പെട്രോളില്‍ എത്തനോള്‍ ചേർത്തുള്ള വില്പന വഞ്ചനയിലെ ചതി, ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാൽ 144 രൂപ നഷ്ടം

317

എണ്ണമയമില്ലാത്ത നികുതികള്‍
(Ravichandran C)

ഇന്നലത്തെ(6.2.21) AntiVirus ലൈവില്‍ (1.https://www.youtube.com/watch?v=SDBU-3mAJtk 2. https://www.youtube.com/watch?v=4JeMrBJAQ3k) നെറ്റ് കണക്ഷന്‍ ഇടയ്ക്ക് നഷ്ടപെട്ടതും ശബ്ദസംവിധാനത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളും ആശയഗ്രഹണത്തില്‍ തടസ്സം ഉണ്ടാക്കിയതായി പലരും പരാതിപെട്ടിരുന്നു. ലൈവില്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ ചുരുക്കത്തില്‍:

 1. ഇന്ത്യയില്‍ എണ്ണവില 2020 ജൂണ്‍-ജൂലെ മുതല്‍ കുതിക്കുകയാണ്. ലോക കമ്പോളത്തില്‍ ചില ഉദ്പാദനങ്ങള്‍ക്ക് (West Texas Intermediate) വില പൂജ്യത്തിലും താഴെപ്പോയി നെഗറ്റീവായി. നാം പ്രധാനമായും വാങ്ങുന്നതിന് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്ന ബ്രെന്റ് ക്രൂഡ്(Brent Crude Oil) വില 16 US ഡോളറിനും താഴപ്പോയപ്പോള്‍ ഇന്ത്യയില്‍ അതനുസരിച്ച് വില കുറഞ്ഞില്ലെന്ന് മാത്രമല്ല പിന്നീട് വില കൂടിയപ്പോള്‍(2021 June-July) ആ വര്‍ദ്ധനവിനെക്കാള്‍ വമ്പന്‍ വര്‍ദ്ധന ഉണ്ടാവുകയും ചെയ്തു. 83 രൂപയുടെ എണ്ണയ്ക്ക് (പെട്രോള്‍) കേന്ദ്ര-സംസ്ഥാന നികുതി 53 രൂപ! ലിറ്ററിന് 23-24 രൂപയുടെ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് മൂല്യവര്‍ദ്ധന വരുത്തി വില്‍ക്കുമ്പോള്‍ 165% നികുതി! ക്രൂഡ് ഓയില്‍ സൗജന്യമായി കിട്ടിയാലും കുറഞ്ഞത് 62 രൂപ കൊടുക്കാതെ ഒരു ലിറ്റര്‍ പെട്രോള്‍ ഇന്ത്യയില്‍ കിട്ടില്ല! 🙂 ഉയര്‍ന്ന വിലയുള്ള മദ്യം എന്ന ലഹരി പദാര്‍ത്ഥത്തിന് കേരളത്തിലെ പരമാവധി നികുതി 212% മാത്രം! മദ്യത്തിന്റെ ഏതാണ്ട് അതേ നിലവാരത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നികുതി!

(2) Central Govt പെട്രോളിന് മുകളില്‍ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടി 2014 ല്‍ 9.20 രൂപ. 2017 ല്‍ 21.48 രൂപ, 2021 ജനുവരി-32.98 രൂപ! ഡീസലിന്റെ കാര്യത്തിലാകട്ടെ Rs 3.46(2014)-17.33(2017)-31.38(2021)! സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന VAT രാജ്യമെമ്പാടും വ്യത്യസ്ത നിരക്കുകള്‍ കാണിക്കുന്നു. 18 ശതമാനം മുതല്‍ 39 ശതമാനത്തില്‍ അധികംവരെ(മുംബൈ). എങ്കിലും VAT ന്റെ ശരാശരി നിരക്ക് 20% of basic price(2014), 27%(2017), 30%(2021) എന്നിങ്ങനെയാണ്. Diesel ന്റെ കാര്യത്തില്‍ VAT നിരക്ക് 12.5%(2014)-16.75+csse(2017)-16.75+csse(2021) എന്നിങ്ങനെയാണ്. ഓക്സിജന്‍ കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് ആവശ്യമുള്ള വസ്തുവായി എണ്ണ നിലനില്‍ക്കുമ്പോഴാണ് ഈ അവസ്ഥ.

