അന്ധവിശ്വാസത്തിന്റെ അനോഫിലക്‌സ് കൊതുകുകള്‍

52

Ravichandran C

അന്ധവിശ്വാസത്തിന്റെ അനോഫിലക്‌സ് കൊതുകുകള്‍

അന്ധവിശ്വാസപ്രചരണം കേരളത്തിലെ മാധ്യമങ്ങള്‍ മതാത്മകമായ അര്‍പ്പണബോധത്തോടെ ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ്. ഭരണഘടനയുടെ 51 A(h) യിലെ നിര്‍ദ്ദേശമൊക്കെ അവര്‍ക്ക് തൃണസമാനം. പണ്ട് ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്നൊരു ഐറ്റമുണ്ടായിരുന്നു. പറഞ്ഞുവരുമ്പോള്‍ വിശ്വസിക്കാനും പറയുന്നില്ല, തള്ളാനും പറയുന്നില്ല… ആഹാ അന്തസ്സ!!

എല്ലാത്തരം അന്ധവിശ്വാസങ്ങളും സാമാന്യവത്ക്കരിച്ച് രണ്ടു വശവും പറയുന്നുവെന്ന രീതിയില്‍ കക്ഷിരാഷ്ട്രീയ ചര്‍ച്ചപോലെ അന്ധവിശ്വാസങ്ങളെ പരത്തി പതപ്പിച്ച് മനുഷ്യമസ്തിഷ്‌കങ്ങളില്‍ ആഴത്തില്‍ പതിപ്പിക്കുന്ന ദൃശ്യ മാധ്യമങ്ങളാണ് കേരള സമൂഹത്തെ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഇത്രയധികം പിന്നോട്ടടിച്ചത്. സത്യാന്വേഷണമെന്നും അന്വേഷണസാഹിത്യമെന്നുമൊക്കെ വട്ടപേരിട്ട് നടത്തുന്ന ഇത്തരം അന്ധവിശ്വാസപ്രചരണങ്ങള്‍ 1954 ലെ ഡ്രഗ്‌സ് ആന്‍ മാജിക്കല്‍ റെമഡീസ് )ഒബ്ജക്ഷണബിള്‍ ആക്റ്റിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണ് എന്നാണ് വാസ്തവം. ഹോമിയോപ്പതി യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ഒരു വിശ്വാസചികിത്സയാണ്. മതവിശ്വാസികളായ ഹോമിയപ്പാത്തുകള്‍പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണിത്. ഹോമിയോപ്പതിയില്‍ സാധുത കണ്ടെത്തുന്ന വ്യക്തി ഒരു ലക്ഷണമൊത്ത അന്ധവിശ്വാസി ആയിരിക്കും. ഇപ്പറയുന്നത് ഹോമിയോ വിശ്വാസികള്‍ക്ക് എതിരെയുള്ള ഒരു ആക്ഷേപമല്ല. മറിച്ച് അതൊരു തണുത്ത സത്യംമാത്രം. You can’t be a rational being and believe in homeopathy at the same time.

വിശ്വാസ ചികിത്സയ്ക്കപ്പുറം യാതൊരു അടിസ്ഥാനവുമില്ലാത്ത ഹോമിയോ സാധുവാണു എന്നതിന് ലോകാരംഭം മുതല്‍ ഇന്നുവരെ യാതൊരു തെളിവുമില്ല. എതിര്‍തെളിവുകള്‍ കടലോളം. പാട്ട മതസാഹിത്യം പോലുള്ള കുറെ അനുഭവസാക്ഷ്യങ്ങളും ഉടായിപ്പ് പഠനങ്ങളുമൊക്കെ സ്ഥിരം എടുത്തു വീശുന്നുവെന്നല്ലാതെ ഒരു പ്രാചീന ചികിത്സ എന്നുപോലും പരിഗണിക്കാനാവാത്ത തട്ടിപ്പാണത്. മതപ്രീണനം നടത്തി പതംവന്നവര്‍ക്ക് പ്രീണിപ്പിക്കാനുള്ള മറ്റൊരു മതമായി ഹോമിയോവിശ്വാസികള്‍ മാറിയിട്ടുണ്ട്. ഹോമിയോപ്പതിയെ ഇങ്ങനെയെന്തിനാ ആക്രമിക്കുന്നേ, ഒന്നുമില്ലെങ്കിലും മധുരമല്ലേ, സര്‍ക്കാര്‍ അംഗീകാരമില്ലേ, പാര്‍ശ്വഫലമില്ലാത്തതല്ലേ, മെഡിക്കല്‍ കോളേജുകളില്ലേ.. എന്നൊക്കെയുള്ള നാടക ഡയലോഗുകള്‍ കേട്ട് കേരളസമൂഹം മസ്തിഷ്‌കമരണം വരിക്കുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. ഹോമിയോഫോബിയ എന്നൊരു പുതിയ വാക്ക് കൂടി ഉടനടി മാര്‍ക്കറ്റിലിറക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ചിലവില്‍ സംരക്ഷിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളുടെ എണ്ണം നിലവില്‍ 123456789 ആണ്. അവിടെപ്പിന്നെ ഹോമിയോ കൂടി കൂട്ടിയിട്ടാലും കാര്യമൊന്നുമില്ല. ഒരു ബുക്ക് നിറയെ പൂജ്യമെഴുതി കൂട്ടിയാലും ഉത്തരം മാറില്ല.

