ഗാന്ധിയുടെ ചെലവില്‍ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്ന നിഷ്കളങ്കർ

0
60

ഗാന്ധിയുടെ ചെലവില്‍
(Ravichandran C)

(1) കോവിഡ് 19 തിമിര്‍ക്കുമ്പോള്‍ രാജ്യം വാക്‌സിന് വേണ്ടി നിലവിളിക്കുമ്പോള്‍ വാക്‌സിനേഷനെതിരെ പ്രചരണം നടത്തിയാല്‍ കുറ്റകരമായി പരിഗണിക്കുമെന്നുറപ്പുള്ളത് കൊണ്ട് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ പരിചയായി ഉപയോഗിച്ച് വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്ന മിടുക്കന്‍മാരെ തട്ടി നടക്കാനാവാത്ത അവസ്ഥയാണ്. ഗാന്ധിജി വാക്‌സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍ എന്നുവരെ ചോദിക്കുന്ന നിഷ്‌കളങ്കര്‍ കുതിച്ചുയരുന്ന മരണസംഖ്യകളെയും TPR നിരക്കുകളെയും നോക്കി പല്ലിളിച്ച് കാണിക്കുന്നു! ഈ മഹാത്മാക്കളോട്‌ പറയാനുള്ളത് ഇത്രമാത്രം- ഗാന്ധിജി വാക്‌സിന്‍ വിരുദ്ധന്‍ മാത്രമായിരുന്നില്ല. അദ്ദേഹം എത്രമാത്രം മഹാനായ മനുഷ്യനായിരുന്നോ അത്രമാത്രം ‘മഹാനായ’ അന്ധവിശ്വാസിയും ശാസ്ത്രവിരുദ്ധനുമായിരുന്നു.

Opinion | How to Inoculate Against Anti-Vaxxers - The New York Times(2) 1929-31, സ്‌മോള്‍പോക്‌സ് ഗുജറാത്തില്‍ ആഞ്ഞടിക്കുന്ന കാലം. എല്ലാവരും വാക്‌സിന് പിറകെ. ഗാന്ധിജി പറഞ്ഞതും ചെയ്തതുമൊക്കെ ഡയറിയില്‍ രേഖപെടുത്തുന്ന രീതി സന്തത സഹചാരിയായ മഹാദേവ്ഭായി ദേശായിക്ക് ഉണ്ടായിരുന്നു. ഡയറിക്കുറിപ്പുകള്‍ എഴുതിക്കഴിഞ്ഞ ശേഷം ഗാന്ധിജി വായിച്ച് ഒപ്പിട്ടുകൊടുക്കുമായിരുന്നു.
May be an image of 1 person and text that says ""Vaccination is a barbarous practice and one of the most fatal of all the delusions current in our time. Conscientious objectors to vaccinations should stand alone, if need be, against the whole world, in defense of their conviction." -Mahatma Gandhi"സബര്‍മതി ആശ്രമത്തിലെ ഒരു പ്രാര്‍ത്ഥനായോഗത്തിനിടെ വാക്‌സിനേഷനെ കുറിച്ച് ഗാന്ധിജി പറഞ്ഞ പല അഭിപ്രായങ്ങളും ദേശായി ശേഖരിച്ച ഡയറിക്കുറിപ്പുകളിലുണ്ട്. അതിലൊരെണ്ണം ഇങ്ങനെ:
”വാക്‌സിന്‍ സ്വീകരിക്കുക എന്നത് വൃത്തികെട്ട കാര്യമാണ്. അതു സ്വീകരിക്കുന്നതുകൊണ്ട് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പശുവിന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമായ ഒരു പ്രവര്‍ത്തി ആയാണ് ഞാനതിനെ കാണുന്നത്. പക്ഷെ എന്റെ കുട്ടികള്‍ പോലും ഒന്നിനുപിറകെ ഒന്നായി മരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വന്തം ആദര്‍ശം വെടിഞ്ഞ്, വാക്‌സിന്‍ സ്വീകരിച്ചുകൊള്ളൂ എന്ന നിലപാട് ഞാന്‍ സ്വീകരിച്ചാല്‍ എന്റെ സത്യത്തിന് പിന്നെയെന്ത് വിലയാണുള്ളത്? എനിക്ക് ദൈവത്തിലുള്ള വിശ്വാസത്തിന് എന്തര്‍ത്ഥമാണുള്ളത്?” (“To take vaccination is a dirty act, there is extreme harm in taking it. I consider taking it equivalent to eating beef. But at a time when my own children are dying one after the other and if I change my principle and announce that there is no harm in taking vaccination, what value remains in my truth? What is the meaning of my faith in God? )

