(1) കേരളത്തില്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയത് നല്ല തീരുമാനമായി കാണാം. കര്‍ണ്ണാടക സര്‍ക്കാരും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഇന്ത്യ ലോക്ക് ഡൗണിന് പോയത് രോഗം ഇല്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ സാമൂഹികവ്യാപനം സംഭവിച്ച സമൂഹത്തിലെ ലോക്ക്ഡൗണ്‍ സമാനമായ ഫലം കൊണ്ടുവരില്ല. വീട്ടില്‍ അടച്ചിരുന്നാലും വ്യാപനം നിലയ്ക്കില്ല. കാരണം ഇപ്പോള്‍ വീടുകളില്‍ രോഗം ഉണ്ട്. വ്യാപനതോത് കുറയും എന്നാശ്വാസിക്കാം എന്നുമാത്രം. പരിശോധനനിരക്ക് കുറച്ച് രോഗവ്യാപന തോത് കുറച്ച് ആശ്വസിക്കുന്നതും സഹായകരമല്ല. അതൊരുതരം ആത്മവഞ്ചന കൂടിയാണ്.
(2) ലോക്ക്ഡൗണിന് പിന്നിലെ ശാസ്ത്രീയയുക്തി ശരിയാണ്. ശാരീരിക അകലവും സമ്പര്‍ക്കവും കുറയുന്നു-സ്വാഭാവികമായും രോഗവ്യാപനം കുറയും, കുറയണം. രണ്ടായാലും രോഗവ്യാപനത്തിന്റെ നിരക്ക് വര്‍ദ്ധിക്കില്ല. Break the chain എന്ന സങ്കല്‍പ്പം തന്നെയാണവിടെ പ്രവര്‍ത്തനക്ഷമമാകുന്നത്. പക്ഷെ ഇത് തിരിച്ചടികള്‍ ഇല്ലാത്ത നേട്ടമല്ല. പാര്‍ശ്വഫലങ്ങള്‍ കനത്തതാണ്. ജനജീവതവും സമ്പദ് വ്യവസ്ഥയും മരവിച്ച് പോകുകയാണ്. കൊടുക്കേണ്ടിവരുന്ന വില കനത്തതാണ്. അങ്ങനെ വരുമ്പോള്‍ ഗുണദോഷങ്ങള്‍ വിസ്തരിച്ചു മാത്രമേ ലോക്ക്ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താനാവൂ. ജീവിതത്തെക്കാള്‍ പ്രധാനം ജീവനാണ് എന്നൊക്കെയുള്ള താത്വിക നിരീക്ഷണങ്ങള്‍ സാധുവാകണമെങ്കില്‍ ലോക്ക്ഡൗണ്‍കൊണ്ട് അത്രമാത്രം പ്രയോജനം ഉണ്ടാകുന്നതായി, ഉണ്ടായതായി തെളിയണം. സ്ഥിതിവിവരക്കണക്ക് പരിശോധിച്ചാല്‍ ഉണ്ടാക്കുന്ന കെടുതി പരിഹരിക്കാന്‍ തക്ക നേട്ടം ലോക്കഡൗണ്‍ കൊണ്ടുവരുന്നില്ല എന്നത് ഒരു വസതുതയാണ്. അതേസമയം, ലോക്ക്ഡൗണ്‍ മൂലമുള്ള മരണങ്ങളും ദൈന്യതകളും നമ്മെ വേട്ടയാടുകയും ചെയ്യുന്നു.
