കോവിഡിനെതിരെ പുതിയ കേന്ദ്രാവതാരം – ബിന്‍ ‘ലാടന്‍’

133

ബിന്‍ ലാടന്‍
(Ravichandran C)

(1) കോവിഡിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ പൂക്കാട്ടംപോലും വില്‍ക്കാന്‍ കഴിയുന്ന രാജ്യമാണിത്. ഒരു ആത്മീയ വ്യാപാരിയുടെ സവിശേഷ യോഗക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവാക്കി കേന്ദ്ര നഗരകാര്യ സെക്രട്ടററി വയസ്സറിയിച്ചു. ആരാണ് ഏറ്റവും മികച്ച അന്ധവിശ്വാസി എന്നു തെളിയിക്കാനുള്ള അദൃശ്യമത്സരം കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. ഇത് പരമ്പരാഗതമായ ഒരു ആചാരമാണ്. അധികാരവും ചിന്താശൂന്യതയും ഒത്തുചേരുമ്പോള്‍ വിവരക്കേടിന്റെ ആറാട്ടായിരിക്കും. യോഗയും ശ്വാസംപിടുത്തവുമൊക്കെ ആരെങ്കിലും പ്രാക്ടീസ് ചെയ്യുന്നുവെങ്കില്‍ അതിനുള്ള അവകാശം അവര്‍ക്കുണ്ട്. പക്ഷെ അതൊരു ബദല്‍ ചികിത്സാപദ്ധതിയായി പ്രചരിപ്പിക്കുകയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാണെന്ന് അവകാശപെടുകയും ചെയ്യുന്നത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.

(2)Covid’19 ഇങ്ങനെ കുറെക്കാലം കൂടി വന്നുംപോയും ഇരിക്കും എന്നുറപ്പാണ്. കൂടുതല്‍ സക്രിയമായ(virulent) പതിപ്പുകള്‍ അതിജീവിക്കുകയും താരതമ്യേന വീര്യംകുറഞ്ഞവ ഏറെക്കുറെ അപ്രത്യക്ഷമാകുകയും ചെയ്യും. ഓരോ പതിപ്പുകള്‍(mutated versions) നിയന്ത്രണവിധേയമായി കഴിയുമ്പോള്‍ അതിജീവിച്ച പതിപ്പുകള്‍ രോഗം പരത്തും. വാക്‌സിനേഷനും ശാരീരിക അകലവും (physical distance) കാലാന്തരത്തില്‍ കോവിഡിനെ നീക്കംചെയ്യും. അന്ന് അവകാശവാദം ഉന്നയിച്ച കപടചികിത്സകര്‍ക്കും മതജീവികള്‍ക്കും അവകാശവാദവുമായി മുന്നോട്ടുവരാം.”ഞങ്ങടെ ലുട്ടാപ്പി മരുന്ന് കാരണമാണ്, ഞങ്ങടെ കുട്ടൂസന്‍ അഭ്യാസം കാരണമാണ്, ഞങ്ങളുടെ ഡാകിനി പ്രാര്‍ത്ഥന കാരണമാണ് കോവിഡ് ഓടിയത്…”എന്നൊക്കെ തള്ളിമറിക്കാം.

(3) നുണയും അന്ധവിശ്വാസവും വെച്ച് അവകാശവാദം ഉന്നയിക്കുന്നവര്‍ക്ക് ഫലത്തിന്റെ കാര്യത്തിലും അതേ നിലപാട് പിന്തുടരുന്നതില്‍ മന:പ്രയാസം ഉണ്ടാകില്ല-ഒരു നുണ അധികമായി പറഞ്ഞാല്‍ മതിയാകും. സ്പാനിഷ് ഫ്‌ളൂവിന്റെ ചരിത്രം പകര്‍ച്ചവ്യാധികളുടെ സ്വഭാവത്തെ കുറിച്ച് വ്യക്തമായ ധാരണ സമ്മാനിക്കും. വാക്‌സിനല്ലാത്ത കാലമായിരുന്നു അത്. 1919 ല്‍ വന്ന ആദ്യത്തെ ആക്രമണം ഒരു വര്‍ഷത്തിലധികം നീണ്ടുനിന്നു. വന്‍ നാശനഷ്ടം, നിരവധി ജീവനുകള്‍ നഷ്ടപെട്ടു. രോഗം നിയന്ത്രണാധീനമായതോടെ ക്രെഡിറ്റ് അവകാശപെട്ട് ഭരണകൂടങ്ങളും പ്രാര്‍ത്ഥനക്കാരും ഒറ്റമൂലിക്കാരും അടക്കം പലയിനം ടീമുകള്‍ രംഗത്തിറങ്ങി. പലരെയും കുറ്റക്കാരായി വിശേഷിപ്പിച്ച് അവര്‍ സ്വയം വീര്‍പ്പിച്ചു, സ്വന്തം മഹത്വം ആഘോഷിച്ചു…

