തടവറയല്ലേ സുഖപ്രദം!
(Ravichandran C)

(1) അയല്‍ക്കാരികളായ മുസ്‌ളീം സ്ത്രീകളുമായുള്ള വാക്കുതര്‍ക്കത്തിനിടെ ഇസ്‌ളാംവിരുദ്ധപരാമര്‍ശങ്ങള്‍ നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് 2010 ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചു മക്കളുടെ മാതാവായ അസിയാ ബീബി(47) എന്ന ക്രൈസ്തവ വനിതയെ ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുകളില്ലാത്തതിനാല്‍ പാകിസ്താന്‍ സുപ്രീംകോടതി 2018 ഒക്‌ടോബര്‍ 31 ന് വെറുതെ വട്ടിരുന്നു. എന്നാല്‍ അസിയയെ പരസ്യമായി തൂക്കികൊല്ലണം എന്നാവശ്യപ്പെട്ട് ഇപ്പോള്‍ പാകിസ്താനിലെമ്പാടും വ്യാപകമായ അക്രമസമരങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. അന്യമതക്കാരിയായ അസിയ വെള്ളംകുടിച്ച പാത്രത്തില്‍ നിന്നും കുടിക്കാന്‍ മൂന്ന് മുസ്‌ളീം സ്ത്രീകള്‍ വിസമ്മതിച്ചുവെന്നും ഇതിനെ വിമര്‍ശിച്ച അസിയയെ ഒരു പാഠം പഠിപ്പിക്കാനായി അവര്‍ക്കെതിരെ മതനിന്ദാകുറ്റം ഈ സ്ത്രീകള്‍ പറഞ്ഞുണ്ടാക്കിയെന്നുമാണ് പാക് മാധ്യമങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്തത്. തെഹ്‌രിക്-ഇ-ലബെക്ക് എന്ന പേരുള്ള മതനിന്ദാകുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ സവിശേഷ താല്പര്യം കാണിക്കുന്ന മതസംഘടനയാണ് അരാജകത്വം അഴിച്ചുവിടുന്നതില്‍ മുമ്പന്തിയിലുള്ളതെങ്കിലും പാകിസ്താനിലെ മുസ്ലീംപൊതുമനസ്സിന്റെ കാര്യവും ഭിന്നമല്ല. സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിലകൊള്ളുന്ന ഒരു ന്യൂനപക്ഷം അവിടെയുണ്ടെങ്കിലും ആര്‍ക്കും നാവ് പൊന്തുന്നില്ല. വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും പ്രധാനമന്ത്രി ഇമ്രാന്‍ഖാനും എതിരെയാണ് പ്രക്ഷോഭകരുടെ രോഷംമുഴുവന്‍. കുറ്റാരോപണത്തിന്റെ പേരില്‍ കഴിഞ്ഞ എട്ടുവര്‍ഷം തടവിലായിരുന്ന ഒരു സാധുസ്ത്രീയുടെ ജീവന് വേണ്ടിയാണ് രാജ്യം മുഴുവന്‍ മുറവിളി കൂട്ടുന്നത്. തന്നെ ഒരിക്കലും മോചിപ്പിക്കരുതേ എന്നാവും വിദേശത്ത് പോയി ഭര്‍ത്താവുംകുടുംബുമൊത്ത് ജീവിക്കാന്‍ കൊതിച്ച അസിയ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. രാജ്യംവിടാന്‍ അസിയയെ അനുവദിക്കരുത് എന്നാണ് മതവെറിയരുടെ പ്രധാന ആവശ്യം. ഒരുപക്ഷെ ജീവിതത്തിലൊരിക്കലും തടവറയെ അവര്‍ ഇത്രമേല്‍ സ്‌നേഹിച്ചിട്ടുണ്ടാവില്ല. മോചനം ദു:ഖമാണ് അസിയ, തടവറയല്ലേ സുഖപ്രദം!

(2) വിധിയെഴുതിയിട്ടും മതവേറിയരെ ഭയന്ന് അത് മൂന്നാഴ്ച വൈകിപ്പിച്ച മൂന്ന് സുപ്രീംകോടതി ന്യായാധിപരുടെ ജീവനും അപകടത്തിലാണ്. അസിയയുടെ കേസ് വാദിച്ച അഭിഭാഷകന്‍ നെതര്‍ലന്‍ഡ്‌സിലേക്ക് കടന്നെങ്കിലും ആവശ്യംവന്നാല്‍ കേസുവാദിക്കാന്‍ തിരിച്ചുവരുമെന്ന് പറയുന്നുണ്ട്. 2011 ജനുവരിയില്‍ അസിയയ്ക്ക പ്രസിഡന്റ് മാപ്പ് നല്‍കണമെന്നും മതനിന്ദാനിയമം(Blasphemy Law) കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട പഞ്ചാബ് ഗവര്‍ണ്ണര്‍ സല്‍മാന്‍ തസീറിനെ‍ (Salman Taseer) സ്വന്തം അംഗരംക്ഷകന്‍ മുംതസ് ഖാദ്രി വെടിവെച്ചുകൊന്നു. 2016 മാര്‍ച്ചില്‍ തൂക്കിലേറ്റപ്പെട്ട ഖാദ്രിയുടെ ശവസംസ്‌ക്കാര ഘോഷയാത്രയില്‍ കണ്ണീരുംകയ്യുമായി പതിനായിരങ്ങളാണ് പങ്കെടുത്തത്. തുടര്‍ന്ന് ഏതാനും ആഴചകള്‍ക്കുള്ളില്‍ ലാഹോറിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ കൊല്ലപ്പെട്ടത് എഴുപത് പേരാണ്. തൊട്ടടുത്ത മാസം മതനിന്ദാ നിയമം പരിഷ്‌ക്കരിക്കണം എന്ന ആവശ്യം ഉന്നയിച്ച പാകിസ്താനിലെ ന്യൂനപക്ഷകാര്യമന്ത്രിയും ക്രിസ്തുമതവിശ്വാസിയുമായ ഷബാസ് ബാട്ടി ഇസ്ലാമാബാദില്‍ വെച്ച് കൊല്ലപ്പെട്ടു…. മതനിന്ദകര്‍ക്ക് മരണം എന്ന മുദ്രാവാക്യവുമായി തെരുവു നിറയ്ക്കുന്ന വിശ്വാസികളെ എങ്ങനെ നേരിടണം എന്നറിയാതെ കഴിഞ്ഞ ജൂലൈയില്‍ മതനിന്ദാകുറ്റത്തെ ശക്തമായി ന്യായീകരിച്ച് അധികാരത്തിലെത്തിയ ഇമ്രാന്‍ഖാന്‍ അന്ധാളിച്ചു നില്‍ക്കുന്നു. മതവെറിയര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള പോലീസും പാകിസ്താന്‍ ആര്‍മിയും വ്യക്തമായ തീരുമാനമെടുക്കാതെ തുള്ളിക്കളിക്കുന്നു….ശരിക്കും മതങ്ങള്‍ വിഭാവനം ചെയ്യുന്ന നരകമായി പാകിസ്താന്‍.