(3) സമ്പൂര്‍ണ്ണ ലോക്ക്ഡൗണും തീരെ നിയന്ത്രണമില്ലായ്മയും പകര്‍ച്ചവ്യാധി കാലത്ത് ഒരുപോലെ അസാധ്യവും അസംഭവ്യവുമാണ്. പരിശോധിക്കാനുള്ളത് നിയന്ത്രണങ്ങളുടെയും അടച്ചിടലിന്റെയും നിരക്കും തോതുമാണ്. ലോകത്ത് ഏറ്റവും കഠിനമായ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ തുടങ്ങി കുറെക്കഴിയുമ്പോള്‍ രോഗവ്യാപനം ശക്തിപെടുകയായിരുന്നു. 2020 മേയ് ആദ്യവാരത്തോടെ അത് പ്രകടമായി. അണ്ലോക്കിംഗില് വ്യാപനവര്ദ്ധന തുടര്‍ന്നു. ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധയുണ്ടാകുന്ന രാജ്യം നമ്മുടേതായിരിക്കുമെന്ന ചിന്ത പലരും പങ്കുവെക്കുന്നു. ഇനി ഇവിടെ നിന്ന് മറ്റൊരു ലോക്ക് ഡൗണിലേക്ക് പോയാലും രോഗവ്യാപനം സ്വിച്ചിട്ടതുപോലെ നിലയ്ക്കാന്‍ സാധ്യതയില്ല. വര്‍ദ്ധനനിരക്ക് ദിനംപ്രതി കൂടിയെന്നും വരാം. ഓഗസ്റ്റ് മധ്യത്തോടെ കോവിഡ് ബാധയുള്ള 2.7 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് നീതി ആയോഗിന്റെ ഒരു പ്രവചനം 2020 മേയ് അവസാനം പുറത്തുവന്നിരുന്നു. അന്നത് അധികപറ്റാണെന്ന് അവര്‍ക്ക് പോലും തോന്നിയിരുന്നു. പക്ഷെ ഇന്നത് തള്ളാനാവില്ലെന്ന സ്ഥിതിയാണ്.
(4) മാധ്യമങ്ങളില്‍ പരസ്യപെടുത്തുന്ന സാമ്പിള്‍ ഫല സംഖ്യയേക്കാള്‍ പല മടങ്ങ് കൂടുതലായിരിക്കും രോഗബാധയുള്ളവരുടെ യഥാര്‍ത്ഥ എണ്ണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. ടെസ്റ്റിംഗ് കുറച്ചാല്‍ രോഗികളുടെ എണ്ണവും കുറയും എന്നിരിക്കെ ഓരോ ദിവസത്തെയും രോഗബാധയുടെ കണക്ക് കണ്ട് അമിതമായി ആഹ്ലാദിക്കുകയോ ദു:ഖിക്കുകയോ ചെയ്യുന്നതില്‍ കഥയില്ല. പക്ഷെ അതൊരു സൂചനയായി എടുക്കാം. ആദ്യ ഓവറില്‍ എത്ര വിക്കറ്റ് വീഴുന്നു എന്നതല്ല മറിച്ച് അന്തിമ സ്കോര്‍ എന്താണെന്നതാണ് പ്രധാനം.
