ആരോഗ്യരംഗത്തും ഇനി മുഴങ്ങാന്‍ പോകുന്ന വിചിത്രമായ ചോദ്യം, ശാസ്ത്രീയചികിത്സ വേണോ സങ്കരംവേണോ?

0
53

Ravichandran C

സങ്കരസാഹസങ്ങള്‍

(1) കോവിഡ് കാലത്ത് രാജ്യമെമ്പാടും ഡോക്ടര്‍മാര്‍ ഇന്നലെ മെഡിക്കല്‍ ബന്ദ് നടത്തി. ചട്ടപ്പടി പണിമുടക്കായിരുന്നു. There boycotted regular OP services and elective surgeries from 6 am-6 pm. കേരളംപോലൊരു സംസ്ഥാനത്ത് ഇത് രോഗികളെ ദോഷകരമായി ബാധിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്ര ചികിത്സയോടൊപ്പം മറ്റ് ബദല്‍-പാരമ്പര്യ-കപട ചികിത്സകളെ കൂട്ടിക്കുഴയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയസമീപനമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തപെടുന്ന പ്രതിഷേധത്തിന്റെ പ്രധാന കാരണം. ആയുര്‍വേദ വൈദ്യന്‍മാരെസര്‍ജറി നടത്താന്‍ അനുവദിക്കണം എന്നാണ് പ്രസ്തുത നയത്തിലെ ഒരു വിചിത്രമായ നിര്‍ദ്ദേശം. പുതിയ ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ഇതിലും വിചിത്രമായ മറ്റുപല നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കപെട്ടിട്ടുണ്ട്. കാല്‍ക്കാശിന്റെ ശാസ്ത്രബോധമോ പുരോഗമനത്വരയോ ഇല്ലാത്ത ഭരണാധികാരികളില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുക വയ്യ. ഡോക്ടര്‍മാര്‍ മാത്രം പ്രതിഷേധിക്കേണ്ട കാര്യമാണോ ഇത്? തീര്‍ച്ചയായും അല്ല. എല്ലാ പൗരന്‍മാര്‍ക്കും ഇതിനെതിരെ പ്രതിഷേധിക്കാനുള്ള ഭരണഘടനപരമായ ബാധ്യതയുണ്ട്. സേച്ഛ്വാതിപത്യപരമായ ഇത്തരം തീരുമാനങ്ങള്‍ക്കതിരെ പ്രതികരിക്കണമെന്ന് രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും തോന്നുന്നില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ പൊതുയുക്തിരാഹിത്യം വിളിച്ചോതുന്നു.

(2) രാജ്യത്തെ ആരോഗ്യരംഗത്തെ ആകെമാനം നൂറ്റാണ്ടുകളോളം പിന്നോട്ടടിക്കാനും ഇന്ത്യന്‍ചികിത്സയെ ലോകത്തിന്റെ മുന്നില്‍ അപഹാസ്യമാക്കാനും മാത്രമേ ഇത്തരം സങ്കരസാഹസങ്ങള്‍ വഴിതെളിക്കും. വിദ്യാഭ്യാസത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ ആധുനികവൈദ്യശാസ്ത്രം വേണോ ബദല്‍ ചികിത്സ വേണോ എന്ന എന്ന കാര്യത്തില്‍ തീരുമാനമെടുത്ത് കൂടുതല്‍ അദ്ധ്വാനിച്ച് മെച്ചപെട്ട പ്രകടനം കാഴ്ചവെച്ച് ആധുനികവൈദ്യശാസ്ത്രത്തിലേക്ക് പോയവര്‍ ആരായി? മറ്റ് വൈദ്യകോഴ്‌സുകളിലേക്ക് പോയവര്‍ക്ക് ആധുനികവൈദ്യശാസ്ത്രത്തിലേക്ക് പാലംപണിതും നുഴഞ്ഞുകയറിയും എത്തിപെടാമെങ്കില്‍ ആദ്യംതന്നെ ഇത്തരം ശാഖാവല്‍ക്കരണം ആവശ്യമില്ല. ഏതു വഴിയില്‍പോയാലും അവസാനം അങ്ങെത്താമല്ലോ!