 1. മദ്യവും പെട്രോളിയം ഉത്പന്നങ്ങളും GST (Goods and Services Tax) യില്‍ ഉള്‍പെടുത്തണം എന്ന വാദം പൊതുവെ ഉന്നയിക്കപെടുന്നുണ്ട്. GST യില്‍ നികുതി നിരക്കിന്റെ 4 സ്ലാബുകളാണ് ഉള്ളത്: 5%-12%-18%-28% ഇതില്‍ ഏറ്റവും ഉയര്‍ന്ന 28% എണ്ണയ്ക്ക് ചമുത്തിയാല്‍പോലും 45 രൂപയ്ക്ക് പെട്രോള്‍ ലഭിക്കും. പക്ഷെ എണ്ണനികുതി GST യുടെ കീഴില്‍കൊണ്ടുവന്നാല്‍ സര്‍ക്കാരുകള്‍ക്ക് ‘നികുതി കൊള്ള’ സാധ്യമല്ല. ഇപ്പോള്‍ സ്ഥിരമായി എക്സൈസ് ഡ്യൂട്ടി കൂട്ടുന്നതുപോലെ ad hoc ആയി കൂട്ടാനുമാവില്ല. Fiscal കമ്മിയും കറണ്ടു അക്കൗണ്ട് ബാലന്‍സുമൊക്കെ സമീകരിക്കാനും എളുപ്പം വരുമാനം കണ്ടെത്താനുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണ ഉപഭോക്താക്കളുടെ മേല്‍ കുതിരകയറുന്നത്. It is an easier way to settles scores. GSTയും ആദായനികുതിയുമൊക്കെ പിരിച്ചെടുക്കാന്‍ ലേശം ബുദ്ധിമുട്ടാണ്. എണ്ണ നികുതിയുടെ ശേഖരണമാകട്ടെ താരതമ്യേന എളുപ്പവും. GST ശേഖരണത്തിന്റെ കാര്യത്തില്‍ ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിന്റെ പ്രകടനം ദയനീയമാണ് എന്നോര്‍ക്കുക.

 2. Petroleum ഇറക്കുമതിയും വിതരണവും കേന്ദ്രസര്‍ക്കാരിന്റെ കാമധേനുവാണ്! 2014 ല്‍ 1.74 ലക്ഷം കോടി രൂപയാണ് എണ്ണ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചതെങ്കില്‍ 2019-20 ല്‍ അത് 3.34 ലക്ഷം കോടിയായി. നടപ്പുവര്‍ഷം ആദ്യ ആറുമാസം ഇതിനകം 1.79 ലക്ഷം കോടി നേടിക്കഴിഞ്ഞു. കോവിഡും ലോക്ക് ഡൗണും മൂലം എണ്ണ ഉപഭോഗത്തില്‍ കാര്യമായ ഇടിവുണ്ടായിരുന്നിടത്താണ് ഈ വലിയ നേട്ടം. ഇക്കാലയളവില്‍(2020 April-Nov) GST ശേഖരണത്തില്‍ നാല്‍പ്പത് ശതമാനത്തിലധികം കുറവുണ്ടായിരുന്നു എന്നും ഓര്‍ക്കണം. നടപ്പു സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് മൂന്നര ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്നാണ് കരുതപെടുന്നത്. ആറുവര്‍ഷംകൊണ്ട് എണ്ണയില്‍നിന്നുള്ള നികുതി വരുമാനം രണ്ടിരട്ടിയായി എന്നു സാരം.

