വൈറസുകള്‍ നിരന്തരം മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരുന്നാല്‍ അവയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ പ്രയോജനരഹിതമാകും

67

Ravichandran C

കള്ളനും പോലീസും

(1) പുതിയ കൊറോണ വൈറസിന്റെ മൂന്ന് ശാഖകളെ കുറിച്ച് വിശദീകരിക്കുന്ന ഒരു പഠനം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകരുടേതായി പുറത്തു വന്നിട്ടുണ്ടല്ലോ (https://www.techtimes.com/articles) പുരാതനപതിപ്പായ A ആണ് അമേരിക്കയിലും ഓസ്ട്രലിയയിലും എത്തിയത്. ചെനയില്‍ Aയും B യും പരക്കുന്നുണ്ട്. അതില്‍ B ആണ് അവിടെ ഏറെ നാശം വിതച്ചത്. മൂന്നാമത്തെ മ്യൂട്ടേറ്റഡ് വേര്‍ഷനായ C സിംഗപ്പൂരിലും മറ്റും പടര്‍ന്നു അവിടെ നിന്ന് യൂറോപ്പിലേക്കും. പുതിയ കൊറോണ വൈറസ് ഫ്‌ളൂ വൈറസിനെപ്പോലെ പെട്ടെന്ന് മ്യൂട്ടേറ്റ് ചെയ്യുന്നില്ല എന്ന പ്രാരംഭ നിരീക്ഷണങ്ങളെ ഖണ്ഡിക്കുന്ന വാദമാണിത്. നിരന്തരം മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വൈറസിന് എങ്ങനെ വാക്‌സിന്‍ കണ്ടെത്തും എന്ന ചോദ്യം അവിടെ വീണ്ടും പ്രസക്താകുന്നു. സാധാരണ ഫ്‌ളൂ വൈറസുകള്‍ വര്‍ഷംതോറും നിരവധി മ്യൂട്ടേഷനുകള്‍ക്ക് വിധേയമാകാറുണ്ട്. അതിന് അനുസരിച്ച് അവയുടെ വാക്‌സിനുകളും വര്‍ഷംതോറും പരിഷ്‌കരിക്കാറുണ്ട്.

(2) എന്താണ് മ്യൂട്ടേഷന്‍(mutation) അഥവാ ഉല്‍പരിവര്‍ത്തനം? കോശങ്ങള്‍ ഇരട്ടിക്കുമ്പോള്‍ ജനിതകപദാര്‍ത്ഥക്രമത്തില്‍ (DNA-RNA) ഉണ്ടാകാനിടയുള്ള തെറ്റുകളാണ് (errors) മ്യൂട്ടേഷന് കാരണം. DNA/RNA ഇരട്ടിക്കല്‍ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. ഉദാഹരണമായി മനുഷ്യരില്‍ ഓരോ തവണ കോശം ഇരട്ടിക്കുമ്പോള്‍ അതിലുള്ള 3 ബില്യണ്‍ ന്യൂക്ലിയോറ്റൈഡുകള്‍ അടങ്ങിയ DNA ഇരട്ടിച്ച് ഒരോന്നുവീതം പുത്രികാ കോശങ്ങളിലേക്ക് പോകുന്നു. കോടിക്കണക്കിന് തവണ നടക്കുന്ന ഈ ഇരട്ടിക്കലുകളില്‍ കുറെയെണ്ണത്തില്‍ തെറ്റുകള്‍ വരിക സ്വാഭാവികമാണ്. DNA യെ സംബന്ധിച്ചിടത്തോളം പതിപ്പ് എടുത്തശേഷം ശരിയാണോ എന്ന് പരിശോധിക്കുന്ന ഒരു പ്രൂഫ്‌റീഡിംഗ് (proof reading)നടക്കുന്നുണ്ട്. റിപ്പയര്‍ എന്‍സൈമുകള്‍ (Repair enzymes/DNA polymerases) എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ ന്യൂക്ലിയോറ്റൈഡുകളുടെ ക്രമത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചതായി കണ്ടെത്തിയാല്‍ ആ ഭാഗം മുറിച്ചെടുത്ത് ശരിയായ ഭാഗത്ത് നിക്ഷേപിക്കും. പക്ഷെ ചില തെറ്റുകള്‍ ഈ മെക്കനിസത്തിന്റെ ശ്രദ്ധിയില്‍ പെടില്ല. അവയാണ് പ്രസ്തുത DNA യുടെ മ്യൂട്ടേറ്റഡ് പതിപ്പ് (permanent mutations) ഉണ്ടാക്കുന്നത്. മ്യൂട്ടേഷന്‍ എന്നാല്‍ ന്യുക്ലിയോറ്റെഡുകളുടെ ക്രമം തെറ്റിയ വിന്യാസം(altered nucleotide sequences) എന്നു ചുരുക്കിപറയാം. ഇങ്ങനെ മ്യൂട്ടേഷന്‍ സംഭവിച്ച DNA യും അസ്സല്‍ DNA യെപ്പോലെ ഇരട്ടിക്കും.