(3) അനുദിനം വീര്‍ത്തുവരുന്ന ജനകീയ സംവരണരാഷ്ട്രീയത്തിന്റെ മറ്റൊരു നാണംകെട്ട മുഖമാണിത്. മികവും മുന്‍പരിചയവും അപ്രസക്തമായ കാര്യങ്ങളാണ് എന്ന ഇന്ത്യന്‍ പൊതുബോധം തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിക്ക് കൂടെക്കൂടാമെങ്കില്‍ ഹോമിയോപ്പൊതിക്കാര്‍ക്കും ബ്രഹ്മാണ്ട സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? കീഴാള ചികിത്സ-മേലാള ചികിത്സ എന്നൊക്കെയുണ്ടെന്ന് വരുന്നത് എത്ര അപലപനീയമാണ്! മികവും മുന്‍പരിചയവുമൊന്നും വിഷയമല്ലെങ്കില്‍ എല്ലാത്തരം കപടചികിത്സകളെയും ആധുനികവൈദ്യവുമായി കൂട്ടികെട്ടാവുന്നതേയുള്ളൂ. ആയുര്‍വേദത്തിന് മാത്രം അനുമതി കൊടുത്താല്‍ ഭാവിയില്‍ മറ്റ് ബദല്‍ ടീമുകളും സമാനമായ ആവശ്യമുന്നയിക്കും എന്നുറപ്പാണ്. പെരുച്ചാഴിക്ക് വേണ്ടി വാതില്‍ തുറന്നിട്ടാല്‍ അതിലൂടെ ചുണ്ടെലിയും പാറ്റയുമൊക്കെ കയറിവരുന്നതിന് തടസ്സമില്ല. നിയമത്തില്‍ വെള്ളംചേര്‍ത്താല്‍ നിയമം വെള്ളമായിത്തീരും.

(4) ഇതിന്റെ മറുവശമായി എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദവും ഹോമിയോപ്പൊതിയും മുതല്‍ ഹിജാമ വരെ ചികിത്സിക്കാനുള്ള അവകാശവും ന്യായമായും കിട്ടേണ്ടതാണ്. പക്ഷെ അതാര്‍ക്ക് വേണം എന്നൊന്നും ചോദിക്കരുത്. അത്തരം സൗകര്യങ്ങള്‍ ആഗ്രഹിക്കുന്ന ആധുനികവൈദ്യന്‍മാരുമുണ്ട്! ആരോഗ്യരംഗം മുഴുവന്‍ മുറിവൈദ്യന്‍മാരെയും കപടചികിത്സകരെയുംകൊണ്ട് നിറയാന്‍ പോകുന്നു എന്നു സാരം. പണ്ട് ചില ഹോട്ടലില്‍ ചെല്ലുമ്പോള്‍ മീന്‍ ഉള്ള മീന്‍കറി വേണോ മീന്‍ ഇടാത്ത മീന്‍കറി വേണോ എന്ന് ചോദിക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. ഇതായിരിക്കും ആരോഗ്യരംഗത്തും ഇനി മുഴങ്ങാന്‍ പോകുന്ന വിചിത്രമായ ചോദ്യം: ശാസ്ത്രീയചികിത്സ വേണോ സങ്കരംവേണോ? സര്‍ജറിക്ക് ആയുര്‍വേദ ഡോക്ടര്‍ വേണോ, MBBS കാരന്‍ വേണോ? എന്താണ് വേണ്ടതെന്ന് റിസപ്ഷന്‍ കൗണ്ടറില്‍ തന്നെ ഫോറം പൂരിപ്പിച്ച് കൊടുക്കണം. സങ്കരത്തിന് ചാര്‍ജ് കുറവാക്കി അതിനെ കൂടുതല്‍ ജനകീയവുമാക്കാനും സാധ്യതയുണ്ട്. വില കുറയുന്നത് മൂല്യം കുറയുന്നു എന്നതിന്റെ പരോക്ഷ കുമ്പസാരം കൂടിയാണല്ലോ. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന അപഹാസ്യത മനസ്സിലാക്കാന്‍ സാമാന്യബുദ്ധി തന്നെ ധാരാളം. പക്ഷെ സാമാന്യബുദ്ധി അസാധാരണമാകുന്ന സമൂഹത്തില്‍ ഇതും ഇതിനപ്പുറവും നടക്കും.

