ്പാലിന്റെ കൊലപാതകം

(1) 1920 കളില്‍ ആര്യസമാജക്കാരും പഞ്ചാബിലെ മുസ്ലീങ്ങളും തമ്മിലുണ്ടായ മതസ്പര്‍ദ്ധയാണ് IPC 295 A യ്ക്ക് കാരണമായത്. അക്കാലത്ത് 153 A മാത്രമാണ് നിലവിലുണ്ടായിരുന്നത്. ആര്യസമാജത്തിലെ ഭാരതീയ ഹിന്ദു ശുദ്ധി മഹാസഭാ മതംമാറിയവരെ തിരികെ ഹിന്ദുമതത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത് മറ്റ് മതവിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായി. പരസ്പരം നിന്ദിച്ചുകൊണ്ടുള്ള മതസാഹിത്യ പുസ്തകങ്ങള്‍ അക്കാലത്ത് ധാരാളമായി പ്രചരിപ്പിക്കപ്പെട്ടു. രാമായണത്തിലെ സീതയെ സ്വാഭാവദൂഷ്യമുള്ളവളായി ചിത്രീകരിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട ചില ലഘുലേഖകള്‍ക്ക് മറുപടിയായി മഹാശേ രാജ്പാല്‍(Mahashe Rajpal ) രംഗീല റസൂല്‍ (Rangila Rasul) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചു. പുസ്തകം രചിച്ചത് അറിയപ്പെടാത്ത ഒരു ആര്യസമാജാംഗം ആണെന്ന് കരുതപ്പെടുന്നു. മുഹമ്മദിന്റെ ലൈംഗികജീവിതമായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം. 153 എ പ്രകാരം പരാതി വന്നതോടെ രാജ്പാല്‍ അറസ്റ്റിലായി.

Image may contain: 1 person(2) പുസ്തകം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്ക് കാരണമാകുന്നില്ലെന്ന് തെളിഞ്ഞതിനാല്‍ അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. എന്നാല്‍ മതസ്പര്‍ദ്ധയല്ല പ്രശ്‌നം മതവികാരം വ്രണപെട്ടതാണ് എന്ന വാദവുമായി മുസ്ലീം സംഘടനകള്‍ തെരുവിലിറങ്ങി, അക്രമാസക്തരായി. രംഗീല റസൂല്‍ നിരോധിക്കണമെന്നും രാജ്പാലിനെ ശിക്ഷിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. പ്രക്ഷോഭം മൂര്‍ച്ഛിക്കവെ ഇലം ഉദ്ദീന്‍ (Ilm-Ud-Din) എന്ന പത്തൊമ്പതുകാരന്‍ മതനിന്ദയ്ക്ക് പകരംചോദിക്കാന്‍ തീരുമാനിച്ചു. മതതിമിരം കൊണ്ട് അന്ധനായ ഇലംഉദ്ദീന്‍ 1929 ഏപ്രില്‍ 29 ന് ബാസാറില്‍ പോയി ഒരു രൂപ വിലയുള്ള ഒരു കത്തി വാങ്ങി രാജ്പാലിന്റെ ബുക്ക് ഷോപ്പിന് അടുത്ത് കുറച്ച് ദൂരെ കാത്തുനിന്നു. സത്യത്തില്‍ രാജ്പാല്‍ കാഴ്ചയ്ക്ക് എങ്ങനെയുണ്ടെന്ന് അയാള്‍ക്കറിയില്ലായിരുന്നു. രാജ്പാല്‍ കടയ്ക്കുള്ളില്‍ കയറിയിട്ടും ഇലംഉദ്ദീന്‍ അറിഞ്ഞില്ല. പിന്നീട് ആരോ പറഞ്ഞുകൊടുക്കുകയായിരുന്നു. പെട്ടെന്ന് അയാള്‍ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി രാജ്പാലിന്റെ നെഞ്ചിലേക്ക് കഠാര ആഴത്തില്‍ കുത്തിയിറക്കി. രാജ്പാല്‍ അവിടെകിടന്നു തന്നെ മരിച്ചു.