(3) തെറ്റായ ക്രമം അംഗീകരിക്കപെട്ടു കഴിഞ്ഞാല്‍പിന്നെ കോശങ്ങളെ സംബന്ധിച്ചിടത്തോളം അവ റിപ്പയര്‍ ചെയ്യപെടേണ്ടവയല്ല. സ്വാഭാവികമായും, കോശങ്ങളുടെ പുതിയ തലമുറകളിലേക്ക് അവ കൈമാറപ്പെടും. മ്യൂട്ടേഷനുകള്‍ ലൈംഗികകോശങ്ങള്‍ (gametes) ഉണ്ടാക്കുന്ന കോശങ്ങളില്‍ സംഭവിച്ചാല്‍ അവ ഗാമേറ്റുകളിലേക്ക് പോകാനും അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും സാധ്യതയുണ്ട്. പ്രൂഫ് റീഡിംഗ് നടത്തുന്ന റിപ്പയര്‍ എന്‍സൈമുകളുടെ ജീനോമിലും മ്യൂട്ടേഷന്‍ സംഭവിക്കാം. അതായത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. അങ്ങനെവന്നാല്‍ വര്‍ദ്ധിച്ച സങ്കീര്‍ണ്ണതകള്‍ ഉണ്ടാവുകയും ചിലപ്പോള്‍ അര്‍ബുദത്തിന് കാരണമാകുകയും ചെയ്യാം. പക്ഷെ ഒന്നോര്‍ത്തുനോക്കൂ, റിപ്പയര്‍ മെക്കനിസത്തിന് തെറ്റ് പറ്റാതിരിക്കുയും മ്യൂട്ടേഷനുകള്‍ ഒരിക്കലും സംഭവിക്കാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ജൈവപരിണാമവും ജനിതക വൈവിധ്യവും(genetic variation) ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഇതെഴുതാന്‍ ഞാനും വായിക്കാന്‍ നിങ്ങളും ഉണ്ടാകുമായിരുന്നില്ല. അതെ തെറ്റുകളിലൂടെയാണ് നാം ഇന്നത്തെ ഈ നിലയിലെത്തിയത്!

(4) RNAയുടെ കാര്യം വ്യത്യസ്തമാണ്. അവയുടെ കോപ്പികള്‍ എടുക്കാന്‍ സഹായിക്കുന്ന RNA polymerases ‘തെറ്റുകളുടെ രാജാവ്’ എന്നാണറിയപ്പെടുന്നത്. 1000 മുതല്‍ 100000 ഇരട്ടിക്കലുകളില്‍ ഒന്ന് എന്ന തോതില്‍ അവിടെ തെറ്റുകള്‍ വരുന്നുണ്ട്. അങ്ങനെയെങ്കില്‍ കോടിക്കണക്കിന് ഇരട്ടിക്കലുകള്‍ നടക്കുമ്പോള്‍ സംഭവിക്കാനിടയുള്ള തെറ്റുകള്‍ എത്രയുണ്ടാവും എന്നൂഹിക്കുക. തെറ്റുകള്‍ വരുന്നുണ്ട് എന്ന് മാത്രമല്ല അവ പ്രൂഫ് റീഡിംഗിന് വിധേയമാകുന്നുമില്ല. അതുകൊണ്ടുതന്നെ DNA വൈറസുകളുമായി താരമത്യപെടുത്തുമ്പോള്‍ RNA വൈറസുകള്‍ക്ക് സ്ഥിരത കുറവാണ്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ അണ്ണന്‍ ആടിയാടി നില്‍ക്കും. RNA യുടെ ഈ അമിത മ്യൂട്ടേഷന്‍നിരക്ക് ഭിന്ന സാഹചര്യങ്ങളുമായി പൊരുത്താന്‍ ശേഷിയുള്ള വ്യത്യസ്ത പതിപ്പുകളെ സൃഷ്ടിക്കുമെങ്കിലും സ്വന്തം അടിസ്ഥാന ധര്‍മ്മങ്ങളെ തകര്‍ക്കുന്ന രീതിയില്‍ അത് മാറിപ്പോകാനും(‘lethal mutagenesis’) സാധ്യതയുണ്ട്.