 3. എണ്ണകമ്പനികള്‍ ഭൂരിപക്ഷവും പൊതുമേഖല സ്ഥാപന(PSU)ങ്ങളാണ്. സ്വതന്ത്രമായ വിലനിര്‍ണ്ണായ അധികാരം ഉണ്ടെന്ന് പ്രചരിപ്പിക്കുമ്പോഴും ഈ കമ്പനികള്‍ കേന്ദ്രസര്‍ക്കാരുമായി ഇപ്പോഴും സഹശയനത്തിലാണ്. എണ്ണകമ്പനികളില്‍ (OMCs) ദിവസവും രാവിലെ 6 മണിക്ക് വില പ്രഖ്യാപിക്കുന്നത് ഒറ്റ നോട്ടത്തില്‍ പോസിറ്റീവാണ്. സത്യത്തില്‍ അവര്‍ക്ക് തന്നെ ഇഷ്ടമുള്ള കാര്യമല്ലത്. As in 2017, Out of India’s 56,000 petrol pumps, less than 50% are automated to enable any centrally updated price change to take effect. 2002 ല്‍ വാഗ്ദാനംചെയ്യപെട്ട പരിഷ്‌കാരം എണ്ണവിതരണമേഖലയില്‍ 2007 വരെ വന്നിരുന്നില്ല. ലോകകമ്പോളത്തില്‍ എണ്ണവിലയിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് എണ്ണകമ്പനികള്‍ ഉണ്ടായികൊണ്ടിരുന്ന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തികൊണ്ടിരുന്നു. പൊതുമേഖലയിലെ എണ്ണ കമ്പനികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ഉണ്ടായത്. സര്‍ക്കാര്‍ പിന്തുണ ഇല്ലാതിരുന്ന റിലയന്‍സും എസ്സാറും അടക്കമുള്ള സ്വകാര്യ എണ്ണവിതരണകമ്പനികള്‍ നഷ്ടംസഹിക്കാനാവാതെ പമ്പുകള്‍ അടിച്ചിടേണ്ടിവന്നു. 2010 ല്‍ പെട്രോളും 2014 ല്‍ ഡീസലും ഡീ റെഗുലൈസ് (regularize) ചെയ്തെങ്കിലും എണ്ണകമ്പനികള്‍ സര്‍ക്കാര്‍ സ്വാധീനത്തിന് വിധേയമായാണ് ഓരോ രണ്ടാഴ്ചകൂടുമ്പോഴും വില പ്രഖ്യാപിച്ചുകൊണ്ടിരുന്നത്.

 4. 2017 ജൂണ്‍ 15 ന് ഡൈനാമിക് പ്രൈസിംഗ് വ്യവസ്ഥ കൊണ്ടുവന്നിട്ടും സര്‍ക്കാരിന്റെ ബാക്ക് സീറ്റ് ഡ്രൈവിംഗ് തുടരുകയായിരുന്നു. ഉദാ- 2017 ല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് 14 ദിവസം മുമ്പും കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് 19 ദിവസം മുമ്പു 19 ദിവസക്കാലവും വര്‍ദ്ധനവ് പ്രതീക്ഷിക്കപെട്ടിരുന്നുവെങ്കിലും എണ്ണവില മാറ്റമില്ലാതെ തുടര്‍ന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതും വര്‍ദ്ധനവ് പ്രഖ്യാപിക്കപെട്ടു. ചുരുക്കത്തില്‍ ഇന്ത്യയില്‍ അടിക്കടി എണ്ണവില കൂടുന്നതിന്റെ കാരണം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമോ കോര്‍പ്പറേറ്റ് ഇടപെടലുകളോ അല്ല. അതിന് കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണവിതരണത്തെയും ഇറക്കുമതിയേയും ആശ്രയിച്ച് അധിക വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത്(2004-14) എണ്ണവില വര്‍ദ്ധനവിന്റെ കാര്യം വിമര്‍ശിച്ച് അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ ആ സര്‍ക്കാരിനെ അതിശയിപ്പിക്കുന്ന വര്‍ദ്ധനവാണ് പിന്നീട് വരുത്തിയത്. പ്രതിപക്ഷമാകുമ്പോള്‍ ഒരു സ്വരം, ഭരണപിടിച്ചാല്‍ എതിര്‍സ്വരം എന്ന രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ് എണ്ണവിലയുടെ കാര്യത്തിലും പ്രകടമായി കാണാനാവുക.
  എണ്ണവില എങ്ങനെ നിയന്ത്രിക്കാം?

