വാക്‌സിന്‍ വിരുദ്ധതയും പരന്തു വാദങ്ങങ്ങളും

0
43

വാക്‌സിന്‍ വിരുദ്ധതയും പരന്തു വാദങ്ങങ്ങളും
(Ravichandran C)

Ravichandran C (@RavichandranC1) | Twitter(1) വൈറസ് മ്യൂട്ടേഷനുകളെക്കാള്‍ മാരകമാണ് വാക്‌സിന്‍ വിരുദ്ധതയുടെ മ്യൂട്ടേഷന്‍. 5 വര്‍ഷങ്ങള്‍ക്ക മുമ്പ് ഒരു വാക്‌സിന്‍വിരുദ്ധനുമായി പരസ്യസംവാദം നടത്തിയിരുന്നു(https://www.youtube.com/watch?v=ZA3UG_D5M3o). പുള്ളിക്കാരന്‍ പഴഞ്ചന്‍ വാക്‌സിന്‍വിരുദ്ധ കപടവാദങ്ങളുടെ മയിലെണ്ണപെട്ടിയുമായി നാടു ചുറ്റിയിരുന്ന കാലം! ശവംസൂക്ഷിക്കുന്ന ഫോര്‍മാള്‍ഡിഹൈഡ്, വിഷംനിറച്ച അലുമിനിയം ഹൈഡ്രോക്‌സൈഡ്, മാരകമായ തൈമറോസാല്‍, പിന്നെ ചറപറ കെമിക്കലുകള്‍, ആഫ്രിക്കന്‍ കുരങ്ങന്റെ കിഡ്‌നി, ചാപ്പിള്ളയുടെ അംശം, വാക്‌സിന്‍ കോടതി.. തുടങ്ങി പാശ്ചാത്യ വാക്‌സിന്‍വിരുദ്ധ സൈറ്റുകളിലെ മെനുകാര്‍ഡ്‌ മലയാളീകരിച്ച് ജനങ്ങളില്‍ ആശങ്കയും വിഭ്രാന്തിയും കുത്തിനിറച്ചു കൊണ്ടിരുന്ന ടിയാന്‍ ഡിബേറ്റില്‍ വന്ന് പറഞ്ഞത് ഏതാണ്ടിങ്ങനെ: “വാക്‌സിന് എതിരല്ല. പക്ഷെ അത് ശുചിത്വമുള്ള സാഹചര്യങ്ങളില്‍ വെച്ച് വിതരണംചെയ്യണം. അല്ലാതെ റെയില്‍വേസ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ വെച്ച് കൊടുക്കരുത്!!!” വാക്‌സിന്‍ വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നത് പന്തിയല്ലെന്ന് അന്തക്കാലത്തേ മനുഷ്യര്‍ തിരിച്ചറിഞ്ഞിരുന്നു എന്നു സാരം.

(2) എന്തുകൊണ്ടാണ് ഇക്കാലത്ത്‌ പലരും വാക്‌സിന്‍വിരുദ്ധത പച്ചയ്ക്ക് പറയാന്‍ മടിക്കുന്നത്? നിയമപ്രശ്‌നങ്ങളുണ്ടാകുമോ, ഒറ്റപെടുത്തപെടുത്തപെടുമോ, സാമൂഹികദ്രോഹിയെന്ന മുദ്ര ചാര്‍ത്തപെടുമോ, കപടശാസ്ത്രക്കാരനെന്ന വിളിപ്പേര് വീഴുമോ എന്നൊക്കെയുള്ള ആശങ്കകളാണോ ബുദ്ധിപൂര്‍വം തള്ളാന്‍ വാക്‌സിന്‍ വിരുദ്ധരെ പ്രേരിപ്പിക്കുന്നത്? അവയൊക്കെ കാരണങ്ങളാവാം. പക്ഷെ മുഖ്യ കാരണം മറ്റൊന്നാണ്. വാക്‌സിന്‍വിരുദ്ധത എന്നത് ‘കൊപേ’ വിശ്വാസങ്ങളില്‍പെട്ട ഒരു ഭീതിവ്യാപാരമാണ്. അവിടെ നേരിട്ടുള്ള ആക്രമണം ആവശ്യമില്ല. ഒളിയുദ്ധം ഫലപ്രദമാണ്. ആധുനിക വാക്‌സിന്‍വിരുദ്ധര്‍ ഇത് തിരിച്ചറിയുന്നു.

