ജബ്ബാര്‍മാഷിനെ ഇല്ലാതാക്കിയാല്‍ മതവിമര്‍ശനത്തിന്റെയും സ്വതന്ത്രചിന്തയുടെയും നിരവധി ഭ്രൂണങ്ങള്‍ ഒറ്റയടിക്ക് കശക്കിയെറിയാമെന്ന് മതഭീകരര്‍ക്കറിയാം

68

രവിചന്ദ്രൻ സി എഴുതുന്നു

ഉറങ്ങരുത്

(1) മതത്തിന്റെ ആത്യന്തികമായ ഭാഷ ഹിംസയാണ്; അതിന്റെ പ്രവര്‍ത്തനശൈലി ‘കൊപേ’യില്‍(കൊതിപ്പിക്കല്‍+ പേടിപ്പിക്കല്‍) അധിഷ്ഠിതവും. മതം എന്നാല്‍ കേവലമായ ആചാരാനുഷ്ഠാനങ്ങളും തലവെട്ടും കൂടോത്രവുമൊക്കെ മാത്രമാണെന്ന ധാരണ ശരിയല്ല. മനുഷ്യനെ വല്ലാതെ പരിമിതപ്പെടുത്താനുള്ള അസാമാന്യശേഷി അതിനുണ്ട്. സൂക്ഷ്മവും സ്ഥൂലവുമായ ഹിംസാത്മകത മതത്തിന്റെ കൊടിയടയാളമാണ്. എല്ലാത്തരം കച്ചവടതാല്പര്യങ്ങളുടെയും അമിതപ്രയോഗം അവിടെ കണ്ടെത്താം. ഇന്നത് ചെയ്താല്‍ ഇന്നത് ലഭിക്കും എന്ന കേവലമായ കച്ചവടയുക്തിയാണത്. ജബ്ബാര്‍മാഷിനെ നശിപ്പിച്ചാല്‍ മതം ‘കൂലി’ കൊടുക്കുമെന്ന് കിനാവ് കാണുന്നവരോട് സംവദിക്കാനാവില്ല.

മനുഷ്യൻ ദൈവമാകുമോ ? | E A Jabbar - YouTube(2) ‘ശുദ്ധ മതവിശ്വാസികള്‍’ എക്കാലത്തും കലര്‍പ്പില്ലാത്ത നാശസൂചനയാണ്. അവരെല്ലാവരുംതന്നെ ആടുജീവിതത്തിലൂടെ മതസമ്മാനം ലക്ഷ്യമിടണമെന്നില്ല. പലരും കുറക്കുവഴിയായി കൊലക്കത്തി കയ്യിലെടുക്കും. ഭീഷണികള്‍ നിരാകരിക്കാന്‍ മനുഷ്യമസ്തിഷ്‌ക്കത്തിനാവില്ല. നിസ്സാരമായ ഭീഷണികള്‍പോലും അമിഗ്ദലയും മസ്തിഷ്‌ക്കകാണ്ഡവുമൊക്കെ ഉള്‍പ്പെടുന്ന ലിമ്പിക് വ്യവസ്ഥ കൃത്യമായി രേഖപ്പെടുത്തും. ഫ്രണ്ടല്‍ കോര്‍ടെക്‌സ് യുക്തിസഹമായ വിശകലനത്തിലൂടെ നിസ്സാരവല്‍ക്കരിച്ചാലും പ്രയോജനമില്ല. നമ്മുടെ സ്പീഷിസിലെ 99 ശതമാനം അംഗങ്ങളെയും ഭയപ്പെടുത്തി നിയന്ത്രിക്കാം-ഏതാണ്ട് അത്രയും പേരെതന്നെ കൊതിപ്പിച്ചും വരുതിയിലാക്കാം.

(3) നിങ്ങള്‍ ഒരു നാസ്തികന്‍ ആണന്നിരിക്കട്ടെ.മീന്‍മുള്ള് തൊണ്ടയില്‍ കുരുങ്ങിയായിരിക്കും അന്ത്യം എന്നൊരാള്‍ തമാശയായി പറയുന്നുവെന്നിരിക്കട്ടെ. ചിരിച്ചു തള്ളിയാലും നിങ്ങളുടെ പഴയമസ്തിഷ്‌ക്കം ഉള്‍പ്പെടുന്ന ലിമ്പിക്ക് വ്യവസ്ഥ അത് ഗൗരവത്തോടെ സ്വീകരിച്ചിട്ടുണ്ടാവും. ക്രിയാത്മകവിശകലനം നടത്തുന്ന മസ്തിഷ്‌ക മേഖലകളുടെ അനുവാദം അവിടെ പ്രസക്തമല്ല. പിന്നീടങ്ങോട്ട് മീന്‍കറിക്ക് മുന്നിലിരിക്കുമ്പോഴൊക്കെ ഒരു ‘സവിശേഷമായ കരുതല്‍’ പ്രത്യക്ഷപെടും! ഭീഷണി മറക്കുന്നത് വരെ അത് തുടരും. മതം പ്രസരിപ്പിക്കുന്ന പരസ്യഭീഷണികള്‍ ഉണ്ടാക്കുന്ന പ്രഭാവം അതിലും വലുതാണ്.

