വിദ്യാരംഭത്തിന് ഇരുത്തുന്നവരുടെ ഭാവി മോശമാകുന്നുവെന്ന് കണ്ടാല്‍ ഈ പണി നിറുത്താന്‍ സാംസ്‌ക്കാരിക നായകര്‍ തയ്യാറാകുമോ ?

0
85

✍Ravichandran C

എത്രയൊക്കെ നേര്‍പ്പിച്ചാലും വിദ്യാരംഭം ഒരു മതാനുഷ്ഠാനം തന്നെയാണ്. മതാനുഷ്ഠാനം ആയത് കൊണ്ട് മാത്രമല്ല അത് വിമർശിക്കപ്പെടുന്നത്.വിദ്യാഭ്യാസത്തെക്കുറിച്ച് തന്നെ വളരെ വികലമായ ഒരു പരിപ്രേഷ്യമാണ് ഈ ചടങ്ങ് സൃഷ്ടിക്കുന്നത്. അറിയാനും പഠിക്കാനുമുള്ള കഴിവ് മനുഷ്യസഹജമാണ്. എന്നാലത് സരസ്വതി എന്ന മതകഥാപാത്രത്തിന്റെ അനുഗ്രഹമാണെന്ന് സമര്‍ത്ഥിക്കുന്നവര്‍ ബുദ്ധിമാന്ദ്യവും ഓട്ടിസവുമൊക്കെ ബാധിച്ച കുട്ടികളില്‍ക്കൂടി ‘സരസ്വതീമാജിക്’ കാണിക്കാന്‍ മുന്‍കൈ എടുക്കണം. അനുഗ്രഹിക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതല്ലേ സാമാന്യനീതി?

Temples to visit for Vidyarambham - Malayalam Nativeplanetഔദ്യോഗികവിദ്യാഭ്യാസം അവതരിപ്പിക്കപ്പെട്ടത് ആധുനിക നാഗരികതയുടെ കാലത്താണ്. എഴുത്തും വായനയും ഇല്ലാതിരുന്ന മനുഷ്യരാണ് അതൊക്കെ ക്രമേണ ആരംഭിച്ചത്. എഴുത്തും വായനയും ആരംഭിച്ച മനുഷ്യരൊക്കെ മതാനുഷ്ഠാനങ്ങളിലൂടെയാണ് അതിനു തുടക്കംകുറിച്ചെന്നു പറയാനാവില്ലല്ലോ!ലോകമെമ്പാടും വിദ്യാഭ്യാസനേട്ടം കൈവരിച്ച മഹാഭൂരിപക്ഷത്തിനും ഇങ്ങനെയൊരു മതചടങ്ങിനെ കുറിച്ചറിയില്ല. എല്ലാവരും ഒരു സമയത്തു തന്നെ വിദ്യാഭ്യാസം തുടങ്ങണമെന്ന ശാഠ്യം ആരുടേതാണ്? ജനിച്ച നാള്‍ മുതല്‍ കുട്ടികൾ ഭാഷ ഉള്‍പ്പെടെ സുപ്രധാനമായ പലതും പഠിക്കുന്നുണ്ട്. ‘വിദ്യ’ എന്നതിനു അവിടെ എന്തര്‍ത്ഥം കൊടുത്താലും അവർ സ്വായത്തമാക്കുന്നത് മറ്റൊന്നല്ല.

ഇനി, ആരാണ് വിദ്യാരംഭം നടത്തുന്നത്? വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികപരമായും ഉന്നതിയിലുള്ളവര്‍! ഇതിനെയാണ് വിശ്വാസസാഹിത്യത്തില്‍ ‘അടയാളസംഹിതാ സിദ്ധാന്തം’ (doctrine of signatures) എന്നു വിളിക്കുന്നത്. മനുഷ്യമസ്തിഷ്‌ക്കം അവലംബിക്കുന്ന ചിന്താശൂന്യമായ ഒരു കുറുക്കുവഴിയാണത്.

വിദ്യാസമ്പന്നന്‍ എഴുത്തിനിരുത്തിയാല്‍ കുട്ടിയും വിദ്യാസമ്പന്നനാകും (?) വര്‍ഷാരംഭം നല്ല കണി കണ്ടാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം! കരടി നെയ്യ് കഴിച്ചാല്‍ മുടി വളരും, കാണ്ടാമൃഗത്തിന്റെ കൊമ്പ് അരച്ചു കുടിച്ചാല്‍ ലൈംഗിക ഉത്തേജനം ഉണ്ടാകും. ഒരേ സോഫ്റ്റ്വയർ!
ജനങ്ങളുടെ ഈ അന്ധവിശ്വാസത്തിനാണ് വിദ്യാരംഭമെന്ന പേരില്‍ ഇവിടെ പല സാംസ്‌ക്കാരികനായകരും കുട പിടച്ചുകൊടുക്കുന്നത്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യയില്‍ മഹാഭൂരിപക്ഷവും നിരക്ഷരായി നിലകൊണ്ടത് വിദ്യാരംഭം കാരണമാണോ? ഔദ്യോഗിക വിദ്യാഭ്യാസം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നവരെക്കാള്‍ പലഘട്ടങ്ങളില്‍ വഴി പിഴയ്ക്കുന്നവരാണ് കൂടുതലും. വിദ്യാരംഭം വ്യാപകമായി നടത്തുന്നതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? വിദ്യാരംഭത്തിന് ഇരുത്തുന്നവരുടെ ഭാവി മോശമാകുന്നുവെന്ന് കണ്ടാല്‍ ഈ പണി നിറുത്താന്‍ സാംസ്‌ക്കാരിക നായകര്‍ തയ്യാറാകുമോ?