ഒരു വ്യക്തി/പ്രതി കുറ്റസമ്മതം നടത്തുന്നത് എന്തു കൊണ്ടായിരിക്കും? അതുകൊണ്ടു ശിക്ഷിക്കാമോ ?

0
286

 

 

 

(ഈ ലേഖനത്തിനു കാരണമായ വാർത്തയുടെ ഹെഡിങ് ആണ് മുകളിൽ)

തെളിവും കുറ്റസമ്മതവും
(Ravichandran C)

(1) ഒരു വ്യക്തി/പ്രതി കുറ്റസമ്മതം നടത്തുന്നത് എന്തു കൊണ്ടായിരിക്കും? ഉത്തരം-കുറ്റസമ്മതം നടത്തുന്നതാണ് തനിക്ക് നല്ലതെന്ന് ബോധ്യപെടുമ്പോള്‍. അതിന് കാരണങ്ങള്‍ പലതാവാം. ചിലപ്പോള്‍ അന്വേഷണ ഏജന്‍സിയുടെ പീഡനം ഭയന്നിട്ടാവാം. അല്ലെങ്കില്‍ ബ്ലാക്ക് മെയിലിംഗ്. അതുമല്ലെങ്കില്‍ ബന്ധുക്കളെയോ മക്കളെയോ ഉപദ്രവിക്കുമെന്ന ഭീഷണി. മറ്റൊരു കൂട്ടര്‍ ആത്മവിശ്വാസത്തോടെ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തുന്നത് കേസ് തന്നെ അട്ടിമറിക്കാനാണ്. കുറ്റസമ്മതത്തിന്റെ നൂലില്‍ പിടിച്ച് മുന്നോട്ടുപോകുന്ന പ്രോസിക്യൂഷന്‍ തെറ്റായ വിശദാംശങ്ങളും കെട്ടിച്ചമച്ച തെളിവുകളുമായി കോടതിയിലെത്തും. പോലീസിന് കൊടുത്ത മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നോ ബലപ്രയോഗത്തിലൂടെയാണ് കുറ്റസമ്മതം എഴുതിവാങ്ങിയതെന്നോ പ്രതി പറഞ്ഞാല്‍ പ്രോസിക്ക്യൂഷന് തിരിച്ചടിയാവും.

(2) ഇനി പ്രതി കുറ്റസമ്മതത്തില്‍ ഉറച്ചുനില്‍ക്കുകയും പ്രതി പറഞ്ഞ കഥ് വിശ്വസിച്ച് പോലീസ് മുന്നോട്ടുപോകുകയും ചെയ്താല്‍ കേസ് വിസ്താരത്തില്‍ പ്രോസിക്യൂഷന്‍ഭാഗം ദുര്‍ബലപ്പെടാന്‍ സാധ്യത ഏറെയാണ്. പ്രതി പോലീസിന് വില്‍ക്കുന്ന കഥ എങ്ങനെ പരാജയപെടുത്തണം എന്ന് പ്രതിഭാഗത്തിന് നല്ല ധാരണയുണ്ടാവും. ചുരുക്കത്തില്‍ പ്രതിയെ വിശ്വസിക്കാത്ത പ്രോസിക്യൂഷനും ഇവരെ രണ്ടുപേരെയും സംശയിക്കുകയും തെളിവിനായി നിരന്തരം ആവശ്യമുന്നയിക്കുകയും ചെയ്യുന്ന കോടതിയാണ് നിയമവ്യവസ്ഥയുടെ കരുത്ത്.

(3) ചിലര്‍ വേണ്ടത്ര അറിവില്ലാതെ കുറ്റസമ്മതം നടത്താന്‍ സാധ്യതയുണ്ട്. താനാണ് കുറ്റം ചെയ്തത് എന്ന് പ്രതി കരുതുന്നുണ്ടാവാം, പക്ഷെ യാഥാര്‍ത്ഥ്യം അതാകണമെന്നില്ല. പ്രതിയുടെ മാനസികനില, വൈകാരിക ഭദ്രത എന്നിവയൊക്കെ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. മറ്റ് ചിലരാകട്ടെ മന:പൂര്‍വം മറ്റുള്ളവര്‍ ചെയ്ത കുറ്റം ഏറ്റെടുക്കും, കുറ്റസമ്മതം നടത്തും. വാടകപ്രതികള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. ഇനി ആത്മാര്‍ത്ഥമായി കുറ്റസമ്മതം നടത്തുകയും അതിലുറച്ചു നില്‍ക്കുകയും ചെയ്യുന്നവരില്‍ പലരും തങ്ങള്‍ നടത്തിയ കുറ്റസമ്മതത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടുണ്ടാവില്ല. Ignorance of law is not an excuse എന്നു പറയാമെങ്കിലും അറിവില്ലാതെ നടത്തുന്ന കുറ്റസമ്മതങ്ങള്‍ അങ്ങനെ കാണാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം കീഴ്‌കോടതികള്‍ക്ക് നല്‍കിയിരിക്കുന്നു.

