അവള്‍ മരിച്ചേ തീരൂ, അല്ലെന്നാകില്‍ അവളിനിയും കൂടുതല്‍ പുരുഷന്‍മാരെ വഞ്ചിക്കും

0
206

CAPSULE FOR MURDER
(Ravichandran C)

(1) It is the cause, it is the cause, my soul,
Let me not name it to you, you chaste stars!
It is the cause. Yet I’ll not shed her blood;
Nor scar that whiter skin of hers than snow,
And smooth as monumental alabaster.
Yet she must die, else she’ll betray more men.
(Othello, Act 5, Scene 2)

(അതാണ് കാരണം, അതാണ് കാരണം എന്റെ സ്വത്വം..പരിശുദ്ധ നക്ഷത്രങ്ങളെ നിങ്ങളെ ഞാന്‍ പേരെടുത്ത് പറയുന്നില്ല..അതാണ് കാരണം..എങ്കിലും ജീവനെടുക്കുമ്പോള്‍ ഞാനവളുടെ ഒരു തുള്ളി രക്തംപൊലും ചൊരിയില്ല…വെണ്ണക്കല്ല് പോലെ മിനുസവും മഞ്ഞുപോലെ വെളുത്തതുമായ ആ ശരീരത്തില്‍ ഒരു കളങ്കം പോലും വീഴില്ല… എങ്കിലും അവള്‍ മരിച്ചേ തീരൂ…അല്ലെന്നാകില്‍ അവളിനിയും കൂടുതല്‍ പുരുഷന്‍മാരെ വഞ്ചിക്കും)

(2) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് മുമ്പ് അനിയന്ത്രിതമായ കോപവും അഗാധമായ സങ്കടവുംകൊണ്ട് ചിത്തഭ്രമം പിടിപെട്ട ഒഥല്ലോ പറയുന്ന വാക്കുകളാണിവ. സുന്ദരിയും നിഷ്‌കളങ്കയുമായ ഭാര്യയെ എന്തുകൊണ്ട് കൊല്ലണം എന്നതു സംബന്ധിച്ച വൈകാരികയുക്തിയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ഇവിടെ, ഷേക്‌സ്പിയര്‍ ‘it is the cause’ എന്ന വാക്ക് മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുന്നത് കേവലമായ ആവര്‍ത്തനമല്ലെന്ന് സൂക്ഷ്മ പരിശോധനയില്‍ മനസ്സിലാകും. It is not a mere repetition. വെറുതെ അങ്ങ് പറഞ്ഞുപോകുകയല്ല. മൂന്ന് വ്യത്യസ്ത കാര്യങ്ങളാണ് ഒഥല്ലെയെകൊണ്ട് കൊണ്ട് നാടകകൃത്ത് പറഞ്ഞുവെക്കുന്നത്.

(3) ആദ്യ തവണ, it is the cause എന്നു പറയുമ്പോള്‍ ഒഥല്ലോ പറയുന്ന അടുത്ത വാചകം my soul എന്നാണ്. അതായത് ചെയ്യാന്‍ പോകുന്ന ഹീനകൃത്യത്തിന്റെ കാരണം താന്‍ തന്നെയാണ് എന്നയാള്‍ തിരിച്ചറിയുന്നു. അതൊരുതരം കുറ്റസമ്മതമാണ്. രണ്ടാമത്തെ വാചകത്തിന് ശേഷം വരുന്ന ‘you chaste stars’ എന്ന സംബോധന മറ്റൊരു ന്യായീകരണമാണ്. പരിശുദ്ധ നക്ഷത്രങ്ങളെ നിങ്ങളുടെ പേരെടുത്ത് ഞാന്‍ പറയുന്നില്ല എന്നാണ് അയാള്‍ ഓര്‍മ്മപെടുത്തുന്നത്. മനുഷ്യന്റെ ജീവിതവ്യാപാരങ്ങള്‍ നിയന്ത്രിക്കുന്നത് ആകാശത്തെ താരങ്ങളാണെന്ന ജനകീയ അന്ധവിശ്വാസത്തിന്റെ തണലില്‍ താന്‍ നടത്താന്‍ പോകുന്ന ക്രൂരതയ്ക്ക് ന്യായം ചമയ്ക്കുകയാണ് ഒഥല്ലോ. നക്ഷത്രങ്ങള്‍ വിധി തീരുമാനിച്ചിരിക്കുന്നു. താനവരുടെ കയ്യിലെ കളിപ്പാവ മാത്രം, വെല്ലുവിളിക്കാന്‍ തനിക്കാവില്ല. അതുകൊണ്ട് കൊലപാതകം നടന്നേതീരൂ.