(4) മതഭീകരശക്തികള്‍ ജബ്ബാര്‍മാഷിനെതിരെയും തിരിയുന്നു എന്നത് ആശങ്കാജനകമാണ്. അദ്ദേഹത്തിനെതിരെ മാത്രമുള്ള ഭീഷണിയല്ലിത്. സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമത് ബാധകമാണ്. ഏതെങ്കിലും മതനേതാവിനെതിരെ മറ്റൊരു വിഭാഗം സമാനമായൊരു ഭീഷണി പുറപ്പെടുവിക്കാന്‍ സാധ്യത കുറവാണ്. കാരണം അക്രമികള്‍ അക്രമികളെ ഭയക്കുന്നു. നിലവിലിരിക്കുന്ന ‘മതമൈത്രി’യുടെയും കപടമതേതരത്വതിന്റെയും അടിസ്ഥാനവും മറ്റൊന്നല്ല. പരസ്പരബഹുമാനംകൊണ്ടുള്ള ശ്വാസംമുട്ടലാണെന്ന് പുറത്ത് പ്രചരിപ്പിക്കുന്നുവെങ്കിലും മതങ്ങള്‍ പരസ്പരം സഹിക്കുന്നത് ഭയന്നിട്ടാണ്.

(5) പൊതുസമൂഹത്തിന്റെ നിസംഗതയിലൂടെ മതമെന്ന കരിനാഗം ഇഴഞ്ഞുകയറുമ്പോള്‍ ആലസ്യം അചിന്ത്യമാണ്. ഒരുപക്ഷെ മതസര്‍പ്പം കടിക്കില്ലായിരിക്കും എന്നത് കേവലമായ ആഗ്രഹചിന്തയാണ്. ചോര തെറിപ്പിക്കാന്‍ ചെറിയൊരു ന്യൂനപക്ഷം മതിയാകും. മതം എന്ന മദയാനയെ ചാരിനിന്ന് ഏതാനുംപേര്‍ക്ക് അത് നിര്‍വഹിക്കാനാവും. കൈവട്ടിയപ്പോഴും സ്റ്റുഡിയോ കത്തിച്ചപ്പോഴും പത്രമോഫീസ് തകര്‍ത്തപ്പോഴും ”ഇതൊന്നും എന്നെ ബാധിക്കില്ലല്ലോ, ഞാന്‍ മതംപറയുന്നതൊക്കെ അനുസരിക്കുന്ന നല്ലകുട്ടിയാണല്ലോ, പോരാത്തതിന് മംഗളഭാഷയില്‍ പ്രീതിപ്പെടുത്താറുമുണ്ട്, പിന്നെങ്ങനെ എനിക്ക് കുഴപ്പംവരും?”- എന്ന് സ്വയം ചോദിച്ചവര്‍ നിരവധി.സാംസ്‌കാരികഭീമന്‍മാര്‍ മുതല്‍ സാധാരണവിശ്വാസി വരെ ഈ ചോദ്യം ചോദിക്കാറുണ്ട്. മതം മാത്രമുള്ള, മതവിമര്‍ശനം തീരെയില്ലാത്ത സമൂഹങ്ങളിലേക്ക് വെറുതെയെങ്കിലും ഒന്നു കണ്ണോടിക്കാന്‍ ഇക്കൂട്ടരോട് അഭ്യര്‍ത്ഥിക്കേണ്ടിവരുന്നു.

(6) ജബ്ബാര്‍മാഷ് ഏറ്റവും ധീരരായ മലയാളികളില്‍ ഒരാളാണ്. ഒത്തുതീര്‍പ്പില്ലാത്ത മതവിമര്‍ശനവുമായി മുന്നോട്ടുപോയ കഴിഞ്ഞ മൂന്നര ദശകങ്ങളായി സംഭവിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. നമ്മുടെ സമൂഹിക അപചയത്തിന്റെ നേര്‍ക്കണ്ണാടി കൂടിയാണിത്. കൊല്ലാതെ വിടുന്നത് ഔദാര്യമാണെന്ന മിതവാദി വിലയിരുത്തലുകളും ബ്ലോഗ് വഴിയുള്ള ഭീഷണികളും നിലവിലുണ്ടെങ്കിലും കൊല്ലും എന്ന് പരസ്യ സൂചന വരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ബംഗ്ലാദേശിലൊക്കെ സമാനമായ രീതിശാസ്ത്രമാണ് പിന്തുടരപ്പെട്ടത്. ആദ്യഘട്ടത്തിലുള്ള അനുസ്യൂതമായ മാനസികപീഡനം മുഖ്യധാരാ മതം തന്നെ നിര്‍വഹിക്കും. പിന്നെ ഊമക്കത്തുകള്‍, ബ്ലോഗുകള്‍, രഹസ്യസൂചനകള്‍, പരസ്യമായ ഭീഷണികള്‍…..അവസാനം വേട്ടപ്പട്ടികള്‍ രംഗത്തിറങ്ങുന്നു…