(3) അതുകൊണ്ടുതന്നെ അവര്‍ വെളുക്കെചിരിച്ച് ‘പരന്തു’സാഹിത്യം ചമയ്ക്കുന്നു: ‘ നോക്കൂ, ദയവായി തെറ്റിദ്ധരിക്കരുത്, ഞാനൊരു വാക്‌സിന്‍ വിരുദ്ധനല്ല. വാക്‌സിന്‍ എടുക്കരുത് എന്ന് പറയുന്നില്ല. വാക്‌സിന്‍ എടുത്ത രാജ്യങ്ങളില്‍ രോഗവ്യാപനം കുറഞ്ഞു എന്നതിന് ഡേറ്റയുണ്ട്; നമ്മുടെ രാജ്യത്തിലും വാക്‌സിന്‍ ലഭ്യമാക്കണം…പരന്തു…ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം…എല്ലാ വാക്‌സിനും സൗജന്യമാക്കണം. വാ്കസിന്‍ വിതരണം ശക്തിപെടുത്തണം, എല്ലാ കമ്പനികളുടെയും വാക്‌സിനും നമുക്ക് വേണം. പരന്തു…വാക്‌സിന്‍ എടുത്ത ശേഷം ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടായവരുടെ കാര്യം അവഗണിക്കരുത്…”

(4) ”പാര്‍ശ്വഫലങ്ങള്‍ ചുരുക്കംപേരില്‍ ഉണ്ടാകാം എന്ന് മെഡിക്കല്‍ സയന്‍സ് പറയുന്നുണ്ട്.. പരന്തു… വാക്‌സിന്‍ എടുത്തശേഷം മരിച്ചവരുടെ കാര്യം അവഗണിക്കാനാവില്ല. അത്തരം മരണങ്ങളുടെ കാരണം വേറെയായിരിക്കാം, നമുക്കറിയില്ല.. പരന്തു..വാക്‌സിന്‍ കോര്‍ട്ടുകള്‍ ഇവിടെയും കൊണ്ടുവരണം. പരന്തു..വാക്‌സിനുകള്‍ നല്ല വിജയം നേടുന്നുവെങ്കിലും ചില കേസുകളില്‍ രോഗം വരുന്നുണ്ട്…ഇവിടെ അരങ്ങേറുന്നത് പ്ലാന്‍ഡെമിക്‌സ് (‘Plan’demics) ആണോ എന്ന് സംശയിക്കണം, വിവരങ്ങള്‍ ഇന്റര്‍നെറ്റിലുണ്ട്…..വാക്‌സിന്‍ വേണ്ടെന്ന് പറയുന്നില്ല…കോവിഡ് ഇല്ലെന്നും പറയുന്നില്ല.. പരന്തു…സ്വയംവിലയിരുത്തൂ. നിങ്ങള്‍ വാക്‌സിന്‍ എടുക്കണം, എടുക്കരുതെന്ന് ഞാന്‍ പറയില്ല.. പരന്തു…..”

(5) വാക്‌സിന്‍ എടുത്തവര്‍ക്ക് ചെറിയൊരു അംശത്തിന് വീണ്ടും കോവിഡ് വരുന്നില്ലേ? പിന്നെന്തുകൊണ്ട് ഹോമിയോപ്പതിയിലെ കോവിഡ് പ്രതിരോധമരുന്നിന് ഒരവസരം നല്‍കി കൂടാ എന്ന നിഷ്‌കു ചോദ്യമാണ് പരന്തുവാദങ്ങളുടെ മറ്റൊരു ഹൈലൈറ്റ്. ഹോമിയോപ്പതിയിലെ കോവിഡ് പ്രതിരോധമരുന്ന് എന്ന വാദം ഉന്നയിക്കുന്നവര്‍ക്ക് കുറഞ്ഞത് മൂന്ന് കാര്യങ്ങളില്‍ അവഗാഹമായ അജ്ഞത അനിവാര്യമാണ്: 1. ഹോമിയോപ്പതി 2. കോവിഡ് 3. പ്രതിരോധശേഷി.

