ഇന്ന് സൂര്യസ്തമനത്തിന് ശേഷം വൈകിട്ട് 6.30-8.30 സമയത്ത് പടിഞ്ഞാറന്‍ ആകാശത്ത് ഒരു അത്ഭുതം കാണാം

32

Ravichandran C

അറിവും സൗന്ദര്യവും

ഇന്ന് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ പടിഞ്ഞാറന്‍ ആകാശത്ത് ശനിയും വ്യാഴവും ചേര്‍ന്ന് ആലിംഗനം ചെയ്യാന്‍ തുനിയുന്നപോലെ തോന്നും. സൗരയൂഥത്തിലെ ഏറ്റവും വലിയ ഈ രണ്ട് ഗ്രഹങ്ങള്‍ പരസ്പരം തൊടുന്ന പോലെ. ഇന്ന് മുഴുവന്‍ കാണാനാവുമെങ്കിലും സൂര്യസ്തമനത്തിന് ശേഷം വൈകിട്ട് 6.30-8.30 സമയത്ത് പടിഞ്ഞാറന്‍ ആകാശത്ത് ഏറ്റവും വ്യക്തമാകും. ദൂരദര്‍ശിനി ഉണ്ടെങ്കില്‍ കാഴ്ചയുടെ നിലവാരം വര്‍ദ്ധിക്കും. 20 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന ദൃശ്യവിസ്മയമാണിതെങ്കിലും ശനിയും വ്യാഴവും ഇത്രയും ‘അടുത്തുവരുന്നതായി’ തോന്നുന്നത് ഏകദേശം 400 വര്‍ഷങ്ങളില്‍ ഒരിക്കല്‍. ഭൂമിയില്‍ നില്‍ക്കുന്നവര്‍ക്ക് തോന്നുന്ന ഒരു മായക്കാഴ്ചയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Image may contain: text that says "Sun Earth 1Year 1 Year Jupiter 10 Years Saturn 30 Years"കൈപ്പത്തി കൊണ്ട് സൂര്യനെയും ചന്ദ്രനെയും നാം മറയ്ക്കുന്നത് പോലെ ദൃശ്യാനന്തതയില്‍ അതിവേഗം സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങള്‍ വളരെ അടുത്തുവരുന്നതായി നമുക്ക് തോന്നുകയാണ്. ശനി-വ്യാഴം ഭ്രമണപ്രതലങ്ങള്‍(plane of orbits) തമ്മിലുള്ള ചരിവ് കാരണം ഒന്ന് മറ്റൊന്നിനെ പൂര്‍ണ്ണമായും മറയ്ക്കില്ല. പക്ഷെ തൊട്ടുതൊട്ടില്ല എന്ന പ്രതീതി ഉണ്ടാവും. But they are neither specially close nor near in the space at that time. യഥാര്‍ത്ഥത്തില്‍ അവയ്ക്കിടയില്‍ ഏകദേശം 73.5 കോടി കിലോമീറ്റര്‍ ദൂരമുണ്ടാവും(ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം 15 കോടി കിലോമീറ്റര്‍). സൂര്യനും ചുറ്റും വ്യത്യസ്ത ട്രാക്കുകളിലൂടെയാണ് ഗ്രഹങ്ങള്‍ പ്രദക്ഷിണം(orbit) ചെയ്യുന്നതെന്ന് നമുക്കറിയാം. വ്യാഴം ‘അകത്തെ ട്രാക്കി’ലും ശനി ‘പുറത്തുള്ള ട്രാക്കി’ലും. വ്യാഴം 11.86 വര്‍ഷവും ശനി 29.42 വര്‍ഷവുംകൊണ്ട് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ‘അകത്തെ ട്രാക്കില്‍’ ഓടുന്ന വ്യാഴം വേഗത്തിലോടുന്നതായി തോന്നും.

വ്യാഴത്തിന്റെ പ്രദക്ഷിണവേഗത ശനിയെക്കാള്‍ കൂടുതലുമാണ്. ഇവിടെ വ്യാഴം ശനിയെ വളരെ അടുത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നതായി നമുക്ക് തോന്നുന്നതാണ് ഇന്നത്തെ വ്യാഴം-ശനി ഗ്രഹസംഗമത്തിന്റെ ഗുട്ടന്‍സ്. ശനി പിറകോട്ട് പോകുന്നതായും നമുക്കനുഭവപെടും. സത്യത്തില്‍ ഈ ‘സംഗമ’വേളയില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല. ഈ ഗ്രഹങ്ങള്‍ക്കിടയില്‍ ഉള്ള ശരാശരി അകലം നിലനില്‍ക്കും. പരസ്പരം ഗുരുത്വാകര്‍ഷണത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാവില്ല.

ആകാശകാഴ്ചകള്‍ മായക്കാഴ്ചകളാണ്. നമ്മുടെ വീക്ഷണ കോണുകളാണ് അവിടെ പ്രധാനമായും അടുപ്പവും അകലവുമൊക്കെ നിശ്ചയിക്കുന്നത്. ദൂരം വലുപ്പത്തെ നിര്‍ണ്ണയിക്കുന്നു. സത്യത്തില്‍ എങ്ങനെയാണ് സംഭവിക്കുന്നത് എന്നറിയുന്നത് ഇത്തരം ആകാശകാഴ്ചകളുടെ സൗന്ദര്യത്തെ ഒട്ടും ചോര്‍ത്തി കളയുന്നില്ല. സൗന്ദര്യവും നിഗൂഡതയും ആസ്വദിക്കുന്ന മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ അപ്പോഴും പണി തുടരും. സൗന്ദര്യം മസ്തിഷ്‌ക നിര്‍മ്മിതിയാണ്. അറിയുന്നത് കൊണ്ട് ഇല്ലാതാകാത്തതാണ് യഥാര്‍ത്ഥ്യം.