കേരളത്തിലെ മാധ്യമങ്ങള്‍ അന്ധവിശ്വാസത്തിന്റെ അനോഫിലസ് കൊതുകുകള്‍ എന്ന വിശേഷണം വെറുതെയല്ല

121

കൊറോണയൊക്കെ എന്ത്?!
(Ravichandran C)

സ്ഥലം കോഴിക്കോട് കാരശ്ശേരി. പ്ലാവില്‍ പേരയ്ക്ക. ഒരെണ്ണമേയുള്ളൂ. ആരെങ്കിലും ഒട്ടിച്ചുവെച്ചതാണോ എന്നു പിടിച്ച് നോക്കി. അല്ല പ്ലാവില്‍ നിന്ന് തന്നെ വരുന്നതാണ്! കേരളത്തില്‍ അന്ധവിശ്വാസങ്ങളുടെ മൊത്ത കച്ചവടക്കാരും അന്ധോ ടി.വി ചാനലുകളും വാര്‍ത്ത ഉദാരപൂര്‍വം വാരിവിതറിയിട്ടുണ്ട്. കോവിഡ് ഭീതിവ്യാപരം, വാക്‌സിന്‍ വിരുദ്ധത തുടങ്ങിയ സ്ഥിരം ഐറ്റങ്ങള്‍ക്കിടയില്‍ കിട്ടിയ സമയം നോക്കി TV ചാനലുകള്‍ ആഞ്ഞടിച്ചതാണ്.

. ലക്ഷ്യമിട്ടതുപോലെ സംഗതി മുതലായി-ലക്ഷക്കണക്കിന് പ്രേക്ഷകര്‍! എങ്ങനെയാണ് പ്ലാവില്‍ പേരയ്ക്ക വരുന്നത്? ഗ്രാഫ്റ്റിംഗാണോ? അല്ല. പിന്നെ? ‘ആര്‍ക്കുമറിയില്ലെന്ന് ‘ചാനലുകാര്‍.Oh SAD! ‘പ്രകൃതിയുടെ വികൃതി’ആയിരിക്കുമത്രെ. അതല്ലെങ്കില്‍ മിസ്റ്ററി! പ്രേക്ഷകരുടെ കമന്റുകളൊക്കെ ബഹുരസമാണ്. അവിഹിതം, സദാചാരം, പെഴച്ചുപോകല്‍… തുടങ്ങിയ സ്ഥിരം ലെവല്‍.

പ്ലാവില്‍ പേരക്ക മുളച്ച് എങ്ങനെ കണ്ടുപിടിച്ചു? പറമ്പിന്റെ ഉടമകളായ സ്ത്രീകള്‍ സ്ഥിരമായി വരുന്ന വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്ലാവിന്റെ മുകളിലേക്ക് നോക്കിയപ്പോള്‍ സാമാന്യം പ്രായമുള്ള ഒരു പേരക്ക അവിടെ താഴേക്ക് തൂങ്ങി കിടക്കുന്നത് കണ്ടു! യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കണ്ട സ്ത്രീ കഥാപാത്രങ്ങളുടെ അത്ഭുതം അവരുടെ കണ്ണുകളില്‍! നടപ്പാതയില്‍ കൂണുപോലെ പേരക്ക! എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്ത്! കാണാന്‍ സൗകര്യപ്രദമായ രീതിയില്‍! രാവിലെ എങ്ങുനിന്നോ വരുന്നു! തലേന്ന് വരെ കണ്ടവരും കേട്ടവരുമില്ല! പേരക്കയില്‍ കിളികൊത്തിയതിന്റെയും മൈക്രോബുകള്‍ അര്‍മാദിച്ചതിന്റെയുമൊക്കെ പാടുകളുണ്ട്. പക്ഷെ ഇപ്പോഴാണ് എല്ലാവരും അത് ആദ്യമായി കണ്ടത്! ഇത് അധികദിവസം നില്‍ക്കില്ലെന്ന് സാക്ഷികളായ സ്ത്രീകള്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. വേണ്ടല്ലോ….അന്ധോചാനലുകളെയും നാട്ടുകാരെയും വിഡ്ഡികളാക്കാന്‍ ഒരു പാട് ദിവസം തന്നെ ധാരാളം! നാളെ തിരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകാരുടെ തലയില്‍കൂടി വണ്ടിയൊന്നും ഓടുന്നില്ല. ജനത്തെ വിഡ്ഡികളാക്കി, സ്വയം വി്ഡ്ഢികളായി. സമൂഹത്തില്‍ കൂടുതല്‍ അന്ധതയും അശാസ്ത്രീയതയും നിറച്ചു ചാനല്‍മാമന്‍മാരുടെ ജോലി കഴിഞ്ഞു 🙂

