ശപിച്ചാല്‍ ഫലിക്കുമോ?

42

Ravichandran C

ശപിച്ചാല്‍ ഫലിക്കുമോ?

(1) ശപിക്കുക(cursing) എന്നു പറയുമ്പോള്‍ കഥകളിലെ മുനിമാരുടെ ശാപം എന്ന അര്‍ത്ഥം മാത്രം എടുക്കേണ്ടതില്ല. അഹിതവും പരുഷവുമായ വാക്കുകള്‍, ഭീഷണി, മുന്നറിയിപ്പ് തുടങ്ങിയവയൊക്കെ ശാപത്തിന്റെ ഗണത്തില്‍പെടുത്താം. നിങ്ങള്‍ നൂറ് പേരെ ശപിച്ചാല്‍ ഏതാനും പേര്‍ക്കും ചെറുതായെങ്കിലും ഫലിക്കുന്നതായി തോന്നാം. മണ്ട മറിയട്ടെ എന്ന് ശപിക്കുന്നയാള്‍ വൈകാതെ തട്ടിപ്പോയെന്നും വരാം. നേര്‍വിപരീതമായി ചിലര്‍ക്ക് നേട്ടമുണ്ടായെന്നുംവരാം. എന്നാല്‍ മഹാഭൂരിപക്ഷവും യാതൊരു വ്യത്യാസവുമുണ്ടാകില്ല. ആട്ടുകല്ലിന് കാറ്റുപിടിച്ച പോലത്തെ അവസ്ഥ. നൂറ് പേരെ അനുഗ്രഹിച്ചാലും സമാനമായ ഫലം കിട്ടും. നിനക്ക് വലിയൊരു ഭാവിയുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു എന്നൊക്കെ പലരും പറയുന്നതുപോലെ.

(2) ഇതൊക്കെ ഏത് വലിയ കൂട്ടത്തിലും(Population) ഉണ്ടാകാനിടയുള്ള കാര്യമാണ്. സ്വാഭാവികമായ ഫലങ്ങളെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കുന്ന മതതന്ത്രമാണ് ഇവിടെയും പ്രസക്തമാകുന്നത്. കൂട്ടത്തിനുള്ളില്‍ ഉള്ളവരുടെ ജീവിതസാഹചര്യങ്ങളും ശേഷികളും അനുഭവങ്ങളും വ്യത്യസ്തമാണ്. പക്ഷെ പോപ്പുലേഷനിലെ എണ്ണം കുറഞ്ഞാല്‍ സാധ്യതയും കുറയും. ഉദാഹരണമായി ഒരാളെ മാത്രം ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്താല്‍ ഫലം കിട്ടാനുള്ള സാധ്യത തീരെ കുറവാണ്. അഥവാ ഒരിക്കല്‍ കിട്ടിയാലും ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അല്ലെങ്കില്‍ ശാപം നടപ്പിലാക്കാന്‍ നിങ്ങള്‍ നേരിട്ട് ഇടപെടേണ്ടിവരും. ഉദാഹരണമായി പാമ്പിനെ കൊണ്ട് കടിപ്പിച്ച് സര്‍പ്പശാപം നടപ്പിലാക്കുക. അതേസമയം, നൂറുപേരുളള ഒരു കൂട്ടത്തെ ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്താല്‍ ഫലസാധ്യത ഗണ്യമായി വര്‍ദ്ധിക്കും. പക്ഷെ കൂട്ടത്തിന് മൊത്തം ഫലം ലഭിക്കണമെന്ന് പറഞ്ഞാല്‍ പണി കിട്ടും. ഒരു സമൂഹത്തെയോ രാജ്യത്തെയോ മൊത്തത്തില്‍ ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്താല്‍ പരാജയസാധ്യത കുറയും. ഉദാഹരമായി അമേരിക്കയ്ക്ക് പണി കിട്ടാന്‍ പോകുന്നതേയുള്ളൂ, ഇന്ത്യക്കാര്‍ക്ക് നല്ല നാളുകളാണ് വരാനിരിക്കുന്നത്. ചോതി നക്ഷത്രക്കാര്‍ക്ക് ചോദിക്കുന്നതെല്ലാം കിട്ടും, അനിഴം നക്ഷത്രക്കാര്‍ക്ക് പഴം കിട്ടും, വിശാഖ നക്ഷത്രക്കാര്‍ വടിയാകും എന്നൊക്കെ പുലമ്പിനോക്കൂ. കുറെയാളുകളുടെ കാര്യത്തില്‍ ഫലം ഉറപ്പാണ്.

(3) പിന്നെ മറ്റൊന്നുള്ളത് ശാപവും അനുഗ്രഹവും നിങ്ങളില്‍ ഉണ്ടാക്കുന്ന വൈകാരികനിലപാടുകളാണ്. മോശം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മോശം വികാരങ്ങളും സഹായകരമല്ലാത്തതുമായ രാസമാറ്റങ്ങളും ഉണ്ടാകുന്നു. നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തിരിച്ചും. പ്ലസിബോയും(placebo) നൊസിബോയും(nocebo) പോലെ രണ്ടും പ്രവര്‍ത്തിക്കുന്നു. ശാപം വരുമ്പോള്‍ അതിജീവനം തടസ്സപെടുന്നതുപോലെ മസ്തിഷ്‌കം പ്രതികരിക്കുന്നു, നല്ല വാക്ക് കേള്‍ക്കുമ്പോള്‍ സഹായകരമെന്നും വിലയിരുത്തുന്നു. ശാപത്തിനും അനുഗ്രഹത്തിനും മാത്രമല്ല. പിന്തുണയ്ക്കല്‍, പുകഴ്ത്തല്‍, അധിക്ഷേപം, തെറി, ഭീഷണി, മുന്നറിയിപ്പ് തുടങ്ങിയവയോടെല്ലാം പ്രാരംഭത്തില്‍ മസ്തിഷ്‌കം ഇത്തരത്തിലാവും പ്രതികരിക്കുക. ഈ പ്രാരംഭനിലപാടുകളെ വ്യക്തിക്കും സമുഹത്തിനും അനുയോജ്യമായ രീതിയിലേക്ക് പരുവപെടുത്തിയാണ് മനുഷ്യന്‍ നാഗരികജീവിതം നയിക്കുന്നത്.