(5) 33 കോടി ജനസംഖ്യയുള്ള അമേരിക്ക ഇതിനകം 5.25 കോടി കോവിഡ് പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. 42.5 ലക്ഷമാണ് അവിടെ രോഗബാധിതരുടെ എണ്ണം. 138 കോടി ജനങ്ങളുള്ള ഇന്ത്യ 1.58 കോടിയും. ജനസംഖ്യ പരിഗണിച്ചാല്‍, നാം അമേരിക്കയുടെ നിരക്കിലെത്താന്‍ 20 കോടിപേരെയെങ്കിലും ഇതിനകം ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. പക്ഷെ അത്തരം താരതമ്യത്തില്‍ കാര്യമില്ല. പരിമിതക്കുള്ളില് നിന്ന് ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. പക്ഷെ 13.5 ലക്ഷം കോവിഡ് ബാധിതര്‍ എന്ന ഇന്ത്യയുടെ കണക്ക് യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍ സഹായകരമല്ല എന്ന കാര്യം മനസ്സിലുണ്ടാകണം എന്നുമാത്രം. ലോക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കും എന്ന ആശ്വാസയുക്തി മാറ്റിവെച്ചു ലഭ്യമായ സ്ഥിതിവിവരക്കണക്ക് മാത്രം പരിശോധിച്ചാല്‍ അത് രോഗവ്യാപനത്തിന് ആത്യന്തികപരിഹാരമല്ലെന്ന് വ്യക്തമാകും. എന്തിനേറെ പറയുന്നു, താല്‍ക്കാലിക പരിഹാരംപോലുമല്ല. നേരിടാന്‍ കഴിയുന്ന വരേണ്യ ന്യൂനപക്ഷത്തിന്റെ കാര്യം തല്ക്കാലം വിട്ടുകളയുക. മഹാഭൂരിപക്ഷത്തിന്റെ ജീവിതം അത് താറുമാറാക്കും. ലോക്ഡൗണിന്റെ കാര്യത്തില്‍ ഏറ്റവും ഉദാരമായ സമീപനം സ്വീകരിച്ച സ്വീഡനെ പോലുള്ള രാജ്യങ്ങളില്‍ രോഗം കാട്ടുതീ ആയില്ലെന്ന് മാത്രമല്ല ക്രമേണ കുറഞ്ഞു വരികയുമാണ്. Still, we have to wait and see.
(6) രോഗവ്യാപനം വര്‍ദ്ധിക്കുന്നതനുസരിച്ച് മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. That is a clear statistical probability. ഇപ്പോള്‍ സ്വാഭാവികമരണങ്ങളായി ചരമകോളങ്ങളില്‍ വരുന്നതില്‍ നല്ലൊരു പങ്കും പരിശോധന നടത്തിയാല്‍ കോവിഡ് മരണങ്ങളായിത്തീരും. കോവിഡ് മരണനിര്വചനങ്ങളില് അയവ് വരുത്തിയാണ് പല രാജ്യങ്ങളും മരണസംഖ്യ കുറച്ചു കാണിക്കുന്നതെന്ന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമൊക്കെ ചൂണ്ടിക്കാണിക്കാറുണ്ട്. ടെസ്റ്റിംഗ് നിരക്ക് കുറച്ച് രോഗവ്യാപനം സംബന്ധിച്ച് ചെറിയ സംഖ്യകള്‍ കാണിക്കുന്നുവെന്ന ആരോപണം മറ്റൊരു വശത്ത്. ഏത് നിലയ്ക്ക് നോക്കിയാലും രോഗികളുടെ എണ്ണം ലോകമെമ്പാടും കണ്ടെത്തിയിട്ടുള്ളതിന്റെ പല മടങ്ങുണ്ടാവും എന്നകാര്യത്തില്‍ തര്‍ക്കമില്ല. മരണനിരക്ക് (rate of fatality) ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും കുറവായിരിക്കുകയും ചെയ്യും.
(7) രോഗത്തെപറ്റി അമിതമായി ഭീതി ജനിപ്പിക്കുന്നതും യുക്തിരഹിതമായി നിസ്സാരവല്ക്കരിക്കുന്നതും അഭികാമ്യമല്ല. ഈ സാഹചര്യത്തില്‍ നമുക്ക് ഏറ്റവുമധികം വിശ്വസിക്കാവുന്ന കണക്കാണ് രോഗംഭേദമായവരുടേത്. ie recovery rate. മൊത്തംരോഗികളുടെ എണ്ണവും രോഗംഭേദമായവരുടെ എണ്ണവും പരിഗണിക്കുമ്പോള്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നില്ല എന്നതാണ്. ഇതാകട്ടെ, അയഥാര്‍ത്ഥപരമായ കണക്കാണ് സമ്മാനിക്കുന്നത്. ഉദാഹരണമായി ഒരു ലക്ഷം രോഗികളില്‍ അമ്പതിനായിരത്തിന്റെ രോഗം ഭേദമായി എന്നു പറയുമ്പോള്‍ രോഗസൗഖ്യത്തിന്റെ നിരക്ക് 50% എന്നൊരു പ്രതീതി വരും. This is a statistical delusion. അവസാനഘട്ടത്തില്‍ രോഗം വന്നവരുടെ കാര്യത്തില്‍ തീരുമാനമാകാതെയാണ് ഇവിടെ ശതമാനകണക്ക് പറയുന്നത്.
