പട്ടേൽ പറഞ്ഞു, ആറു മാസം പോയിട്ട് ആറു മണിക്കൂറ് പോലും പാകിസ്താന് അത് കൊടുക്കില്ല

89

മതം പെറ്റിട്ട രാജ്യം
(Ravichandran C യുടെ ഫേസ്‌ബുക് പോസ്റ്റ് )

2015 ല്‍ വളരെയധികം വായിക്കപ്പെട്ട ഒരു പുസ്തകമുണ്ട്. നിസിഡ് ഹജാരിയുടെ(Nisid Hajari) ‘മിഡ്‌നൈറ്റ്‌സ് ഫൂറീസ്'(Midnight’s Furies: The Deadly Legacy of India’s Partition) എന്ന പുസ്തകമാണത്. അടുത്തകാലത്ത് ജയ്പൂര്‍ സാഹിത്യോത്സവത്തിനൊക്കെ അദ്ദേഹം വന്നിരുന്നു, അവിടെ ഒരു അഭിമുഖവും ഉണ്ടായിരുന്നു. അന്നദ്ദേഹം പറഞ്ഞ ചില കാര്യങ്ങളുണ്ട്…

നമുക്കറിയുന്നത് പോലെ ജിന്ന രോഗിയായിരുന്നു. 1947 ഓഗസ്റ്റ് പതിനാലാംതീയതി പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായിരുന്നു. ഓഗസ്റ്റ് 15 നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷവും ഏതാനും ദിവസങ്ങളും മാത്രമേ ജിന്ന ജീവിച്ചിരുന്നുള്ളൂ. ശ്വാസകോശ അര്‍ബുദം ബാധിച്ചു മരിക്കുകയാണ്. അതിനു മുമ്പ്, വിഭജനത്തിന്റെ തര്‍ക്കങ്ങളൊക്കെ നടക്കുമ്പോള്‍ തന്നെ, ഗാന്ധിജി ജിന്ന പ്രധാനമന്ത്രി ആയിക്കോളൂ-അങ്ങനെയെങ്കിലും വിഭജനം ഒഴിവാക്കണം എന്ന വാദം മുന്നോട്ട് വെക്കുന്നു. ജിന്നയുടെ ആരോഗ്യനില മോശമാകുന്നത് കണ്ടുകൊണ്ടാണ് അത് എന്നൊരു വാദമുണ്ട്. ഓരോ വ്യാഖ്യാനങ്ങളാണ്…ഞാന്‍ അതൊരു വസ്തുതയായിട്ടു പറയുകയല്ല… പക്ഷെ ആ വ്യാഖ്യാനം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ജിന്ന മരിച്ചുകഴിഞ്ഞാല്‍ അതിനേക്കാള്‍ കടുത്ത വാദഗതിയുള്ള ഒരാളായിരിക്കാം വരുന്നത്. അല്ലെന്നു പറയാന്‍ കഴിയുമോ? അദ്വാനി പോയപ്പോള്‍ മോദി വന്നു എന്നു പറയുന്നതുപോലെ.

ആദ്യം ആളുകള്‍ക്ക് അദ്വാനിയെ സഹിക്കാന്‍ വയ്യായിരുന്നു. വാജ്‌പേയ് എന്ത് നല്ല മനുഷ്യനായിരുന്നു എന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ പറയുന്നു അദ്വാനി എന്ത് നല്ല മനുഷ്യനായിരുന്നു എന്ന്! നമ്മുടെ താരതമ്യങ്ങള്‍ ഈ രീതിയിലാണ്…ജിന്നയ്ക്ക് സ്ഥിരമായി രോഗമുണ്ടായിരുന്നു, രോഗാവസ്ഥയിലായിരുന്നു. പക്ഷെ അതില്‍ വിശേഷിച്ചൊന്നുമില്ല. അക്കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. നിസിഡ് ഹജാരി പറയുന്നത് ജിന്ന ‘ചിതല്‍ കരണ്ടിയ’പാകിസ്ഥാനുമായിട്ടാണ് പോയതെന്നാണ്. കാരണം ബംഗാളും പഞ്ചാബും മുറിയ്ക്കുന്നത് ജിന്നയ്ക്ക് ഇഷ്ടമില്ലായിരുന്നു. അവയെല്ലാം മുഴുവനായി വേണം. കീറ് പോരാ, മുഴുചക്ക തന്നെ വേണമായിരുന്നു. പക്ഷെ രണ്ടും മുറിച്ചാണ് വിട്ടു കൊടുത്തത്. മുറിച്ചേ കൊടുക്കുകയുള്ളൂ എന്ന് പട്ടേല്‍ പറഞ്ഞു. അന്ന് ഇതു സംബന്ധിച്ച മീറ്റിംഗ് നടക്കുമ്പോള്‍ കല്‍ക്കട്ട പശ്ചിമ ബംഗാളിലാണ്. കല്‍ക്കട്ടയാണ് ബംഗാളിലെ ധനിക നഗരം. ബ്രിട്ടീഷുകാര്‍ അവിടം ഉപയോഗിച്ചിരുന്നു. കല്‍ക്കട്ട ആറുമാസത്തിലൊരിക്കല്‍ പാകിസ്ഥാനും ഇന്ത്യയും പങ്കിടാം എന്നൊരു നിര്‍ദ്ദേശം വന്നിരുന്നു. പട്ടേല്‍ പറഞ്ഞു (അങ്ങനെ പറയപ്പെടുന്നു): ”ആറു മാസം പോയിട്ട് ആറു മണിക്കൂറ് പോലും കൊടുക്കില്ല”!

