ഹലാല്‍ ഫുഡിനെതിരെ പ്രതിഷേധിക്കുന്നവര്‍ പൂജിച്ച വാക്സിനെ കുറിച്ച് എന്തുപറയുന്നു ?

170

Ravichandran C

വാക്‌സിന്‍ മമ്മൂഞ്ഞിസം

ഓക്‌സഫോഡില്‍ നിന്ന് ഇറക്കുമതി ചെയ്ത കോവിഡ് വാക്‌സിന്‍ പൂനയിലെ സിറം ഇന്‍സ്റ്റിട്യൂട്ടില്‍ വെച്ച് പൂജിച്ചിട്ടാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതത്രെ. What the dash!! ഈ പൂജിച്ച വാക്‌സിനാണ് ഇതിലൊന്നും വിശ്വാസമില്ലാത്ത അവിശ്വാസികളും അന്യമതവിശ്വാസികളും സ്വീകരിക്കേണ്ടത്! എന്നാ നിര്‍ബന്ധം! എന്നാ കരുതല്‍! ഇത്തരം മതകോപ്രായങ്ങളില്‍ വിശ്വസിക്കാത്തവര്‍ വാക്‌സിന്‍ ഉപയോഗിക്കും, ഉപയോഗിക്കണം. അതവരുടെ വകതിരിവ്. കാരണം ഇമ്മാതിരി മമ്മൂഞ്ഞ് കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയതുകൊണ്ട് വാക്‌സിന്റെ ഗുണനിലവാരമോ സുരക്ഷയേയോ ഒരു വിധത്തിലും ഹനിക്കപെടുന്നില്ല എന്നവര്‍ക്കറിയാം.

ഹലാല്‍ ഇറച്ചിക്കെതിരെയും ഹലാല്‍ മന്ത്രത്തിനെതിരെയും മതപരമായി പ്രതിഷേധിക്കുന്നവര്‍ ഈ കോത്താരംപൂജയെക്കുറിച്ച് എന്തുപറയുന്നു? ഇത് ചക്കര, മറ്റേത് മാലിന്യം എന്നാണോ? നിങ്ങളുടെ അന്ധവിശ്വാസങ്ങളും പൂജമന്ത്രാദികളും കഴിഞ്ഞേ വാക്‌സിന്‍പോലും എല്ലാവരും ഉപയോഗിക്കാവൂ എന്ന മതശാഠ്യം ചപലമാണ്. അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് ഹലാല്‍ മന്ത്രത്തെയും ബിസ്മിയേയും അപഹസിക്കാന്‍ എന്തവകാശം? മതവിശ്വാസികളുടെ ഇത്തരം ദുര്‍വാശികളും ശാഠ്യങ്ങളും ഉപേക്ഷിക്കണം. തറ പരിപാടിയാണത്. വാക്‌സിന്‍ എടുക്കാന്‍പോകുന്നതിന് മുമ്പ് വേണമെങ്കില്‍ വ്രതമെടുക്കുകയോ തലകുത്തി പ്രാര്‍ത്ഥിക്കുകയോ പാലുംപൂവും ഒഴുക്കി പൂജിക്കുകയോ ചെയ്തുകൊള്ളൂ. മനോവിഹ്വലതയെങ്കിലും അത് നിങ്ങളുടെ ഭരണഘടനാപരമായ അവകാശം. പക്ഷെ പൊതുഇടങ്ങളിലേക്ക് ഇത്തരം മതകോപ്രായങ്ങള്‍ വലിച്ചിഴയ്ക്കരുത്, എല്ലാവരിലും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കരുത്. അത് അങ്ങേയറ്റം പരിഹാസ്യവും ഭരണഘടനാവിരുദ്ധവുമായ കാര്യമാണ്. ഭൂമിപൂജയും വാക്‌സിന്‍ പൂജയും പരിഹാസ്യമായ മതഭാവനകളാണ്. This is a secular country. പൂജിക്കാത്ത വാക്‌സിന്‍ ഉണ്ടോ? ഉണ്ടെങ്കില്‍ രണ്ട് ഡോസ് പോരട്ടെ എന്നു മറ്റുള്ളവരെകൊണ്ട് പറയിക്കരുത്.