(6) ആധുനിക വാക്‌സിന്‍വിരുദ്ധ വാദങ്ങളിലൊക്കെ ‘സ്വതന്ത്രമായി ചിന്തിക്കാനും യുക്തിപൂര്‍വം അന്വേഷിക്കാനും’ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളുണ്ടാവും. ആധുനിക കപടവാദങ്ങളുടെ സ്ഥിരം ഉടയാടയാണിത്. സ്വന്തംനിലയില്‍ ചിന്തിക്കാന്‍ ഭക്തനോട് ആവശ്യപെടുന്ന മതസാഹിത്യംപോലെയാണ് കാര്യങ്ങള്‍. ആശങ്കയും ഭീതിയും പരോക്ഷരൂപത്തില്‍ മിനുസമുള്ള ഡോസുകളില്‍ ഉള്ളിലെത്തിക്കുക-നേരിട്ട് പറയാതിരിക്കുക എന്നതാണ് ഇവിടെ അനുവര്‍ത്തിക്കുന്ന തന്ത്രം. പുറമെ നോക്കുമ്പോള്‍ കുറ്റംപറയാനാവില്ല!

(7) ഇത്തരം വാദങ്ങള്‍ പൂര്‍ണ്ണമായി ഖണ്ഡിക്കുക ദുഷ്‌കരമായ കാര്യമാണ്. ചെയ്താലും പേടിച്ച എല്ലാവരിലും എത്തില്ല. പേടിച്ചവര്‍ പേടിക്കുന്നവരെ പ്രസവിക്കും. ട്യൂബിന് പുറത്തിറക്കുന്നതുപോലെ പേസ്റ്റ് തിരിച്ച് കയറ്റാനാവില്ലല്ലോ. ആശങ്കയുടെ ഒരു ചെറുതരി മതി, കാര്യം നടക്കും. ഭീതിയും കൊതിയും പ്രചരിപ്പിക്കാന്‍ പാണ്ഡിത്യമോ വൈദഗ്ധ്യമോ തെളിവോ ആവശ്യമില്ല. ആര്‍ക്കും ചെയ്യാവുന്ന കാര്യമാണത്. മതവും അന്ധവിശ്വാസങ്ങളും ഈ ലോകത്ത് ആര്‍ത്തലച്ച്‌ പൂത്തുലയുന്നതിന്റെ കാരണമതാണ്.

(😎 വാക്‌സിന്‍ വിരുദ്ധത ലക്ഷണമൊത്ത സാമൂഹികദ്രോഹമാണ്. അതിന്റെ മര്യാദാവേര്‍ഷന്‍ കൂടുതല്‍ അപകടകരവും. പരന്തുവാദങ്ങള്‍ കബളിപ്പിക്കലാണ്. മൈക്ക് കെട്ടി പ്രചരിപ്പിച്ചാലേ ഭീതി പടര്‍ത്താനവൂ എന്നു ധരിക്കരുത്. നുണമര്‍മ്മരങ്ങളിലൂടെ, വാട്‌സ് ആപ്പ് സാഹിത്യത്തിലൂടെ അത് നിസ്സാരമായി സാധ്യമാക്കാനാവും. അത്തരം കാമ്പെയിനുകളുടെ വിജയം പ്രചരിപ്പിക്കുന്നവന്റെ മിടുക്കല്ല, മറിച്ച് മനുഷ്യമസ്തിഷ്‌കം ഇത്തരം പേടികളും കൊതികളും ഇരുമ്പ് കാന്തത്തെ എന്നപോലെ ചേര്‍ത്തുനിര്‍ത്തും എന്നതുകൊണ്ടാണ്. പുതിയ നമ്പരുകള്‍ തിരിച്ചറിയുക. എല്ലാത്തരത്തിലുള്ള വാക്‌സിന്‍ വിരുദ്ധതയും മൊത്തമായും ചില്ലറയായും തള്ളുക. We are on war, not only against the pandemic but also against the enemies of Science and Reason.