പ്രകൃതിയുടെ അത്ഭുതമാണ് എന്ന് പറയാന്‍ കാരണം പേരക്കയില്‍ പിടിച്ചു വലിച്ചപ്പോള്‍ പറിഞ്ഞു വന്നില്ലെന്നതാണ്. ധാരാളംപേര്‍ വന്ന് ഫോട്ടോ എടുത്തിട്ട് പോയത്രെ. കന്യാമറിയത്തിന്റെ പ്രതിമയില്‍ നിന്നും ചോരയൊലിക്കുന്നതിന്റെ ഫോട്ടോ എടുത്തിട്ട് പോയവരുടെ അത്രയും വരുമോ?! സാമാന്യബുദ്ധിയില്‍ പരിശോധിക്കേണ്ടത് പേരക്കയോ പ്ലാവോ അല്ല മറിച്ച് പേരയ്ക്ക് പ്‌ളാവിനോട് ചേരുന്ന സ്ഥലം മാത്രമാണ്. സംഗമസ്ഥാനം പരിശോധിച്ചാല്‍ അത്ഭുതം പുറത്തുവരും. ഒട്ടിച്ചതാണോ കമ്പിവെച്ച് പിരികയറ്റിവെച്ചതാണോ എന്നൊക്കെ തീരുമാനിക്കാന്‍ അധികം സമയംവേണ്ട. ഇതൊക്കെ എങ്ങനെ ശരിയാകും എന്നു അല്‍പ്പം ചിന്തിക്കാനുള്ള സാവകാശം പോലും അന്ധോ ചാനലുകളും ലേഖകരും ജനങ്ങള്‍ക്ക് നല്‍കുന്നില്ല. കുറെ ദിവസങ്ങള്‍ നിരീക്ഷിച്ചശേഷം റിപ്പോര്‍ട്ട് കൊടുക്കാം എന്നുമില്ല.

തങ്ങള്‍കൊടുത്തില്ലെങ്കില്‍ മറ്റ് അന്ധോ ചാനലകാര്‍ ഓവര്‍ടേക്ക് ചെയ്യുമെന്ന ഭീതിയും ‘കാളപ്രസവ’ത്തില്‍ നിഴലിക്കുന്നുണ്ട്. സ്വന്തം അന്ധവിശ്വാസങ്ങളും ക്ഷിപ്രവിശ്വാസത്വരയും സമൂഹത്തിനാകെ പകര്‍ന്നു നല്‍കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ അന്ധവിശ്വാസത്തിന്റെ അനോഫിലസ് കൊതുകുകള്‍ എന്ന വിശേഷണം വെറുതെയല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പ്‌ളാവിലെ പേരയ്ക്ക! ഗ്രാഫ്റ്റിംഗ്! ജനിതകവിളവിപര്യയം! പ്രകൃതിയുടെ വികൃതി…..ഇവര്‍ തന്നെയാണ് മറ്റ് അന്ധവിശ്വാസവാര്‍ത്തകള്‍ പരിഹാസപൂര്‍വം വിളമ്പി ജനത്തെ ബോധവത്കരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍….കൊറോണയൊക്കെ എന്ത് എന്ന മലയാളിയെ കൊണ്ട് പറയിക്കുന്നതില്‍ കേരളത്തിലെ ചാനലുകള്‍ പ്രതിജ്ഞാബദ്ധമാണ്.