(5) സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അല്ലെങ്കില്‍ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ നടക്കുന്ന ആചാരസമരങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഒന്നല്ല ഇപ്പോള്‍ നടക്കുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം. ആധുനികവൈദ്യശാസ്ത്ര സമൂഹത്തിന്റെ പൊതു ശാസ്ത്രബോധവും പൗരബോധവും ഈ പോരാട്ടത്തില്‍ പ്രതിഫലിക്കുന്നു. ആയുര്‍വേദം കൂടി നോക്കുന്നതില്‍ തെറ്റില്ല എന്നുകരുതുന്ന ഡോക്ടര്‍മാരും അക്കൂട്ടത്തില്‍ ഉണ്ട് എന്നത് മറക്കുന്നില്ല. ഭിന്ന ചികിത്സാരീതികളെ കൂട്ടിക്കുഴയ്ക്കുന്നത് അടിസ്ഥാനപരമായി തന്നെ അശാസ്ത്രീയവും യുക്തിരഹിതവുമാണ്. പണ്ട് സോവിയറ്റ് യൂണിയനില്‍ ജോസഫ് സ്റ്റാലിനെതിരെ ഉയര്‍ന്ന ഒരു ആരോപണം ചിമ്പന്‍സികളെയും മനുഷ്യരേയും കൂട്ടിയിണക്കി സങ്കരവര്‍ഗ്ഗത്തെ ഉണ്ടാക്കാനുള്ള ലാബോറട്ടറി പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. സ്റ്റാലിന്റെ ശാസ്ത്രവിരുദ്ധതയ്ക്ക് തെളിവായി ഉന്നയിക്കപെട്ട ഈ പ്രചരണത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും ഇത്തരം വിചിത്രമായ സങ്കരസങ്കല്‍പ്പങ്ങള്‍ ലോകമെമ്പാടും മനുഷ്യര്‍ താലോലിച്ചിരുന്നു എന്നതില്‍ തര്‍ക്കമില്ല.

(6) മനുഷ്യ-ചിമ്പന്‍സി സങ്കരം എത്രമാത്രം യുക്തിരഹിതവും വികൃതവുമാണോ അതുപോലെയാണ് തെളിവ് അധിഷ്ഠിതമായ ആധുനിക വൈദ്യശാസ്ത്രത്തെ അന്ധവിശ്വാസനിബിഡമായ ഏതെങ്കിലും പാരമ്പര്യ ചികിത്സാസമ്പ്രദായത്തെയും ബലപ്രയോഗത്തിലൂടെ കൂട്ടിയിണക്കുന്നത്. ഡോ സാമുവല്‍ ജോണ്‍സണ്‍ ഇംഗ്ലിഷ് മെറ്റാഫിസിക്കല്‍ കവികളെക്കുറിച്ച് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാകുന്നു :The most heterogeneous ideas are yoked by violence together!

(7) ആശുപത്രി സേവനങ്ങള്‍ക്ക് കാര്യമായ മുടക്കമില്ലാതെ റിഗ്രസീവായ നയങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്ന ഡോക്ടര്‍മാരെ പിന്തുണയ്‌ക്കേണ്ടത് ശാസ്ത്രബോധം കൈമോശം വന്നിട്ടില്ലാത്ത ഏതൊരു സമൂഹവും ചെയ്യേണ്ട കാര്യമാണ്. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിരോധം ഉണ്ടായാല്‍ രോഗികളെ കഷ്ടപെടുത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. ശാസ്ത്രബോധമില്ലാത്ത ഭരണകൂടങ്ങള്‍ സമൂഹത്തിന്് ആപത്താണ്. ചികിത്സാരംഗത്ത് ഇത് വളരെ നിര്‍ണ്ണായകമായ കാര്യമാണ്. ആയൂര്‍വേദ ഡിഗ്രിക്കാരെ സര്‍ജറി നടത്താന്‍ അനുവദിക്കുന്നത് രാഷ്ട്രീയക്കാരുടെ മറ്റൊരു പോപ്പുലിസമാണ്. എത്രപേര്‍ പ്രതിഷേധിക്കും എന്നവര്‍ക്ക് നന്നായറിയാം. സയന്‍സുമായി ബന്ധപെട്ട കാര്യങ്ങള്‍ തലയെണ്ണിയും വോട്ടിനിട്ടും തീരുമാനിക്കുന്നത് ആപല്‍ക്കരവും പരിഹാസ്യവുമാണ്. Science does not run by democratic preferences, It is an absolute dictatorship of evidence.

