പള്ളി പൊളിക്കുന്നത് രാഷ്ട്രീയ ജിഹാദായി മനസ്സിലാക്കി വെച്ചിരിക്കുന്നവര്‍ പള്ളിയുടെ സെറ്റിട്ടാലും ചാടിവീഴും

45

നിഴല്‍യുദ്ധം
(Ravichandran C)

(1) കാലടി മണല്‍പ്പുറത്തെ സിനിമ സെറ്റ് നശീകരണം ഏതോ അരികു കൂട്ടായ്മകള്‍ നടത്തിയ ഊച്ചാളിത്തരമായും ശ്രദ്ധ പിടിച്ചു പറ്റാനുള്ള കൈക്രിയായും നിസ്സാരവല്‍ക്കരിക്കരുത്. കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും പ്രഹരശേഷിയുള്ള ഹിന്ദുത്വ രാഷ്ട്രീയപ്രവര്‍ത്തനം പള്ളിപൊളിക്കലാണ്. പലയിടത്തായി പല കാലത്തായി പലതരം പള്ളികള്‍! നിര്‍മ്മാണവസ്തു പ്ലാസ്റ്റിക്കോ കാര്‍ബോര്‍ഡോ ആകുന്നതോ പ്രകോപനം പൂജ്യമാകുന്നതോ വിഷയമല്ല. എല്ലായ്‌പ്പോഴും അവിടെ ഉദ്പാദിപ്പിക്കപെടുന്ന വികാരം സമാനമാണ്. വര്‍ഗ്ഗീയധ്രൂവീകരണത്തിനും വോട്ട് ബാങ്ക് നിര്‍മ്മാണത്തിനും ഇത്രയധികം സഹായകരമായ മറ്റൊരു രാഷ്ട്രീയനീക്കം ഇന്ത്യയില്‍ വേറെയില്ല. മതത്തെ മതത്തിനെതിരെ തിരിച്ചാണ് മതരാഷ്ട്രീയത്തില്‍ മിക്കവരും അധികാരം പിടിക്കുന്നത്.

(2) പള്ളി പൊളിക്കുന്നത് രാഷ്ട്രീയ ജിഹാദായി മനസ്സിലാക്കി വെച്ചിരിക്കുന്നവര്‍ പള്ളിയുടെ സെറ്റിട്ടാലും ചാടിവീഴും. കാറ്റാടിമരങ്ങള്‍ വെട്ടിയിട്ട് പോരാളിയായ ഡോണ്‍ ക്വിക്‌സോട്ടിനെ സ്മരിക്കുക. പള്ളിസെറ്റ് പൊളിച്ചാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുമെന്നും പ്രസ്താവന പെരുമഴകളും നിയമനടപടികളും വരുമെന്നും അറിയാത്തവരല്ല ആ കൃത്യം അനുഷ്ഠിച്ചത്. അവയൊക്കെ തന്നെയാണവരുടെ ലക്ഷ്യം. ഒരര്‍ത്ഥത്തില്‍ സിനിമാക്കാരെ പോലെ സെറ്റിട്ട് ഷൂട്ട് ചെയ്തു റിലീസാക്കിയ ചരക്കാണത്. In fact, it was the mother of all shooting. ഹിന്ദുമത രാഷ്ട്രീയവും ഹിന്ദുത്വയും രണ്ടല്ല. ഹിന്ദുത്വം എന്നാല്‍ രാഷ്ട്രീയം പറഞ്ഞു തോല്‍പ്പിക്കാന്‍ സാധിക്കുന്ന അമിതദേശീയതയോ സങ്കുചിത ഫാസിസമോ മാത്രമല്ല. അതിനൊന്നും എപ്പോഴും മാര്‍ക്കറ്റില്ല. ഉണ്ടെങ്കില്‍തന്നെ സുസ്ഥിര സാധ്യതകളില്ല. മതവികാരത്തിന്റെ കാര്യം അങ്ങനെയല്ല. ശിവന്റെ മണ്ണില്‍ നിന്ന് യേശുവിനെ തുരത്തി എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുടെ പ്രഹരശേഷി മറ്റൊന്നാണ്. ശരിയാണ്, ഒരു മതത്തിലും എല്ലാവരും ഒറ്റക്കെട്ടായി അക്രമമോ ഭീകരകൃത്യങ്ങളോ നടത്തുന്നില്ല. ഏറെക്കുറെ അസാധ്യമായ കാര്യമാണത്. വര്‍ഗ്ഗീയത പ്രവര്‍ത്തിക്കുന്ന കുശിനിഗ്രൂപ്പുകളെ മുഖ്യധാരാ മതം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് നിര്‍ണ്ണായകം.