(5) എന്നാല്‍ സാര്‍സ് കോവി 2 എന്ന പുതിയ കൊറോണ വൈറസിന്റെ RNA ഇരട്ടിക്കല്‍ സമയത്ത് പ്രൂഫ് റീഡിംഗ് (ExoN proofreading) നടക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. RNA വൈറസുകളില്‍ ആദ്യമായാണ് ExoN നെ പോലെ ഒരു പ്രൂഫ് റീഡിംഗ് പ്രോട്ടീന്‍ കണ്ടെത്തപെടുന്നത്. അതായത് കോവിഡ് വൈറസിന് ഇരട്ടിക്കലില്‍ തെറ്റ് പറ്റ് മ്യൂട്ടേഷനുകള്‍ ഉണ്ടാക്കാനുള്ള സാധ്യത മറ്റ് RNA വൈറസുകളെക്കാള്‍ കുറവാണ്. കഴിഞ്ഞ 6-7 മാസത്തിനുള്ളില്‍ മൂന്ന് വ്യത്യസ്ത ശാഖകള്‍ ഈ വൈറസ് ഉണ്ടാക്കിയിട്ടുണ്ടെന്നതും എല്ലാ പതിപ്പുകളും രോഗഹേതുവാണെന്നതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. സ്വന്തമായി ജീവനില്ലാത്ത വൈറസുകള്‍ ആരോഗ്യമുള്ള അതിഥേയ ശരീരങ്ങളെയാണ് (host bodies) തേടുന്നത്. വൈറസ് ബാധിക്കുന്ന ആള്‍ പെട്ടെന്ന് മരിച്ചുപോയാല്‍ വൈറസുകള്‍ക്ക് അവയുടെ മ്യൂട്ടേഷനുകള്‍ പൂര്‍ത്തിയാക്കാനോ പുതിയ ആതിഥേയ ശരീരങ്ങളിലേക്ക് പടരാനോ സാധിക്കില്ല.

(6) രോഗലക്ഷണങ്ങളില്ലാതെ കോവിഡ് രോഗികള്‍ പത്തുദിവസം വരെ തുടരാം എന്നത് ആതിഥേയശരീരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ ഒളിച്ചിരിക്കാനുള്ള കോവിഡ് വൈറസുകളുടെ കഴിവിനെ സൂചിപ്പിക്കുന്നു. അപകടകരമായ ഒരു കഴിവാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോവിഡ് വൈറസിന്റെ പ്രോട്ടീന്‍ മുള്ളുകള്‍ക്ക്‌ (protein spikes) സവിശേഷ ഷുഗര്‍ ആവരണം (sugar coating) ഉള്ളതിനാല്‍ പ്രതിരോധവ്യവസ്ഥയുടെ കണ്ണുവെട്ടിച്ച് ഏറെനേരം ശരീരത്തില്‍ പിടിച്ചുനില്‍ക്കാനും അവയ്ക്ക് സാധിക്കുന്നുണ്ട്. വളരെ അപകടകാരികളായ വൈറസ് പതിപ്പുകള്‍ക്ക് (lethal versions) താരതമ്യേന ആയുസ്സ് കുറവായിരിക്കും. ആക്രമിക്കുന്നവരെയൊക്കെ പെട്ടെന്ന് കൊന്നൊടുക്കുന്നതിനാല്‍ വേണ്ടത്ര അന്യശരീരങ്ങളിലേക്ക് പടര്‍ന്ന് അര്‍മാദിക്കാന്‍ അവയ്ക്ക് കഴിയാതെപോകുന്നു. സ്വാഭാവികമായും നാച്ചുറല്‍സെലക്ഷന്‍ കുറെക്കൂടി നിശബ്ദരായ കൊലയാളികള്‍ക്ക് അനുകൂലമായിത്തീരുന്നു. കോവിഡ് 19 ന്റെ വൈറസ് അത്തരിലുള്ള ഒന്നാണ്-പകര്‍ച്ചനിരക്ക് കൂടുതല്‍, മരണനിരക്ക് കുറവ്.

(7) നമ്മുടെ കോശോപരിതലത്തിലുള്ള സ്വീകരണികള്‍ (receptors) വഴി കോശത്തിന്റെ ഉള്ളിലേക്ക് കയറിപ്പറ്റാനുള്ള കഴിവാണല്ലോ വൈറസുകളെ രോഗകാരികളാക്കുന്നത്. വൈറസുകളുടെ പ്രോട്ടീനുകളില്‍ പറ്റിച്ചേര്‍ന്നിരുന്ന് കോശങ്ങള്‍ക്കുള്ളിലേക്ക് കടക്കാനാവാത്ത അവസ്ഥ ഉണ്ടാക്കുകയാണ് ആന്റിബോഡികള്‍ ചെയ്യുന്നത്. വൈറസുകളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകള്‍ അവയുടെ പുറത്തെ ആകൃതി മാറ്റാനിടയുണ്ട്. അങ്ങനെ വന്നാല്‍ ആദ്യപതിപ്പുകളെ വിജയകരമായി പ്രതിരോധിച്ച നമ്മുടെ ആന്റിബോഡികള്‍ക്ക് മ്യൂട്ടേറ്റഡ് പതിപ്പുകളെ തിരിച്ചറിയാനാവാതെ വരികയും അവ നമ്മുടെ കോശത്തിനുള്ളിലെത്തി സ്വന്തം പതിപ്പുകളെടുത്ത് നമ്മെ രോഗികളാക്കുകയും ചെയ്യുന്നു. 2003 ലെ SARS വൈറസുകളെ അതിജീവിച്ചവര്‍ക്ക് കോവിഡ് 19 പിടിപെടാന്‍ കാരണമതാണ്.

