ഹിംസയുടെ പെരുനാള്‍

0
93

ഹിംസയുടെ പെരുനാള്‍
(Ravichandran C)

(1) ”തട്ടുകടകളില്‍ പൊറോട്ട അടിക്കുന്ന അപരിചിതരോടൊന്നും മര്യാദയില്ലാതെ പെരുമാറരുത്, അവര്‍ ചിലപ്പോള്‍ ബംഗാളിലെ പഴയ ഏരിയക്കമ്മറ്റി സെക്രട്ടറിമാര്‍ ആയിരിക്കും”- കേരളത്തില്‍
പത്തുവര്‍ഷത്തിന് മുമ്പ്‌ ഒരു രാഷ്ട്രീയ പരിഹാസമാണിത്‌. 2011 ല്‍ 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് മമതാ ബാനര്‍ജി അധികാരം പിടിച്ചെടുത്തതിന് ശേഷം ബംഗാളിലെ സി.പി.എം പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ദയാശൂന്യമായ ആക്രമണത്തിന്റെ ബാക്കിപത്രമായിരുന്നു ഈ പരിഹാസം. ഒരു ദശകത്തിന് ശേഷം ബംഗാളില്‍ ചരിത്രം വിലക്ഷണമായി ആവര്‍ത്തിക്കുകയാണ്. അന്നത്തെ സി.പി. എമ്മിന്റെ സ്ഥാനത്ത് ബി.ജെ.പിയും തിരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം ഉള്‍പ്പടെയുള്ള മറ്റ് കക്ഷികളും.

(2) 2021 ലെ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്(213/294)-47.94% മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. ബി.ജെ.പി-38.1%(77/294), സി.പി.എം-4.72%(0 seats), കോണ്‍ഗ്‌സ്-2.94%(0 seats), NOTA-1.08%- ഇങ്ങനെയാണ് മറ്റ് കക്ഷികളുടെ പ്രകടനം. എങ്ങനെയാണ് മൂന്നര ദശകം അധികാരത്തിലിരുന്ന കക്ഷിയുടെ നേതാക്കളും പ്രവര്‍ത്തകരുംഒരു തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രാണന്‍ കയ്യില്‍പിടിച്ച് പലായനം ചെയ്യേണ്ടിവന്നത്? എന്തുകൊണ്ടാണ് പാര്‍ട്ടി ഓഫീസും വസ്തുവകകളും വ്യാപകമായി നശിപ്പക്കപെട്ടത്? ഉത്തരം മുന്നിലുണ്ട്‌ : ബംഗാള്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ആസൂത്രിതമായ അക്രമവും ഹിംസയുമാണ്. തോല്‍ക്കുന്നവന് ജയിക്കുന്നവന് കീഴ്‌പെടണം, നിശബ്ദമാകണം! ബംഗാളിലെ അക്രമവും ഹിംസയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തകയൊന്നുമില്ല. ഇടതുമുന്നണി ഭരണകാലത്ത് തങ്ങള്‍ സഹിച്ചതിന്റെ പ്രതികാരമാണ് പിന്നീട് നടന്നതെന്നാണ് അവരുടെ വാദം. സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ചപ്പോള്‍ ആ സ്ഥാനത്ത് അന്നുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന ബി.ജെ.പി വന്നു. തൃണമൂലുമായി അടിച്ച് നില്‍ക്കാന്‍ ശേഷിയുണ്ടെന്ന പ്രചരണമാണ് ബി.ജെ.പിയുടെ വളര്‍ച്ച ത്വരിതപെടുത്തിയത്.

(3) ബംഗാളില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന നരനായാട്ട്’ എന്ന വിശഷണവുമായി കുറെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചു. ഒപ്പം കുറെ വീഡിയോ ക്ലിപ്പുകള്‍. പലതും ഐസിസിനെക്കാള്‍ ഭീകരം. വ്യാജമാണോ എന്ന സംശയം സ്വാഭാവികമായും ഉണ്ടായി. അന്വേഷിച്ചപ്പോള്‍ പലതും വ്യാജ സാധനങ്ങളാണെന്ന് മനസ്സിലായി. ഒരു വീഡിയോ അറിയാതെ ക്ലിക്ക് ചെയ്തതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഇക്കാലത്ത് നടക്കുന്ന അക്രമസംഭവങ്ങളുടേതായി നിങ്ങളുടെ പക്കലെത്തുന്ന വീഡിയോകളില്‍ നല്ലൊരു പങ്കും വേറൊരു സമയത്ത് വേറെങ്ങോ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളായിരിക്കും. അക്രമ വാര്‍ത്തകള്‍ സംബന്ധിച്ച ഇത്തരം വീഡിയോകളെയും ചിത്രങ്ങളെയും അവിശ്വസിക്കുക എന്നത് പൊതുനയമായി സമൂഹം സ്വീകരിക്കണം. It is , most often than not, is a part of the violence unleashed by the concerned.

