നിയമവ്യവസ്ഥ ഭൂരിപക്ഷ ഭീകരതയല്ല
(Ravichandran C)
(1) ബാബ്റി മസ്ജിദ് തകര്ക്കപെടുന്നത് 1992 ഡിസമ്പര്‍ ആറിനാണ്. സ്വതന്ത്ര ഇന്ത്യ നേരില്‍ കണ്ട് ആഘോഷിച്ച പച്ചയായ അതിക്രമം. ഒരു ലക്ഷണമൊത്ത വര്‍ഗ്ഗീയ പ്രവര്‍ത്തനം ആയിരുന്നുവത്. പ്രതികളാരും ഒളിവില്പോയില്ല. ഏതോ മഹാകാര്യം നിര്വഹിച്ചവരെപോലെ നെഞ്ചുവിരിച്ചു നടന്നു. ആ പേരില്‍ രാഷ്ട്രാധികാരം സ്വന്തമാക്കി. 28 വര്‍ഷത്തിന് ശേഷം ഇന്നതിന് തെളിവില്ല എന്നു പറഞ്ഞ് പ്രതികളെയെല്ലാം വെറുതെ വിടുമ്പോള്‍ രാഷ്ടത്തിന് മരവിപ്പ് മാത്രം. കഴിഞ്ഞ വര്‍ഷം അയോദ്ധ്യ-രാമജന്മഭൂമി വിഷയം ഒരു കയ്യാലതര്ക്കം പോലെ സുപ്രീംകോടതി തീര്പ്പാക്കായിരുന്നു. കേസും വഴിക്കും ഒന്നുമില്ല, എല്ലാവരും പിരിഞ്ഞുപോകൂ എന്ന ലൈന്‍. വീതംവാങ്ങി ഇരുകൂട്ടരും പിരിയുകയും ചെയ്തു. അതൊരു സിവില്‍ കേസായിരുന്നു. മസ്ജിദ് നശിപ്പിച്ചത് അങ്ങനെയായിരുന്നില്ല. പക്ഷെ രണ്ടിടത്തും കോടതിവിധി ഏറെക്കുറെ സമാനമായി.
(2) ഇവിടെയെല്ലാം പ്രകടമാകുന്ന കാര്യം നിയമവാഴ്ചയുടെ തകര്‍ച്ച നമ്മുടെ new normal ആയി മാറിയിരിക്കുന്നു എന്നതാണ്. ഭൂരിപക്ഷ അഭിപ്രായവും ജനഹിതവും മാത്രം പ്രസക്തമാകുന്ന, തെളിവിനും ശരിതെറ്റുകള്‍ക്കും ന്യായന്യായങ്ങള്ക്കും പുല്ലുവില മാത്രം കല്‍പ്പിക്കുന്ന ഒരു ഭൂരിപക്ഷഭീകരതയായി നിയമവ്യവസ്ഥ പരിണമിച്ചിരിക്കുന്നു. ഭൂരിപക്ഷത്തിന് അഹിതമായ ഒരു വിധി പ്രസ്താവിക്കാന്‍ കോടതികള്‍ ഭയക്കുന്നു. ഇതാണ് പ്രാകൃതമായ മതാധിപത്യത്തിലും സംഭവിക്കുന്നത്. ആള്‍ക്കൂട്ട വിസ്താരങ്ങളും മോബ് ലിഞ്ചിംഗും ജനഹിതവിധികളും നിയമം കയ്യിലെടുക്കലുമൊക്കെ പാല്പ്പായസമായി തീരുന്നത് അങ്ങനെയാണ്.