പട്ടേല്‍ ഇന്ത്യന്‍ ബിസ്മാര്‍ക്കെന്നു വിളിക്കാവുന്ന ഒരു ‘ഭയങ്കര’മനുഷ്യനായിരുന്നു. ദേശനിര്‍മാണം -അതില്‍ അദ്ദേഹത്തിന്റെ പങ്ക് നമ്മള്‍ എപ്പോഴും പരിഗണിക്കുന്ന വിഷയമാണ്. അതദ്ദേഹത്തിന്റെ ഒരു ക്വാളിറ്റി ആയിട്ട് പലരും പറയാറുണ്ട്.
”ഗാന്ധിജിയെകൊണ്ടും പട്ടേലിനെക്കൊണ്ടും എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരെകൊണ്ടും മോഹഭംഗം സംഭവിച്ച ആളായിരുന്നു ജിന്ന. എന്നാല്‍ നെഹ്രുവും ജിന്നയും തമ്മില്‍ പരസ്പരമുള്ള പ്രത്യേകമായ ഒരു അനിഷ്ടം നിലനിന്നിരുന്നു.”-ഹാജാരി എഴുതുന്നു. ഇദ്ദേഹം ന്യൂസ് വീക്ക് മാഗസിനിന്റെ എഴുത്തുകാരനായിരുന്നു. ടൈം മാഗസിന്റെ ഹോങ്കോങ് യൂണിറ്റില്‍ ജോലി ചെയ്തിട്ടുണ്ട്. Midnight’s Furies കിന്‍ഡില്‍ വേര്‍ഷന്‍ ലഭ്യമാണ്.

May be an image of one or more people, people standing and outdoorsഇവിടെ ചിത്രത്തില്‍ കാണുന്നത് പഞ്ചാബാണ്. ഒറിജിനല്‍ പഞ്ചാബ്! പഞ്ചാബില്‍ മുസ്ലീങ്ങള്‍ അല്പം കൂടുതലേ ഉണ്ടായിരുന്നുള്ളൂ. ഈ പഞ്ചാബ് എങ്ങനെയാണ് റാഡ്ക്ലിഫ് (Sir Cyril Radcliff) വന്ന് വിഭജിച്ചത്? എന്താണ് ആവശ്യപ്പെട്ടത്? മുസ്‌ളീങ്ങള്‍ ആവശ്യപ്പെട്ട അതേസ്ഥലം ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ വര കുറച്ചുകൂടി അകത്തോട്ട് കയറിപോകുന്നുണ്ട്. തിരിച്ച മുസ്‌ളീങ്ങള്‍ കൂടുതലായി വരുമ്പോള്‍ വര ഇന്ത്യയുടെ അകത്തോട്ടും കയറി വരുന്നുണ്ട്. അവസാനം മുറിച്ചു കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്..മതപരമായി. റാഡ്ക്ലിഫ് ബൗണ്ടറി കമ്മീഷന്റെ തലവനായിരുന്നു. അദ്ദേഹം ആദ്യമായിട്ടായിരുന്നു ഇന്ത്യയില്‍ വരുന്നത്. അദ്ദേഹം വരച്ചതാണ് ഈ അതിര്‍ത്തികള്‍..പട്ടണങ്ങള്‍, ജലസേചനപദ്ധതികള്‍, നദികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍… ഇവയെക്കെല്ലാം ഇടയ്ക്കു കൂടെയാണ് റാഡ്ക്ലിഫിന് വരയ്‌ക്കേണ്ടിയിരുന്നത്…

അവിടെ കുറെ മുസ്ലീങ്ങള്‍, ഇവിടെ കുറെ ഹിന്ദുക്കള്‍… അവിടെ ഒരു സ്ഥാപനം…ഇവിടെ ഒരു അണക്കെട്ട് ..എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്! വിഭജനമെന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. എളുപ്പമാകണമെങ്കില്‍ എങ്ങും ജനവാസമുണ്ടാവാന്‍ പാടില്ല. അമേരിക്കയില്‍ സ്റ്റേറ്റുകള്‍ തമ്മില്‍ വിഭജിക്കുന്നത് ഒരു ഒറ്റ വര വരച്ചിട്ടാണ്. അമേരിക്കയുടെ ഭൂപടമെടുത്ത് നോക്കിയാലറിയാം. മിക്കതും നേര്‍വരകളാണ്. ചതുരം പോലെയുള്ള ഭാഗങ്ങള്‍. അവിടെ ആ സമയത്ത് മനുഷ്യരൊന്നും ഉണ്ടായിരുന്നില്ല. മനുഷ്യന്‍ ഇല്ല എന്നല്ല, കുറവായിരുന്നു…

