നാസ്തികരും കൊന്നിട്ടില്ലേ എന്ന് ചോദിക്കുന്നവരുണ്ട്, കാരണമിതാണ്

56

✏ Ravichandran C

”നാസ്തികരും കൊന്നിട്ടില്ലേ?”

ആരോപണമിതാണ്: നാസ്തികരായ ചില സ്വേച്ഛാധിപതികള്‍ അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ കൂട്ടക്കൊലകള്‍ നടത്തിയിട്ടുണ്ട് – ഇനിയുമത് സംഭവിച്ചേക്കാം, ജാഗ്രതൈ! ജോസഫ് സ്റ്റാലിനും ഹിറ്റ്‌ലറുമൊക്കെയാണ് ഉദാഹരണം.പ്രവര്‍ത്തിക്കുന്ന ഒരാള്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന ഒറ്റക്കാരണം മുന്‍നിറുത്തി വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ ചിഹ്നമാണ് തിന്മയെന്ന് അനുമാനിക്കാനാവില്ല. മറിച്ച് തിന്മ അഴിച്ചുവിടുന്നതില്‍ അയാളുടെ വിശ്വാസം അല്ലെങ്കില്‍ അവിശ്വാസം എന്തുപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതാണ് പ്രസക്തമായ ചോദ്യം.

നാസ്തികത പ്രകൃതിശാസ്ത്രപരമായ, ശാസ്ത്രീയമായ തെളിവുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഒരു ചിന്താധാരയും ജീവിതവീക്ഷണവുമാണ്. സഹജീവികളെ ഹിംസിക്കാന്‍ ആവശ്യപ്പെടുന്ന യാതൊന്നും അതിലില്ലെന്ന് മാത്രമല്ല എല്ലാ ജീവികളും ഒരു പൊതുപൂര്‍വ്വികനില്‍ നിന്ന് ഉരുത്തിരിഞ്ഞുവെന്ന ബോധവും മാനവികതയുമാണ് അതിന്റെ അടിത്തറ. ക്രൂരത പ്രവര്‍ത്തിച്ച നാസ്തികരുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് നാസ്തികേതരമായ കാരണം തന്നെയാണുണ്ടാവുക. കാരണം നാസ്തികതയില്‍ അതിനൊരു ന്യായീകരണവുമില്ല.

പക്ഷെ മതത്തിന്റെ കാര്യമങ്ങനെയല്ല. എല്ലാത്തരം ക്രൂരതകളേയും പൈശാചികതകളേയും വാക്കിലും പ്രവര്‍ത്തിയിലും ന്യായീകരിക്കാന്‍ മതത്തിനാവും. ഭക്തി വിശിഷ്ടഗുണമാണെന്നത് കേവലം ‘മതപ്രചരണം’ മാത്രമാണ്. ഭക്തിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ നന്നാകുന്നുവെങ്കില്‍ അയാള്‍ അടിസ്ഥാനപരമായി നല്ലവനല്ലെന്ന ധ്വനിയാണ് വരുന്നത്. ഹിറ്റ്‌ലര്‍ മതവിശ്വാസിയായിരുന്നുവെന്നതിന് തെളിവുണ്ട്. ജോസഫ് സ്റ്റാലിന്‍ ജീവിതത്തിലുടനീളം നിരീശ്വരവാദിയായിരുന്നു. എന്നാല്‍ നിരീശ്വരവാദം കാരണമാണ് സ്റ്റാലിന്‍ ക്രൂരനായ ഭരണാധികാരിയായതെന്ന വാദം വിചിത്രമാണ്. വിദ്യാഭ്യാസകാലത്ത് ലഭിച്ച മതപരിശീലനമാണ് സ്റ്റാലിനെ ക്രൂരനാക്കിയതെന്ന മറുവാദവും അതുപോലെ ചപലമാണ്.

ഹിറ്റ്‌ലര്‍ ഒരു സസ്യഭുക്കായിരുന്നുവെന്നത് സസ്യഭുക്കുകളെ വിലയിരുത്തുന്നതില്‍ സഹായിക്കില്ലതന്നെ. ഹിരോഷിമയിലും നാഗസാക്കിയിലും സെക്കന്‍ഡുകള്‍ കൊണ്ട് രണ്ടര ലക്ഷം പേരെ കാലപുരിയ്ക്കയയ്ക്കുകയും നിരവധി ലക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുകയും ചെയ്ത ഹാരി ട്രൂമാന്‍ ബോംബിട്ടത് അയാളുടെ മതവിശ്വാസം കൊണ്ടാണെന്ന് ആരെങ്കിലും വാദിക്കുമോ?
വിശ്വാസിയായാലും അവിശ്വാസിയായാലും ഒരാളുടെ വ്യക്തിത്വം സ്വയം തെളിയിക്കപ്പെടേണ്ടതാണ്. പ്രത്യയശാസ്ത്രത്തെക്കാളുപരി വ്യക്തിപരമായ സവിശേഷതകളാണ് സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും ഭരണം ബീഭത്സമാക്കിയത്. അധികാരഭ്രമം അന്ധമാക്കിയ വികലവീക്ഷണങ്ങളും അതിന് കൂട്ടിനുണ്ടായിരുന്നു.