ഗുജറാത്ത് കലാപത്തിന്റെ പേരിൽ വാജ്‌പേയ് മോദി സർക്കാരിനെ ഡിസ്മിസ് ചെയ്യാനിരുന്നതാണ്, സാധിക്കാത്തതു ഒരു കാരണം കൊണ്ടായിരുന്നു

167

Ravichandran C യുടെ കുറിപ്പ്

രാജധര്‍മ്മം

1946 ലെ ഡയറക്ട് ആക്ഷന്‍ കാലഘട്ടത്തിലെ ബംഗാള്‍ പ്രധാനമന്ത്രിയാണ്(മുഖ്യമന്ത്രി) സുഹ്രവാര്‍ഡി(Huseyn Shaheed Suhrawardy/1892-1963)) ‘ബംഗാളിലെ കശാപ്പുകാരന്‍’എന്ന വിളിപ്പേര് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഡയറക്റ്റ് ആക്ഷന്റെ നാളുകളില്‍ കല്‍ക്കട്ടയില്‍ നടന്ന നാലായിരംപേര്‍ കൊല്ലപ്പെട്ട വര്‍ഗ്ഗീയലഹളയുടെ സൂത്രധാരനായി സുഹ്രവാര്‍ഡി വിലയിരുത്തപെടുന്നുണ്ട്. ലഹള കണ്ടില്ലെന്നു നടിക്കുകയും ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ സഹായിക്കുകയും ചെയ്തു എന്നായിരുന്നു പ്രധാന ആരോപണം. അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെയാണ് പല അതിക്രമങ്ങളും നടന്നത്. സ്വന്തം ജനതയോട് പക്ഷഭേദമില്ലാകെ നീതി ചെയ്യാന്‍ പരാജയപെട്ട ഒരു ഭരണാധികാരി…അതായിരുന്നു സുഹ്ര വാര്‍ഡി!

2002 ല്‍ ഗുജറാത്ത് കലാപസമയത്ത്, വാജ്‌പേയി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്: രാജധര്‍മ്മം! ഭരണാധികാരി ജനങ്ങളോട് നീതി ചെയ്യണം. ജനങ്ങള്‍ തമ്മിലടിയ്ക്കുമ്പോള്‍, രാജ്യത്ത് കലഹമുണ്ടാകുമ്പോള്‍, ഒരു ഭരണാധികാരി രാജ്യത്ത് നീതി നടപ്പിലാക്കണം, ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണം, അവിടെ ജാതിയുംമതവും ലിംഗവും ഒന്നും നോക്കരുത്…അതാണ് രാജധര്‍മ്മം!…ഈ രീതിയില്‍ അടല്‍ബിഹാരി വാജ്‌പേയി മോദിയെക്കുറിച്ച് ഒരു പത്രസമ്മേളനത്തില്‍വെച്ച് പരാമര്‍ശിച്ചിട്ടുണ്ട്…

പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ വാജ്‌പേയി രാജധര്‍മ്മത്ത കുറിച്ച് പറയുമ്പോള്‍ വല്ലാതെ അസ്വസ്ഥനാകുകയും ”സാബ്, ഞാനും അതാണ് ചെയ്യുന്നത്”എന്ന് സമീപത്തിരുന്ന് മോദി വാജ്‌പേയോട് പറയുകയും ചെയ്യുന്നുണ്ട്… ”ശരിയാണ് നരേന്ദ്രഭായി അതുതന്നെയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്” എന്ന് പറഞ്ഞ് വാജ്‌പേയി വിഷയം വിടുന്നു… ഗുജറാത്ത് ലഹളയുടെ പേരില്‍ വാജ്‌പേയി മോദി സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യാതിരുന്നത് ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി മന്ത്രിസഭയില്‍ നിന്നും രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ 2019 ല്‍ അവകാശപ്പെട്ടതോര്‍ക്കുക.

