മുഹമ്മദിന്റെ ചിത്രം വിദ്യാര്‍ത്ഥികളെ കാണിച്ചു എന്നാരോപിച്ച് ഫ്രാന്‍സില്‍ സ്‌കൂള്‍ അദ്ധ്യാപകനെ മതവെറിയന്‍ കൊലപ്പെടുത്തിയ വാര്‍ത്തയാണ് കോവിഡ് കാലത്തെ ഏറ്റവും പുതിയ മതസംഭാവന

99

ശാന്തിമന്ത്രം
(Ravichandran C)

(1) സ്വതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസെടുക്കവെ മുഹമ്മദിന്റെ ചിത്രം വിദ്യാര്‍ത്ഥികളെ കാണിച്ചു എന്നാരോപിച്ച് ഫ്രാന്‍സില്‍ ഒരു സ്‌കൂള്‍ അദ്ധ്യാപകനെ മതവെറിയന്‍ കൊലപെടുത്തിയ വാര്‍ത്തയാണ് കോവിഡ് കാലത്തെ ഏറ്റവും പുതിയ മതസംഭാവന. പകര്‍ച്ചവ്യാധി ആളിപടരുമ്പോഴും മതതിമിരം നേര്‍പ്പിക്കപെടുന്നില്ല. തെരുവില്‍ വെച്ച് പരസ്യമായി കുത്തികൊന്നശേഷം തലയറുത്ത് മാറ്റുകയും വെട്ടിമാറ്റിയ തലയുമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്യുകയും ചെയ്താണ് പതിനെട്ടുകാരനായ കൊലപാതകി മതവെറിയരുടെ കണ്ണിലുണ്ണിയായത്. ഇയാള്‍ റഷ്യന്‍ ആഭ്യന്തരയുദ്ധത്തിന് ശേഷം ഫ്രാന്‍സിലേക്ക് കുടിയേറിയ ഒരു ചെചന്‍ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2004 ല്‍ ഡെന്മാര്‍ക്കില്‍ സിനിമാ സംവിധായകനും ലിബറലുമായ തിയോ വാന്‍ഗോഗിനെ കൊലപെടുത്തിയതിന് സമാനമായ ഒരു സംഭവം.

(2) ഉത്തര പാരീസിലെ സെയിന്റ് ഹോനോറിന്‍ (Conflans-Saint-Honorine) എന്ന സ്ഥലത്താണ് ഈ ഹീനകൃത്യം അരങ്ങേറിയത്. സമാനമായ വാര്‍ത്തകള്‍ കേട്ട് മരവിച്ചിരിക്കുന്ന യൂറോപ്യന്‍ സമൂഹം കൊല്ലപെട്ട നാല്‍പ്പത്തിയേഴുകാരനായ സാമുവല്‍ പി എന്ന അദ്ധ്യാപകനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പതിവുപോലെ ശാന്തിമന്ത്രമായ തക്ബീര്‍ മുഴക്കി പോലീസിനെ നേരിട്ട കൊലപാതകി വെടിവെപ്പില്‍ പരിക്കേറ്റ് കൊല്ലപെട്ടു. ആധുനിക മനുഷ്യസമൂഹങ്ങളെ അക്രമങ്ങളിലൂടെയും അതിക്രൂര കൊലപാതകങ്ങളിലൂടെയും ഭയപെടുത്തിയും ബ്ലാക്‌മെയില്‍ ചെയ്തും മതാധിപത്യം ഉറപ്പിക്കുക എന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പദ്ധതി തന്നെയാണ് ഇവിടെയും പ്രസക്തമാകുന്നത്. ഭയപെടുത്തിയാല്‍ ഭയക്കാത്തവരായി ആരാണുള്ളത്?

(3) റഷ്യയിലെ ആഭ്യന്തര യുദ്ധത്തിനെ തുടര്‍ന്ന് 2000 ന് ശേഷം ഫ്രാന്‍സിലേക്ക് കുടിയേറിയ ചെചന്‍ വംശജരില്‍ പലരും മുസ്ലീം തീവ്രവാദ സംഘടനകളുമായി അടുത്ത് ബന്ധമുള്ളവരാണ്. ഏതാണ്ട് മുപ്പതിനായിരത്തിലധികം ചെചന്‍ വിമതര്‍ ഫ്രാന്‍സില്‍ എത്തിപെട്ടുണ്ടാകും എന്നാണ് കണക്ക്. കൊലപാതകത്തിന് ശേഷം കൊല്ലപെട്ട അദ്ധ്യാപകന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അദ്ധ്യാപകനെ മഠയന്‍ എന്നു വിളിച്ചില്ല പകരം ഐക്യാദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാക്കുകള്‍ : ‘One of our compatriots was murdered today because he taught… the freedom to believe or not believe. The attack should not divide France because that is what the extremists want. We must stand all together as citizens.’ നടന്നത് ഇസ്ലാമിക് ഭീകര ആക്രമണം തന്നെയാണെന്ന് മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

(4) യക്ഷിക്കഥകള്‍ ചൂണ്ടിക്കാട്ടി സഹജീവികളുടെ കൈവെട്ടിയും തലവെട്ടിയും ബോംബ് പൊട്ടിച്ചും ആധുനികസമൂഹങ്ങളെ സദാ ഭയചകിതരാക്കി നിലനിറുത്തുക-കലര്‍പ്പില്ലാത്ത ഹിംസയും തന്ത്രപരമായ ഇരവാദവും സമാസമം ചാലിച്ച് മത അജണ്ട പ്രതിരോധരഹിതമായി നടപ്പിലാക്കുക. ഓരോ ഭീകരാക്രമണത്തിന്റെ സിലബസ്സ് ഇതാകുന്നു. ഒരുവന്റെ കൈ വെട്ടിയാല്‍ മറ്റൊരുവന്‍ ശബ്ദമുയര്‍ത്താന്‍ മടിക്കും; ഒരു കഴുത്ത് വെട്ടിമാറ്റിയാല്‍പിന്നെ എതിര്‍ശബ്ദങ്ങള്‍ ഏറെയുണ്ടാവില്ല… എല്ലാവരും ഭയന്ന് വിറച്ചിരിക്കും, ന്യായീകരണ സാഹിത്യം ചമയ്ക്കും…സരളവും ഋജുവുമായ ഒരു മതപദ്ധതിയാണിത്.

(5) ആഹാരത്തിനും അധികാരത്തിനും ഇണയ്ക്കും വേണ്ടി പ്രാകൃത മനുഷ്യര്‍ പരസ്പരം തല്ലി ചത്തിട്ടുണ്ട്. പക്ഷെ ആ സമൂഹങ്ങളില്‍പോലും ഇത്തരം ഹീന കൊലപാതകങ്ങള്‍ സ്ഥിരമായി അരങ്ങേറിയിട്ടുണ്ടാവില്ല. കെട്ടുകഥകളുടെപേരില്‍ സഹജീവികളെ കുത്തി മലര്‍ത്തുന്ന വൈകാരിക തിമിരം ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ്. കഴിഞ്ഞ 75 വര്‍ഷമായി അണുബോംബിനെവരെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കുന്നുണ്ട് എന്നോര്‍ക്കുക.