ഒരു നിരപരാധികൂടി പ്രാണനുവേണ്ടി യാചിക്കുന്നു

0
51

ഒരു നിരപരാധികൂടി പ്രാണനുവേണ്ടി യാചിക്കുന്നു
(Ravichandran C)

മതനിന്ദാ കുറ്റത്തിന് വധിശിക്ഷ കാത്തുകിടന്ന സവാന്‍ മാസിഹ് (Sawan Masih)എന്ന ക്രിസ്തുമതവിശ്വാസിയെ ലാഹോര്‍ ഹൈക്കോടതി കുറ്റക്കാരന്‍ അല്ലെന്ന് കണ്ട് വെറുതെ വിട്ടിരിക്കുന്നു. 2014 ലാണ് ഈ യുവാവിന് മതനിന്ദാക്കുറ്റം ആരോപിച്ച് വധശിക്ഷ വിധിച്ചത്. മുഹമ്മദിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നായിരുന്നു ആരോപണം. വിസ്താരത്തിനായി പ്രതിയെ കോടതിയില്‍ കൊണ്ടുപോയാല്‍ വഴിമധ്യേ ജനക്കൂട്ടം ആക്രമിക്കുമെന്ന് ഭയന്ന് അന്ന്‌ ജഡ്ജി നേരിട്ട് ജയിലില്‍ ചെന്ന് വിസ്താരം നടത്തി വധശിക്ഷ വിധിക്കുകയായിരുന്നു. സുഹൃത്തുമായുണ്ടായ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നു അയാളുണ്ടാക്കിയ വ്യാജ കേസാണിതെന്ന് മാസിഹ് പരാതിപെട്ടിരുന്നു. തന്റെ പ്രദേശത്ത് നിന്ന് ക്രിസ്ത്യാനികളെ ഒഴിപ്പിക്കാനായി ആസൂത്രണം ചെയ്ത നാടകമാണെന്നും അയാള്‍ ആരോപിച്ചു. കുറ്റാരോപണം വന്നപ്പോള്‍ തന്നെ ക്രിസ്ത്യാനികള്‍ പാര്‍ക്കുന്ന ലാഹോര്‍ നഗരത്തിലെ ക്രിസ്ത്യന്‍ ജോസഫ് കോളനിയില്‍ മതഭോജികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. ക്രിസ്ത്യാനികളില്‍ പലരും വാസസ്ഥലം വിട്ട് പലായനം ചെയ്തു.

കഴിഞ്ഞകൊല്ലം ഇതുപോലെ പാകിസ്ഥാന്‍ സുപ്രീംകോടതി വെറുതെ വിട്ട സ്ത്രീയാണ് ക്രിസ്തുമത വിശ്വാസിയായ ആസിയ ബീബി. അവരുടെ രക്തത്തിനായി മുറവിളി കൂട്ടി ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. ജനക്കൂട്ടത്തിന്റെ അന്ധതയുംവന്യതയും കണ്ട് പാകിസ്ഥാന്‍ ഭരണകൂടവും ന്യായാധിപന്‍മാരുമൊക്കെ ഭയന്നു വിറച്ചു. നിരപരാധിയാണെന്ന് സുപ്രീംകോടതി വിധിച്ചാലും പാകിസ്ഥാനില്‍ ജീവിക്കാന്‍ പറ്റില്ലെന്ന് അവരുടെ അഭിഭാഷകന്‍ പോലും പറഞ്ഞുകളഞ്ഞു. കാനഡയും ഫ്രാന്‍സും കാണിച്ച മാനുഷിക പരിഗണന അസിയ ബീബിക്ക് തുണയായി. ചെയ്യാത്ത കുറ്റത്തിന് (പ്രാകൃതമതനിയമം അനുസരിച്ചാണെങ്കില്‍ പോലും) പത്ത് വര്‍ഷത്തോളമാണ് അവര്‍ തടവില്‍ കിടന്നത്.

ഇപ്പോള്‍ 6 വര്‍ഷം തടവില്‍ കഴിഞ്ഞ മറ്റൊരു നിരപരാധി കൂടി പുറത്തുവരുന്നു. മതഭോജികളുടെ സമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. മാസിഹിനെ ഏറ്റെടുക്കാന്‍ ഏതെങ്കിലും മതേതര സമൂഹം തയ്യാറായില്ലെങ്കില്‍ കോടതിവിധിയുടെ ഫലം മാസിഹിന് ലഭിക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. മതംതിന്നു തീര്‍ക്കുന്ന സമൂഹങ്ങളില്‍ കോടതിയും നിയമവാഴ്ചയുമൊക്കെ കേവലം കെട്ടുകാഴ്ചകളായി മാറും. ജനഹിതം നിയമം ആയി മാറും. കയ്യടിയും ആര്‍പ്പുവിളിയും അനുസരിച്ച് നീതി നടപ്പിലാക്കപെടും. പാകിസ്ഥാനില്‍ നിന്നും പലതും പഠിക്കാനുണ്ട്.