വാക്‌സിനേഷന്‍ പടരണം

0
56

വാക്‌സിനേഷന്‍ പടരണം
(Ravichandran C)

(1) കുറെ ദിവസങ്ങളായി ലോക്ക് ഡൗണിലാണ്. സമ്പൂര്‍ണ്ണവും പരിമിതവും തമ്മിലുള്ള വ്യത്യാസം അറിയാനാവുന്നില്ല. മേയ് 16 വരെയാണ് നിലവില്‍ സമ്പൂര്‍ണ്ണ Lock down പറഞ്ഞിട്ടുള്ളത്. മേയ് 16 ന് അത്ഭുതമൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. സ്വാഭാവികമായും നിയന്ത്രണങ്ങള്‍ നീണ്ടേക്കും. പിന്നെ അണ്‍ലോക്ക് ചെയ്യാനുള്ള മുറവിളിയും പ്രയാസങ്ങളും വരും. കഴിഞ്ഞ 2020 മാര്‍ച്ച് 22 ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങുമ്പോള്‍ covid കേസുകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. 60 ദിവസം ലോക്ക് ഡൗണ്‍. ലോക്ക് ഡൗണ്‍ മധ്യത്തില്‍ വ്യാപനം രൂക്ഷമായി. കേസുകള്‍ പെരുകി വരവെ പ്രയാസപെട്ട് രാജ്യം അണ്‍ലോക്ക് ചെയ്തു. തുടര്‍മാസങ്ങളിലും സ്ഥിതി തുടര്‍ന്നു.

(2) രോഗവ്യാപനത്തിന് മുമ്പുള്ള മുന്‍കരുതല്‍ ലോക്ക് ഡൗണും രോഗപ്രസരണം വ്യാപകമായ ശേഷമുള്ള ലോക്ക് ഡൗണും തമ്മില്‍ വ്യത്യാസമുണ്ട്. 2021 ജനുവരി നാലാം വാരത്തില്‍ കേരളത്തിലെ ദിനംപ്രതിയുള്ള പുതിയ കേസുകളുടെ എണ്ണം15K കടന്നു. ഒരു സമയത്ത് രാജ്യത്തെ മൊത്തം പുതിയ കേസുകളുടെ 47 % കേരളത്തിലായിരുന്നു. ലോക്ക് ഡൗണൊന്നും ഏര്‍പ്പെടുത്തിയില്ല. കേസുകളുടെ എണ്ണം ക്രമേണ കുറഞ്ഞു. ജനുവരി-ഫെബ്രുവരി കോവിഡിനെതിരെ രാജ്യം വിജയംനേടിയെന്ന പ്രതീതി പരന്നു. കേരളത്തില്‍ 2020 നവമ്പറില്‍ പഞ്ചായത്ത് ഇലക്ഷന്‍- നിയമസഭാ തിരഞ്ഞെടുപ്പ് 2021 ഏപ്രില്‍ 6 ന്. അന്ന് ആക്റ്റീവ് കേസ് 35K. മേയ് അഞ്ചിന് മൂന്നര ലക്ഷം! തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു.

(3) വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. ആളുകളെല്ലാം വീട്ടില്‍. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25% ന് മുകളിലാണെങ്കില്‍ വൈറസ് വീടുകളില്‍ തന്നെയുണ്ട്. റാന്‍ഡം ടെസ്റ്റിലെ പോസിറ്റിവിറ്റി നിരക്ക് അതാണ് സൂചിപ്പിക്കുന്നത്. ഒന്നരലക്ഷംപേരെ ടെസ്റ്റ് ചെയ്താല്‍ നാല്‍പ്പതിനായിരത്തിലധികം രോഗികള്‍! ടെസ്റ്റുകളുടെ എണ്ണം കൂടിയാല്‍ രോഗികളുടെ എണ്ണവും കൂടും. നാല്‍പ്പതിനായിരം എന്നത്‌ എഴുപതിനായിരവും എണ്‍പതിനായിരവും ആകാം. ഈ നിരക്കനുസരിച്ച് പതിനഞ്ച് ലക്ഷം മലയാളികളെ ടെസ്റ്റ് ചെയ്താല്‍ 2-3 ലക്ഷം കോവിഡ് രോഗികള്‍ക്ക് സാധ്യതയുണ്ട്. രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്താലും വലിയൊരു മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം കോവിഡ് 19 ഭൂരിപക്ഷംപേരിലും പറയത്തക്ക ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നില്ല.