ബ്രിട്ടീഷ് സര്‍ക്കാര്‍ കൊലയാളിയെ തൂക്കികൊന്നു. 1927 ആയപ്പോഴേക്കും വര്‍ഗ്ഗീയ ലഹളകളുടെ വര്‍ദ്ധിച്ച സാധ്യത ഭയന്ന ബ്രിട്ടീഷുകാര്‍ ശിക്ഷാനിയമത്തില്‍ 295 എ എന്ന വ്രണനിയമം കൊണ്ടുവന്നു. വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് മുഹമ്മദലി ജിന്ന ഉള്‍പ്പടെ പലരും അന്നേ ചൂണ്ടിക്കട്ടിയിരുന്നു. സാമൂഹികപരിഷ്‌കരണവും മതനവീകരണവും ലക്ഷ്യമാക്കി മതവിമര്‍ശനം നടത്തുന്നവര്‍ക്കെതിരെ ഈ വകുപ്പ് ദുരുപയോഗം ചെയ്യും എന്ന വാദമുയര്‍ന്നപ്പോള്‍ മന:പൂര്‍വ്വവും വിഷലിപ്തവുമായ ലക്ഷ്യത്തോടെ (with deliberate and malicious intention) മതവികാരം വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ എന്ന ഉപാധികൂടി 295 എ യില്‍ എഴുതിച്ചേര്‍ത്തു.

(3) അനാചാരനിര്‍മാര്‍ജനം, ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം, മെച്ചപെട്ട ഒരു സാമൂഹിക വ്യവസ്ഥ കാംക്ഷിച്ചുകൊണ്ട് പുരോഗമനേച്ഛയോടെ നടത്തുന്ന മതവിമര്‍ശനം തുടങ്ങിയവയൊന്നും തത്വത്തില്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരില്ല. പക്ഷെ മതവെറിയരും വ്രണിതാക്കളുമൊന്നും ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് കാണാറില്ല. അവര്‍ വ്രണിതഹൃദയരായി പരാതിപ്പെടുകയും Cognizable offence ആയതിനാലും ജാമ്യമില്ലാത്തതിനാലും വാറണ്ടില്ലാതെ തന്നെ പോലീസ് പ്രതിയെ ജയിലില്‍ അടയ്ക്കുകയും ചെയ്യുകയും ചെയ്യുന്നു.

(4) അന്നു നിലവ മതസ്പര്‍ദ്ധ, മതപരമായ സംഘര്‍ഷം, അക്രമം ലഹള എന്നിവയൊക്കെ തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ആണെന്നാണ് പൊതുമതം. എന്നാല്‍ വിശ്വാസിയുടെ വികാരം വ്രണപ്പെടുന്നു എന്ന അവകാശവാദം ഇതുമായി കൂട്ടിക്കെട്ടുന്നത് എങ്ങനെയാണ് എന്നതാണ് പ്രശ്‌നം. വികാരം വ്രണപ്പെട്ട വിശ്വാസിക്ക് എതിര്‍മതക്കാരനെതിരെ നീങ്ങാന്‍ പ്രേരണയുണ്ടാവും എന്നൊക്കെ വാദിക്കാം. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമല്ലേ അവിടെ ഈ നിയമം പ്രസക്തമാകുന്നുള്ളൂ. നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രബലമായ സാമൂഹ്യസ്ഥാപനമായ മതം എന്തുകൊണ്ടാവും ഇത്രമാത്രം ഇരവാദം ഉയര്‍ത്തുന്നത്? മിക്കപ്പോഴും ഈ വകുപ്പ് ഉപയോഗിക്കപ്പെടുന്നത് അവിശ്വാസികള്‍ക്കെതിരെയാണ്. അവിശ്വാസികളെ കളിയാക്കുന്നതോ പരിഹസിക്കുന്നതോ നിയമപ്രകാരം കുറ്റകരമല്ല. അതൊക്കെ വിമര്‍ശനമാണ്. എന്നാല്‍ മതവിശ്വാസത്തിന്റെ കാര്യത്തില്‍ നേരിയ വിമര്‍ശനംപോലും പാടില്ല. വിമര്‍ശനംവിട്ട് അധിക്ഷേപത്തിലേക്ക് നീങ്ങുന്നതാണ് പ്രശ്‌നം എന്നാവും ഇവിടെ ന്യായീകരണം വരിക. വ്യക്തിപരമായ അധിക്ഷേപം ആര്‍ക്കെതിരെ നടത്തിയാലും അത് കുറ്റകരമാണ്. പക്ഷെ അവിടെയൊന്നും 295 എ പോലൊരു അന്ധനിയമത്തിന് സാധുതയില്ല.

