നിരപരാധികളുടെ നിലവിളികള്‍

160

Ravichandran C

നിരപരാധികളുടെ നിലവിളികള്‍

കഴിഞ്ഞ ഒരു വര്‍ഷം (2018-19) രജിസ്റ്റര്‍ ചെയ്യപെട്ട പോക്‌സോ കേസുകളില്‍ (കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച) നാലായിരത്തിലധികം വ്യാജ കേസുകള്‍! ”ഏതൊരു നിയമവും ദുരുപയോഗം ചെയ്യപ്പെടാം” എന്ന ഭംഗിവാക്കില്‍ അവസാനിപ്പിക്കാവുന്നതല്ല ഇത്തരത്തില്‍ വ്യാജ കേസുകളില്‍ അകപെടുന്നവര്‍ക്ക് ലഭിക്കുന്ന വിശദീകരണത്തിന് അതീതമായ പീഡനം. ആര്‍ക്കാണ് അവര്‍ക്കതിന് പരിഹാരം കൊടുക്കാനാവുക? നിരപരാധികളെ വെറുതെ കടിച്ചു കുടഞ്ഞ് തറയിലടിക്കുകയാണ്. വേണമെങ്കില്‍ എഴുന്നേറ്റ് പൊയ്‌ക്കൊള്ളണം! ദുരുപയോഗം ചെയ്യപെടാനുള്ള സാധ്യത നിലനില്‍ക്കെ അതുകൂടി പരിഗണിച്ച് കുറ്റാരോപിതന് നീതി ലഭിക്കത്തക്കവിധമുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കപെടണം. മിക്ക നിയമങ്ങളിലും അത്തരം വ്യവസ്ഥകളുണ്ട്. പക്ഷെ പോക്‌സോ പോലെയുള്ള ഉടന്‍കൊല്ലി നിയമങ്ങളില്‍ അവയില്ല എന്നത് തന്നെയാണ് പ്രശ്‌നം. ലൈംഗിക പീഡനം ആരോപിക്കുന്ന കേസുകളില്‍ കേസെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്ന്‌ ഇന്നലെ ഹൈക്കോടതി പറഞ്ഞിരുന്നു. അടുത്തിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം വന്നപ്പോള്‍ തെളിവെടുപ്പും ക്രോസ് വിസ്താരവുമായി വലിയ പൂരമായിരുന്നു. സാധാരണക്കാരനായ ഒരു കുറ്റാരോപിതന് ഇത്തരം ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ രാജ്യത്ത് വ്യാപകമായി ദുരോപയോഗം ചെയ്യപെടുകയും കുറ്റാരോപിതരുടെ ജീവിതം തന്നെ നശിപ്പിച്ചുകളയുകയും ചെയ്യുന്ന കരിനിയമങ്ങള്‍ ഏറെയുണ്ട്. എല്ലാവര്‍ക്കും അതറിയാം. തനിക്കെതിരെ വരുന്നില്ലല്ലോ എന്ന ആശ്വാസത്തിലാണ് മിക്കവരും സഹിക്കുന്നത്. ഓര്‍ത്തുനോക്കൂ, അങ്ങനെ സംഭവിക്കാന്‍ എന്താണ് പ്രയാസം? How strong is your insulation? ഒരു വ്യാജപരാതി, അതോടെ ലോകം കീഴ്‌മേല്‍ മറിയും! സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച നിയമം, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരിയുള്ള അതിക്രമം തടയാന്‍ ലക്ഷ്യമിടുന്ന നിയമം തുടങ്ങിയവയുടെ കാര്യത്തില്‍ ഭൂരിപക്ഷവും വ്യാജക്കേസുകളാണെന്ന് ഓരോ വര്‍ഷവും കണക്കുകളും റിപ്പോര്‍ട്ടുകളും വരുന്നു. ആരോപണം ശരിയോ വ്യാജമോ ആകട്ടെ, ജാമ്യംപോലും ലഭിക്കാത്ത അവസ്ഥയാണ് കുറ്റാരോപിതര്‍ക്ക് ഈ വകുപ്പുകളില്‍ നേരിടേണ്ടിവരുന്നത്.

അവയിലൊക്കെ വിചാരണയും പീഡനവും നേരിട്ട കുറ്റാരോപിതര്‍ മുറിവുകളും നക്കിയുണക്കി എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവും. ഒരുപക്ഷെ അവരില്‍ പലരും ഇപ്പോഴുണ്ടാവില്ല. എങ്കിലും കേസ്‌ കൊടുത്തവരും നിയമവും ബാക്കിയുണ്ട്. കരി നിയമങ്ങള്‍ ഉണ്ടാകുന്നത് ഒരു സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയും സത്യസന്ധതയുമില്ലായ്മയുമാണ് കാണിക്കുന്നത്. കണ്ണില്‍ ചോരയില്ലാത്ത കഠിന നിയമങ്ങള്‍ ഉണ്ടാക്കി പ്രശ്‌നം പരിഹരിക്കുകയാണ്. വധശിക്ഷ വേണം, തലകീഴായി നിറുത്തി കത്തിക്കണം എന്നൊക്കെ വിളിച്ചുകൂവുന്നവര്‍ പ്രശ്‌നം പരിഹരിക്കാന്‍ താല്പര്യമുള്ളവരാണെന്ന് കരുതാന്‍ പ്രയാസമാണ്.

കടലാസുംപേനയും പ്രതികാരബുദ്ധിയുമുണ്ടെങ്കില്‍ ആര്‍ക്കും ആര്‍ക്കെതിരെയും കേസ് കൊടുക്കാം. ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും കുറ്റാരോപിതന്‍ പീഡനവും പരനിന്ദയും മാധ്യമവിചാരണയും അനുഭവിക്കും. കേസ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ എല്ലാവരും പൊടീംതട്ടി എഴുന്നേറ്റ് പോകും. തിരുത്തുമില്ല, ക്ഷമാപണവുമില്ല. കൂടിവന്നാല്‍ ആണ്ടുതോറും ഇങ്ങനെയൊരു പത്ര റിപ്പോര്‍ട്ട്. കുറ്റാരോപിതരെ വെടിവെച്ച് കൊന്ന് പോലീസുകാര്‍ ജനമനസ്സുകളെ കോരിത്തരിപ്പിക്കുന്ന ഒരു നാട്ടില്‍ എത്ര തോക്കുകളാണ് നേരെ ചൂണ്ടിയിരിക്കുന്നതെന്ന ബോധ്യം ഓരോ മനുഷ്യജീവിക്കും ഉണ്ടാവണം എന്നോര്‍മ്മിപ്പിക്കുന്ന ആണ്ടുപൊങ്കാലകളാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍.