പല രാമായണം, മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്

148

Ravichandran C

പല രാമായണം

രാമായണങ്ങള്‍ നിരവധിയാണ്. മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്. കവിക്കും കാലഘട്ടത്തിനും ഭാഷയ്ക്കും അനുസരിച്ച് പ്രദേശങ്ങള്‍ തോറും അതിന് പുനര്‍വ്യാഖ്യാനങ്ങളുണ്ട്. യാഥാര്‍ത്ഥ രാമായണം ഏതാണെന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഏതാണ് വേണ്ടത് എന്ന മറുചോദ്യമാണ് ഉത്തരം. വായനക്കാരന്റെ ആഭിമുഖ്യവും നിലപാടുകളുമാണ് ഇവിടെ പരമപ്രധാനം. പൂജാമുറിയില്‍ സ്ഥിരമായി വെച്ചാരാധിക്കാന്‍ പറ്റുന്ന രാമായണങ്ങള്‍ നിരവധിയാണ്. എന്നാല്‍ പൂജാമുറിയുടെ അയലത്ത് പോലും കയറ്റാന്‍ പറ്റാത്തതായ രാമായണങ്ങളുമുണ്ട്. ഭാരതത്തില്‍ മിക്കയിടത്തും ഒരു രാമനേയും സീതയേയും സംബന്ധിച്ച് ഏതെങ്കിലും ഒരു കഥ വായ്‌മൊഴിയായി പ്രചരിച്ചിരുന്നു. കഥകള്‍ പല തരത്തിലായിരുന്നു;വാല്മീകി രാമായണവുമായി നല്ല സാദൃശ്യമുള്ളവ തൊട്ട് ഞെട്ടിപ്പിക്കുന്ന വ്യത്യാസമുള്ളവ വരെ അക്കൂട്ടത്തില്‍ പെടും. ചിലതില്‍ ഇതിവൃത്തം തന്നെ തലകുത്തി മറിയുന്നത് കാണാം. രാമനും സീതയും സഹോദരി-സഹോദരന്‍മാരായ കഥ തൊട്ട് സീത രാവണന്റെ മകളാകുന്നത് വരെയുള്ള കഥകളുണ്ടല്ലോ. ബുദ്ധമത സാഹിത്യത്തില്‍ രാമനും സീതയും സഹോദരി-സഹോദരന്‍മാരാണ്. രാമായണത്തിന്റെ പേറ്റന്റ് ഹിന്ദുക്കള്‍ക്കാണെന്ന് പറയാനാവില്ലെന്ന് സാരം. തങ്ങള്‍ സഹോദരി-സഹോദരന്‍മാരായി ആദ്യം ചിത്രീകരിച്ച സീതാ-രാമന്‍മാരെ പിന്നീട് ഹിന്ദുമതം ഭാര്യാ-ഭര്‍ത്താക്കന്‍മാരാക്കിയതില്‍ കലിതുള്ളാന്‍ ബുദ്ധമതക്കാര്‍ക്കും അവകാശമുണ്ട്. അഹിംസയിലൂന്നിയ മതമെന്ന നിലയിലും,ഭാരതത്തില്‍ നിന്ന് ബഹിഷ്‌കൃതനായ ഒരു ചിന്തകന്റെ മതമെന്ന നിലയിലും അവരതിന് തുനിഞ്ഞ് കാണാറില്ല എേന്നയുള്ളു.

(2) ശ്രീരാമനെ വെറും സാധാരണ മനുഷ്യനായി ചിത്രീകരിക്കുന്ന കഥകളും ദൈവമാക്കുന്ന കൃതികളും ലഭ്യമാണ്. വാല്മീകി രാമായണത്തില്‍ രാമന്‍ നായകനാണെങ്കിലും രാമനേക്കാള്‍ വിശിഷ്ടമായ കഥാപാത്രമായി രാവണന്‍ പ്രത്യക്ഷപ്പെടുന്ന രാമയണങ്ങള്‍ പ്രചാരത്തിലുണ്ട്. വാല്മീകിരചനയില്‍ പോലും രാവണന്‍ തിളക്കമുള്ള കഥാപാത്രമല്ലെന്നും പറയാനാവില്ല. വാല്മീകി രാമായണത്തിന്റെ പ്രശസ്തരായ ആരാധകരില്‍ പലരും’രാവണപ്രേമി’കളാണല്ലോ. രാമായണത്തില്‍ മതഭക്തിയുടെ അളവ് കൂടുന്നതനുസരിച്ച് രാമന്‍ വെളുക്കുകയും രാവണന്‍ കറുക്കുകയും ചെയ്യുന്നതായാണ് പൊതുവെ കാണപ്പെടുന്നത്. രാമ-രാവണ യുദ്ധം തന്നെ ഇല്ലാത്ത രാമായണമുണ്ടെന്നതാണ് അതിലും രസകരം. രാമന്‍ കാട്ടില്‍ പോകുന്നതും പോകാത്തതുമായ കഥകള്‍, രാമന്‍ ഹനുമാനുമായി ഏറ്റുമുട്ടുന്നതും അല്ലാത്തതുമായ കഥകള്‍, രാവണന് പത്തു തലകളുള്ളതും ഒരു തല മാത്രമുള്ളതുമായ കഥകള്‍, ലക്ഷ്മണന്‍ യുദ്ധത്തില്‍ മരിക്കുന്നതും അല്ലാത്തതുമായ കഥകള്‍, ശത്രുഘ്‌നന്‍ ഇല്ലാത്ത കഥകള്‍, മന്ഥര തന്നെ കൈകേയിയാകുന്ന കഥകള്‍. . .ഇത്തരം വൈജാത്യങ്ങള്‍ കാണിക്കുന്ന നൂറില്‍പരം രാമായണങ്ങള്‍ വിവിധ രാജ്യങ്ങളിലായി നിലവിലുണ്ട്. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും വെസ്റ്റ് ഇന്ത്യന്‍ ദ്വീപുകളിലും ഏതെങ്കിലും രാമായണകഥകളോ കൃതികളോ പ്രചാരത്തിലുണ്ട്. രാമായണം ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായി അറിയപ്പെടുന്നുവെങ്കിലും കേവലം ഒരു കലാസൃഷ്ടിയായി മാത്രമോ നാടകം, പാവകളി തുടങ്ങിയ രംഗകലകളുടെ ഇതിവൃത്തമായി മാത്രമോ നിലവിലിരിക്കുന്ന രാജ്യങ്ങളുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ ഇന്ത്യന്‍ രാമായണം ‘ബ്രാഹ്മണ രാമായണം’ എന്നാണറിയപ്പെടുന്നത്!

(3) തമിഴ്‌നാട്ടില്‍ പ്രശസ്തമായ കമ്പരാമായണം രചിക്കപ്പെട്ടത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. പതിനാലാം നൂറ്റാണ്ടില്‍ ആസ്സാമീസ് ഭാഷയില്‍ മാധവ് കണ്ഡാലിയുടെ (Madhava Kandali))സപത്കാണ്ഡരാമായണം (Saptakanda Ramayana)വിരചിതമായി. തുളസിദാസിന്റെ രാമചരിതമാനസം(1567) ഹിന്ദിയുടെ പ്രാദേശികഭേദമായ അവധി (Awadhi)ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഗുജറാത്തി കവിയായ പ്രേമാനന്ദിന്റെ രാമായണം പതിനേഴാം നൂറ്റാണ്ടില്‍ പുറത്തുവന്നു. ബംഗാളിയിലെ കൃതിവാസന്‍ രചിച്ച കൃതിവാസരാമായണം (Krittivasi Ramayan)പുറത്തുവന്നത് പതിനാലാം നൂറ്റാണ്ടിലാണ്. തെലുങ്കില്‍ രഘുനാഥനും(പതിനഞ്ചാം നൂറ്റാണ്ട്) കന്നടയില്‍ നിതാഹരിയും (തൊറവെരാമായണം, പതിനാറാംനൂറ്റാണ്ട്) രാഷ്ട്രകവി കുവേമ്പുവും(ശ്രീരാമായണ ദര്‍ശനം-ഇരുപതാം നൂറ്റാണ്ട്), ഒറിയയില്‍ ബല്‍റാംദാസും(പതിനാറാം നൂറ്റാണ്ട്), മാറാത്തിയില്‍ ശ്രീധരനും(പതിനെട്ടാം നൂറ്റാണ്ട്), മൈഥിലിയില്‍ ചന്ദ ധായും രചിച്ച രാമായണങ്ങള്‍ അതാതിടങ്ങളില്‍ വാത്മീകിയുടെ കൃതിയെ അതിശയപ്പിക്കുന്ന ജനപ്രീതി നേടി. മലയാളത്തില്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്‍ രചിച്ചത് പതിനാറാം നൂറ്റാണ്ടിലാണ്.

(4) രാവണന്റെ സഹോദരന്‍മാരായ അഹിരാവണനും മഹിരാവണനും (Ahi Ravana and Mahi Ravana)പ്രാമുഖ്യമുള്ള മറ്റൊരു വകഭേദവും ഇന്ത്യയുടെ ചില ഭാഗങ്ങളിലുണ്ട്. ഹനുമാനാണ് ഇത്തരം കഥകളില്‍ തിളങ്ങുന്നത്. രാവണനിര്‍ദ്ദേശമനുസരിച്ച് കാളിക്ക് ബലി നല്‍കാനായി അഹിയും മഹിയും ചേര്‍ന്ന് രാമലക്ഷ്മണന്‍മാരെ തട്ടിക്കൊണ്ടുപോയി പാതാളത്തില്‍ ഒളിപ്പിക്കുന്നു ഹനുമാന്‍ ചെന്ന് രക്ഷിക്കുന്നു എന്നൊക്കെയാണ് അവിടെ കഥ. കേരളത്തിലും സംബന്ധിച്ച അന്വേഷണങ്ങളില്‍ അത്ര പ്രസക്തമല്ല.
നേപ്പാളില്‍ പ്രധാനമായും രണ്ട് രാമായണകൃതികളുണ്ട്. നേപ്പാളിഭാഷയില്‍ സിദ്ധിദാസ് മഹാജു രചിച്ച രാമായണം നേപ്പാളി ഭാഷയുടെ നവോത്ഥാനത്തിന് പ്രചോദനമായ കൃതിയാണ്. നേപ്പാളിലെ ആദികവിയായി അറിയപ്പെടുന്ന ഭാനുഭക്ത ആചാര്യ(1814-1868) രാമായണം സംസ്‌കൃതത്തില്‍നിന്ന് നേപ്പാളിയിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു. ഇന്തോനേഷ്യയിലെ ജാവാ സംസ്‌കൃതിയുമായി ബന്ധപ്പെട്ട കാകവിന്‍ രാമായണം(Kakawin Ramayana), യോഗീശ്വര രാമായണം എന്നിവ പ്രസിദ്ധമാണ്. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യോഗീശ്വരനാണ് യോഗീശ്വര രാമായണത്തിന്റെ കര്‍ത്താവായി അറിയപ്പെടുന്നത്. സംസ്‌കൃതവും കാവിഭാഷയും(Kawi language) ഇടകലര്‍ന്ന മണിപ്രവാളശൈലിയാണ് യോഗീശ്വരന്റേത്. ‘ഭട്ടികാവ്യം’ (Bhattikavya) എന്നറിയപ്പെടുന്ന ഭട്ടിയുടെ രാവണവധമാണ് ഏറ്റവും ജനകീയമായ വകഭേദം.

(5) ജാവാ-ബാലി-സന്താനീസ് വിഭാഗക്കാരുട പ്രാദേശിക സംസ്‌കൃതികളിലേക്ക് സമന്വയിക്കപ്പെട്ട രീതിയിലാണ് ഇവിടങ്ങളില്‍ രാമായണ ഇതിവൃത്തം വ്യത്യസ്ത കലാരൂപങ്ങളായി വികസിച്ചത്. ‘ഫ്ര ലക്ക് ഫ്ര ലാം'(Phra Lak Phra Lam) എന്നതാണ് ലാവോസ് (Lao language) ഭാഷയിലുള്ള രാമായണത്തിന്റെ പേര്. രാമന്‍-ലക്ഷ്മണന്‍ എന്നീ പേരില്‍നിന്നാണ് കൃതിക്ക് ഈ പേര് വന്നത്. ബുദ്ധന്റെ മുന്‍ജന്മത്തിലെ കഥയായാണ് രാമ-ലക്ഷ്മണന്‍മാരുടെ ജീവിതം അവതരിപ്പിക്കുന്നത്. മലേഷ്യയിലെ ‘ഹിക്കായത്ത് സേരി രാമ'(Hikayat Seri Rama)യില്‍ ദശരഥന്‍ ആദംനബിയുടെ പുത്രന്റെ പൗത്രനാണ്. രാവണന് വരം നല്‍കുന്നത് ബ്രഹ്മാവല്ല മറിച്ച് ഇസ്‌ളാമികദൈവമായ അള്ളാഹുവാണ്. മലയാഭാഷയിലുള്ള പല രാമായണങ്ങളിലും രാമനെക്കോള്‍ പ്രാധാന്യം ലക്ഷ്മണനാണ്. രാമനാകട്ടെ, ഇലിയിഡിലെ പാരിസിനെ പോലെ ദുര്‍ബലമായ ഒരു കഥപാത്രവും.

(6) തായ്‌ലന്‍ഡിലെ രാമകഥയായ രാമാക്കീന്‍(Ramakien) പ്രാദേശികമായ പരമ്പരാഗത നൃത്തരൂപത്തിലാണ് കൂടുതല്‍ ജനകീയമായിട്ടുളളത്. ഇവിടെ സീത കമ്പരാമായണത്തിലെന്ന പോലെ രാവണപുത്രിയാണ്;മാതാവാകട്ടെ മണ്‌ഡോദരിയും. രാവണന്റെ ജ്യോതിഷിയായ സഹോദരനാണ് ഫിഷേക്(വിഭീഷണന്‍). സീതയുടെ ജാതകം വായിച്ച് ദുരന്തം പ്രവചിക്കുന്നു. അത് കേട്ട രാവണന്‍ പുത്രിയെ ജലത്തിലെറിയുന്നു. പിന്നീട് ജനകന്‍ (Chanok)സീതയെ കണ്ടെത്തുന്നു. ബ്രാഹ്മണരാമായണത്തിന്റ കഥാഘടന ഏറെക്കുറെ പിന്തുടരുന്നുവെങ്കിലും രാമാക്കീനില്‍ വിരിക്കുന്ന വസ്ത്രങ്ങള്‍, ആയുധങ്ങള്‍, കളികള്‍, ഭൂവിഭാഗങ്ങള്‍ ഒക്കെ തായ്‌ലന്‍ഡുമായി ബന്ധപ്പെട്ടവയാണ്. ഹനുമാന് കുറേക്കൂടി പ്രാമുഖ്യം ലഭിക്കുന്ന ഈ കൃതിയില്‍ ഹനുമാന്‍ വിഷയലമ്പടനും സ്ത്രീജിതനുമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

(7) കംബോഡിയന്‍ രാമായണമായ റീംമ്ക്കര്‍ (The Reamker) ഖമേര്‍ സാഹിത്യത്ത്യത്തിലെ പ്രധാനപ്പെട്ട കൃതിയാണ്. ഹിന്ദു-ബുദ്ധ കഥകള്‍ മിശ്രണംചെയ്ത ഇതിവൃത്തമാണ് ഇതിനുളളത്. വാത്മീകി രാമായണത്തില്‍ കാണാനാവാത്ത പല സംഭവങ്ങളും ഇതിലുണ്ടെന്ന് മാത്രമല്ല ഹനുമാനാണ് കൂടുതല്‍ പ്രാധാന്യം. കംബോഡിയയിലെ സാഹിത്യലോകത്ത് മാത്രമല്ല ശില്പകല, കവിത, നൃത്തം, മ്യൂറല്‍ പെയിന്റിംഗ് എന്നിവയിലും റീംമ്ക്കര്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ഈജിപ്റ്റില്‍ ക്രിസ്തുവിന് മുമ്പ് രചിക്കപ്പെട്ട ഒരു കൃതി രാമായണവുമായി വലിയ സാമ്യമുള്ളതാണ്. രാംസാസ് എന്ന ഒരു പ്രാചീന ഭരണാധികാരിയുടെ അപദാനങ്ങള്‍ വാഷ്‌കി എന്ന കവി നാടോടിപ്പാട്ടായി അവതരിപ്പിച്ചത് സംബന്ധിച്ച് തെളിവുകളുണ്ട്. ഇന്തോനേഷ്യയിലെ ജാവാ-സുമാത്ര ദ്വീപുകളെ തമ്മില്‍ യോജിപ്പിക്കുന്ന പഴയ പാലത്തിന്റെ പേര് തന്നെ ‘സേതുബന്ധന’മെന്നാണ്.

Advertisements