(4) പക്ഷെ തൊട്ടടുത്ത വര്‍ഷം ആദ്യത്തേതിലും ഇരട്ടി നാശംവിതച്ച് കൂറെക്കൂടി സക്രിയമായി വൈറസ് തിരിച്ചുവന്നു. ഇക്കുറിയും ആദ്യത്തെ കലാപരിപാടികള്‍ ആവര്‍ത്തിക്കപെട്ടു. രോഗം അടങ്ങി. മിശിഹാ ഭരണകൂടങ്ങളും കപടചികിത്സകരും പ്രാര്‍ത്ഥനകൂട്ടങ്ങളും മമ്മൂഞ്ഞ് കളിച്ച് വശംകെട്ടു. എന്നാല്‍ മൂന്നാമത്തെ ആക്രമണം അതിലും രൂക്ഷമായിരുന്നു. സമാനതകളില്ലാത്ത ഈ കെടുതി കൂടി ആയപ്പോള്‍ ക്രെഡിറ്റ് അവകാശപെടുന്നത് ശീലമാക്കിയ ടീമുകള്‍ കുറച്ചൊക്കെ മയപ്പെട്ടു. അവര്‍ കുറേശ്ശെ തള്ളാനും കുറ്റപെടുത്താനും ശീലിച്ചു. കൂടുതല്‍ വാചകമടിച്ചാല്‍ അടുത്ത വര്‍ഷം വീണ്ടും പണികിട്ടുമെന്ന ഭയം അവരില്‍ മാറ്റമുണ്ടാക്കി. കുറെക്കൂടി യാഥാര്‍ത്ഥ്യബോധവും വെളിവും സമീപനത്തിലുണ്ടായി.

(5) കോവിഡ് 19 ന്റെ കാര്യത്തിലും ഇത്തരമൊരു തിരിച്ചറിവ് നമ്മുടെ സമൂഹം അര്‍ഹിക്കുന്നു. അനാവശ്യമായ ഭീതി സൃഷ്ടിക്കുന്നതില്‍ ഭരണകൂടങ്ങളും മാധ്യമങ്ങളും വലിയതോതില്‍ ആവേശം കാണിക്കുന്നുണ്ട്. വാര്‍ത്ത പടയ്ക്കാനും രക്ഷകവേഷം കെട്ടിയാടാനും കാണിക്കുന്ന അമിതവ്യഗ്രത കോവിഡ് വ്യാപനനിയന്ത്രണത്തെ സഹായിക്കില്ല. എന്തായാലും പഴയതുപോലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണം എന്ന ആവശ്യമുയരുമ്പോള്‍ രാജ്യമെമ്പാടും ഭരണകൂടങ്ങള്‍ കിതയ്ക്കുന്നുണ്ട്. കുറെക്കൂടി കഴിയുമ്പോള്‍ ലോക്ക്ഡൗണിനെക്കുറിച്ച് ചിന്തിക്കാന്‍പോലും വിസമ്മതിക്കുന്ന സമൂഹം ഉരുത്തിരിഞ്ഞേക്കും.

(6) യുക്തിസഹമായ ജാഗ്രത വേണം. ശാരീരികഅകലം പാലിച്ചാല്‍ വൈറസ് നിങ്ങളില്‍ എത്തിപെടാനുള്ള സാധ്യത കുറയും. അത് വളരെ ലളിതമാണ്. രോഗംവന്നതെല്ലാം മാസ്‌ക് വെച്ചവര്‍ക്കല്ലേ എന്ന ചോദ്യം ചോദിക്കുന്നവരോട്: മാസ്‌ക് രണ്ടായാലും രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കില്ല. രോഗവ്യാപനം വീണ്ടും മൂര്‍ച്ഛിച്ചിരിക്കുന്നു. സമ്പര്‍ക്ക അയവുകള്‍ നീങ്ങുകയാണ്. നിലവിലുള്ള നിയമം പാലിക്കുക. വാക്‌സിനേഷന്‍ സംബന്ധിച്ച കിംവദന്തികളും ഭീതിവ്യാപാരവും തള്ളുക. ഞാന്‍ രണ്ടു ഡോസും (Covishield) സ്വീകരിച്ചതാണ്. യാതൊരു പ്രയാസങ്ങളും മുമ്പുംപിമ്പും ഉണ്ടായില്ല. വാക്‌സിന്‍ എടുത്തവരില്‍ 90 ശതമാനത്തിന് സമാനമായ അനുഭവമാണ്. വ്യക്തിസവിശേഷതകള്‍ മൂലം ഉണ്ടാകാനിടയുള്ള നിസ്സാരമായ പാര്‍ശ്വാനുഭവങ്ങള്‍ അവഗണിക്കുക
.
സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ ആരോഗ്യത്തോടെ മുന്നേറുക. ലാട ടീമുകള്‍ക്ക് കോവിഡ് നിയന്ത്രണവുമായി യാതൊരു ബന്ധവുമില്ലെന്ന് കഴിയുന്നത്ര മനുഷ്യരോട് പറയുക. കോവിഡിനൊപ്പം സഹജീവനം കുറെക്കാലംകൂടി വേണ്ടിവരുമെന്ന് സ്വയം ബോധ്യപെടുത്തുക.
Ref-https://www.tribuneindia.com/…/housing-ministry-asks…