(4) മൂന്നാമത്തെ it is the cause ന് ശേഷം വരുന്ന വാചകം Yet I’ll not shed her blood എന്നാണ്. ഞാനവളുടെ രക്തം ചൊരിയില്ല എന്നു പറയുന്നതിലൂടെ മൂന്നാമത്തെ കാരണം ഡെസ്ഡമോണ തന്നെയാണ് എന്ന് ഒഥല്ലോ വാദിക്കുന്നു. അവളാണ് തന്നെ വഞ്ചിച്ചത്…ഞാനല്ല,..അവളാണ് തെറ്റുകാരി. ഞാനവളെ അഗാധമായി സ്‌നേഹിച്ചിരുന്നു, എന്നിട്ടും അവള്‍ വഞ്ചിച്ചു, പിന്നെ ഞാനങ്ങനെ കൊല്ലാതിരിക്കും, എങ്കിലും അവളുടെ മനോഹരമായ ശരീരം രക്തത്തില്‍ കുളിക്കുന്നത് എനിക്കിഷ്ടമല്ല….

(5) കൊലപാതകത്തിലേക്ക് നയിക്കുന്നു മൂന്ന് കാരണങ്ങള്‍ ഒഥല്ലോ അവതരിപ്പിക്കുന്നു-താന്‍, വിധി നിര്‍ണ്ണിയിക്കുന്ന നക്ഷത്രങ്ങള്‍, കൊല്ലപെടാന്‍ പോകുന്ന ഭാര്യ. ഏക കാരണമില്ല. പക്ഷെ ഈ മൂന്ന് കാരണങ്ങളും ഒരുപോലെ സാധുവല്ല. It is the cause എന്ന് ഒരുപ്രാവശ്യം പറയേണ്ട കാര്യമേ ഉള്ളൂ. ഉത്തരവാദി ഒഥല്ലോ തന്നെ. ബാക്കി കാരണങ്ങള്‍ പ്രസക്തമല്ല.മറിച്ചായാല്‍ ആരെയും കുറ്റവാളിയായി കാണാനാവില്ല. വളരെ മികച്ച ഒരു കാപ്‌സ്യൂള്‍ തന്നെ ഷേക്‌സ്പിയര്‍ ഒഥല്ലോയ്ക്ക് കൈമാറി. ഒരു വാചകത്തിന്റെ സര്‍ഗ്ഗാത്മകമായ ആവര്‍ത്തനത്തിലൂടെ ഷേക്‌സ്പിയര്‍ നടത്തുന്ന സംവാദം ‘നാടാകാന്തം കവിത്വം’എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നു. ഇത് കലാകാരന്റെ സര്‍ഗ്ഗശേഷിയുടെ ഉദാത്തമായ മാതൃകയാണ്. യഥാര്‍ത്ഥ ലോകത്ത് സമാനമായ ന്യായീകരണങ്ങള്‍ ദുരന്തം തന്നെയായിരിക്കും. പക്ഷെ ഷേക്‌സ്പിയറുടെ ദുരന്തനാടകങ്ങളും അത്തരം ദുരന്തങ്ങളുമായുള്ള അകലം പ്രകാശവര്‍ഷങ്ങളില്‍ തിട്ടപെടുത്തേണ്ടിവരും.