 5. വില നിയന്ത്രിക്കാനുള്ള ചരടുകളില്ലാത്ത സ്വാതന്ത്ര്യം എണ്ണ കമ്പനികള്‍ക്ക് കൊടുക്കുക. എണ്ണകമ്പനികളുടെ കാര്യത്തില്‍ പൊതുമേഖലയുടെ കുത്തകയും അനാവശ്യമായ സര്‍ക്കാര്‍ ഇടപെടലുകളും ദുര്‍ബലപെടുത്തുക. പൊതുമേഖല എണ്ണകമ്പനികളുടെ ഓഹരിഘടനയില്‍ കൂടിയ സ്വാകാര്യ പങ്കാളിത്തം അനുവദിക്കുക. പൂര്‍ണ്ണമായ വിലനിയന്ത്രണ അധികാരം ഉള്ള ഏവിയേഷന്‍ ഓയില്‍(aviation oil) , സബ്സിഡിരഹിത LPG, മണ്ണെണ്ണ എന്നിവയുടെ കാര്യത്തില്‍ ലോകമാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ നേട്ടം കണ്‍സ്യൂമറിന് കൊടുക്കാന്‍ എണ്ണക്കമ്പനികള്‍ക്കായത് ആ രംഗത്ത് വിലനിര്‍ണ്ണായാധികാരം എണ്ണക്കമ്പനികള്‍ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്. അതേ അധികാരം പെട്രോള്‍-ഡീസല്‍ ഉത്പന്നങ്ങളുടെ കാര്യത്തില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. പെട്രോളിന്റെ മൂന്നിലൊന്ന് വിലയ്ക്ക് ഏവിയേഷന്‍ ഓയില്‍ കിട്ടുന്ന സാഹചര്യം(2019) രാജ്യത്ത് ഉണ്ടായത് അങ്ങനെയാണ്. The Jet fuel oil price in Mumbai is Rs. 51.9/litre now, whereas petrol priced at Rs 93.46/litre

 6. ഭരണനിര്‍വഹണത്തിനായി എണ്ണനികുതിയെ അമിതമായി ആശ്രയിക്കുന്ന(25% above) രീതി ഒഴിവാക്കുക. നിലവില്‍ ഡെഫിസിറ്റ് ഫൈനാന്‍സിംഗ്, കടംവാങ്ങല്‍, എണ്ണനികുതി എന്നിങ്ങനെയുള്ള എളുപ്പവഴികള്‍ പ്രയോജനപെടുത്തിയാണ് സര്‍ക്കാര്‍ fiscal deficit മറികടക്കാന്‍ പ്രധാനമായും ശ്രമിക്കുന്നത്. ഇവയൊന്നും തന്നെ അഭിലഷണീയമായ കാര്യങ്ങളല്ല. GST ഉള്‍പ്പടെയുള്ള മറ്റു നികുതികളുടെ കളക്ഷന്‍ മെച്ചപെടുത്തിയേ മതിയാകൂ. നമുക്ക് ആവശ്യമുള്ള ക്രൂഡ് പെട്രോളിയത്തിന്റെ 85 ശതമാനവും ഇറക്കുമതിയാണ്. ഉടനെങ്ങും ഈ അവസ്ഥ മാറുമെന്ന് കരുതാനാവില്ല. എണ്ണവില US ഡോളറില്‍ തന്നെ കൊടുക്കണം എന്ന അവസ്ഥയില്‍ നിന്നും മോചനം നേടുക. ഡോളറില്‍ തന്നെ വേണം എന്ന് നിര്‍ബന്ധമില്ലാത്ത പുതിയ വിതരണക്കാരെയും രാജ്യങ്ങളെയും കണ്ടെത്തുക. ഇറാന്‍പോലുള്ള രാജ്യങ്ങളുമായുള്ള എണ്ണകച്ചവടബന്ധം മെച്ചപെടുത്തുക. എണ്ണ ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക. വിപണിയെ നേരിട്ടുള്ള രാഷ്ട്രീയത്തില്‍ നിന്നും മുക്തമാക്കുക.

 7. രാജ്യത്തെ എണ്ണ നിക്ഷേപം സംബന്ധിച്ച ഗവേഷണം ഊര്‍ജ്ജിതമാക്കുക. കൂടുതല്‍ ഉത്പാദനം ലക്ഷ്യമിടണം.മെച്ചപെട്ട ഖനന സാങ്കേതികതകള്‍ സ്വന്തമാക്കിയാല്‍ വലിയ നേട്ടം സാധ്യമാണ്. അമേരിക്ക 2008-14 ല്‍ നടത്തിയ മുന്നേറ്റം മാതൃകയാക്കുക. ഈം രംഗത് കൂടുതല്‍ സ്വകാര്യനിക്ഷേപം ഉറപ്പുവരുത്തേണ്ടതുണ്ട്. എണ്ണ ശുദ്ധീകരണത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുക. ഇപ്പോള്‍ തന്നെ ഇന്ത്യ Value added Oil products എക്സ്പോര്‍ട്ടിന്റെ (മൂല്യവര്‍ദ്ധിത എണ്ണ ഉത്പന്നങ്ങള്‍) കാര്യത്തില്‍ ഇറക്കുമതിയെക്കാള്‍ മുന്നിലാണ്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍, ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണവും വിതരണവും പ്രോത്സാഹിപ്പിക്കുക.