ഒരു മസ്തിഷ്‌ക ശാസ്ത്രക്രിയ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വൈഷമ്യമുള്ളതാണിത്. ശരിക്കും ബ്രെയിന്‍ സര്‍ജറി! അതിരുകള്‍ വരച്ചിട്ടു പോയതില്‍ പിന്നെ റാഡ്ക്ലിഫ് ഇന്ത്യയിലേക്ക് തിരിച്ച് വന്നിട്ടില്ല, വരേണ്ട കാര്യവുമില്ലായിരുന്നു. ഇവിടെ രാജ്യം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി രണ്ടു ദിവസം കഴിഞ്ഞാണ് അതിര്‍ത്തികള്‍ വ്യക്തമായത്. അതിനിടയില്‍ എത്രപേര്‍ മരിച്ചു! എത്രപേരുടെ സ്വത്തും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു…! ഒന്നാലോചിച്ചു നോക്കുക.

ഇതൊരു എ സി റൂം അല്ല. ഒരു 8-9 വര്‍ഷം കൊണ്ട് ഞാനൊരു ആയിരത്തി ഇരുന്നൂറിലധികം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടാവും. അതില്‍ നാലോ അഞ്ചോ എണ്ണം മാത്രമായിരുന്നു എ.സി റൂമുകളില്‍! അതില്‍ കൂടുതല്‍ ഉണ്ടായിട്ടില്ല. പക്ഷെ പലരും എന്നെ വിശേഷിപ്പിക്കന്നത് ‘എ.സി റൂമുകളില്‍ പ്രഭാഷണം നടത്തുന്ന ആള്‍’ എന്നാണ്! അഞ്ചുതന്നെ ധാരാളം…അതിന്റെ പോലും ആവശ്യമില്ല… എഴുതിവിടുകയാണ്! ഞാനിതു പറഞ്ഞത്, നമ്മള്‍ കടലാസില്‍ വരയ്ക്കുന്നതും എഴുതുന്നതും മനുഷ്യരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സ്വാധീനത്തെക്കുറിച്ചു മനസിലാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഒരാള്‍ക്ക് ഒരു നല്ല രാഷ്ട്രീയക്കാരനാകാന്‍ കഴിയൂ എന്നു ചൂണ്ടിക്കാട്ടാനാണ്.എഴുത്തും വരപ്പും എളുപ്പമാണ്…പക്ഷെ വസ്തുതകളാണ് പ്രധാനം.

യഥാര്‍ത്ഥത്തില്‍ റാഡ്ക്ലിഫ് എങ്ങനെയാണ് ഇത്ര പെട്ടെന്ന് വരച്ചതെന്ന് പലരും ചോദിച്ചേക്കും. ഈ വര പണ്ട് ലോര്‍ഡ് വേവല്‍ (Lord Wavell) വരച്ചതാണ്. വേവലിനെ ഇന്ത്യയിലേക്കയച്ചത് ബ്രിട്ടീഷുകാരായിരുന്നു. അത് ബ്രിട്ടീഷുകാര്‍ക്ക് വലിയതോതില്‍ ‘വേവലാതി’ ഉള്ള ഒരു കാലത്തായിരുന്നു എന്നാണ് എന്നെ ചരിത്രംപഠിപ്പിച്ച ഒരു അദ്ധ്യാപകന്‍ പറഞ്ഞത്! ബ്രിട്ടീഷുകാര്‍ ഇവിടെനിന്ന് പോകണം എന്നൊക്കെ വേവലാതി പിടിച്ചിരിക്കുന്ന സമയത്താണ് വേവലിനെ അയച്ചത്! അത് പഠിക്കാന്‍ എളുപ്പത്തിന് വേണ്ടി അദ്ദേഹം പറഞ്ഞതാണ്. ഇങ്ങനെ ഓര്‍ത്തുവെക്കാന്‍ എളുപ്പമാണ്…അതുകൊണ്ടാവാം ഞാന്‍ ഓര്‍ക്കുന്നു. സത്യത്തില്‍ വേവല്‍ ഏതാണ്ടൊക്കെ വരച്ചു വച്ചിരുന്നതാണ്. അതിന്റെ മുകളില്‍ കൂടിയാണ് റാഡ്ക്ലിഫ് വരച്ചത്..