(4) കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് അതെ എന്ന മറുപടി പറഞ്ഞതുകൊണ്ടു മാത്രം പ്രതിയെ ശിക്ഷിക്കരുതെന്നും വസ്തുതകള്‍ പരിശോധിച്ച് കുറ്റം ചെയ്‌തോയെന്ന് വിവേചനബുദ്ധിയോടെ തീരുമാനിക്കണമെന്നുമാണ് കേരള ഹൈക്കോടതി ജസ്റ്റീസ് വി.ജി അരുണ്‍ നിര്‍ദ്ദേശിക്കുന്നു. 2014ലെ സ്‌കൂള്‍ പ്രവേശന ഘോഷയാത്ര തടസപ്പെടുത്തിയ കേസില്‍ പ്രതിയായ മലപ്പുറം ആനക്കയം സ്വദേശി റസീന്‍ ബാബുവിനെ പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചതു റദ്ദാക്കിയാണ് ജസ്റ്റിസ് അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റസമ്മതം നടത്തിയെങ്കിലും പരിണിതഫലത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും കേസിനെ തുടര്‍ന്ന് ജോലി നിഷേധിക്കപെട്ടുവെന്നും കാണിച്ച് റസീന്‍ ബാബു ഹര്‍ജി കൊടുത്തിരുന്നു. This is indeed a commendable direction from the Hon’ HC.

(5) ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശപ്രകാരമുള്ള നടപടിക്രമം ശ്രദ്ധേയമാണ്. കുറ്റങ്ങള്‍ വ്യക്തമാക്കി കോടതി അവ ചുമത്തണം-കുറ്റങ്ങള്‍ പ്രതിയെ വായിച്ചു കേള്‍പ്പിച്ചു വിശദീകരിക്കണം-കുറ്റസമ്മതം ആരോപണങ്ങള്‍ മനസ്സിലാക്കി സ്വമേധയാ ഉള്ളതാണെന്ന് ഉറപ്പാക്കണം-കുറ്റസമ്മതം പ്രതിയുടെ വാക്കുകളില്‍ രേഖപെടുത്തണം-പലപ്പോഴും വാക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിയുടെ വായില്‍ തിരുകി കൊടുക്കാറുണ്ട്. വസ്തുതകള്‍ പരിശോധിച്ച് പ്രതി കുറ്റം ചെയ്‌തോ എന്ന് കോടതി വിവേചനബുദ്ധിയോടെ തീരുമാനിക്കണം-കുറ്റസമ്മതം കോടതിക്ക് സ്വീകാര്യമാണെങ്കില്‍ മാത്രമേ ശിക്ഷാനടപടികളിലേക്ക് കടക്കാവൂ. അതായത് പോലീസും പ്രതിയും കൂടി ഒത്തുകളിച്ചാല്‍പോലും കോടതി വസ്തുതകള്‍ക്കും തെളിവിനും പരമപ്രാധാന്യം നല്‍കണം. ചിലപ്പോള്‍ കേസിന്റെ ഗൗരവം കുറയ്ക്കുന്ന ഒരു കുറ്റസമ്മതം നല്‍കി വകുപ്പ് മാറ്റി പ്രതിയ്ക്ക് കുറഞ്ഞ ശിക്ഷ വാങ്ങികൊടുക്കാന്‍ ശ്രമം ഉണ്ടാകാറുണ്ട്. ഇതിനെതിരായ ജാഗ്രത അനിവാര്യമാണ്.

(6) നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് തെളിവ് അടിസ്ഥാനമാക്കിയാണ് എന്നതാണ് പൊതുവിശ്വാസം. പക്ഷെ ഇതൊരു കാല്‍പ്പനിക സങ്കല്‍പ്പമല്ലേ എന്നു സംശയിക്കാവുന്ന പല കാര്യങ്ങളും നമ്മുടെ മുന്നിലുണ്ട്. അത്തരം കാര്യങ്ങളിലേക്ക് ഒന്നും കടക്കുന്നില്ല. രോഗശമനം രോഗിക്കും ഡോക്ടര്‍ക്കും ഉപരിയായി വസ്തുതാപരമായി തെളിയിക്കപെടണം എന്ന പോലെ വാദിക്കും പ്രതിക്കും ഉപരിയായി കുറ്റകൃത്യം തെളിയക്കപെടണം. അതിന് വേണ്ടത് അനിഷേധ്യമായ തെളിവുകളാണ്. പലതലത്തിലുള്ള തെളിവുകള്‍. Let Evidence Lead! തെളിവ് അധിഷ്ഠിതമായ നിയമവ്യവസ്ഥ ആധുനിക നാഗരിക മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. കുറ്റസമ്മതത്തിനും സാക്ഷിമൊഴികള്‍ക്കും മത-രാഷ്ടീയ ഒത്തുതീര്‍പ്പുകള്‍ക്കും ഉപരിയായി നിരന്തരം വ്‌സ്തുതകള്‍ക്കും തെളിവുകള്‍ക്കും വേണ്ടി നിലവിളിക്കുന്ന കോടതികള്‍ സ്വാഗതാര്‍ഹമായ കാഴ്ചയാണ്. ഒരുപക്ഷെ നമ്മുടെ സമൂഹത്തില്‍ ഏറ്റവും കുറച്ച് പരിഷ്‌കരണം നടന്നിട്ടുള്ള മേഖലയാണ് നീതിന്യായ വ്യവസ്ഥ. അവിടെയുണ്ടാകുന്ന ചെറിയ പുരോഗമനനീക്കങ്ങള്‍ പോലും സമൂഹത്തിന് കനത്ത നേട്ടം സമ്മാനിക്കും.