(3) മരണവും രോഗവ്യാധിയും വാക്‌സിനേഷന് വേണ്ടിയുള്ള സമ്മര്‍ദ്ദവുമൊക്കെ സഹിക്കാം, പക്ഷെ സ്വന്തം ആദര്‍ശം വെടിയുന്നതെങ്ങനെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്! ഒരു ശരാശരി അന്ധവിശ്വാസിയുടെ ശരാശരി മനോവിഭ്രാന്തിയാണിത്.
പ്രസ്താവത്തിന്റെ തുടര്‍ച്ച ഇങ്ങനെ: ”എന്റെ ആശ്രമം മുഴുവന്‍ ഭൂമുഖത്ത് നിന്ന്‌ നീക്കം ചെയ്യപെട്ടാലും ഗുരുതരമായ പിഴവുകള്‍ ചെയ്യുന്നുവെന്ന് തെളിയാത്തിടത്തോളം ഞാനെന്റെ മതവിശ്വാസം ചേര്‍ത്തുപിടിക്കും. സ്വന്തം കുട്ടികളെ നഷ്ടപെടാന്‍ ആരാണ് ആഗ്രഹിക്കുക? സ്വന്തം കുട്ടികളെ വാക്‌സിന് കൊടുത്ത് സുരക്ഷിതരാക്കാം എന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ തീരുമാനവുമായി മുന്നോട്ടുപോകാം. ഞാന്‍ എതിര്‍ക്കില്ല, വേണമെങ്കില്‍ വേണ്ട സൗകര്യങ്ങളും ഒരുക്കികൊടുക്കാം. പക്ഷെ എനിക്കെങ്ങനെ സ്വന്തം വിശ്വാസങ്ങള്‍ മാറ്റാനാകും? വാക്‌സിനേഷന്‍ ദൗത്യത്തെ എനിക്കെങ്ങനെ പിന്തുണയ്ക്കാനാവും?”
(‘Even if the whole Ashram is wiped out and so long as there is no evidence of substantive mistake, it is my religion to adhere to it. Who would like to lose their own children? Those parents who feel safe in getting their children vaccinated may go ahead. I will not object at all and will also make arrangements, but how can I change my belief? How is it possible for me to provide encouragement in taking of vaccination?’’)

(4) യാഥാര്‍ത്ഥ്യങ്ങളുമായി കുട്ടിയിടിച്ചു തകര്‍ന്നാലും സ്വന്തം തക്കുടു അന്ധവിശ്വാസങ്ങള്‍ മാറോട് ചേര്‍ത്തുപിടിക്കാന്‍ ഏതൊരു അന്ധവിശ്വാസിയും ശ്രമിക്കും. ലഹരികള്‍ സ്വീകരിക്കാന്‍ എളുപ്പമാണ്, ഉപേക്ഷിക്കുക ഏറെ ദുഷ്‌കരവും. ഇന്ന് വാക്‌സിന്‍ വിരുദ്ധര്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു അഭിപ്രായം ഇങ്ങനെ പോകുന്നു:
”വാക്‌സിനേഷന്‍ ഒരു പ്രാകൃത ആചാരമാണ്. ഇക്കാലത്ത് പ്രചാരത്തിലുള്ള മരണകാരണമായേക്കാവുന്ന ഒരു വിഭ്രാന്തികൂടിയാണത്. മന:സാക്ഷിയുടെ വിളി അനുസരിച്ച് വാക്‌സിനേഷന്‍ നിരാകരിക്കുന്നവര്‍ സ്വന്തം കാലില്‍ നില്‍ക്കണം, ആവശ്യമുണ്ടെങ്കില്‍ ഈ ലോകം മുഴുവനും എതിര്‍ത്താലും സ്വന്തം ബോധ്യം സംരക്ഷിക്കാന്‍ അവര്‍ ഒറ്റയ്ക്ക് നില്‍ക്കണം”(A Guide to Helath (1921)by MK Gandhi, page 106-110)
എന്താ വാശി!?പിടിച്ചിടത്ത് തൂങ്ങിക്കിടക്കുകയാണ്‌!