എന്തുകൊണ്ടാണ് മുസ്‌ളിംലീഗ് ആദ്യംമുതലേ സ്വയം ഭരണം, സെപറേറ്റ് ഇലക്‌ട്രേറ്റ് എന്നൊക്കെ പറഞ്ഞിരുന്നത്? സെപറേറ്റ് ഇലക്‌ട്രേറ്റ് ആയിക്കഴിഞ്ഞാല്‍ ഫലത്തില്‍ രണ്ടു രാജ്യമായി, ഒരു രാജ്യത്തിനുള്ളില്‍ വേറൊരു രാജ്യം!
ആലോചിച്ചുനോക്കൂ, നിങ്ങളെല്ലാം ഒരു മണ്ഡലത്തില്‍ പോയി വോട്ടു ചെയ്യുന്നു. ബാക്കിയുള്ളവരെല്ലാം വേറെയൊരു മണ്ഡലത്തില്‍. പരസ്പരം സന്ധിക്കുന്നില്ല.. അപ്പോള്‍ രണ്ടും ഒരു രാജ്യമാണെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിയുന്നത് ?

1937 ല്‍ ലീഗ് പ്രത്യേക രാജ്യത്തിന് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലുകളിലേക്ക് ഇലക്ഷന്‍ നടക്കുന്നത്..1936 അവസാനം 1937 ആദ്യം…ആ തിരഞ്ഞെടുപ്പില്‍ മുസ്‌ളിം ലീഗിന് ദയനീയമായ പരാജയമാണുണ്ടായത്. അതായത് മുസ്‌ളീങ്ങള്‍ക്ക് അനുവദിക്കപ്പെട്ട മുസ്‌ളിം സീറ്റുകളില്‍ ലീഗ് പരാജയപെട്ടു. അതാണല്ലോ സെപ്പറേറ്റ് ഇലക്‌ട്രേറ്റ്. 25% ശതമാനം സീറ്റുകളില്‍ മാത്രമേ ലീഗ് ജയിക്കുന്നുള്ളൂ. അപ്പോള്‍ മുസ്ലീങ്ങളുടെ കാര്യം പറയാനുള്ള അവകാശം മുസ്‌ളിം ലീഗിന് ഇല്ല എന്ന് സ്ഥാപിക്കപ്പെട്ടു. അതുവരെ മുസ്‌ളീങ്ങളുടെ അവകാശം മുസ്‌ളിം ലീഗിനെന്ന് അവകാശപ്പെട്ടിരുന്നു. പക്ഷെ ഇലക്ഷനില്‍ തറപറ്റി. അന്ന് യുണൈറ്റഡ് പ്രൊവിന്‍സില്‍ ഏതാനും മുസ്‌ളീങ്ങള്‍ ജയിക്കുന്നുണ്ട്. അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് മുസ്‌ളീങ്ങളുടെ, ലീഗിന്റെ പേരില്‍ ആയിരിക്കണം എന്ന് ആവശ്യപെടുമ്പോള്‍ നെഹ്‌റു പറയുന്നു അത് സാധ്യമല്ലെന്ന്. കോണ്‍ഗ്രസിന്റെ പേരില്‍ മാത്രമേ ഉള്‍പ്പെടുത്തുകയുള്ളൂ. ഇലക്ഷനില്‍ ജയിച്ചത് കോണ്‍ഗ്രസായിട്ടാണ്, അല്ലാതെ മുസ്‌ളിം ആയിട്ടല്ല. പലപ്പോഴും കേട്ടിട്ടില്ലേ, മുസ്‌ളിങ്ങളെ നിര്‍ത്തി. ജയിച്ചപ്പോള്‍ അവരെല്ലാം ലീഗ് ആയി എന്നൊക്കെ. അതുവേണ്ട-നെഹ്രു പറഞ്ഞു.