(8) മുകളില്‍ സൂചിപ്പിച്ച ഒരു ലക്ഷത്തില്‍ 49000 പേരും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രോഗികളായാവര് ആയിരിക്കും. അവരുടെ സൗഖ്യം സംബന്ധിച്ച് തീര്ച്ചപെടുത്തണമെങ്കില് ഇനിയും ആഴ്ചകള്‍ കാത്തിരിക്കണം. അപ്പോള്‍ അമ്പതിനായിരം രോഗസൗഖ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബാക്കി 51000 രോഗികളില്‍ നിന്നാണ്. പക്ഷെ നാം പറയുമ്പോള്‍ ഒരു ലക്ഷത്തില്‍ അമ്പതിനായിരത്തിന്റെ രോഗം ഭേദമായി എന്നേ പറയാറുള്ളൂ. ലോകമെമ്പാടും പരിശോധിച്ചാല്‍, മൊത്തം 157 ലക്ഷം രോഗികളില്‍ 64 ലക്ഷംപേരാണ് സൗഖ്യം പ്രാപിച്ചിട്ടുള്ളത്- അതായത് 40% മാത്രം. അവിടെയാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ചിലിയും പെറുവും വേറിട്ട കണക്കുകള്‍ കാണിക്കുന്നത്. 3.71 ലക്ഷം രോഗികളുള്ള പെറുവില്‍ 2.55 ലക്ഷം സുഖംപ്രാപിച്ചുവെങ്കില്‍(69%) 3.38 ലക്ഷം രോഗികളുള്ള ചിലിയില്‍ 3.11 ലക്ഷം(92%) സുഖം പ്രാപിച്ചിരിക്കുന്നു. ചിലിയുടെ കണക്ക് അവിശ്വസനീയമാണ്-92%! സാധാരണപനിക്ക് പോലും ഇത്രപെട്ടെന്ന് ഈ നിരക്ക് ലഭിക്കില്ല. എന്തായിരിക്കും കാരണം?!
(9) ഇംഗ്ളണ്ടിലും ബല്ജിയത്തിലുമൊക്കെ കോവിഡ് മരണത്തിന്റെ നിര്‍വചനം വല്ലാതെ ഉദാരമാക്കി മരണസംഖ്യ പെരുപ്പിച്ചു കാണിച്ചതിന് എതിരെ ആഭ്യന്തര തലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. 2020 മേയ് മാസത്തില്‍ ബല്‍ജിയത്തിലെ ഓള്‍ഡ് ഏജ് ഹോമുകളില്‍ നടന്ന മരണങ്ങള് മരിച്ചവര്‍ കോവിഡ് പോസിറ്റീവാണോ എന്നുപോലും അന്വേഷിക്കാതെ കോവിഡ് മരണ പട്ടികയില്‍ പെടുത്തിയത് വിവാദമായിരുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം മരണനിരക്ക് കാണിക്കുന്ന യു.കെയില്‍ ആശുപത്രികള്‍ക്ക് പുറത്തുള്ള കോവിഡ് മരണങ്ങള് വളരെ ഉദാസീനമായാണ് NHS കൈകാര്യം ചെയ്തത് എന്ന ആരോപണം വന്നിരുന്നു. ഇതു സംബന്ധിച്ച് ദി ടെലഗ്രാഫില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് എന്നെങ്കിലും കോവിഡ് പോസിറ്റീവായി രേഖപെടുത്തിയവരുടെ പട്ടികയില്‍പെട്ട ആര് മരിച്ചാലും അത് കോവിഡ് മരണം ആണ്! പോസിറ്റീവായവര്‍ പിന്നീട് രോഗമുക്തി നേടാമെന്നതോ മരണകാരണം അപകടമോ മറ്റെന്തെങ്കിലും രോഗമോ ആകാനുള്ള സാധ്യതപോലും അവിടെ പരിഗണിക്കപെടുന്നില്ല.