(4) ബംഗാള്‍ സാംസ്‌കാരിക ഉന്നതി നേടിയ സംസ്ഥാനമാണ്, ഇന്ത്യയ്ക്ക തന്നെ മാതൃക. പല കാര്യങ്ങളിലും ഏറെ മുന്നില്‍. മനോഹരമായ ഭാഷ, സാഹിത്യം, സിനിമ, ഫുട്‌ബോള്‍,….. പക്ഷെ ബംഗാളിന്റെ ഗ്രാമീണ ഉള്ളറകളില്‍ ഇപ്പോഴും ഗോത്രവെറിയും വര്‍ഗ്ഗീയസമവാക്യങ്ങളും മുഴച്ചുനില്‍ക്കുന്നു. അസഹ്യമായ ഗോത്രവെറിയും വര്‍ഗ്ഗീയതയും ബംഗാള്‍ രാഷ്ട്രീയത്തില്‍ ദൃശ്യമാണ്‌. 34 വര്‍ഷം ഭരിച്ച ഇടത് ഭരണം ബംഗാളിനെ ബീഹാറിന് തുല്യമാക്കി എന്ന ആരോപണം ബീഹാറികള്‍ എതിര്‍ക്കാറുണ്ട്. ജനാധിപത്യത്തില്‍ നിരന്തരം അധികാരം പിടിച്ചെടുക്കാന്‍ എന്തൊക്കെ ചെയ്യണം അതെല്ലാം ഇടതുസഖ്യം ചെയ്തുകൊണ്ടിരുന്നു. ഹിംസയും ഉന്മൂലനവും അടിച്ചമര്‍ത്തലും സ്ഥാപനവല്‍ക്കരിക്കപെട്ടു. അതാകട്ടെ, പിന്നീട് വന്ന തൃണമൂലിന് വഴികാട്ടികളായി. മാഫിയകള്‍ തെരുവ് പിടിച്ചടക്കുന്നതുപോലെയായി ബംഗാളിലെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍..

(5) ഭരണം നഷ്ടപെട്ടപ്പോഴാണ് സഞ്ചാരപാത എത്ര അപകടകരമായിരുന്നുവെന്ന് സി.പി.എം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിപ്പോയി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 294 അംഗ ബംഗാള്‍ നിയമസഭയില്‍ ഇടതുമുന്നണിയുടെ സാന്നിധ്യമില്ലാത്ത അവസ്ഥ ഇക്കുറി എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോള്‍ പലരും കേട്ട ഭാവം നടിച്ചില്ല. എങ്ങോട്ടാണ് പോക്കെന്ന് ബംഗാള്‍ രാഷ്ട്രീയം അറിയുന്നവര്‍ക്കെല്ലാം ബോധ്യമുണ്ടായിരുന്നു. ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് നേടിയ ഒരു സീറ്റാണ് ഇടത്-കോണ്‍ഗ്രസ്സ് സഖ്യത്തിന് ആകെ ലഭിച്ചത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മാറിമാറി സംസ്ഥാനം ഭരിച്ച രണ്ട് കക്ഷികള്‍ക്കാണ് ഈ അവസ്ഥ! വര്‍ഗ്ഗീയധ്രൂവീകരണമാണ് (Communal Polarization) തങ്ങളുടെ തോല്‍വിക്ക് കാരണം എന്ന് ഇടതുമുന്നണിയുടെ വാദം സഖ്യകക്ഷിയായ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ ജനിതകപരിശോധനയില്‍ നനഞ്ഞുപോയി.

(6) 2011 ല്‍ തിരഞ്ഞെടുപ്പില്‍ തോറ്റ രാത്രി മുതല്‍ സി.പി.എം അണികള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന നരനായിട്ടിന് സമാനമായ രംഗങ്ങളാണ് 2021 മേയ് രണ്ടിന് ശേഷം ബംഗാളില്‍ അരങ്ങേറിയത്. അതേ തിരക്കഥ! കുറെക്കൂടി രൂക്ഷമാണെന്ന് മാത്രം. അന്ന് ബംഗാളിന് പുറത്ത് ആരും അത് വലിയ ചര്‍ച്ചയാക്കിയില്ല. 34 വര്‍ഷം ഭരിച്ച് മുടിച്ചതല്ലേ, ഭരണത്തിലിരുന്നപ്പോള്‍ അക്രമംകൊണ്ട് ആറാടിയവരല്ലേ, അനുഭവിക്കട്ടെ എന്നായാരുന്നു പൊതുവികാരം. ഇടതുമുന്നണിക്ക് വേണ്ടി ദൗത്യങ്ങള്‍ ഏറ്റെടുത്തിരുന്ന സ്ഥിരം അക്രമിസംഘങ്ങള്‍ തന്നെയാണ് തോറ്റപ്പോള്‍ അവര്‍ക്കെതിരെ തിരിഞ്ഞത്.