ഇത് ജിന്നയ്ക്ക് വലിയ ക്ഷീണമായി. നെഹ്രുവിന്റെ ധാര്‍ഷ്ട്യം എന്നൊക്കെ ആളുകള്‍ പറയും. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അവര്‍ ജയിച്ചത്. അതുകൊണ്ടു അവര്‍ക്ക് മുസ്‌ളിംലീഗ് ആവാന്‍ പറ്റില്ല. 1937 ല്‍ നടന്ന പ്രൊവിന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 373 സീറ്റു നേടി. ജിന്നയുടെ പാര്‍ട്ടിക്ക്(എ ഐ എം എല്‍) 105 സീറ്റ്. യുണൈറ്റഡ് പാര്‍ട്ടിക്ക് 105. ആ പാര്‍ട്ടിയൊക്കെ ഇപ്പോള്‍ എവിടെയെന്നറിയില്ല. അങ്ങനെ കുറെ പാര്‍ട്ടികളുണ്ടായിരുന്നു…
പക്ഷെ 1946 ആയപ്പോള്‍ കഥ മാറി. 1939 ല്‍ ആണ് രണ്ടാംലോകയുദ്ധം പ്രഖ്യാപിക്കപ്പെടുന്നത്. ഇന്ത്യയുടെ അനുവാദമില്ലാതെ ബ്രിട്ടണ്‍ ഇന്ത്യയെ യുദ്ധത്തിലേക്ക് കൊണ്ടുപോകുകയാണ്. അപ്പോഴാണ് നെഹ്രുവിന്റെ മണ്ടത്തരം എന്നറിയപ്പെടുന്ന, അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ‘യഹൗിറലൃ’ ആയ തീരുമാനം ഉണ്ടായത്. പത്തില്‍ 8 സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരുന്നത് കോണ്‍ഗ്രസാണ്. ഇന്ത്യയെ കൂടി ബ്രിട്ടന്‍ യുദ്ധത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍, സൈനികരെ കപ്പല്‍ കടത്തി യൂറോപ്പിലേക്ക് കൊണ്ടു പോയപ്പോള്‍, ബ്രിട്ടീഷുകാരോട് കോണ്‍ഗ്രസ് പറഞ്ഞു: ”ഇത് ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്, സമ്മതിക്കില്ല”.
അങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ എന്താണ് ചെയ്തത്? കോണ്‍ഗ്രസ് മന്ത്രിസഭകളെല്ലാം രാജിവച്ചു. അത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അബദ്ധമായി. കയ്യിലിരുന്ന സാധനം കളഞ്ഞു കുളിച്ച അവസ്ഥ! യുദ്ധസമയത്ത് കോണ്‍ഗ്രസ് ബ്രിട്ടനോട് സഹകരിക്കുന്നില്ല. പിന്നീട് 1942 ല്‍ ക്വിറ്റിന്ത്യ സമരം നടത്തുന്നു…വമ്പന്‍ പരാജയം! ആ സമയത്തൊക്കെ എന്താണ് ജിന്ന ചെയ്തതെന്ന് അറിയാമോ? അദ്ദേഹം ഗ്രാമഗ്രാമാന്തരങ്ങളില്‍ പോയി മുസ്‌ലീം ലീഗിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ജനങ്ങളുമായി സംസാരിച്ചു. ലീഗിന്റെ യൂണിറ്റുകള്‍ തുടങ്ങി, അംഗസംഖ്യ വര്‍ധിപ്പിച്ചു, പാര്‍ട്ടി ശക്തമാക്കി. യുദ്ധ ദൗത്യത്തില്‍ ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചു. യുദ്ധത്തിലേക്ക് മുസ്‌ളിം സൈനികരെ വിട്ടു. അവസാനം, 1945 ല്‍ ബ്രിട്ടണ്‍ കഷ്ടിച്ച് യുദ്ധംജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം കുറഞ്ഞു. സ്വാധീനശേഷി കുറഞ്ഞ കോണ്‍ഗ്രസും ഗാന്ധിജിയും…വിലപേശാനുള്ള ശക്തി വര്‍ധിപ്പിച്ച് മുസ്‌ളിംലീഗും ജിന്നയും..ഇതാണ് സംഭവിച്ചത് .

പിന്നീട് 1946 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനം മുസ്‌ളിം സീറ്റുകളില്‍ മുസ്‌ളിംലീഗ് വിജയിക്കുകയാണ്. മുസ്‌ളിം ലീഗിന്റെ അഭിപ്രായത്തിന് വില വര്‍ദ്ധിച്ചു. വൈസ്രോയിയുടെ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍നിന്നും ഒരു മുസ്‌ളിം അംഗത്തെ എടുക്കുകയുണ്ടായി. അപ്പോള്‍ ജിന്ന പറഞ്ഞു-പറ്റില്ല! മുസ്‌ളിം അംഗങ്ങളെ എടുക്കണമെങ്കില്‍ അത് ഞങ്ങള്‍ തരും. കോണ്‍ഗ്രസിന് അങ്ങനെ കൊടുക്കാന്‍ അവകാശമില്ല. അപ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞു ഞങ്ങളുടെ കൂടെ ഒരുപാട് മുസ്‌ളീങ്ങള്‍ ഉണ്ട്. മൗലാനാ അബ്ദുള്‍ കലാം ആസാദിനെപോലെയുള്ള ദേശീയ മുസ്ലീങ്ങളുണ്ട്…അതൊന്നും പറ്റില്ലെന്ന് ജിന്ന തീര്‍ത്തു പറഞ്ഞു.
കോണ്‍ഗ്രസിന് ദേഷ്യം വരിക സ്വാഭാവികമാണ്. മുസ്‌ളീങ്ങളുടെ കാര്യമെല്ലാം മുസ്‌ളിംലീഗ് നോക്കുമെന്നാണ് ജിന്ന പറയുന്നത്. 1946 ല്‍ ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനുള്ള അവസാന അവസരമാണ്. 1940 ലെ ലാഹോര്‍ പ്രഖ്യാപനം. ലീഗ് പറയുന്നത് ഇന്ത്യയും പാകിസ്ഥാനും എന്നിങ്ങനെ രണ്ടു രാജ്യങ്ങള്‍ വേണം എന്നായിരുന്നു. അന്ന് രണ്ട് പാകിസ്ഥാനാണ് അവര്‍ ചോദിക്കുന്നത്. കൃത്യമായും രണ്ടു സ്റ്റേറ്റുകള്‍! ഏതാണ് ഈ രണ്ടു സ്റ്റേറ്റുകള്‍? ഒന്ന് ബംഗാള്‍, മറ്റൊന്ന് പഞ്ചാബ്. പഞ്ചാബും ബംഗാളും രണ്ടു ഭാഗത്തായിട്ടാണ് കിടക്കുന്നത്. അതിന്റെ മദ്ധ്യത്തില്‍ ഇന്ത്യയാണ്. ഇത് രണ്ടുംകൂടി എങ്ങനെ ഒരു രാജ്യമാക്കും?