(4) അമേരിക്കയില്‍ 33 കോടി ജനങ്ങളുണ്ടെങ്കില്‍ അതിന്റെ രണ്ടര ഇരട്ടി ടെസ്റ്റുകള്‍ നടത്തി കഴിഞ്ഞു. സാര്‍വത്രിക വാക്‌സിനേഷന്‍ വന്നതോടെ അവിടെ കേസുകള്‍ കുറഞ്ഞു. ഇന്ത്യയില്‍ നിലവിലുള്ള സ്ഥിതി ഏതാനും ആഴ്ചകള്‍ തുടരും. ശേഷം വീണ്ടും രോഗവ്യാപനം കുറയും. അതുവരെ ലോക്ക് ഡൗണ്‍ നീണ്ടാല്‍ പരിക്കുകള്‍ കൂടുതല്‍ ഏല്‍ക്കേണ്ടിവരും. ഇനി ചിന്തിക്കാനുള്ളത് മൂന്നാംതരംഗത്തെ കുറിച്ചാണ്. Are We prepared?

(5) സാമ്പത്തിസ്ഥിതി മെച്ചപെട്ടവര്‍ക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പാല്‍പ്പായസമാണ്. Stay home, stay safe. ഓണ്‍ലൈന്‍ ജോലി ചെയ്യാം, ശമ്പളം വാങ്ങി വീട്ടിലിരുന്ന് എഴുതി മറിക്കാം, ചിന്തിക്കാം, തിന്നുതീര്‍ക്കാം. നിസ്വരും താഴെക്കിടയില്‍ ഉള്ളവരും നരകിക്കും., മുദ്രാവാക്യങ്ങള്‍ പുഴുങ്ങി ജീവിക്കാനാവാത്തതില്‍ കുണ്ഠിതപെടും. പക്ഷെ തീരുമാനങ്ങള്‍ എടുക്കുന്നവരില്‍ അത്തരക്കാരുടെ ശബ്ദം പ്രതിനിധീകരിക്കപെടുന്നില്ല. പൊതുചിത്രം നോക്കിയാല്‍ ഇന്ത്യയുടെ ജനപെരുപ്പവും സങ്കീര്‍ണ്ണതകളും പരിഗണിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ നമുക്ക് എത്രമാത്രം സഹായകരമായിരിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

(6) അടിച്ചിട്ടാല്‍ രോഗം തീരുമെന്ന് കരുതേണ്ടതില്ല. ലോക്ക് ഡൗണ്‍ രോഗവ്യാപന നിരക്കിനെ ചെറിയതോതില്‍ തടഞ്ഞേക്കാം. ശാരീരിക അകലം പാലിച്ചാല്‍ അങ്ങനെ സംഭവിക്കും. പക്ഷെ അതൊരു പരിഹാരമാണ് എന്നത് ഇനിയും തെളിയിക്കപെടേണ്ട കാര്യമാണ്. സമൂഹം ലോക്ക് ഡൗണിന് കൊടുക്കേണ്ടി വരുന്ന വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ അതുമൂലം കിട്ടാനിടയുള്ള നേട്ടം തൃപ്തികരമല്ല. നിയന്ത്രിതമായ അടച്ചിടലും അടിസ്ഥാന മേഖലകളുടെ പ്രവര്‍ത്തനവുമാണ് അഭികാമ്യമായ ദീര്‍ഘകാല മോഡല്‍. ലോകമെമ്പാടും ഭരണാധികാരികള്‍ക്ക് വേറെ വഴിയില്ല. ഏറെക്കാലം എല്ലാം അടച്ചിട്ട് നോക്കി എന്നിട്ടും രക്ഷയില്ല എന്നെങ്കിലും പറയാന്‍ തങ്ങള്‍ക്ക് സാധിക്കണം എന്നവര്‍ ചിന്തിക്കും.

