ഇതൊരു മതാചാരനിര്‍വഹണം മാത്രമല്ല, സൃഗാലബുദ്ധിയില്‍ അധിഷ്ഠിതമായ മതരാഷ്ട്രീയ പ്രവര്‍ത്തനമാണ്

105

Ravichandran C

സര്‍ക്കാര്‍ പൂജാരി

മതേതര രാജ്യം എന്നു പറയുമ്പോള്‍ പലരും മനസ്സിലാക്കുന്നത് പൂജാരിയായ പ്രധാനമന്ത്രി എന്നൊക്കെയാണ്. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തിക്ക് പൂജ നടത്തുകയോ തുലാഭാരം നടത്തുകയോ ചെയ്യാം- സ്വന്തം കാര്യത്തില്‍, സ്വകാര്യ ജീവിതത്തില്‍. പക്ഷെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ഇത്തരം കാട്ടിക്കൂട്ടലുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഇത് കേവലം ഒരു മതാചാരനിര്‍വഹണം മാത്രമല്ല. സൃഗാലബുദ്ധിയില്‍ അധിഷ്ഠിതമായ മതരാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ഞാന്‍ ഇന്ന മതത്തിന്റെ ആളാണ് എന്ന് ആ മതത്തിലെ അംഗങ്ങളെ ബോധ്യപെടുത്തുകയും അവരുടെ പിന്തുണ സമ്പാദിക്കുകയുമാണിവിടെ. ഇന്ത്യയ്ക്ക് ഇത്ര ചെലവേറിയ പാര്‍ലമെന്റ് മന്ദിരം ആവശ്യമാണോ എന്ന ന്യായമായ ചോദ്യം തല്‍ക്കാലം വിടുന്നു. വിവാദഭൂമിയിലെ രാമക്ഷേത്രത്തിനും പുതിയ പാര്‍ലമെന്റിന് മന്ദിരത്തിനും ഒരാള്‍തന്നെ ഒരുപോലെയുള്ള മതപൂജകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഒരു മതേതര റിപബ്ലിക്കിനെ സംബന്ധിച്ചിടത്തോളം പരമാവധി അപമാനമാണ്.

രാമക്ഷേത്രത്തിന് പകരംപണിയുന്ന പള്ളിക്ക് തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ വിളിക്കുമോ? പരസ്പരം പുറംചൊറിയുന്നതിന്റെ ഭാഗമായി ചിലപ്പോള്‍ വിളിച്ചേക്കാം. പക്ഷെ അവിടെ പൗരോഹിത്യ വേഷമാടാന്‍ ശ്രമിക്കില്ല. കാണാന്‍ ആളുണ്ടങ്കിലേ കാട്ടികൂട്ടലുണ്ടാവൂ. ഇതൊക്കെ കണ്ട് പ്രസാദിക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു ജനതയ്ക്കുള്ള കണിയൊരുക്കലാണിത്.