അങ്ങനെയിരിക്കുമ്പോഴാണ് 1946 മാര്‍ച്ചു മാസം ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വരുന്നത്. ക്യാബിനറ്റ് മിഷനില്‍ മൂന്നു മന്ത്രിമാരാണ്. പെഥിക് ലോറന്‍സ്, സര്‍ സ്റ്റഫോര്‍ഡ് ക്രിപ്‌സ്, എ.വി.അലക്‌സാണ്ടര്‍, (Pethick Lawrence, Stafford Cripps, A.V. Alexander). സ്റ്റഫോര്‍ഡ് ക്രിപ്‌സ് 1942 ല്‍ ഇന്ത്യയില്‍ വന്നിട്ട് ഒത്തുതീര്‍പ്പുണ്ടാക്കാതെ പോയ ആളാണ്. അവര്‍ മുന്‍കൂറായി ചര്‍ച്ച നടത്തി ഒരു പ്ലാനുമായിട്ടാണ് വന്നത്.
എങ്ങനെ ഇന്ത്യ വിഭജിക്കണം? ഇവിടത്തെ ഭരണഘടനാ പ്രശ്‌നം എങ്ങനെ പരിഹരിക്കാം? എങ്ങനെ അധികാരകൈമാറ്റം നടത്താം? ..ഇതൊക്കെ ആയിരുന്നു വിഷയങ്ങള്‍. പക്ഷെ അവസാനം അവര്‍ പറഞ്ഞത് ഇന്ത്യ-പാകിസ്ഥാന്‍ വിഭജനം ഇല്ല എന്നായിരുന്നു. അവസാന നിമിഷത്തില്‍, 1946 ന്റെ മദ്ധത്തില്‍, ക്യാബിനറ്റ് മിഷന്‍ വെക്കുന്ന നിര്‍ദ്ദേശം (ജൃീുീമെഹ) ഇതാണ് : വിഭജനമില്ല. ഒറ്റ രാജ്യം. പക്ഷെ ഒരു വ്യവസ്ഥയുണ്ട്. ഇന്ത്യ എന്ന രാജ്യം ഉണ്ടാവും-എന്നാല്‍ രാജ്യത്തെ മൂന്നായി തിരിക്കും. മൂന്നു ഗ്രൂപ്പുകളായി തിരിക്കും. എ, ബി, സി എന്നിങ്ങനെ.
(ഒന്ന്) പഞ്ചാബ്, സിന്ധ് നോര്‍ത്ത് വെസ്റ്റേണ്‍ ഫ്രോണ്ടിയര്‍ പ്രൊവിന്‍സ്..അതെല്ലാം കൂടി എ. (രണ്ട്) മദ്രാസ് പ്രൊവിന്‍സ്, സെന്‍ട്രല്‍ പ്രൊവിന്‍സ്, ബോംബെ പ്രൊവിന്‍സ് തുടങ്ങിയ ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങളെല്ലാം കൂടി ബി. (മൂന്ന്) ബംഗാളും ആസാമും ചേര്‍ന്ന് സി.
മൂന്ന് സ്വയംഭരണ യൂണിറ്റുകള്‍! മൂന്നിനും സ്വന്തമായി ഭരണഘടന ഉണ്ടാക്കാം. എല്ലാ പ്രോവിന്‍സിനും സ്വന്തമായി പാര്‍ലമെന്റ് ഉണ്ടാകും. ഇനി, ഓരോ പ്രോവിന്‍സിനും സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുത്തിട്ട് ഗ്രൂപ്പിന് ഒരു പൊതു പാര്‍ലമെന്റുണ്ടാക്കാം. അതിലേക്ക് ഓരോ പ്രോവിന്‍സിനും പ്രതിനിധികളെ അയക്കാം. ഇനി മൂന്ന് ഗ്രൂപ്പുകള്‍ക്കും(എ, ബി, സി) പ്രതിനിധികളെ തിരഞ്ഞെടുത്ത് ഒരു പൊതുവായ രാജ്യത്തിന്റെ പാര്‍ലമെന്റ് ഉണ്ടാക്കാം. ഇനി ഭരണഘടനകളുടെ കാര്യമാണ്. എല്ലാ പ്രോവിന്‍സിനും സ്വന്തമായി ഭരണഘടനയുണ്ടാവുമെന്ന് പറഞ്ഞല്ലോ. എല്ലാ ഗ്രൂപ്പുകള്‍ക്കും സ്വന്തമായി ഭരണഘടനയുണ്ടാവും. ഇതെല്ലാം കൂടിചേരുന്ന രാജ്യത്തിനും സ്വന്തമായി ഭരണഘടനയുണ്ടാവും! നോക്കൂ, ഭരണഘടനകളുടെ അയ്യരുകളിയാണ്!
ഭാവി പാകിസ്ഥാനായി കരുതിയിരുന്നതെല്ലാം വേര്‍തിരിച്ചു മാറ്റിയതായി മുഹമ്മദലി ജിന്ന കണ്ടു. ബംഗാള്‍, ആസാം തുടങ്ങിയവ മാറ്റിയിട്ടുണ്ട്…പഞ്ചാബ്, സിന്ധ്, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികള്‍ തുടങ്ങിയവ മാറ്റിയിട്ടുണ്ട്. എല്ലാം ശരിയായ വിധത്തില്‍ മാറ്റിയിട്ടുണ്ട്, ഇനിയിങ്ങ് എടുത്താല്‍ മതി. എല്ലാം പറഞ്ഞിരുന്ന പോലെയാണല്ലോ! അതുകൊണ്ട് ജിന്ന ക്യാബിനറ്റ് മിഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചു. ലീഗിനും അത് സമ്മതമായിരുന്നു.