(8) SARS വൈറസുമായി 80 ശതമാനത്തിലധികം സാമ്യമാണ് പുതിയ കോവിഡ് വൈറസിനുള്ളത്. പക്ഷെ പറഞ്ഞിട്ടെന്താ! ഈ വ്യത്യാസം പ്രോട്ടീന്‍ മുള്ളുകളുടെ കാര്യത്തില്‍ വരുത്തുന്ന മാറ്റം മൂലം അമ്മയെ തിരിച്ചറിഞ്ഞ നമ്മുടെ പ്രതിരോധവ്യവസ്ഥയ്ക്ക് മകളെ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. പഴയ സാര്‍സ് വൈറസും ഇപ്പോഴത്തെ കോവിഡ് വൈറസും രണ്ടും അപരിചിതമായ കേരളത്തിലെത്തുന്നു എന്നിരിക്കട്ടെ, ഇരുകൂട്ടരും മത്സരിച്ച് രോഗം വിതയ്ക്കും. കാരണം ഇരുവരെയും നമ്മുടെ ശരീരത്തിന് പരിചയമില്ല. പക്ഷെ ചൈനയിലും സിംഗപ്പൂരിലും സാര്‍സ് വൈറസിന് ഇനി ചാന്‍സില്ല. കോവിഡ് ഇപ്പോഴും പയറ്റി നില്‍ക്കുന്നു.

(9) വൈറസുകള്‍ നിരന്തരം മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരുന്നാല്‍ അവയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ പ്രയോജനരഹിതമാകും. ഉദാഹരണമായി ഫ്‌ളൂവൈറസിന് ഒരു വര്‍ഷം തന്നെ 15-20 മ്യൂട്ടേഷനുകളാണ് സംഭവിക്കുക. ഹിന്ദുപ്രേതത്തെ കുരിശ് കാണിച്ചിട്ട് കാര്യമില്ലെന്ന് പറയുന്നതുപോലെ പഴയ വാക്‌സിന്‍ പുതിയ വൈറസിന് ഏല്‍ക്കില്ല. ശാസ്ത്രജ്ഞര്‍ ഓരോ വൈറസിലും സംഭവിക്കാനിടയുള്ള മാറ്റം(Antigenic Shift) വസ്തുനിഷ്ഠമായി പ്രവചിക്കാറുണ്ട്. പ്രസ്തുത പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിനുകള്‍ പരിഷ്‌കരിക്കും. മിക്കപ്പോഴും പ്രവചനം ശരിയാകാറുണ്ട്. പ്രവചനം പാളിയാല്‍ രോഗപ്രതിരോധം അസാധ്യമാകും. വൈറസുകളുടെ RNA/DNA പദാര്‍ത്ഥത്തില്‍ പൊതുവെ മ്യൂട്ടേഷനുകള്‍ സംഭവിക്കാത്ത ഭാഗങ്ങളും മ്യൂട്ടേഷനുകള്‍ക്ക് സാധ്യത കൂടിയ ഭാഗങ്ങളുമുണ്ട്. മ്യൂട്ടേഷന് സാധ്യത കുറഞ്ഞ ഭാഗത്തെ ലക്ഷ്യമിട്ട് വാക്‌സിനുകള്‍ നിര്‍മ്മിച്ചാല്‍ മ്യൂട്ടേഷനുകള്‍ക്കനുസരിച്ച് വാക്‌സിനുകള്‍ കാലികമായി പരിഷ്‌കരിക്കാന്‍(update) എളുപ്പമാണ്. ഇതൊരു കള്ളനുംപോലീസും കളിയാണ്. കള്ളന്‍ അടവു മാറ്റുമ്പോള്‍ പോലീസും അതനുസരിച്ച് മാറണം. ”കൊല്ലാന്‍ അവന്‍ ഇനിയും ശ്രമിക്കും, ചാകാതിരിക്കാന്‍ ഞാനും”-വൈറസുകള്‍ക്ക് വാക്‌സിനുകളെ കുറിച്ച് പറയാനുള്ളത് ഇത്രമാത്രം.