പ്രാചീന ജ്യോത്യന്മാരെ മണ്ടന്മാരാക്കിയ ഗ്രഹങ്ങളുടെ വക്രഗതി

91

Ravichandran C

മന്ദക്രാന്ത

(1) നമ്മുടെ ആകാശത്ത് സാധാരണഗതിയില്‍ ഗ്രഹങ്ങളെല്ലാം നക്ഷത്രങ്ങള്‍ക്കൊപ്പം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. അതാണ് അവയുടെ ദിനപരിപാടി. ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ട് സ്വയംഭ്രമണം ചെയ്യുന്നതാണ് ഇതിന്റെ കാരണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത് ഏതെങ്കിലും നക്ഷത്രത്തിന്റെ അടുത്താണ് ഗ്രഹം നില്‍ക്കുന്നത് എന്നു കരുതുക. അവിടെനിന്നും കുറേക്കൂടി കിഴക്കോട്ട് മാറിയായിരിക്കും അടുത്ത ദിവസം അതിന്റെ സ്ഥാനം. ഇത് നക്ഷത്രവും ഗ്രഹത്തിനും ഇടയിലുള്ള സ്വകാര്യപ്രശ്‌നമാണ്(ആപേക്ഷികചലനം). ഇതാണ് ഗ്രഹത്തിന്റെ ക്രമപ്രകാരമുള്ള ചലനം. എന്നാല്‍ കുറേ കഴിയുമ്പോള്‍ ഈ ക്രമചലനം മന്ദീഭവിക്കും. ഒരു ഘട്ടമെത്തുമ്പോള്‍ ഗ്രഹം നക്ഷത്രത്തെ അപേക്ഷിച്ച് നിശ്ചലമായി കാണപ്പെടും. ഈ ഘട്ടം കഴിഞ്ഞാല്‍ നേരെ തിരിച്ചായിരിക്കും ഗ്രഹം നീങ്ങുക. അതായത് ഗ്രഹം നക്ഷത്രത്തിന്റെ പടിഞ്ഞാറേക്ക് മാറുന്നതായി കാണാം. നാം നോക്കുമ്പോള്‍ ഇതൊരു പിന്നോട്ട് പോകല്‍ ആണ്. ഗ്രഹവും നക്ഷത്രവും തമ്മിലുള്ള ഈ ആപേക്ഷികചലനം പ്രസ്തുത ഗ്രഹത്തിന്റെ വക്രഗമനം അല്ലെങ്കില്‍ പശ്ചാത്ഗമനം(Apparent retrograde motion) എന്നറിയപ്പെടുന്നു. പശ്ചാത്ഗമനം നടത്തി കുറെ കഴിയുമ്പോള്‍ ഗ്രഹം തിരികെയെത്തി ക്രമഗമനം തുടങ്ങും.

(2) ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചൊവ്വയും ശനിയും ഉള്‍പ്പെടെ പല ഗ്രഹങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്. ചന്ദ്രനും സൂര്യനും പശ്ചാത്ഗമനമില്ല. എന്നാല്‍ ജ്യോതിഷം അനുസരിച്ച് രാഹുവിനും കേതുവിനും വക്രഗമനം മാത്രമേയുള്ളു! വെറുമൊരു കഥയാണെന്നതിനാല്‍ അക്കാര്യം വിട്ടുകളയുക. ഭൗമഭ്രമണപഥത്തിന് പുറത്തുള്ള ചൊവ്വ, വ്യാഴം, ശനി തുടങ്ങി എല്ലാ ഗ്രഹങ്ങള്‍ക്കും പശ്ചാത്ഗമനമുണ്ട്. ഭൂമിയും ചൊവ്വയും സൂര്യനെ ചുറ്റുന്ന ഭ്രമണപഥങ്ങളുടെ വ്യാസത്തിലുള്ള വ്യത്യാസം, ഭ്രമണവേഗതകളിലുള്ള വ്യത്യാസം എന്നിവ കാരണമാണ് ചൊവ്വയ്ക്ക് വക്രഗതിയുള്ളതായി തോന്നുന്നത്. ഭൂമി താരതമ്യേന സൂര്യനോട് അടുത്ത ഭ്രമണപഥത്തില്‍ കൂടി സഞ്ചരിക്കുന്നുവെന്ന് മാത്രമല്ല അതിന്റെ പരിക്രമണവേഗതയും(speed of revolution) കൂടുതലാണ്.

