നിങ്ങളെ മതത്തില്‍ പെടുത്തുന്നത് നിങ്ങളല്ല മറിച്ച് സമൂഹമാണ്

0
382

വിപരീതം
(Ravichandran C)

കടപ്പാട് : Sinto Thomas

Q: ജാതി പറഞ്ഞ് ജാതി നീക്കംചെയ്യാമെന്ന് പറയുന്നത് മണ്ണെണ്ണ ഒഴിച്ചു തീ അണയ്ക്കുന്നത് പോലെയാണ് എന്നു പറയുന്നവര്‍ സര്‍വസമയവും മതം പറഞ്ഞ് മതം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ?

നാസ്തികര്‍ മതംപറയുന്നവരല്ല, അവര്‍ മതത്തെ സദാസമയവും പ്രകീര്‍ത്തിക്കുന്നില്ല, മതം ജീനുകളില്‍ ഉണ്ടെന്ന് പറയുന്നില്ല. നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അവര്‍ മതത്തിന് വിരുദ്ധമായ പ്രചരണം നടത്തുന്നവരാണ്. മതത്തെ ദുര്‍ബലപ്പെടുത്താനുള്ള ആശയപരിസരം ഒരുക്കുന്നവരാണ്. നാസ്തികര്‍ മതംപ്രസരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. മതം തുടച്ചാലും ചുരണ്ടിയാലും പോകാത്തതാണ് എന്ന് വാദിച്ച് മതത്തെ സ്ഥാപനവല്‍ക്കരിക്കുന്നില്ല. നേര്‍വിപരീതമാണ് അവരുടെ നിലപാട്. മതോപാസന നാസ്തികരുടെ സിലബസ്സില്‍ ഇല്ല.

നാസ്തികര്‍ മതം/ജാതി ഇല്ലെന്ന് പറയുന്നവരല്ല. മറിച്ച് മതം ഉണ്ടെന്നും അതൊരു അന്ധവിശ്വാസമാണെന്നും അത് സമൂഹത്തിന് ഏല്‍പ്പിക്കുന്ന പരിക്ക് വലുതാണെന്നും തിരിച്ചറിഞ്ഞ് അതിന്റെ കാരണമായ മസ്തിഷ്‌ക ചിന്താപദ്ധതികളെ ദുര്‍ബലപ്പെടുത്താന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനവും ബോധവത്കരണവും നടത്തുന്നു. ജാതിനിര്‍മ്മാര്‍ജനത്തിന്റെ കാര്യത്തിലും ഇതേ നയമാണ് നാസ്തികര്‍ സ്വീകരിക്കുന്നത്. ജാതി ആഘോഷവും ജാതിയുണ്ടേ..ജാതിയുണ്ടെന്ന് കണ്ടുപിടിച്ചേ എന്ന തരംതാണ പ്രചരണപരിപാടിയുടെ മാതൃകയുമല്ല മതവിശ്വാസത്തിനെതിരെ സ്വതന്ത്രചിന്തകര്‍ മുന്നോട്ടുവെക്കുന്നത്. ഏതെങ്കിലും മതം ദുര്‍ബലമായതിനാല്‍ അവര്‍ക്ക് പ്രത്യേക പരിരക്ഷയും പ്രിവലേജും നല്‍കണമെന്ന വാദവും അവര്‍ക്കില്ല.

യൂറോപ്പിലും സ്‌കാന്‍ഡിനേവിയയിലും മതം ദുര്‍ബലപ്പെട്ടതിനെ കുറിച്ചും മതവും രാഷ്ട്രീയവും തമ്മില്‍ വ്യതിരിക്തമാക്കപ്പെടുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും നാസ്തികര്‍ സംസാരിക്കുന്നു. ജാതിരാഷ്ട്രീയത്തെ ആവേശപൂര്‍വം സ്‌നേഹിക്കുന്ന ജാതിവാദികളെപ്പോലെയല്ല മതരാഷ്ട്രീയത്തെ എതിര്‍ക്കുന്ന നാസ്തികര്‍. മതേതര ജീവിതം നയിക്കുന്നവരെയും മതനിഷേധികളെയും നല്ല മാതൃകകളായി ഉയര്‍ത്തിക്കാണിക്കുന്നു. മതം ദുര്‍ബലപ്പെട്ട പ്രദേശങ്ങളെയും സമൂഹങ്ങളെയും ചൂണ്ടിക്കാട്ടി
സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രീയ മനോവൃത്തി, മാനവികത, യുക്തിബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിനുണ്ടാകാനിടയുള്ള നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിലൊരു ഭാവി സമൂഹത്തിന് വേണ്ട ആശപരിസരം ഉണ്ടാക്കാന്‍ യത്‌നിക്കുന്നു. They are positive and progressive therein.