(5) അനീതി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ കഴിയുന്ന നിയമ വ്യവസ്ഥകള്‍ നാഗരികസമൂഹത്തിന് ഭീഷണിയാണ്. തോന്നലുകളും വിഭ്രാന്തികളും തെളിവുകളായി സ്വീകരിച്ച് ആരെയും തുറുങ്കലില്‍ അടയ്ക്കാമെന്ന അവസ്ഥ ഭീതിജനകമാണ്. ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍വേണമെങ്കിലും കെണിയിലാക്കാം-നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന നിലയിലുള്ള നിയമവ്യവസ്ഥകള്‍ ഏതൊരു പൗരന്റെയും മുകളിലും തൂങ്ങുന്ന വാള്‍ത്തലയാണ്. എന്തുകൊണ്ട് നിങ്ങള്‍ തടവിലാക്കപ്പെട്ടു എന്ന് ചോദിച്ചാല്‍ അങ്ങനെ ചെയ്യണമെന്ന് മറ്റൊരാള്‍ക്ക് തോന്നി, അന്വേഷണസംവിധാനവും നിയമവ്യവസ്ഥയും അതിന് കൂട്ടുനിന്നു എന്നതാണ് ഉത്തരമെങ്കില്‍ അത്തരം സമൂഹങ്ങള്‍ പരിഷ്‌കൃതമല്ല.

(6) സാധാരണയായി ദുര്‍ബലരും അവശരുമായ ജനവിഭാഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് അന്ധനിയമങ്ങളും വാദംകേള്‍ക്കാതെയുള്ള കുറ്റംചാര്‍ത്തലും ജാമ്യനിഷേധവുമൊക്കെ ഏര്‍പ്പെടുത്തിയതെന്ന് പലരും പറഞ്ഞുപോകാറുണ്ട്. ഇതുവരെ പുരുഷാധിപത്യമായിരുന്നില്ലേ, ഇനി കുറെക്കാലം പുരുഷന്‍മാര്‍ അനുഭവിക്കട്ടെ, ഇതുവരെ മേല്‍ജാതിക്കാരുടെ ആധിപത്യമായിരുന്നില്ലേ-ഇനി കുറെക്കാലം അവര്‍ അനുഭവിക്കട്ടെ എന്നൊക്കെയുള്ള ചെന്നായ് നീതി വാദം അന്ധനിയമങ്ങളുടെ നിര്‍മ്മിതിക്ക് സാധൂകരണമായി എടുത്തു വീശുന്നത് കാണാം. ഈ നിസ്സാരഭാവമൊക്കെ അനീതിയുമായി ഹസ്തദാനം നടത്തേണ്ടവരുന്നത് വരെയേ ഉണ്ടാകൂ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ഐ.പി.സി 356 എന്ന അന്ധനിയമവുമായി കെണിയൊരുക്കാന്‍ വെമ്പുന്ന ഒരാള്‍ക്ക് മതവികാരം വ്രണപ്പെട്ട ഒരു ഭക്തന്‍ പരമമായ ഭീഷണിയായി അനുഭവപ്പെടുന്നത് അതുകൊണ്ടാണ്-രണ്ടും ജാമ്യമില്ലാ വകുപ്പുകള്‍.