വിഭജനമില്ല, രാജ്യത്തെ രണ്ടാക്കുന്നില്ല, രാജ്യം ഒന്നായി തന്നെ നിലനില്‍ക്കും. എന്നാല്‍ വ്യവസ്ഥ ഇതാണ്! സ്വന്തമായി ഭരണഘടനയും പാര്‍ലമെന്റുമുള്ള പ്രോവിന്‍സുകള്‍, പ്രൊവിന്‍സുകള്‍ ചേര്‍ന്ന മൂന്നു ഗ്രൂപ്പുകള്‍, മൂന്ന് ഗ്രൂപ്പുകള്‍ ചേര്‍ന്ന രാജ്യം! കോണ്‍ഗ്രസ് ഞെട്ടിപ്പോയി. എന്താണ് ചെയ്യേണ്ടത്? വിഭജനം ഒഴിവാക്കാനുള്ള അവസാന അവസരമാണ്. കോണ്‍ഗ്രസും ഇത് തത്വത്തില്‍ സ്വീകരിച്ചു. പക്ഷെ ഇതെങ്ങനെ അംഗീകരിക്കും? മതം അടിസ്ഥാനമാക്കിയുള്ള വിഭജനമാണ്. ഇതിന്റെ ഭാവി എന്തായിരിക്കും? ബ്രിട്ടീഷുകാര്‍ പോയി കഴിഞ്ഞാലുള്ള ഭാവി എന്തായിരിക്കും?…