അല്ലാതെ മതത്തിന്റെ ആധിപത്യത്തെ കുറിച്ച് വീമ്പടിക്കുകയോ മതം ഒരിക്കലും മെരുക്കാനാവാത്ത ഒന്നാണെന്ന നിരാശാജനകമായ നിലപാട്‌ സ്വീകരിക്കുകയോ ചെയ്യുന്നില്ല. മതം അടിസ്ഥാനത്തില്‍ രാജ്യത്തെ പൗരന്‍മാരെ വേര്‍തിരിച്ച് കാണുന്നതിനും സര്‍ക്കാര്‍തല പദ്ധതികളില്‍ മതാടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെയും എതിര്‍ക്കുന്നവരാണ് നാസ്തികര്‍. They demand the state to be secular, neutral and detached in religious matters. ഒരു മതം വേട്ടക്കാരും മറ്റൊരു കൂട്ടര്‍ ഇരകളുമാണെന്ന് വാദിച്ച് പക്ഷംപിടിച്ച് മതകലഹമുണ്ടാക്കാനും സ്വയംവീര്‍പ്പിച്ച് പ്രാധാന്യം ഉറപ്പിക്കാനും സ്വതന്ത്രചിന്തകരോ നാസ്തികരോ ശ്രമിക്കാറില്ല.

മതം പ്രാപഞ്ചിക സത്യമാണ്, അത് ഉപേക്ഷിച്ചാലും പോകില്ല, അതില്‍ നിന്നും പുറത്തുപോയാലും നിങ്ങള്‍ അതു തന്നെയായി തുടരും, മതംമാറിയാലും മതം നിങ്ങളെ പിന്തുടരും, നിങ്ങളെ മതത്തില്‍ പെടുത്തുന്നത് നിങ്ങളല്ല മറിച്ച് സമൂഹമാണ് ….തുടങ്ങിയ നിരാശാജനകമായ അതിമതവാദമല്ല മതത്തെ സംബന്ധിച്ച് സ്വതന്ത്രചിന്തകര്‍ ഉയര്‍ത്തുന്നത്. മതം അന്ധവിശ്വാസമാണ്, അത് മസ്തിഷ്‌കപരമാണ്, നിങ്ങള്‍ക്കത് ഉപേക്ഷിക്കാം, ഉപേക്ഷിക്കണം, മതത്തില്‍ നിന്ന് പുറത്തുപോകാം, മതം മാറാം… കുറെ കഴിയുമ്പോള്‍, രണ്ടോ മൂന്നോ തലമുറ കഴിയുമ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണമായും പുതിയ മതത്തിന്റെ ഭാഗമാകും. മതനിഷേധം സാധ്യമാണ്, മതേതരജീവിതം സാധ്യമാണ്, അതാണ് മഹത്തരമായിട്ടുള്ളത്. ആ ദിശയില്‍ സമൂഹം കൈവരിച്ച നേട്ടങ്ങള്‍ക്ക് പ്രാധാന്യംകൊടുക്കണം, മതവിജയങ്ങള്‍ക്ക് കുറഞ്ഞ പ്രാധാന്യംകൊടുത്ത് മാറ്റം സാധ്യമാണെന്ന പോസീറ്റീവ് സമീപനത്തിലൂടെ സമൂഹത്തിന് ആത്മവിശ്വാസം പകരണം-ഇതാണ് നാസ്തികരുടെയും സ്വതന്ത്രചിന്തകരുടെയും നിലപാട്.

