മതരാഹിത്യവും ജാതിരാഹിത്യവും സ്ഥാപനവല്‍ക്കരിച്ചാല്‍ രാജ്യത്ത് ആ ഗ്രൂപ്പിലേക്കും വലിയ ഒഴുക്കുണ്ടാകും

0
77

രവിചന്ദ്രൻ സി എഴുതുന്നു

CASTE PORTABILITY

മതരാഹിത്യവും(non religious) ജാതിരാഹിത്യവും (castlessness) സ്ഥാപനവല്‍ക്കരിച്ചാല്‍(institutionalize) രാജ്യത്ത് ആ ഗ്രൂപ്പിലേക്ക് വലിയ ഒഴുക്കുണ്ടാകും. സമ്മര്‍ദ്ദ ഗ്രൂപ്പായി അത് മാറും. ഇപ്പോള്‍തന്നെ, ജാതിരാഹിത്യം (NIL) ക്ലെയിം ചെയ്യുന്ന എല്ലാവര്‍ക്കും 10%-EWS സംവരണം നല്‍കും എന്ന നിയമം വന്നാല്‍ NIL ടീമിലേക്ക് പലരും എത്തിച്ചേരും. ആദ്യമൊന്നും അധികംപേരുണ്ടാവില്ല. പക്ഷെ ക്രമേണ ആ സംഖ്യ വര്‍ദ്ധിക്കും. ജാതിമത ശക്തികള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നതിനാല്‍ അത്തരമൊരു നടപടിക്ക് സര്‍ക്കാരുകളോ രാഷ്ട്രീയകക്ഷികളോ തയ്യാറാവില്ല. കാരണം അവരുടെ വിലപേശല്‍ ശക്തിയും അധികാരസാധ്യതയും അവിടെ കാര്യമായി ദുര്‍ബലപ്പെടും. പണ്ട്‌ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠം പഠിപ്പിക്കാന്‍ അനുവദിക്കാത്തതിന്റെ കാരണവു മറ്റൊന്നല്ല. മതത്തില്‍നിന്നും ജാതിയില്‍ നിന്നും പുറത്തുപോകുന്നവര്‍ അന്യാധീനപെടും എന്നൊരു പ്രതീതി നിലനില്‍ക്കേണ്ടത് ജാതി-മത മേലാളന്‍മാരുടെ ആവശ്യമാണ്. അതാണ് മരിച്ചാല്‍ എവിടെ അടക്കും? എങ്ങനെ കല്യാണം കഴിക്കും? സംവരണം പോകില്ലേ? എന്നൊക്കെ ചോദിച്ച് അവര്‍ സദാ മനുഷ്യരെ വിരട്ടുന്നത്. ജാതിമാറാന്‍ പറ്റില്ല, മാറിയാലും പോകില്ല എന്നൊക്കെയുള്ള നുണകള്‍ പറഞ്ഞ് തിമിര്‍ത്താടുന്നവര്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി മരിക്കാനും തയ്യാറായേക്കും.

Caste portability with all associated benefits അനുവദിക്കട്ടെ, അപ്പോള്‍ കാണാം പൂരം! ജാതിനേട്ടങ്ങള്‍ മാത്രമല്ല അതിനോട് ബന്ധപെട്ട ദോഷങ്ങളും ഉണ്ടാകുമെന്ന് പറയുക. അപ്പോഴും ജാതിമാറാനും ജാതി ഉപേക്ഷിക്കാനും ആളുകള്‍ ഏറെയുണ്ടാവും. മതംമാറിയാല്‍ മരണംശമ്പളം എന്നു പറയുന്നതിന്റെ ചില മുദ്രാവാക്യ വകഭേദങ്ങള്‍ ഉയര്‍ത്തിയാണ് ഇവിടെ ജാതിരാഷ്ട്രീയക്കാര്‍ ‘ജാതിഅതിര്‍ത്തികള്‍’ കാക്കുന്നത്.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ക്ക് പട്ടികജാതി(SC) സംവരണം കൊടുക്കുന്നതിനെ എതിര്‍ക്കുന്നവരാണ് പട്ടികജാതിക്കാര്‍. ഇവിടെ, സംവരണസാഹിത്യം അനുസരിച്ച് നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തല്‍ നേരിടുന്നവരാണ് രണ്ടുകൂട്ടരും. ജാതി മാറാന്‍ പറ്റില്ലെന്ന് വാദിക്കുന്ന ജാതിരാഷ്ട്രീയക്കാരന്‍ അതേ നാവ് കൊണ്ട് മതംമാറിയാല്‍ ജാതിപോയി വേറെ മനുഷ്യരാകുമെന്നു വാദിച്ചുകളയും! ജാതി പ്രപഞ്ചസത്യമാണ് എന്ന് അലമുറയിടുന്ന അതേ ജാതിരാഷ്ട്രീയക്കാരന്‍തന്നെ അംബേദ്കറുടെ ‘ജാതിനിര്‍മൂലനം’ എന്ന പുസ്തകം വായിച്ചുനോക്കൂ എന്ന് ചന്തത്തിന് തമാശ പറയും! പട്ടികജാതി വിഭാഗത്തിലേക്ക് ഏതെങ്കിലും ജാതിയെ പുതിയതായി ചേര്‍ക്കുന്നതും അവര്‍ ഇഷ്ടപെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതവരുടെ സംവരണ ക്വാട്ടയെ നേര്‍പ്പിക്കും എന്നാണ് വാദം. സോകോള്‍ഡ് മുന്നാക്ക ജാതിയിലുള്ളവര്‍ സംവരണജാതികളിലേക്ക് മാറുന്നത് സംവരണം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനാണ് എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷെ പട്ടികജാതികളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് ചേക്കേറിയവരുടെ കാര്യത്തില്‍ ആ വാദവും നിലനില്‍ക്കില്ല. ഫലത്തില്‍ ഔട്ട് ഗോയിംഗും ഇന്‍കമിംഗും ബാന്‍ ചെയ്തിരിക്കുകയാണ്. ഇതൊക്കെ തന്നെയാണ് എല്ലാ ജാതിക്കാരുടെയും രാഷ്ട്രീയ നിലപാടുകള്‍. ജാതി മാറിയാലും പോകില്ല എന്നൊക്കെ വെച്ചുകീറുന്നതിന്റെ ഗുട്ടന്‍സ് ഈ തണുത്ത വസ്തുതകളില്‍ മയങ്ങിക്കിടക്കുന്നു😊