എന്തായാലും തിരുപ്പതിയെക്കാള്‍ വലിയ മറിപ്പൊന്നും ഹോമിയോപ്പതി ഇന്നുവരെ നടത്തിയിട്ടില്ല. പോട്ടമാതൃകയില്‍ അനുഭവസാഹിത്യം വിളമ്പാന്‍ അവിടെ ലക്ഷങ്ങളുണ്ടാവും. ഹോമിയോ പ്രതിരോധമരുന്നിനെക്കാള്‍ മികച്ച സര്‍വെ ഫലം തുപ്പല്‍ ചികിത്സക്കാര്‍ക്ക് കൊണ്ടുവരാനാവും. അവരുടേതായ രീതിയില്‍ പഠനം നടത്താന്‍ അനുവദിച്ചാല്‍മതി 🙂 പ്രാര്‍ത്ഥന കൊണ്ട് രോഗം മാറ്റുന്ന സമൂഹത്തിലാണ് പഞ്ചസാര കൊടുത്ത് രോഗം മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കപെടുന്നത്!! ശാസ്ത്രവിരുദ്ധമായ എന്തിനെയും താലോലിക്കുന്നതില്‍ മുമ്പന്തിയിലാണ് നമ്മുടെ മാധ്യമങ്ങള്‍ എന്നുപറഞ്ഞാല്‍ അതൊരു സത്യപ്രസ്താവന മാത്രമാണ്. അവരും കേരള സമൂഹത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. പ്രാര്‍ത്ഥിക്കുമ്പോള്‍ കട്ടിക്ക് പ്രാര്‍ത്ഥിക്കാനാണ് പോട്ട ടീമുകള്‍പോലും പറയുന്നത്. അത്രയെങ്കിലും യുക്തി അതിലുണ്ട്. ഹോമിയോപ്പതിയുടെ കാര്യത്തില്‍ അതുമില്ല. അത് അനന്തമായ തോതില്‍ കട്ടികുറഞ്ഞ ഒരു പ്രാര്‍ത്ഥനയാണ്. ചതിയില്‍ വഞ്ചന പാടില്ലല്ലോ! എന്താണ് രോഗം, എന്താണ് രോഗസൗഖ്യം എന്നതിനെക്കുറിച്ച് പ്രാഥമികമായ ധാരണ പോലുമില്ലാത്തതാണ് ഹോമിയോ വിഭ്രാന്തിപോലുള്ള കപടബോധ്യങ്ങളില്‍ ചെന്നു ചാടാന്‍ പ്രധാന കാരണം.

കോവിഡിനെ പ്രതിരോധിക്കാനായി ഗുളിക കൊടുത്ത് അവസാനം പ്രതിരോധം നടന്നില്ലെങ്കിലും വന്നിട്ട് പെട്ടെന്ന് മാറി എന്നൊക്കെ പറഞ്ഞു നടക്കണമെങ്കില്‍ അപാരമായ അന്ധത ഉണ്ടായിരിക്കണം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നിര്‍ലജ്ജമായ നുണപ്രചരണം. ഹോമിയോ സാധുവാണെങ്കില്‍ എന്തും സാധുവാണ്. കൂടോത്രങ്ങളെ വെള്ളയടിക്കാന്‍ അന്ധവിശ്വാസപ്രചരണത്തിലെ അനോഫിലസ് ക്യൂലക്‌സുകള്‍ നേരിട്ട് മത്സരിക്കുന്ന കാഴച ശോചനീയമാണ്. സമൂഹത്തെ കൂടുതല്‍ പിന്നോട്ടടിക്കണം എന്ന് മരണവാശി ആശങ്കയുളവാക്കുന്നു. എന്നാണ് കേരളത്തിലെ TV ചാനലുകള്‍ അവസാനമായി ശാസ്ത്രത്തെയും വസ്തുതകളെയും തെളിവുകളെയും കുറിച്ച് സംസാരിച്ചത്?