(10) ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ യു.കെയില്‍ കോവിഡ് രോഗംബാധിച്ചവരുടെ പട്ടികയില്‍പെട്ട 2.97 ലക്ഷംപേരില്‍ ആരെങ്കിലും ഭാവിയില്‍ മരിച്ചാല്‍ അത് കോവിഡ് മരണം ആണ്! മരണനിരക്ക് പെരുപ്പിച്ച് കാണിക്കുന്നതിലൂടെ സൃഷ്ടിക്കപെടുന്ന ഭീതി രോഗപ്രതിരോധത്തെ സഹായിക്കില്ല. കേരളം പോലുള്ള സമൂഹങ്ങളില്‍ രോഗികള്‍ക്കെതിരെ നീങ്ങാനും പ്രതികരിക്കാനുമുള്ള പ്രാകൃത മാനസികാവസ്ഥയാണ് ഇതുമൂലം സമൂഹത്തില്‍ സൃഷ്ടിക്കപെടുന്നത്. രോഗഭീതി മൂലം മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് നീങ്ങുന്നുവെങ്കില്‍ രോഗം മനസ്സിലാക്കുന്ന കാര്യത്തിലും അതിനോട് പ്രതികരിക്കുന്ന കാര്യത്തിലും നമുക്ക് പിഴവ് സംഭവിക്കുന്നുവെന്ന് തന്നെ മനസ്സിലാക്കണം. കോവിഡ് പ്രതിരോധം നീണ്ടു നില്ക്കുന്ന യുദ്ധമാണ്. അതില്‍ ദിവസങ്ങളോ ആഴ്ചകളോ നോക്കി ആശ്വാസംകൊള്ളാനോ ഭയപ്പെടാനോ തുനിയരുത്.
(11) ഈ വര്‍ഷാവസാനം ഇത് സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം ലഭിച്ചേക്കും. അതുവരെ പരമാവധി വ്യക്തിശുചിത്വവും ശാരീരിക അകലവും പാലിച്ച് മറ്റേതൊരു രോഗത്തോടെന്ന പോലെ നേരിടേണ്ടതുണ്ട്. അര്‍ത്ഥശൂന്യമായ താരതമ്യങ്ങളും ബാലിശമായ മുന്‍കൂര്‍ ആഘോഷങ്ങളും ഭീതി പരത്തുന്ന കഥകളും ഒറ്റപെടുത്തലുകളും ഒഴിവാക്കണം. രോഗംപടരുന്നതിന് ആരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തണമെന്ന വാശി കയ്യൊഴിയപെടണം. മനുഷ്യന് ബുദ്ധിയും സാമര്‍ത്ഥ്യവുമുള്ള സസ്തനമാണ്. ലോകമെമ്പാടുമുള്ള മനുഷ്യര്‍ നേരിടുന്ന പ്രശ്നമാണ് കോവിഡ് 19. നാം അതിന്റെ ഒരു പങ്കുപറ്റുന്നു എന്നു കണ്ടാല്‍മതി. കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങള്‍ കൈകൊള്ളുന്ന രോഗപ്രതിരോധ നടപടികള്‍ക്കൊപ്പം നില്ക്കുക, വ്യക്തിതലത്തിലും സമൂഹതലത്തിലും അതിജീവിക്കുക. പക്ഷെ സമൂഹം ചത്തുപോകകാന്‍ അനുവദിക്കരുത്.