(7) അതേസമയം, 153 ബി, 295 എ, 289 തുടങ്ങിയ കിരാതനിയമങ്ങളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ ന്യായവൈകല്യംപോലും നിലനില്‍ക്കില്ല. അവ അശക്തര്‍ക്ക് വേണ്ടിയുള്ള ശക്തമായ നിയമം എന്ന ഓമനപ്പേരിന് പോലും അര്‍ഹമല്ല. മതം നമ്മുടെ സമൂഹത്തിലെ ഏറ്റവും കരുത്തുറ്റ സ്ഥാപനമാണ്. എല്ലാവരും ഭയക്കുന്ന, തൊഴുത് മാറി നില്‍ക്കുന്ന, ഭൂരിപക്ഷപിന്തുണയുള്ള സ്ഥാപനം. നീതിന്യായവ്യവസ്ഥ മുതല്‍ രാഷ്ട്രീയം വരെ മതത്തിന് മുമ്പില്‍ വിനീതവിധേയരാണ്. അങ്ങനെയൊരു സ്ഥാപനത്തിന് ആരുടെയും സംരക്ഷണം ആവശ്യമില്ല. മതത്തില്‍ നിന്നുള്ള സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമായി മുഴച്ചുനില്‍ക്കുമ്പോഴാണ് ഇപ്പോഴും മതസംരക്ഷണവും വിശ്വാസസംരക്ഷണവും ലക്ഷ്യമിടുന്ന ഈ കിരാത നിയമങ്ങള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്.

(8) ഇന്ത്യന്‍ പീനല്‍കോഡും സി.ആര്‍.പി.സി യുമൊക്കെ എത്രയോ തവണ കാലികമായി പരിഷ്‌കരിക്കപ്പെട്ടു. പക്ഷെ അപ്പോഴും മതചില്ലകളില്‍ തൊട്ടില്ല. മതത്തിന് ഇത്രയേറെ അനുകൂലമായ ഒരു നിയമം എത്ര അനീതിയായാലും നിലനിന്നേ പറ്റൂ എന്ന വാശി നമ്മുടെ ഭരാണാധികാരികളുടെയും നിയമനിര്‍മ്മാണ സഭകളുടെയും നിസ്സഹായതയാണ് വ്യക്തമാക്കുന്നത്. 153 എ, 295 എ വകുപ്പുകള്‍ ഇന്നുവരെ ഒരു വര്‍ഗ്ഗീയ സംഘര്‍ഷം അലസിപ്പിച്ചതായോ മതലഹള ഇല്ലാതാക്കിയതായോ കണ്ടെത്താനാവില്ല. അവയൊക്കെ സമയാസമയം മുറപോലെ നടക്കുന്നുണ്ട്. സ്വയം കത്തിയണയുകയും ചെയ്യും. അതേസമയം ഈ അന്ധനിയമങ്ങളുടെ ഉപയോഗം മൂലം അനാവശ്യമായ മതസംഘര്‍ഷങ്ങള്‍ ഉരുവംകൊണ്ടതിന്റെ ഉദാഹരണങ്ങള്‍ കാണാനുമാവും.

(9) ഇത്ര മാരകമായുധം കയ്യില്‍ കിട്ടിയിട്ടും മതവിമര്‍ശകരെല്ലാം എങ്ങനെ അതിജീവിക്കുന്നു എന്നാരെങ്കിലും അതിശയപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ അറിയുക, അതിന് കാരണം മതങ്ങളുടെ ദയയോ വിശ്വാസികളുടെ മാനവികബോധമോ അല്ല. മറിച്ച് ഓരോ മതവും ഈ വകുപ്പ് പ്രകാരം കുറ്റവാളികളാണ്. എല്ലാ മതങ്ങളും മതസാഹിത്യങ്ങളും പരമതനിന്ദയിലും പരമതനിഷേധത്തിലും അധിഷ്ഠിതമാണ്. ഒരു കൂട്ടരുടെ ചക്കരദൈവം മറ്റൊരു കൂട്ടര്‍ക്ക് തമാശയാണ്. സ്വാഭാവികമായും വ്രണപ്പെടാന്‍ തുടങ്ങിയാല്‍ മഹാഭൂരിപക്ഷവും വ്രണപ്രഭുക്കളായി ജീവിക്കേണ്ടിവരും. ഒരു മതത്തിന് മൃഗീയഭൂരിപക്ഷമുള്ള സമൂഹങ്ങളില്‍ ഈ പ്രശ്‌നം ഉണ്ടാകുന്നുമില്ല. അവിടെ ഇത്തരം കിരാതനിയമങ്ങള്‍ പത്തിവിരിച്ചാടും. പാകിസ്ഥാനില്‍ ആസിയാ ബീബി എന്ന അഞ്ചു കുട്ടികളുടെ മാതാവായ 47 കാരിയുടെ ജീവന് വേണ്ടി പൊതുസമൂഹം തെരുവില്‍ അലറിവിളിച്ചതോര്‍ക്കുക. പരമോന്നതകോടതി നിരപരാധിയെന്ന് കണ്ട് വിട്ടയച്ച ഒരാള്‍ക്കാണ് മതസമൂഹത്തിന്റെ പരമാധികാരത്തിന് മുമ്പില്‍ ജീവന് വേണ്ടി യാചിച്ച് നില്‍ക്കേണ്ടിവരുന്നത്!