 8. GST യില്‍ നിന്ന് മൂല്യവര്‍ദ്ധിത എണ്ണ ഉത്പന്നങ്ങള് ഒഴിവാക്കിയെന്ന് മാത്രമല്ല Basic/special excise duty ആയിട്ടാണ് എണ്ണയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ചുമത്തുന്നത്. സ്പെഷ്യല്‍ എക്സൈസ് നികുതിയുടെ സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല. എന്നാല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയുടെ വിഹിതത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അര്‍ഹതയുണ്ട്. ക്രൂഡ് ഓയില്‍ വില, ഉദ്പാദനചെലവ്, ഡീലര്‍ കമ്മീഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്, കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി…. തുടങ്ങി എണ്ണവിതരണവും ഉദ്പാദനവുമായി ബന്ധപെട്ട ഏതിനത്തിലും വര്‍ദ്ധനവ് ഉണ്ടായാലും അതിന്റെ ഒരു വിഹിതം (for eg-30%) സംസ്ഥാന സര്‍ക്കാരിന് അധികനേട്ടമായി ലഭിക്കും.

 9. എണ്ണവില വര്‍ദ്ധനവിന്റെ കാര്യത്തില്‍ വിമര്‍ശനം നേരിടേണ്ടി വരാറില്ലെങ്കിലും അതിന്റെ ഗുണഫലം ഏറെ ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഉദാഹരണമായി മുംബൈയില്‍ പെട്രോളിന്റെ വില ലിറ്ററിന് 93.49 രൂപയാണ്. It is average Rs 8-11 more than many other states. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ VAT നികുതി 39.95% ആണ്. ഓരോ തവണ മറ്റ് ചിലവുകള്‍(ഡീലര്‍ഷിപ്പ് വില, കേന്ദ്ര നികുതി…) വര്‍ദ്ധനയുണ്ടാവുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നേട്ടമുണ്ടാകുന്നു. നികുതി ശതമാനക്കണക്കില്‍ ചുമത്തിയാല്‍ വില വര്‍ദ്ധിക്കുമ്പോള്‍ നേട്ടമുണ്ടാകും, വില കുറഞ്ഞാല്‍ നഷ്ടം വരും. എന്നാല്‍ നിശ്ചിത തുകയാണ് (ഉദാ- 3 രൂപ വര്‍ദ്ധനവ്) ചുമത്തുന്നതെങ്കില്‍ വരുമാനം സ്ഥിരമായിരിക്കും.

 10. 2017 അവസാനത്തോടെ ഇന്ത്യയില്‍ വില്‍ക്കുന്ന പെട്രോളില്‍ എത്തനോള്‍ (ethanol) ചേര്‍ക്കുന്നുണ്ട്. പത്ത് ശതമാനം. പെട്രോളിന്റെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. എത്തനോളിന്റെ നിലവിലുള്ള മാര്‍ക്കറ്റ് വില 47.89 രൂപയാണ്. പക്ഷെ പെട്രോളുമായി കൂട്ടിക്കലര്‍ത്തി അത് 83.30-93.46 രൂപ നിരക്കില്‍ വില്‍ക്കുന്നു. ഇത് വഞ്ചനയിലെ ചതിയാണ്. 30 ലിറ്റര്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുന്ന ഒരാള്‍ക്ക് കുറഞ്ഞത് 144 രൂപ നഷ്ടം! മാത്രമല്ല വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ എത്തനോള്‍ വിഘടിച്ചുമാറി ഒരു പാടപോലെ ആകും. പെട്രോള്‍ നേരെ കത്തുന്നതിന് തടസ്സമാകും. വണ്ടിക്ക് jerk ഉണ്ടാകും, ചിലപ്പോള്‍ സ്റ്റാര്‍ട്ടായില്ല എന്നുംവരാം. കാര്‍വാഷിംഗ് നടത്തുമ്പോഴും ഇന്ധനം നിറയ്ക്കുമ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത വേണ്ടതുണ്ട്.