(7) രോഗപ്രതിരോധം (vaccination) ഊര്‍ജ്ജിതമാക്കുക, പ്രതിരോധ-ആശുപത്രി സംവിധാനങ്ങള്‍ മെച്ചപെടുത്തുക-ഇവ രണ്ടുമാണ് നമുക്ക് അടിയന്തരമായി മെച്ചപെടുത്താനുള്ള കാര്യങ്ങള്‍. മൂന്നാം തരംഗം വരുന്നതിന് മുമ്പ് സമ്പൂര്‍ണ്ണ വാക്‌സിനേഷനാണ്(universal vaccination) പ്രതിവിധി. അത് പെട്ടെന്ന് നടക്കണം. നിരവധി ചാനലുകളിലൂടെ മുന്നേറണം. ഇപ്പോള്‍ രാജ്യത്ത് വിതരണംചെയ്യുന്ന രണ്ട് വാക്‌സിനുകള്‍(കോവിഷീല്‍ഡ്, കോവാക്‌സിന്‍) ഉദ്പാദിപ്പിക്കുന്ന കമ്പനികളുടെ നിലവിലുള്ള പരമാവധി ഉദ്പാദനശേഷി പ്രയോജനപെടുത്തിയാല്‍പോലും(മാസം 9 കോടി ഡോസുകള്‍) കുറഞ്ഞത് രണ്ട്-രണ്ടര വര്‍ഷമെങ്കിലും വേണം 138 കോടിക്കും രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍.We have contractual obligations too. അതുവരെ നിരന്തരം ലോക്ഡൗണും അണ്‍ലോക്കിംഗുമായി മുന്നോട്ടുപോകുന്നത് എത്രമാത്രം സഹനീയമാണ്? ലോകത്ത് ഫലപ്രദമെന്ന് കണ്ട എല്ലാ വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ വിതരണാനുമതി നല്‍കണം. OTT യും വൈഡ് റിലീസിംഗും നടത്തുമ്പോള്‍ ചിത്രം കൂടുതല്‍ പേര്‍ കാണും. അതുപോലെ വിവിധയിനം വാക്‌സിനുകള്‍ വ്യത്യസ്ത ചാനലുകളിലൂടെ പെട്ടെന്ന് വിതരണം ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം.

(😎 സൗജന്യ വാക്‌സിന്‍ വേണ്ടവര്‍ക്ക് അങ്ങനെ. പണംകൊടുത്ത് വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് അങ്ങനെ. വാക്‌സിന്‍ ലഭ്യമാണോ, വാക്‌സിനേഷന്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനാവുമോ എന്നിവയാണ് ഇപ്പോള്‍ പ്രസക്തമായ ചോദ്യങ്ങള്‍. നമ്മുടെ വാക്‌സിനേഷന്‍ പല കാരണങ്ങളാല്‍ സമാനതകളില്ലാത്തതാണ്. 138 കോടിക്കാണ് കുത്തിവെപ്പ് നല്‍കേണ്ടത്. യു.കെ ജനസംഖ്യയുടെ 20 ഇരട്ടിയില്‍ അധികമാണിത്. ഏകജാലക സംവിധാനം തിരക്കും വെപ്രാളവും നീണ്ട കാത്തിരിപ്പും വാക്‌സിന്‍ ദൗര്‍ലഭ്യവും ഉണ്ടാക്കും എന്നു തെളിഞ്ഞു കഴിഞ്ഞു. വിവിധ വാക്‌സിനുകള്‍-വിവിധ ചാനലുകള്‍-എത്രയുംപെട്ടെന്ന് വാക്‌സിനേഷന്‍. അതായിരിക്കണം മുന്‍ഗണന നല്‍കേണ്ട കാര്യം. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ വാക്‌സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ച പോസ്റ്റിലെ കോലാഹലം കാണുക. നിങ്ങള്‍ക്കെങ്ങനെ കിട്ടി എന്നൊക്കെയാണ് ചോദ്യം. വാക്‌സിന്‍ വഴികളെല്ലാം തുറന്നിടുക, എല്ലാ വാക്‌സിനുകളും, എല്ലാ വഴികളും. As much as we can, as far as we can.