1946 ല്‍ ഡയറക്ട് ആക്ഷന്‍ പ്രഖ്യാപനത്തിന് ശേഷം കല്‍ക്കത്തയില്‍ നടന്ന കലാപം ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമാണ്. അത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ലഹളയാണ്. അതിനു നേതൃത്വം നല്‍കിയ മനുഷ്യനാണ് അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി സുഹ്‌റാ വാര്‍ഡി.
കല്‍ക്കത്ത ലഹളയിലേക്ക് തിരിച്ചുപോകാം. കലാപമുണ്ടായി ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് നൗഖാലിയില്‍ കൂട്ടക്കൊല നടന്ന സ്ഥലത്തേക്ക് ഗാന്ധിജി ചെല്ലുന്നത്. അദ്ദേഹം അവിടെ ചെല്ലുമ്പോള്‍ മുസ്‌ളിംലീഗ് പാര്‍ട്ടിയും മുസ്‌ളിം അസോസിയേഷനും സുഹ്‌റാവാര്‍ഡിയും പറയുന്നത് ഗാന്ധി അവിടെ പോകരുത്, ഒരു തരത്തിലും സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ പറ്റില്ല എന്നൊക്കെയാണ്. എന്നിട്ടും ഗാന്ധിജി അവിടെ പോകുന്നു. പോകുന്ന വഴിയിലെല്ലാം മലംവാരി വിതറിയിരിക്കുകയാണ്…സഞ്ചരിക്കാതിരിക്കാന്‍ കുപ്പിച്ചില്ലുകള്‍ വാരി വിതറി, പാതയില്‍ എമ്പാടും കുഴികള്‍ കുഴിച്ചിരിക്കുന്നു….പാത വൃത്തികേടാക്കിയപ്പോള്‍, സഞ്ചാരം ദുര്‍ഘടമാക്കിയപ്പോള്‍ ഗാന്ധിജി എന്താണ് ചെയ്തത്? അദ്ദേഹം സ്വന്തം കാലില്‍ കിടന്ന ചെരുപ്പുകള്‍ കൂടി ഉപേക്ഷിച്ചിട്ട് ആ വഴികളിലൂടെ നടന്നുപോയി..അതാണ് ഗാന്ധി…അങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത്..

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം ഓഗസ്‌റ് 15ന് കല്‍ക്കട്ടയിലേക്ക് ഗാന്ധിജി വീണ്ടും ചെല്ലുന്നുണ്ട്. അപ്പോള്‍ ഇതേ സുഹ്‌റാവാര്‍ഡിയെയും കൊണ്ടാണ് ഗാന്ധിജി കല്‍ക്കട്ട സന്ദര്‍ശിക്കുന്നത്. അന്ന് പലരും ഗാന്ധിജിയോട് പറഞ്ഞു അങ്ങ് ഒരിക്കലും ഈ മനുഷ്യനെ കൂടെ കൂട്ടരുത്, ബംഗാളികളെ കശാപ്പു ചെയ്ത മനുഷ്യനാണ്… എന്നിട്ടും ഗാന്ധിജി സുഹ്രവാര്‍ഡിയേയും കൂടെകൂട്ടിയാണ് പോകുന്ന ത്. ഇദ്ദേഹം പിന്നീട് പാകിസ്ഥാന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയാകുന്നുണ്ട്. ബംഗാളില്‍ നിന്ന് പോയി ഏകീകൃത പാകിസ്ഥാനില്‍ പ്രധാനമന്ത്രിയായി. അഴിമതിയാരോപണത്തിന്റെ പേരില്‍ പുറത്താക്കപ്പെടും എന്നു വന്നപ്പോള്‍ അദ്ദേഹം രാജിവച്ച് ബംഗാളിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

(From പുറത്തെറിയപെട്ട പൈലറ്റ്, Presentation dated 2.2.2020)
***കോട്ടയം ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന വെടിയേറ്റ വന്‍മരം എന്ന പുസ്തകത്തില്‍ നിന്നും. വെടിയേറ്റ വന്‍മരം .

പുറത്തെറിയപെട്ട പൈലറ്റ് എന്നീ രണ്ട് പ്രഭാഷണങ്ങളാണ് ഈ ഈ പുസ്തകത്തിലൂടെ ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്)

**