(7) ഇത്തവണ ബി.ജെ.പി ജയിച്ചിരുന്നെങ്കിലും സ്ഥിതി മറ്റൊന്നാകാന്‍ സാധ്യതയില്ല. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് കാണിച്ചുതരാം എന്ന് ഇരുകൂട്ടരും ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിനായി ബി.ജെ.പി ബംഗാളിലേക്ക് ഇറക്കുമതി ചെയ്ത പല നേതാക്കളും റിസല്‍ട്ട് വരുന്നതിന് മുമ്പ് സ്ഥലംവിട്ടത് അവര്‍ക്ക് രക്ഷയായി എന്ന് ദേശീയ മാധ്യമങ്ങള്‍! ഹിംസ ബംഗാളി രാഷ്ട്രീയത്തിന്റെ ജീനുകളില്‍ പ്രവേശിച്ചുകഴിഞ്ഞു. ഗ്രാമീണര്‍ തന്നെയാണ് അക്രമികളാകുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനം അടിച്ച് തകര്‍ത്ത സംഭവം ശ്രദ്ധിക്കുക. പോലീസ് നോക്കി നില്‍ക്കെ ഒരു മന്ത്രിക്ക് ഉണ്ടായ അനുഭവം ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം ഊഹിക്കാം. അക്രമിസംഘങ്ങളാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. അവരെപ്പോഴും വിജയികള്‍ക്ക് ഒപ്പമായിരിക്കും. അവരുടെ പാര്‍ട്ടിവിധേയത്വം കന്യകമാര്‍ക്ക് കുപ്പിവളകള്‍ പോലെ: ഒന്നുടഞ്ഞാല്‍ മറ്റൊന്ന്!

(😎 ബംഗാളിന് ഉറക്കമില്ലാത്ത രാവുകളാണ്. മരണമടഞ്ഞവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് മമത സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പുതിയ മന്ത്രിസഭ അധികാരം ഏല്‍ക്കുന്നതുവരെ ക്രമസമാധാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്ത ശേഷവും ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മമത തയ്യാറായില്ല. ബി.ജെ.പിയും തൃണമൂലും പരസ്പരം കുറ്റപെടുത്തുന്നു. സംസ്ഥാന ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ബാറ്റ് ചെയ്യുന്നു. അക്രമരാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവ് ചേരുവകളാണല്ലോ. 14 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. അതില്‍ 9 പേര്‍ ബി.ജെ.പിക്കാരും 3 തൃണമൂലുകാരും ആണെന്നാണ് റിപ്പാര്‍ട്ട്. ഒരു സി.പി.എമ്മുകാരനും സെക്കുലര്‍ ഫ്രണ്ട് അനുയായിയും കൊല്ലപെട്ടു. ആയിരക്കണക്കിന് വീടുകള്‍ അഗ്നിക്കിരയായി, പതിനായിരക്കണക്കിന് ബംഗാളികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പലായനംചെയ്യുന്നു-ഒരു തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങളാണ്‌! ആര്‍ക്ക് വോട്ട് ചെയ്യും എന്നു വെളിപ്പെടുത്താന്‍ പല ബംഗാളികളും ഭയക്കുന്നതായി തിരഞ്ഞെടുപ്പ് സര്‍വെക്കാര്‍ സൂചിപ്പിക്കാറുണ്ടായിരുന്നു. ആരാണ് ജയിക്കാന്‍ പോകുന്നതെന്ന് ആ പാവങ്ങള്‍ക്ക് അറിയില്ലല്ലോ.

(9) സ്വസ്ഥമായി വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ തുനിയുന്നുവെങ്കില്‍ വിജയം ഉറപ്പാക്കികൊള്ളണം എന്നാണ് ബംഗാളിലെ ഗ്രാമങ്ങളിലെ അടക്കംപറച്ചില്‍. തോല്‍വി മണത്താല്‍ സ്ഥലം കാലിയാക്കികൊള്ളണം. തിരഞ്ഞെടുപ്പുകള്‍ ബംഗാളില്‍ ജീവന്‍-മരണപോരാട്ടമാകുന്നത് അങ്ങനെയാണ്. തോറ്റാല്‍ തലപോകുമെന്ന അങ്ക നിയമമാണ് പലയിടത്തും. നാലില്‍ മൂന്ന് ഭൂരിപക്ഷവുമായി ഭരിച്ച പാര്‍ട്ടി പത്തുവര്‍ഷംകൊണ്ട് അവശിഷ്ടമില്ലാതെ തുടച്ചുനീക്കപെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. തോറ്റവര്‍ക്ക് സ്ഥാനമില്ലാത്ത ഇടമായി മാറിയ ബംഗാള്‍ രാഷ്ട്രീയത്തില്‍ താക്കോല്‍ സ്ഥാനത്ത് ഹിംസയാണ്. പുറത്തുള്ളവര്‍ അതിനെ ജനാധിപത്യം എന്നു വിളിച്ച് കളിയാക്കുന്നു.