(3) ആരാധനാലയങ്ങളുടെ നശീകരണം അക്രമപ്രവര്‍ത്തനമാണ്. പക്ഷെ ഇന്ത്യയില്‍ അതൊരു വിശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം(holy political act) ആയി മാറുന്നു. അതങ്ങനെ അല്ലാതാകണമെങ്കില്‍ മതതിമിരം ദുര്‍ബലപെടണം; പൊളിക്കുന്നവരുടെയും കയ്യടിക്കുന്നവരുടെയും; മതേതരരുടെയും നിഷ്പക്ഷരുടെയും. സിനിമാ സെറ്റ് തകര്‍ത്തത് പുണ്യംകിട്ടാനല്ല. ആസൂത്രിതമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണത്. വൈകിയിരുന്നെങ്കില്‍ ഒരുപക്ഷെ സിനിമാക്കാര്‍ തന്നെ അത് നീക്കംചെയ്‌തേനെ. സുവര്‍ണ്ണാവസരം ഗോപിക! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇതാണ് തനതു ഇന്ത്യന്‍ രാഷ്ട്രീയം. രാഷ്ട്രീയ വിജയത്തിന് ആവശ്യമായ മതവികാരമാണ് ഇതിലൂടെ വാറ്റിയെടുക്കപെടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ പുന:സംപ്രേഷണം ചെയ്തപ്പോള്‍ ലോക റെക്കോഡുകള്‍ തകര്‍ക്കുന്ന ഭക്തിതിമിരം വന്നത്‌ അതുകൊണ്ടാണ്. 2020 ഏപ്രില്‍ 16 എന്ന ഒരൊറ്റ ദിവസം 7.7 കോടി പ്രേക്ഷകരാണ് ഈ പഴഞ്ചന്‍ സിരീയല്‍ കണ്ടത്. എന്തുകൊണ്ട്? മതംതിന്ന് ജീവിക്കുന്ന ജനത പഴഞ്ചന്‍ എന്നാല്‍ പവിത്രം എന്ന് മാറ്റി വായിക്കും.

(4) മതം മാനവികതയുടെ ചിതയാണ്. അതിന്റെ ഉള്ളടക്കം മാറ്റമില്ലാത്തത്. മതവികാരമാകട്ടെ, ഏതൊരു ഭീരുവിനും ചെലവില്ലാതെ കുത്തിയിളക്കാവുന്ന ഒന്നും. വിഗ്രഹഭജ്ജനവും ആരാധനാലയങ്ങള്‍ പൊളിക്കലും ലോകമെമ്പാടും രാഷ്ട്രീയ അധികാരത്തിലേക്കുള്ള മതവഴികളാണ്. അന്യരുടെ വിഗ്രഹങ്ങളും ആരാധനാലയങ്ങളും മാത്രം തകര്‍ക്കപെടുന്നു എന്നതാണ് അതിലെ പ്രകടമായ ഉദാരത. തലമുറകള്‍ കഴിഞ്ഞാലും സമാന തന്ത്രങ്ങള്‍ സമാനഫലങ്ങള്‍ നിര്‍മ്മിക്കും. പള്ളിപൊളിക്കുന്നവരും സംരക്ഷിക്കുന്നവരും എന്ന രാഷ്ടീയവിഭജനവും മതധ്രൂവീകരമവുമാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. പള്ളിയുടെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ എല്ലാവരും ഒരുമിക്കുന്നു. വളരെ നല്ല കാര്യം. ഇനി കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമം അതിന്റെ വഴിക്കുപോകും. അപ്പോഴും തകര്‍ക്കപെട്ട ‘പള്ളി’ പലരിലും നിഗൂഡമായ വിജയോന്മാദം സൃഷ്ടിക്കും. തങ്ങള്‍ക്ക് വേണ്ടി ആരോ എന്തോ ചെയ്തു എന്ന വികല ധാരണ അവരെ ഭരിക്കും. അതിനെ ക്രമേണ അട്ടിമറിക്കുക എന്നതാണ് ഇന്ത്യ ആവശ്യപെടുന്ന യഥാര്‍ത്ഥ രാഷ്ട്രീയം. ചിതകളുടെ മരണം നാഗരികതയുടെ ബാധ്യതയാണ്.