 11. ആഗോളതലത്തില്‍ എണ്ണ സപ്ലൈയുടെ കാര്യത്തില്‍ വലിയ മത്സരമുള്ളതിനാല്‍ പൂര്‍ണ്ണമായും സ്വതന്ത്രവിലനിയന്ത്രണം വരുന്നത് നിലവില്‍ അപകടകരമല്ലെന്ന് മാത്രമല്ല നേട്ടങ്ങള്‍ക്ക് സാധ്യതയുമുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ എണ്ണയുമായി ലോകമാര്‍ക്കറ്റിലെത്താനാണ് സാധ്യത. സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കണം. എണ്ണ വിപണിയും വിതരണവും വിലനിര്‍ണ്ണയവും തുറന്നകമ്പോളത്തിനും ഫെയര്‍ കോമ്പറ്റീഷനും വിട്ടുകൊടുക്കുക. സര്‍ക്കാര്‍ ഇടപെല്‍ GST പോലെ നിയമാനുസൃതമാക്കുക. Like an unbiased umpire, the Government should ensure fair trade practices and competition in the oil industry.

 12. വസ്തുനിഷഠവും സത്യസന്ധവുമായ രാഷ്ട്രീയം അനുവര്‍ത്തിക്കുക. സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ വരുമാനംവേണം. ശമ്പളംമുതല്‍ സബ്സിഡി കൊടുക്കാന്‍ സര്‍വശക്തനും സര്‍വവ്യാപിയും സര്‍വജ്ഞനുമായ സര്‍ക്കാരാണ് വേണ്ടതെങ്കില്‍ പ്രവര്‍ത്തിക്കാന്‍ വരുമാനം ഏറെ വേണ്ടി വരും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എണ്ണവില വര്‍ദ്ധനവിനെതിരെ ബന്ദ് നടത്തുകയും സ്‌കൂളര്‍ ഉരുട്ടുകയും 50 രൂപയ്ക്ക് പെട്രോള്‍ എന്ന വാഗ്ദാനം ഉയര്‍ത്തുകയും ചെയ്തിട്ട് അധികാരത്തിലെത്തുമ്പോള്‍ വിലകൂട്ടി കക്കൂസ് നിര്‍മ്മിക്കുന്നു എന്ന് അവകാശപെടുന്നത് രാഷ്ട്രീയ അധാര്‍മ്മികതയാണ്. ഒരുമിച്ച് നിന്ന് അഡ്രസ് ചെയ്യേണ്ട വിഷയമാണിത്. സര്‍ക്കാരിന് വേണ്ട അളവിലുള്ള പണം എത്തിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുന്നില്ല. പിന്നെയുള്ളത് ഭരണത്തിലെ കാര്യക്ഷമതയില്ലായ്മ, അഴിമതി, ക്രോണി കാപിറ്റലിസം മുതലായവ ഒന്നുകില്‍ സമ്പദ് വ്യവസ്ഥ വലുതാക്കുക.. make it larger, stronger and wealthier. അല്ലെങ്കില്‍ സര്‍ക്കാര്‍ ചെറുതാകുക, make it smaller and more efficient. സമ്പദ് വ്യവസ്ഥ വലുതായാല്‍ വരുമാനം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ചെറുതായാല്‍ ചെലവ് നിയന്ത്രണവിധേയമാക്കാനാവും….വേറെ മാജിക്കൊന്നും സാധ്യമല്ല. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണ ലഭ്യതയോ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ അത്യാഗ്രഹമോ അല്ല മറിച്ച് കേന്ദ്രസര്‍ക്കാരിന്റെ പരാധീനതകളാണ് നിലവില്‍ ഉണ്ടായികൊണ്ടിരിക്കുന്ന വില വര്‍ദ്ധനവിന് കാരണം. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ അതിന്റെ പ്രയോജനം ഇന്ത്യന്‍ ഉപഭോക്താവിന് ലഭിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം, എണ്ണവില വര്‍ദ്ധിച്ചാല്‍ അത് ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന അവസ്ഥയുണ്ടാക്കും. ചുരുക്കത്തില്‍ നിലവില്‍ എണ്ണവില വര്‍ദ്ധന ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന ശിക്ഷയാണ്. അതില്‍ മയം തീരെയില്ല.