Ravichandran C എഴുതുന്നു 

ആരുടെ നേട്ടം?

ജമ്മു &കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം? ഉത്തരം: കേന്ദ്രത്തിലെ ഭരണകക്ഷിക്ക്. തങ്ങള്‍ക്ക് ഗുണം കൊണ്ടുവരാത്ത ഒന്നും രാഷ്ട്രീയ കക്ഷികള്‍ സ്വയം ചെയ്യാറില്ല. ഇന്ത്യന്‍ ജനതയ്ക്ക്‌ എന്തെങ്കിലും ഗുണമുണ്ടോ, അത ദോഷമാണോ ഉണ്ടാകുക എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം എളുപ്പമല്ല.ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാന്‍ ലോകമെമ്പാടും ഭരണാധികാരികള്‍ ദേശീയത സംബന്ധിച്ച വിഷയങ്ങള്‍ ഉപയോഗിക്കുന്നത് ഇന്നും ഔട്ട് ഓഫ് ഫാഷന്‍ ആയിട്ടില്ല.

Ravichandran C
Ravichandran C

1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമാണ് കാശ്മീരിലെ രാജാവ് ഹരിസിംഗ് ഇന്ത്യമായി Instrument of accession ഒപ്പുവെച്ചത്. അക്രമം അടങ്ങുമ്പോള്‍ കാശ്മീരില്‍ ഹിതപരിശോധന(plebiscite) നടത്താമെന്ന ഉപാധിയോടെയാണ് മൗണ്ട് ബാറ്റണ്‍ കരാര്‍ അംഗീകരിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് നിയമനിര്‍മ്മാണം നടത്താം. അറുനൂറോളം വരുന്ന നാട്ടുരാജാക്കന്‍മാര്‍ ഒപ്പിട്ടതും ഇന്‍സട്രമെന്റ് ഓഫ് അക്‌സെഷന്‍ തന്നെയാണ്. IOA സമയത്ത് രാജ്യത്തിന് ഭരണഘടന ഇല്ല. ഭരണഘടന നിലവില്‍വരുന്നത് 1950 ജനു 26 നാണ്. മറ്റ് നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍ ലയിച്ചു. കാശ്മീരിനെ സംബന്ധിച്ച IOA അന്തിമമാണെന്നും മറ്റുള്ള നാട്ടുരാജ്യങ്ങളെപ്പോലെ കാശ്മീരും ഇന്ത്യയുടെ അവിഭാജ്യഭാഗമായി എന്ന് ഇന്ത്യന്‍വാദം പാകിസ്ഥാന്‍ ചോദ്യം ചെയ്തു. യുദ്ധം വന്നു. 1948 ജനു ഒന്നിന് ഇന്ത്യ വിഷയം യു.എന്നില്‍ ഉന്നയിച്ചു. ഹിതപരിശോധനക്കാര്യം വീണ്ടും സൂചിപ്പിച്ചു-ഉപാധികളോടെ. പോരാട്ടം തുടര്‍ന്നു. കീഴടക്കിയ ഭാഗങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയില്ല. അതുകൊണ്ട് തന്നെ ഹിതപരിശോധന നടത്താന്‍ ഇന്ത്യയ്ക്ക് ബാധ്യതയുമുണ്ടായില്ല.

അന്ന് ഏതാണ്ട്‌ 65 ശതമാനം കാശ്മീര്‍ ഇന്ത്യയ്ക്കും ബാക്കി പാകിസ്ഥാനും ലഭിച്ചു. ഈ 65 ശതമാനത്തില്‍ കുറച്ചു ഭാഗം പിന്നീട് ചൈന കൈക്കലാക്കി. പാകിസ്ഥാന്റെ കയ്യിലിരുന്ന കുറച്ചു ഭാഗവും ചൈനയ്ക്ക് കിട്ടി. ചുരുക്കത്തില്‍ കാശ്മീരിന്റെ ഏകദേശം 55-57 ശതമാനം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ കയ്യിലുള്ളത്. ഭരണഘടനയിലെ മറ്റ് വകുപ്പുകള്‍ കാശ്മീരിന് ബാധകമാക്കുന്നത് കാശ്മീര്‍ നിയമസഭയടെ അനുമതിയോടെ മാത്രമായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ജമ്മു കാശ്മീരിന് സ്വന്തമായി ഭരണഘടന വരുന്നത് വരെ മാത്രമുള്ള ഒരു ഉപാധിയായിട്ടാണ് ആര്‍ട്ടിക്കിള്‍ 370 വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ 370 സംബന്ധിച്ച്‌ വ്യക്തമായ തീരുമാനമൊന്നും എടുക്കാതെ ജമ്മുകാശ്മീര്‍ കോണ്‍സ്റ്റിറ്റിയൂന്റ്‌ അസബ്ലി 1957 ജനുവരി 25 ന് സ്വയം പിരിച്ചു വിട്ടു. പകരം ജമ്മു&കാശ്മീര്‍ സംസ്ഥാന നിയമസഭ നിലവില്‍ വന്നു.