(3) സൂര്യനോട് അടുക്കുന്തോറും ഗ്രഹങ്ങളുടെ പരിക്രമണവേഗം വര്‍ദ്ധിക്കുകയും അകലുന്തോറും കുറയുകയും ചെയ്യുമല്ലോ. അതായത് പുറത്തെ ട്രാക്കിലൂടെ കുറഞ്ഞ വേഗത്തില്‍ ഓടുന്ന ഓട്ടക്കാരനാണ് ചൊവ്വ. കുറഞ്ഞ വേഗത-കൂടുതല്‍ ദൂരം! ഭൂമിയാകട്ടെ അകത്തെ ട്രാക്കിലെ വേഗത കൂടിയ ഓട്ടക്കാരനാണ്. ചൊവ്വ കുറഞ്ഞ വേഗതയില്‍ ഭൂമിയെക്കാള്‍ കൂടുതല്‍ ദൂരം പിന്നിടുമ്പോള്‍ അകത്തെ ട്രാക്കിലൂടെ കൂടിയ വേഗതയില്‍ ഓടുന്ന ഭൂമി സ്വഭാവികമായും മുന്നില്‍ കയറും. അപ്പോഴാണ് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചൊവ്വ മെല്ലെ പിറകോട്ട് പോകുന്നതായി തോന്നുന്നത്. ചൊവ്വ കഴിഞ്ഞുള്ള ട്രാക്കിലൂടെ ഓടുന്ന ശനിയുടെ കാര്യവും സമാനമാണ്. ഭൂമിയില്‍ നിന്നു മാത്രമല്ല ചൊവ്വയില്‍ നിന്ന് നോക്കിയാലും ശനിക്ക് മന്ദതയും പശ്ചാത്ഗമനവും അനുഭവപെടും.

(4) ഇതുമൂലം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചൊവ്വയുടെ പശ്ചാത്തലത്തില്‍ ആദ്യം കണ്ട നക്ഷത്രഗണത്തിനും പിന്നിലുള്ള നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിലായിരുക്കും പിന്നീടത് കാണപ്പെടുക. കാരണം നാം നോക്കുന്നത് ഭൂമിയില്‍ നിന്നാണ്. പിന്നീട് ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൃശ്യകോണ്‍ മാറുമ്പോള്‍ പഴയ അവസ്ഥ പുന:സ്ഥാപിക്കപ്പെടുകയും ചൊവ്വ മുന്നോട്ട് നീങ്ങുന്നതായി തോന്നുകയും ചെയ്യും. This is a visual illusion. വാസ്തവത്തില്‍ ചൊവ്വ ഭൂമിയെപ്പോലെ തന്നെ എപ്പോഴും മുന്നോട്ട് തന്നെയാണ് പോകുന്നത്. ബുധനില്‍ നിന്നും ശുക്രനില്‍ നിന്നും ആരെങ്കിലും നോക്കിയാല്‍ ഭൂമിക്കും വക്രഗതിയുണ്ടാവും. ഭൂമിയും ഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥങ്ങളിലൂടെ സൂര്യനെ ചുറ്റുകയാണെന്ന് തിരിച്ചറിഞ്ഞാലേ ഗ്രഹങ്ങളുടെ വക്രഗതി മനസ്സിലാക്കാനാവൂ.

(5) ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയെ ചുറ്റുകയാണെന്നും തെറ്റിദ്ധരിച്ച പ്രാചീന ജ്യോതിഷികള്‍ക്ക് വക്രഗതിയുടെ രഹസ്യം പിടികിട്ടിയിരുന്നില്ല. വക്രഗതി പ്രസ്തുത ഗ്രഹത്തിന്റെ ഇച്ഛാശക്തിയുടേയും മനോഗതിയുടേയും സൂചനയായി അവര്‍ വിലയിരുത്തിക്കളഞ്ഞു. അതനുസരിച്ച് മനുഷ്യജീവിതത്തെ സംബന്ധിച്ച് നൂറുകൂട്ടം കാര്യങ്ങളും അവര്‍ വിഭാവനംചെയ്തു. വക്രഗമനവേളയില്‍ ഗ്രഹത്തിന് ബലം അഥവാ ഫലദായകശേഷി വര്‍ദ്ധിക്കുമെന്നൊക്കെ എഴുതിക്കൂട്ടി. കുറെപേര്‍ക്ക് അത് ശരിയായി അനുഭവപെട്ടു, ചിലര്‍ക്ക് നേര്‍വിപരീതമായും. മഹാഭൂരിപക്ഷം മനുഷ്യരും ഇതൊന്നും അറിഞ്ഞിട്ടുകൂടിയില്ല. അവരാണ് ഭൂമിയിലെ വാഴ്ത്തപെട്ട മനുഷ്യര്‍.