(1) മണ്ടി മാര്‍ക്കറ്റിന് പുറത്ത് കര്ഷകന് സാധനങ്ങള്‍ കൊടുക്കാന്‍ സാധിക്കുന്നതു മൂലമുള്ള ഗുണഗണങ്ങള്‍ വിവരിക്കുന്ന, റീട്ടെയില്‍ രംഗത്ത് വിദേശനിക്ഷേപത്തെ അതിശക്തമായി ന്യായീകരിക്കുന്ന മന്‍മോഹന്‍സിംഗ് മന്ത്രിസഭാംഗമായിരുന്ന കപില്‍ സിബലിന്റെ വീഡിയോകള്‍ യു-ട്യൂബിലുണ്ട്.
. കപിലിത് പറയുമ്പോള്‍ അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്തി തടസ്സപെടുത്തുന്നത് പ്രതിപക്ഷത്തുള്ള ബി.ജെ.പി അംഗങ്ങളാണ്. ബി.ജെ.പി നേതാവ് സുഷമ സ്വരാജ് തന്റെ പ്രസംഗത്തില്‍ കപില്‍ പറഞ്ഞതിനെയെല്ലാം നിരാകരിക്കുന്നു. കാര്‍ഷികരംഗത്തെ വിദേശനിക്ഷേപത്തെയും അവര്‍ ശക്തിയുക്തം എതിര്‍ക്കുന്നു.
അത് കര്‍ഷകനെയും ഉപഭോക്താവിനെയും മോശമായി വാദിക്കുമെന്ന് ഘോരഘോരം സമര്‍ത്ഥിക്കുന്നു. തുടര്‍ന്ന് താങ്ങുവിലയുടേയും (MSP)
മണ്ടി മാര്‍ക്കറ്റിന്റെയും മാഹാത്മ്യം വര്‍ണ്ണിക്കുന്നു.
(2) പക്ഷെ ഇന്ന് കപില്‍ കാര്‍ഷികപരിഷ്കരണ നിയമത്തിന് എതിരാണ്.
സുഷമയുടെ പാര്ട്ടിക്കാര് നിയമം നടപ്പിലാക്കണം എന്ന വാശിയിലും. എന്തുകൊണ്ടായിരിക്കാം ഇത്തരം മലക്കംമറിച്ചിലുകള്‍ എന്ന് പ്രത്യേകം പറയേണ്ടതില്ല.
(3) എല്ലാത്തരം തിമിരങ്ങളും മനോഹര അവസ്ഥകളാണ്. ചുറ്റുമുള്ളതൊന്നും അറിയേണ്ടതില്ല എന്നതാണ് അവിടെ സൗകര്യപ്രദമായ കാര്യം. ചക്കിലിട്ട കാളകളെ പോലെ മുന്നേറാം. ലിങ്കണ് മോചിതരാക്കിയ കറുത്തവര്‍ഗ്ഗക്കാരായ അടിമകളില്‍ പലരും ദിവസങ്ങള്‍ക്കകം സ്വന്തം യജമാനന്മാരെ അന്വേഷിച്ച് തിരിച്ചുചെന്നു എന്നാണ് ചരിത്രം. സതി നിരോധിച്ചപ്പോഴും ക്ഷേത്രത്തിലേക്കുള്ള നടവഴികള്‍ എല്ലാവര്‍ക്കുമായി സഞ്ചാരയോഗ്യമാക്കിയപ്പോഴും വന്യമായി പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ ഇരകളുമുണ്ടായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആ സ്വാതന്ത്ര്യംവേണ്ട, പരമ്പരാഗതമായി പാലിച്ചുപോന്നതു തന്നെ തുടര്‍ന്നേ മതിയാകൂ എന്ന് നിലവിളിച്ചവരില്‍ കൂടുതലും ആ വിവേചനത്തിന്റെ ഇരകളായിരുന്നു.
(4) ഇരകളെ പ്രകോപിക്കാനും സ്വന്തം നേട്ടം ഉറപ്പിക്കാനും പങ്കുകച്ചവടക്കാരും പക്കമേളക്കാരും എക്കാലത്തും സജീവമായിരിക്കും. അതൊരു സാമൂഹികനിയമമാണ്. ഓരോ കാര്യത്തിലും തനിക്കെന്ത് കിട്ടും എന്ന ആദിമമായ ചോദ്യം ഹോമോ സാപിയന്‍സ് പരിണാമത്തിന്റെ ദശാസന്ധികളെലെവിടെയോ സ്വന്തം മസ്തിഷ്ക്കത്തിലെ മദര്‍ പ്രോഗ്രാമായി ആലേഖനം ചെയ്തിട്ടുള്ളതാണ്. അതിജീവനത്തിന് അവനെ ഏറ്റവുമധികം സഹായിച്ച പ്രോഗ്രാം കൂടിയാണത്. അതില്‍നിന്നും സുഷമയ്ക്കോ കപിലിനോ മോചനമില്ല. സ്വാതന്ത്ര്യം ചന്തയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. സ്വയം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. ഭൂമിയില്‍ നില്ക്കുമ്പോള് അത് പരന്നതായും പുറത്തു നിന്ന് നോക്കുമ്പോള്‍ ഉരുണ്ടതായും തോന്നുക സ്വാഭാവികം. ഭൂമി ശരിക്കും ഉരുണ്ടതാണെന്ന് തിരിച്ചറിയാന്‍ നില്ക്കുന്നിടത്തുനിന്ന് കുറച്ച് സഞ്ചരിക്കേണ്ടി വരുമെന്ന് സാരം. ചങ്ങലജീവികളാണെങ്കില് ഒരടി മുന്നോട്ടുവെക്കാനാവില്ല. നിങ്ങള്‍ അനങ്ങുമ്പോള്‍ ചങ്ങല കിലുങ്ങും.