ജമ്മു&കാശ്മീര്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസബ്ലിയുടെ അധികാരങ്ങള്‍ തുടര്‍ന്നു നിര്‍വഹിക്കേണ്ടത് സംസ്ഥാന നിയമസഭ ആണെന്നാണ് സങ്കല്‍പ്പം. ഇപ്പോള്‍ അവിടെ നിയമസഭ നിലവിലില്ല. അംബേദ്കര്‍ 370 നെ ശക്തമായി എതിര്‍ത്തു എന്നു കരുതപ്പെടുന്നു. എന്തായാലും അത് ഡ്രാഫ്റ്റ് ചെയ്തത് അംബേദ്കറല്ല. Art 370 ഷേക്ക് അബ്ദുള്ളയുടെ നിര്‍ബന്ധമായിരുന്നു. നെഹ്രുമന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രിയും കാശ്മീരിലെ മുന്‍ ദിവാനുമായിരുന്ന ഗോപാലസ്വാമി അയ്യങ്കാരാണ് ആര്‍ട്ടിക്കിള്‍ ഡ്രാഫ്റ്റ് ചെയ്തത്. Art 370 റദ്ദാക്കുന്നതിന് നിയമതടസ്സം ഇല്ലെന്ന വാദമാണ് സംഘപരിവാര്‍ ദശകങ്ങളായി ഉന്നയിക്കുന്നത്. ഇപ്പോഴത് ചെയ്തു നോക്കിയിരിക്കുന്നു. സംഗതി നോട്ട് നിരോധനംപോലെ ഒരു stunner ആണ്. ആര്‍ട്ടിക്കിള്‍ 370 നിലനിര്‍ത്തികൊണ്ട് തന്നെ ഒട്ടുമിക്ക കാര്യങ്ങളിലും കാശ്മീരിന്റെ നിയന്ത്രണം ഇന്ത്യാ ഗവണ്‍മെന്റിന്റെ പക്കലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇലക്ഷന്‍ കമ്മീഷന്‍മുതല്‍ ജി.എസ്.റ്റി വരെ. അതുകൊണ്ടുതന്നെ ഭരണപരമായി വലിയ വ്യത്യാസം അനുഭവപ്പെടണമെന്നില്ല. ഭൂമിവാങ്ങല്‍, പൗരത്വം, പിന്തുടര്‍ച്ചാവകാശം എന്നിവ സംബന്ധിച്ച് കാര്യമായ മാറ്റങ്ങള്‍ക്ക് ഈ തീരുമാനം കാരണമാകും-വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടര്‍ച്ച നിയമങ്ങളുടെ കാര്യത്തില്‍. സ്വാഭാവികമായും വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും ലഹളകള്‍ക്കും സാധത്യയുണ്ട്.

ഇന്ത്യയെക്കാള്‍ വലിയ വെല്ലുവിളി പാകിസ്താനാണ്. കാശ്മീരിലെ സംഘര്‍ഷം കത്തിച്ചു നിറുത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ബുദ്ധിമുട്ടും. പ്രതിപക്ഷം ഒന്നടങ്കം ഈ ബില്ലിനെ എതിര്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. ഫലത്തില്‍ ഈ തീരുമാനം പ്രതിപക്ഷത്തിന് തിരിച്ചടി കൊണ്ടുവരും. എതിര്‍ക്കുംതോറും രാഷ്ട്രീയ തിരിച്ചടി ഉണ്ടാവും. ബല്‍ക്കോട്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിംഗിന്റെ സാധുതയെ ചോദ്യംചെയ്തത് മൂലം ഉണ്ടായ നഷ്ടംപോലെ ഒന്ന്. രാഷ്ട്രീയത്തില്‍ നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു, എന്താണ് സത്യം എന്നൊന്നും ആരും ചോദിക്കാറില്ല. നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു (How do you feel?) എന്നത് മാത്രമാണ് അവിടെ ഉയരുന്ന ചോദ്യം. വിചാരത്തെക്കാള്‍ വികാരമാണ് അവിടെ പ്രസക്തം. ഹിറ്റ്‌ലര്‍ ഓസ്ട്രിയ വഴി സുഡറ്റന്‍ലാന്‍ഡിലേക്ക് നീങ്ങിയതുമായി പലരും ഇതിനെ താരതമ്യം ചെയ്യുന്നത് കണ്ടു. ഓര്‍ക്കുക അത്‌ 1938 ല്‍ ആയിരുന്നു, രാജ്യം ജര്‍മ്മനിയും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.