അതില്‍ പിന്നെയും വ്യവസ്ഥ വച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് ഏതൊരു പ്രോവിന്‍സിനും ഗ്രൂപ്പില്‍ നിന്നും മാറാനുള്ള അവകാശമുണ്ടായിരുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ഒരു പ്രോവിന്‌സിന് അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന് രാജ്യത്തില്‍ നിന്ന്, അതായത് പൊതുരാജ്യത്തുനിന്ന് തന്നെ മാറാനുള്ള അവകാശമുണ്ടായിരുന്നു. അപ്പോള്‍ അഞ്ച്-പത്ത് വര്‍ഷം കഴിഞ്ഞു വേണമെങ്കില്‍ ഈ കരാര്‍ വീണ്ടും ശിഥിലമാകാം…തീരെ കെട്ടുറപ്പില്ലാത്ത വ്യവസ്ഥകള്‍!
അന്ന് നെഹ്‌റു നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞ ഒരു കാര്യം വിഷയമായി. അതും നെഹ്രുവിന്റെ ഒരു മണ്ടത്തരമായി പലരും പറയാറുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല. എന്റെ അഭിപ്രായത്തിനു ഇവിടെ പ്രസക്തിയൊന്നുമില്ല. എന്നാലും ഞാന്‍ പറഞ്ഞു എന്നേയുള്ളൂ. നെഹ്‌റു പറയുന്നത് ഇതാണ്: ഞങ്ങള്‍ ക്യാബിനറ്റ് മിഷന്‍ അംഗീകരിച്ചു. പക്ഷെ ഒരു കാര്യം, ഭരണഘടനാനിര്‍മ്മാണസഭ ഉണ്ടാവണം. ക്യാബിനറ്റ് മിഷനുശേഷം ഉടനെ ഭരണഘടന നിര്‍മ്മാണസഭ തുടങ്ങുകയാണ്. ആ സഭയില്‍ ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍, രാജ്യം ആയിക്കഴിഞ്ഞാല്‍ ക്യാബിനറ്റ് മിഷന്‍ ശിപാര്‍ശകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാകും- ഏതാണ്ട് ഈ രീതിയില്‍ നെഹ്‌റു സംസാരിച്ചു.
ഈ ഗ്രൂപ്പുകളൊക്കെ തല്‍ക്കാലം ഇങ്ങനെയിരിക്കട്ടെ, എന്നാല്‍ അത് സ്ഥിരമായി അംഗീകരിക്കാനുള്ള ബാധ്യതയൊന്നുമില്ല എന്നാണ്് നെഹ്‌റു പറഞ്ഞതിന്റെ സാരം. ഇത് കേട്ട ജിന്നയ്ക്ക് ഇവരെയൊന്നും വിശ്വസിക്കാന്‍ കഴിയില്ലെന്ന് തോന്നി. നിങ്ങള്‍ ഇതെല്ലാം സമ്മതിച്ചിരുന്നതല്ലേ എന്നിട്ട് ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്താണെന്നും ജിന്ന ചോദിച്ചു. നെഹ്‌റു സൂചിപ്പിച്ചത് എല്ലാം മാറ്റാന്‍ സാധ്യതയുണ്ടെന്നായിരുന്നു. എന്നാല്‍ അങ്ങനെ മാറ്റാനൊന്നും പറ്റില്ലെന്നാണ് ജിന്ന പറഞ്ഞത്.
ഇക്കാര്യത്തില്‍ നെഹ്‌റുവിനെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍വരെ പറഞ്ഞു, പക്ഷെ നെഹ്‌റു പറഞ്ഞിടത്തുതന്നെ നിന്നു. യഥാര്‍ത്ഥത്തില്‍ ഇതിനകംതന്നെ മതാടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്നായി വിഭജിച്ചു വച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ മുന്നോട്ടു പോയാല്‍ ഭാവിയില്‍ ബ്രിട്ടീഷുകാര്‍ക്കൂടി പോയാല്‍ ഇവിടെ എന്താണ് നടക്കാന്‍ പോകുന്നത് എന്ന ആശങ്ക അദ്ദേഹം ആവര്‍ത്തിച്ചു. അതുകൊണ്ട് ഭൂരിപക്ഷം കിട്ടുമ്പോള്‍ കാബിനറ്റ് മിഷന്‍ അനുസരിച്ചുള്ള കരാറുകള്‍ മാറ്റും എന്ന രീതിയില്‍ സംസാരിച്ചതെന്ന് നെഹ്‌റു പറഞ്ഞു. അതുകൊണ്ടാണ് അതിനൊരു ഭേദഗതി വേണ്ടി വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞു. അവസാനത്തെ അവസരം പോയി . ഭരണഘടനാ നിര്‍മ്മാണസഭ തുടങ്ങി. നെഹ്രുവും മറ്റുള്ളവരും അതില്‍ സംസാരിക്കാനായി എത്തി. മുസ്‌ളിം ലീഗ് കലിപ്പിലായി. കൊല്ലം ഭാഷയില്‍ പറഞ്ഞാല്‍ പിണിയേറുക എന്നു പറയും. ദേഷ്യംകൊണ്ട് കണ്ണുകാണാന്‍ വയ്യാത്ത അവസ്ഥ. ഇവര്‍ ഇത് എന്താണ് ചെയ്യുന്നത്? ഇനി ഒരു രക്ഷയുമില്ല. നേരെ തെരുവിലേക്കിറങ്ങുക. വരുന്നു ഡയറക്ട് ആക്ഷന്‍ ഡേ! തെരുവില്‍ തീരുമാനിക്കുക..!

(From പുറത്തെറിയപെട്ട പൈലറ്റ്, Presentation dated 2.2.2020)
***കോട്ടയം ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന വെടിയേറ്റ വന്‍മരം എന്ന പുസ്തകത്തില്‍ നിന്നും. വെടിയേറ്റ വന്‍മരം(https://www.youtube.com/watch?v=t1tsCXQmOWI) പുറത്തെറിയപെട്ട പൈലറ്റ് (https://www.youtube.com/watch?v=Sa5aU95tNBQ) എന്നീ രണ്ട് പ്രഭാഷണങ്ങളാണ് ഈ ഈ പുസ്തകത്തിലൂടെ ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്)