പണ്ട് മതങ്ങള്‍ക്കിടയില്‍ പലതരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി, ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കളുടെ ഘാതകനാണെന്ന് ചില ഹൈന്ദവരും ഹിന്ദുക്കളെ സംരക്ഷിച്ചയാളാണെന്ന് ചില മുസ്ലീങ്ങളും വാദിക്കും. പക്ഷെ ഇത്തരം കഥകളും ചരിത്ര വസ്തുതകളും കൂട്ടിക്കുഴച്ച് സമൂഹമധ്യത്തില്‍ കാലുഷ്യവും സംഘര്‍ഷവും ഉണ്ടാക്കുന്നത് ശരിയല്ലെന്ന വാദമാണ് നാസ്തികര്‍ ഉയര്‍ത്തുന്നത്. വര്‍ത്തമാനകാലത്തില്‍ ജീവിച്ചുകൊണ്ട്, വര്‍ത്തമാനത്തിന്റെ ചിന്താപദ്ധതികളെ കൈകൊണ്ട് ചരിത്രത്തെ പഠിക്കാനും അതില്‍ നിന്ന് ഉള്‍കൊളളാനും ശ്രമിക്കണം. അല്ലാതെ ഭൂതകാലത്തിന്റെ കബന്ധങ്ങള്‍ വര്‍ത്തമാനകാലത്തെ കറുപ്പിക്കാന്‍ ഉപയോഗിക്കരുത് എന്നാണ് സ്വതന്ത്രചിന്തകര്‍ പറയുക.

പണ്ട് ഉണ്ടായ സംഘര്‍ഷവും ലഹളകളും ഇന്ന് പ്രതികാര രാഷ്ട്രീയമായും പരസ്പര സംശയമായും രൂപപ്പെടുത്തിയെടുക്കുന്നതിനെ സ്വതന്ത്രചിന്തകരും നാസ്തികരും എതിര്‍ക്കുന്നു. അത്തരം കാലുഷ്യപ്രചരണങ്ങള്‍ നടത്തുന്നവരെ വര്‍ഗ്ഗീയവാദികളായി, മതമൗലികവാദികളായി വിലയിരുത്തുന്നു. മതസംഘര്‍ഷവും സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുന്നവര്‍ മതമൗലികവാദികളും ക്ഷുദ്രജന്മങ്ങളുമാണെങ്കില്‍ ജാതിയുടെ പേരില്‍ ഇതേ പണി കാണിക്കുന്നവരെയും അതേ മാനദണ്ഡത്തിലൂടെ മാത്രമേ കാണാനാവൂ.

മതം യാഥാര്‍ത്ഥ്യമാണ്, ഉള്ളതാണ്. അത് മനസ്സിലാക്കി മതവിശ്വാസത്തെയും അന്ധവിശ്വാസത്വരയേയും ദുര്‍ബലപ്പെടുത്താനുള്ള വിദ്യാഭ്യാസ പരിപാടി നടത്തുന്നവരാണ് നാസ്തികര്‍. അല്ലാതെ മതത്തിന്റെ മഹത്വം വാഴ്ത്തിപ്പാടി സദാ മതം ഒലിപ്പിച്ച്, മതംപറഞ്ഞ്, കണ്ണില്‍കാണുന്നവരെയെല്ലാം മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുകയും മതംപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുന്നവരല്ല. അവര്‍ക്ക് മതവിശ്വാസികള്‍ മതത്തിന്റെ ഇരകളാണ്. മതമാണ് പ്രശ്‌നം, വിശ്വാസികളല്ല എന്നു സാരം.

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നതിനൊക്കെ ഉപരിയായി മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തെയാണ് നാസ്തികരും സ്വതന്ത്രചിന്തകരും പിന്തുണയ്ക്കുക. മനുഷ്യര്‍ക്ക് പൊതുവെ മതം ഉണ്ടെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ പരിപ്രേഷ്യം മുന്നോട്ടുവെക്കുന്നത്. ഹിന്ദുവിനെ മുസ്ലീമിനെതിരെ തിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ വര്‍ഗ്ഗീയവാദികളായി വിലയിരുത്തുന്ന സ്വതന്ത്രചിന്തകര്‍ ഇതേ പണി ജാതികള്‍ക്കിടയില്‍ ചെയ്യുന്നവരെ ആദരിക്കുന്നില്ല…. അതായത് മതംപറഞ്ഞല്ല നാസ്തികര്‍ മതത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് മറിച്ച് അതിന്റെ ആശയപരിസരങ്ങളെയും നിര്‍മ്മിതി ഘടകങ്ങളെയും ആശയപരമായും സാമൂഹികപരമായു ദുര്‍ബലപ്പെടുത്തികൊണ്ടാണ്. അതായത് ജാതിവാദികള്‍ ജാതിക്ക് പാലൂട്ടുമ്പോള്‍ ചെയ്യുന്നതെന്തോ അതിന്റെ വിപരീതം.