(3) കഴിഞ്ഞ 28 വര്‍ഷം രാജ്യം ഭരിച്ച ഏതെങ്കിലും സര്‍ക്കാരുകളോ കോടതിയോ ‘ഗൂഡാലോചനയില്ലാഞ്ഞിട്ടുപോലും’ നിസ്സാരമായി മസ്ജിദ് തകര്‍ത്ത കര്‍സേവകരെയും നേതാക്കളെയും ശിക്ഷിക്കാന്‍ താല്പര്യം കാട്ടിയില്ല. രാഷ്ട്രീയ എതിരാളികള്‍ക്ക് തിരഞ്ഞെടുപ്പ് നേട്ടവും രക്തസാക്ഷികളെയും ഉണ്ടാക്കികൊടുക്കുന്നതും ഇരവാദത്തിന് അവസരം നല്കുന്നതുമായതെന്തും രാഷ്ട്രീയപാപമാണെന്ന് എല്ലാ കക്ഷികളും വിശ്വസിക്കുമ്പോള്‍ വിശേഷിച്ചും. മതം മുരളുന്നിടത്ത് ഇന്ത്യന്‍ രാഷ്ട്രീയം അവസാനിക്കുന്നു.
(4) പള്ളി പൊളിച്ചവര്‍ വിശുദ്ധ പോരാളികളാണെന്ന് വിലയിരുത്തപെടുന്ന മതമയപൊതുബോധത്തില് രാഷ്ട്രീയകക്ഷികള്‍ക്കോ സര്‍ക്കാരിനോ പ്രസക്തിയില്ലാതാകുന്നു. അപ്പോള്‍പ്പിന്നെ കോടതിക്ക് മാത്രമായി നിയമത്തിന്റെ നുകം ചുമക്കാനാവുമോ? ജനാധിപത്യത്തില്‍ നിന്ന് സമ്പൂര്‍ണ്ണ മതാധിപത്യത്തിലേക്കും ആള്ക്കൂട്ടനീതിയിലേക്കും പരിണമിക്കുന്ന ഒരു രാജ്യത്ത് അനീതികള്‍ ഒത്തുതീര്‍പ്പുകളിലൂടെ പരിഹരിക്കപെടുന്നത് ആവര്‍ത്തിക്കും. ഹൈദരാബാദില്‍ റേപ്പ് കേസിലെ പ്രതികളെ പോലീസ് വിചാരണയില്ലാതെ വെടിവെച്ചു കൊന്നപ്പോള്‍ ജനഹിതനീതിബോധംഅതിനെ വാഴ്ത്തിപ്പാടിയിരുന്നു. ഞങ്ങള്‍ക്ക് വേണ്ടതെന്തോ അതാണ് നിയമം എന്നു പറയുന്നത് തുഴയുന്ന തോണിയിലെ വെള്ളം കളയാന്‍ തുളയിട്ട് കൊടുക്കുന്നതിന് സമാനമാണ്.
(5) നിയമവാഴ്ച (the rule of law) എന്നത് ആധുനികസമൂഹത്തിന് അനിവാര്യമായ കാര്യമാണ്. It is oxygen to democracy. ന്യായാന്യായങ്ങളും ശരിതെറ്റുകളും തെളിവുകളുമാണ് അവിടെ വിധി തീരുമാനിക്കേണ്ടത്. അല്ലാതെ ഭൂരിപക്ഷത്തിനു ഹിതമാണ്, എന്റെ ഗോത്രത്തിന് ഹിതമാണ്-ബാക്കിയൊന്നും വിഷയമല്ല എന്ന വൈകാരിക നിലപാടല്ല. ജനാധിപത്യവും നിയമവാഴ്ചയും പരസ്പരപൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നില്ല. മതവാഴ്ചയില് കാര്യങ്ങള്‍ മാറും. അവിടെ കൗ വിജിലാന്റിസവും ആള്‍ക്കൂട്ട ആക്രമണങ്ങളും ഏറ്റുമുട്ടല്‍ കൊലകളും മാത്രമല്ല വര്‍ഗ്ഗീയ കലാപങ്ങള്പോലും തലയെണ്ണി തീരുമാനക്കിപെടും. ഒരു ജനതയെന്ന നിലയില്‍ ഈ ചിന്താരീതി പരിഷ്കരിക്കാത്തിടത്തോളം നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതൊരു പോക്കായിരിക്കും.