(10) മതംപോലൊരു കാളകൂറ്റനെ പ്രീണിപ്പിക്കാനാവട്ടെ, സമൂഹത്തിലെ അശക്ത വിഭാഗങ്ങളെ സംരക്ഷിക്കാനാവാട്ടെ, കണ്ണുംമൂക്കുമില്ലാത്ത നിയമങ്ങള്‍ ഏതൊരു ജനാധിപത്യ-മതേതര സമൂഹത്തിനും അപമാനകരമാണ്. സമത്വബോധവും നൈതികതയുമില്ലാത്ത സമൂഹങ്ങളിലാണ് അന്ധനിയമങ്ങള്‍ പൂത്തിറങ്ങുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, തുല്യരാകണം. നിയമത്തെ കെണി ആയി ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായി തീരുന്ന വ്യവസ്ഥകളും ഉപാധികളും നിയമവ്യവസ്ഥയില്‍ കടന്നുകൂടുന്നത് നീതിനിഷേധമാണ്. ചില പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഏര്‍പ്പെടുത്തുന്ന വെളിവുരഹിത-തെളിവുരഹിത നിയമങ്ങള്‍ പിന്നീട് നീക്കം ചെയ്യാന്‍ എത്രമാത്രം ബുദ്ധിമുട്ടായിരിക്കും എന്നതിന്റെ തെളിവാണ് 295 എ. ഐ.റ്റി ആക്റ്റ് 66 A യുടെ റദ്ദാക്കലില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. നീതിയുടെ സുഗന്ധം എല്ലാ പൗരന്‍മാര്‍ക്കും ഒരുപോലെ ലഭ്യമാകുന്ന, ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാല്‍പോലും ഒരു നിരപരാധിപോലും ശിക്ഷക്കപ്പെടരുതെന്ന തത്വം പുലരുന്ന നിയമവ്യവസ്ഥയാണ് പുലരേണ്ടത്. അത് മതവിശ്വാസിക്കോ അവിശ്വാസിക്കോ പുരുഷനോ സ്ത്രീക്കോ മേല്‍ജാതിക്കോ കീഴ്ജാതിക്കോ വടക്കര്‍ക്കോ തെക്കര്‍ക്കോ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതാകരുത്. നിയമത്തിന് മുമ്പില്‍ എല്ലാവര്‍ക്കും തുല്യതയും മാന്യതയും ലഭിക്കുമ്പോഴേ പരിഷ്‌കൃത ജനാധിപത്യസമൂഹങ്ങള്‍ നിര്‍മ്മിക്കപ്പെടുകയുളളൂ.

നിയമങ്ങള്‍ അന്ധമാകരുത്, പക്ഷെ അവ അന്ധമായി നടപ്പിലാക്കപ്പെടണം. ചെയ്യുന്ന കുറ്റത്തിനും തെളിവിനും അനുസരണമായിരിക്കണം നിയമനടപടികള്‍. നിയമം തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ പ്രാകൃതമാണ്. നിയമംകൊണ്ട് മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുന്ന മനുഷ്യര്‍ സമാശ്വസിപ്പിക്കലിന് അതീതരാണ്. നിയമം കുറ്റം നിര്‍മ്മിക്കാനുള്ള ഉപാധിയല്ല. കുറ്റം നിര്‍വചിക്കാനുളള ദൗത്യമാണ് അതേറ്റെടുക്കേണ്ടത്.