(5) സമാനമായ വാക്‌സിന്‍ വിരുദ്ധ പ്രസ്താവങ്ങള്‍ വേറെയും ഗാന്ധിജി നടത്തിയിട്ടുണ്ട്. ആന്റിബയോട്ടിക്കുകള്‍ക്കെതിരെയും സര്‍ജറിക്കെതിരെയും ഗര്‍ഭഛിദ്രമാര്‍ഗ്ഗങ്ങള്‍ക്കെതിരെയും ഗാന്ധിജി ഇതേ രീതിയില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പണ്ഡിതന്‍ എന്നുറപ്പിച്ചു പറയാവുന്ന, ആഴത്തില്‍ ലോകവിവരം ഉള്ള വ്യക്തിയായിരുന്നു ഗാന്ധിജി. പക്ഷെ അദ്ദേഹത്തിന്റെ ‘ചിന്താരീതി’ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുരന്തമായി. ഇത്രയേറെ ജനങ്ങളെ ആകര്‍ഷിച്ച, ലോകംകണ്ട ഏറ്റവും വലിയ ജനനേതാവ് ശാസ്ത്രവിരുദ്ധനും അന്ധവിശ്വാസിയുമായപ്പോള്‍ അദ്ദേഹത്തിന്റെ കൂടി പ്രവര്‍ത്തനഫലമായുണ്ടായ ഒരു സമൂഹത്തില്‍ സര്‍വതിലും മതവും അന്ധവിശ്വാസങ്ങളും ശാസ്ത്രവിരുദ്ധതയും നിറഞ്ഞു തുളുമ്പി.

(6) തിരിച്ചു ചിന്തിച്ചാല്‍ തന്റെ സമൂഹത്തിന്റെ സൃഷ്ടിയാണ് ഗാന്ധി. ഗാന്ധിയെപ്പോലെ ഒരാള്‍ക്കെ ജനനേതാവ് എന്ന നിലയില്‍ അത്തരമൊരു വളര്‍ച്ച ഉണ്ടാകുമായിരുന്നുള്ളൂ. ഗാന്ധിയേയും നെഹ്രുവിനെയും താരതമ്യപെടുത്തിയാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. മതാത്മക രാഷ്ട്രീയം-തെളിവില്ലാത്ത വൈദ്യം-അന്ധവിശ്വാസങ്ങളില്‍ ആണ്ട സമൂഹം ഇവ മൂന്നും ഗാന്ധിജിയുടെകൂടി സംഭാവനകളാണ്. തിരിച്ചുപറഞ്ഞാല്‍ ഇവ മൂന്നുമാണ് ഗാന്ധിയെ സൃഷ്ടിച്ചത്. അന്ധവിശ്വാസങ്ങള്‍ താലോലിക്കുക, ശാസ്ത്രവിരുദ്ധതയും യുക്തിരാഹിത്യവും ആഭരണങ്ങളായി കൊണ്ടു നടക്കുക എന്നിവയൊക്കെ വളരെ നിസ്സാരമായ കുറ്റങ്ങള്‍ പോലും അല്ലെന്ന്‌ മാത്രമല്ല ‘അതൊക്കെ കുറച്ച് വേണം’ എന്ന് ചിന്തിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ് MK ഗാന്ധി.

(7) വിശ്രുതമായ ഒരു ജര്‍മ്മന്‍ മതസാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ നശിപ്പിക്കേണ്ടത് ഗാന്ധിയന്‍ ധാരണകളെയല്ല, ഗാന്ധിയന്‍ ധാരണകള്‍ നിര്‍മ്മിച്ച സാമൂഹിക സാഹചര്യങ്ങളെയാണ്. ചക്ക ഉപേക്ഷിച്ചത് കൊണ്ട് കാര്യമില്ല, പ്‌ളാവുകളെല്ലാം പിഴുത് മാറ്റണം. അതാണ് കൂടുതല്‍ എളുപ്പം. അതുവരെ ചക്ക അത്യാവശ്യത്തിന് ഭക്ഷിക്കാം. വാക്‌സിന്‍ വിരുദ്ധര്‍ അത് തിരിച്ചിട്ടു-അത്യാവശ്യം വാക്‌സിന്‍ സ്വീകരിക്കാം,പിന്നെ പതിവുപോലെ എതിര്‍പ്രചരണവും കൊഴുപ്പിക്കാം, തൊട്ടുകൂട്ടാനായി കുറച്ച് ഹോമിയോ കൃഷിയും.

(Ref-https://science.thewire.in/…/why-gandhi-refused-to…/)