ദൈവത്തെ മാത്രം ഭയക്കുന്നവരെ നമ്മൾ ഭയക്കണം

163

Ravichandran C

ദൈവത്തെ മാത്രം ഭയക്കുന്നവര്‍

ദൈവത്തെ മാത്രമേ ഭയമുള്ള എന്ന് പറയുന്നവരെ ഭയക്കണം. ലാദനും സവാഗിരിയും ബാഗ്ദാദിയും ദൈവത്തെ മാത്രം ഭയന്നവരായിരുന്നു. മനുഷ്യവികാരങ്ങളും നിലപാടുകളും പ്രസക്തമാകുന്നത് സഹജീവികളോടും അന്യ ജീവികളോടുമായുള്ള ഇടപാടുകളില്‍ മാത്രമാണ്. ഒരാള്‍ ദയാലുവും മര്യാദക്കാരനുമാണ് എന്ന് പറയുമ്പോള്‍ ദയയും മര്യാദയും ഹാരിപോട്ടറോടാണ്, അല്ലാഹുവിനോടാണ് യേശുവിനോടാണ് കൃഷ്ണനോടാണ് എന്നൊക്കെ വന്നാല്‍ അതുകൊണ്ട് സഹജീവികള്‍ക്കോ സമൂഹത്തിനോ പ്രയോജനമില്ല. ഇല്ലെന്ന് മാത്രമല്ല പലതരം പ്രശ്‌നങ്ങളുണ്ടുതാനും. ആകാശപൗരന്‍മാരെ ഭയക്കുന്നവര്‍ക്ക് മറ്റ് മനുഷ്യരാരും പ്രശ്‌നം ആകേണ്ടതില്ലല്ലോ. അവികസിതവും അപകടകരവുമായ മാനസികാവസ്ഥയാണത്. അത്തരക്കാരെ മഹത്വല്‍ക്കരിക്കുന്നത് അതിലേറെ അപകടകരം.

സാങ്കല്‍പ്പിക സിദ്ധാന്തങ്ങളോടു മാത്രം ഭയവും സ്‌നേഹവും വിധേയത്വവും പ്രകടിപ്പിക്കുന്നവര്‍ മനുഷ്യരെ തമസ്‌കരിക്കാനുള്ള സാധ്യത ഏറെയാണ്. അല്ലെങ്കില്‍ ആ പോര്‍ട്ടിലും സിം ഇടണം. ഇത്തരക്കാര്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കും. ‘ദൈവ’ത്തെ ഭയക്കേണ്ട കാര്യമില്ല, പക്ഷെ വിശ്വാസിയെ ഭയന്നേ മതിയാകൂ. വിശ്വാസി ദൈവത്തെ ഭയക്കുന്നു അതുകൊണ്ട് തന്നെ മനുഷ്യര്‍ വിശ്വാസികളെ ഭയക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാല്‍ അവിശ്വാസികള്‍ എന്തും ചെയ്യും എന്ന് നുണപ്രചരണം നടത്തുന്ന മതജീവികള്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം അവസ്ഥ തന്നെയാണ് മറയില്ലാതെ വിശദീകരിക്കുന്നത്. കൂറ്റന്‍ രമ്യഹര്‍മ്യങ്ങളിലേക്ക് വിമാനം ഇടിച്ചിറക്കാനും അപരന്റെ കഴുത്തറുത്ത് മതസ്വര്‍ഗ്ഗം ലക്ഷ്യമിടാനും മുതുകത്ത് ഒരു ബാക്ക്പാക്ക് കെട്ടിവെച്ച് മനുഷ്യര്‍ കൂടുന്നിടത്ത് ചെന്ന് സ്വയം പൊട്ടിത്തെറിക്കാനും മതമാലിന്യങ്ങള്‍ സമൂഹമധ്യത്തിലേക്ക് വലിച്ചിഴയ്ക്കാനും ദൈവത്തെ ഭയക്കുന്നവര്‍ക്ക് മാത്രമേ സാധിക്കൂ.

മതവിശ്വാസിയാകുക എന്നാല്‍ മതപരമായി എന്തും ചെയ്യാനുള്ള ലൈസന്‍സ് കൊണ്ടുനടക്കുക എന്നാണര്‍ത്ഥം. കുറ്റകരമായി കാണുന്ന കാര്യങ്ങളില്‍ പലതും മതപരമായി ചെയ്താല്‍ സമൂഹം നിസ്സഹായമാകുമെന്ന് അവര്‍ക്കറിയാം. കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള മറയായി മതം മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ലഭ്യമാണ്. മതവിശ്വാസം വ്യക്തിയുടെ സഹിഷ്ണുതയും സഹകരണ മനോഭാവവും ദുര്‍ബലപെടുത്തും. മതജീവി‍ നിര്‍മ്മിക്കുന്ന അന്യമതസൗഹൃദങ്ങളില്‍ മഹാഭൂരിപക്ഷവും പരസ്പര ഭയത്തില്‍ അധിഷ്ഠിതവും അടിമുടി കൃത്രിമവും ആകാനുള്ള കാരണവും മറ്റൊന്നല്ല. പരിമിതപെട്ട മനസ്സാണ് അവന്റേത്. അതില്‍ മോചനം നേടണമെങ്കില്‍ മതേതരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശീലിക്കണം. തീര്‍ച്ചയായും അത് സാധ്യമാണ്. അതിനുള്ള സഹജസംവിധാനം മനുഷ്യര്‍ക്കുണ്ട്. പക്ഷെ ശുദ്ധമതജീവിക്ക് അതിനുള്ള അവകാശമില്ല. മതജീവി ചെയ്യുന്നതൊക്കെ മതപരമായ കാര്യങ്ങളല്ലേ എന്നൊരു മറുചോദ്യം വരാം. അതെ, അത് തന്നെയാണ് പ്രശ്‌നം. മതപരമായ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് തന്നെയാണ് ഇക്കൂട്ടരെ മനുഷ്യരാശിക്ക് മുന്നില്‍ ചോദ്യചിഹ്നങ്ങളാക്കുന്നത്. ഏതോ പ്രാചീനയുഗത്തിലെ ഗോത്രാചാരങ്ങളും ഭ്രമസങ്കല്‍പ്പങ്ങളും വാരിക്കൂട്ടി വെള്ളംചേര്‍ക്കാതെ വിഴുങ്ങുന്ന മനുഷ്യര്‍ക്ക് മുന്നില്‍ മനുഷ്യനാഗരികത വിളറിപോകുന്നു. ദൈവത്തെ മാത്രമേ ഭയമുള്ളൂ എന്നു പറയുന്നവരെ കാണുമ്പോള്‍ ശ്രദ്ധിക്കുക ഒരു സ്വപ്നരതിയില്‍ വിലയം പ്രാപിച്ചിവരാണ് മുന്നിലുള്ളത്.