(8) ധാരാളം അശാസ്ത്രീയ സങ്കല്‍പ്പങ്ങള്‍ പേറുന്ന, പലപ്പോഴും യുക്തിരഹിതമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രാചീന ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം. അതാവശ്യമുള്ളവര്‍ പലരുമുണ്ടാവാം. വിപ്ലവരാഷ്ട്രീയക്കാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെയുള്ള നീണ്ട പട്ടിക അവിടെ ചൂണ്ടിക്കാട്ടാനാവും. കേരളത്തിലെയോ ഇന്ത്യയിലെയോ ഒരു രാഷ്ട്രീയപാര്‍ട്ടിയും മിക്‌സോപ്പതി എന്ന ഈ കൂട്ടിക്കുഴയ്ക്കലിനെതിരെ പ്രയാസപെടില്ല. ആയുര്‍വേദക്കാര്‍ കൂടി സര്‍ജറി ചെയ്താല്‍ എന്താണ് കുഴപ്പം? അവര്‍ എന്‍ട്രന്‍സ് പാസ്സായല്ലേ വരുന്നത്, പരിശീലിച്ചാല്‍ എന്തും സ്വായത്തമാക്കികൂടേ? MBBS-MD ഒക്കെ എടുക്കുന്നതിന് മുമ്പ് ആധുനിക വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളും ശസ്ത്രക്രിയയുടെ കാര്യത്തില്‍ അജ്ജരായിരുന്നില്ലേ? ആയുര്‍വേദക്കാരുടെ സിലബസ്സില്‍ സര്‍ജറിയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടേല്ലേ?…. എന്നൊക്കെയുള്ള ന്യായീകരണ ചോദ്യങ്ങള്‍ കേള്‍ക്കാനാവും. എന്‍ട്രന്‍സ് പാസ്സാകുന്നവര്‍ നേരിയ മാര്‍ക്ക് കുറവ് കാരണമോ താല്പര്യം മൂലമോ തിരിഞ്ഞെടുക്കുന്നതാണ് ആയുര്‍വേദംപോലുള്ള ബദല്‍-പാരമ്പര്യ ചികിത്സകള്‍. ഒരുപക്ഷെ അതിന്റെ ന്യൂനതകളും പ്രശ്‌നങ്ങളും അവര്‍ക്ക് അന്നറയാന്‍ സാധിക്കണമെന്നില്ല.

(9) ഹോമിയോപ്പതിയൊക്കെ തിരഞ്ഞെടുത്ത് എന്തോ പഠിക്കുന്നു-എന്തോ ചികിത്സിക്കുന്നു എന്ന ധാരണയില്‍ പെട്ട് ജീവിക്കുകയും നേരംവെളുക്കുമ്പോള്‍, സത്യമറിയുമ്പോള്‍ ഉള്ളുകൊണ്ട് തേങ്ങിപ്പോകുകയും ചെയ്യുന്നവര്‍ നിരവധിയാണ്. പഠിച്ചതിനെ പ്രതിരോധിക്കുക, ജീവിതമാര്‍ഗ്ഗം സംരക്ഷിക്കുക എന്നതില്‍ കവിഞ്ഞൊരു പ്രതിരോധതന്ത്രം സ്വീകരിക്കാന്‍ അവര്‍ക്കാവില്ല. മറ്റ് രീതിയില്‍ അതിജീവിക്കാം എന്ന ആത്മവിശ്വാസമുള്ളവര്‍ക്ക് മാത്രമേ അതില്‍ നിന്ന് പുറത്തുവരാനാവൂ. അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്. പക്ഷെ ഇതൊന്നും വസ്തുതകളെ നിഷേധിക്കാന്‍ പര്യാപ്തമല്ല. Facts won’t bend for you.

(10) കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതുപോലെ സര്‍ജറി ആയൂര്‍വേദക്കാര്‍ക്കും ചെയ്യാവുന്ന നിസ്സാരമായ കാര്യമാണെങ്കില്‍ എന്തിനാണ് MBBS-MS വിദ്യാര്‍ത്ഥികള്‍ പഠനകാലത്തുതന്നെ അതൊക്കെ പരിശീലിക്കണമെന്ന് നിബന്ധന വെക്കുന്നത്? അവര്‍ക്കും ഇത്തരം ഉടായിപ്പു സൗകര്യങ്ങളിലൂടെ പയറ്റുന്നതിനോടൊപ്പം പഠിക്കാവുന്നതല്ലേയുള്ളൂ? അവര്‍ മാത്രം എന്തിന് അധിക അദ്ധ്വാനം നടത്തണം? സര്‍വീസ് ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പ്രതിഷേധം തുടരുന്നതിന് ഒരു പരിധിയുണ്ട്. പൊതുസമൂഹം ഈ വിഷയം ഏറ്റെടുക്കണം. ശക്തമായ പ്രതിഷേധപ്രചരണങ്ങള്‍ വരണം. മറിച്ചായാല്‍ സ്വന്തം കാലില്‍ വെടിവെക്കുന്ന സമൂഹമായി നാം മാറുകയാണ്. ഭാവിക്ക് മുന്നില്‍ ഒരു കറുത്ത തിരശ്ശീല വീഴുകയാണ്.