(7) ജബ്ബാര്‍മാഷിനെ ഇല്ലാതാക്കിയാല്‍ മതവിമര്‍ശനത്തിന്റെയും സ്വതന്ത്രചിന്തയുടെയും നിരവധി ഭ്രൂണങ്ങള്‍ ഒറ്റയടിക്ക് കശക്കിയെറിയാമെന്ന് മതഭീകരര്‍ക്കറിയാം. മതം കത്തിവീശിയാല്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെ എല്ലാവരും മാറി നില്‍ക്കുമെന്നും അവര്‍ക്കുറപ്പുണ്ട്. ഈ ഭീഷണി കിരാതവും മനുഷ്യത്വവിരുദ്ധവുമാണെന്ന് അറിയാത്തവരില്ല. പക്ഷെ ഇടപെടാന്‍ പലര്‍ക്കും താല്പര്യം കുറയും. ഭീഷണി പ്രചരണതന്ത്രമാണെന്ന ലഘൂകരണം മതഭീകരതയുടെ മറ്റൊരു കുതന്ത്രമാണ്. പലയിടത്തും അതങ്ങനെയായിരുന്നു.

(8) എല്ലാത്തിനോടും പ്രതികരിച്ച് തളര്‍ന്നുറങ്ങുന്ന, പ്രതികരണം കൂലിപ്പണിയായി കാണുന്ന, ആസ്ഥാന പ്രതികരണതൊഴിലാളികള്‍ക്കും അല്‍സേഷ്യന്‍ ബുദ്ധിജീവികള്‍ക്കും ഇതൊന്നും വിഷയമല്ല. അവര്‍ക്ക് പ്രതികരണം നിര്‍ബന്ധമാക്കിയ കാര്യങ്ങളുടെ ഇനവിവരപ്പട്ടികയില്‍ ഇതൊന്നും ഉള്‍പ്പെടുന്നില്ല. പ്രതികരണം ഹറാമാക്കിയവയുടെ പട്ടികയില്‍ ഇത് കടന്നുവരുന്നുമുണ്ട്! കൊല്ലനുംകൊലയാളിയും തമ്മിലുള്ള ഈ അവിശുദ്ധ ബന്ധം തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. കാരണം മതംമാത്രമല്ല മതഭീകരതയ്ക്ക് വെള്ളവുംവളവും നല്‍കുന്നത്.

(9) സ്വതന്ത്രചിന്തയും മാനവികതയും കടന്നാക്രമിപ്പെടുമ്പോഴുള്ള നിസംഗത വിലപിടിച്ച പലതും നമുക്ക് നഷ്ടപ്പെടുത്തും. നടപ്പിലാക്കപ്പെടുന്നതുവരെ എല്ലാ മതഭീഷണികളും നിസ്സാരമാണ്, തമാശകളാണ്. അക്രമം പ്രവര്‍ത്തിക്കാനുള്ള മതത്തിന്റെ ശേഷി കുറച്ച് കാണുന്നത് കേവലം മണ്ടത്തരം മാത്രമാണോ? ജബ്ബാര്‍മാഷിനോട് ഐക്യപ്പെടാനും അദ്ദേഹത്തിനൊപ്പം അണിനിരക്കാനുമുള്ള ബാധ്യത മനുഷ്യന്‍ എന്ന് സ്വയം അടയാളപ്പെടുത്തുന്ന ഏതൊരാള്‍ക്കുമുണ്ട്. ഹിംസയുടെ അണക്കെട്ടില്‍ ഉണ്ടാകുന്ന ഏതൊരു വിള്ളലും വമ്പന്‍ അപായസൂചനായി കാണണം. അനുസ്യൂതമായി നിലവിളിക്കാനാണ് അത് നിങ്ങളോട് ആവശ്യപ്പെടുന്നത്. നേരിനെ തോര്‍ത്ത് മുറുക്കി കൊന്ന ശക്തികള്‍ ഉറങ്ങാതിരിക്കുമ്പോള്‍ നമുക്കെങ്ങനെ ഉറങ്ങാനാവും?!