(3) അസിയയെ തൂക്കികൊല്ലണം എന്നലറികൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ. അക്ഷരാഭ്യാസമില്ലാത്തവര്‍ മുതല്‍ ഗവേഷണബിരുദധാരികള്‍വരെ അവര്‍ക്കിടയിലുണ്ടാവും. യുദ്ധവിരുദ്ധപ്രവര്‍ത്തകര്‍, പ്രകൃതിസ്‌നേഹികള്‍, കലാകാരന്‍മാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍….ഒക്കെ അവര്‍ക്കിടയിലുണ്ട്. മനുഷ്യമനസ്സിന്റെ സഹജമായ നന്മയെല്ലാം നഷ്ടപെട്ട് കൊലയാളികളെപോലെ ഈ ജനക്കൂട്ടം ആര്‍ത്തിരമ്പാന്‍ കാരണം അവരുടെ മസ്തിഷ്‌ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്. പലജനം, ഒരു രോഗം! അസിയ പിടഞ്ഞു ചാകുന്നത് അവര്‍ക്ക് കണ്‍കുളിര്‍ക്കെ കാണണം, ആ വാര്‍ത്ത കാതുകുളിര്‍ക്കെ കേള്‍ക്കണം. അങ്ങനെ ചോര കാണുമ്പോള്‍ പ്രീതിപ്പെടുന്ന ഗോത്രദൈവത്തിന്റെ പ്രീതി സമ്പാദിക്കണം. വിശ്വാസികളാണവര്‍. എല്ലാവരും പൊന്നേ പോറ്റി എന്നൊക്കെ വിളിച്ച് താലോലിക്കുന്ന വിശ്വാസികള്‍… ‘പാവം ഭക്തര്‍’… ‘നിഷ്‌കളങ്കരായ’ വിശ്വാസികള്‍…. !!

(4) പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് കൊല്ലുക എന്നത് അമ്പരപ്പിക്കുംവിധം എളുപ്പമാണ്. അനിഷ്ടം തോന്നുന്ന ആരുടെയും ജീവനെടുക്കാം. മുഹമ്മദിനെയോ കുര്‍-ആന്‍ എന്ന പുസ്തകത്തെയോ അവഹേളിച്ചു എന്നൊരു കഥയുണ്ടാക്കുക. പോട്ട മോഡലില്‍ ഒന്നു രണ്ട് സാക്ഷ്യങ്ങള്‍…ശേഷം കാര്യം ആള്‍ക്കൂട്ടം നോക്കിക്കൊള്ളും. കുറ്റാരോപിതരുടെ ഭാഗം വാദിക്കാന്‍ വക്കീലുണ്ടാവില്ല, അഥവാ ഉണ്ടായാല്‍ അവരുടെ വിധിയും ഭിന്നമാകില്ല. വിധി പറയേണ്ട ന്യായാധിപന്‍മാര്‍ ജീവനുംകൊണ്ട് പലായനംചെയ്യും. മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെട്ടവരെ കൊല്ലാന്‍ കല്‍പ്പിക്കാത്ത വിധി പ്രഖ്യാപിക്കുന്നവന് ശമ്പളം മരണമായെന്നുവരാം. വിധി എതിരായെങ്കില്‍ നിയമം കയ്യിലെടുക്കും. ദിവസങ്ങളോളം ഗതാഗതം സ്തംഭിപ്പിക്കും, വാഹനങ്ങള്‍ കത്തിക്കും, വസ്തുവകകള്‍ കൊളളയടിക്കും..എതിരെ ഒരക്ഷരം ശബ്ദിക്കാനാവാതെ ഭരണകൂടം സ്വന്തം തൊണ്ടയ്ക്ക് കുത്തിപ്പിടിക്കും. ഇതൊക്കെ അങ്ങ് പാകിസ്താനിലല്ലേ എന്ന് സമാധാനിക്കാന്‍ വരട്ടെ. ബംഗ്ലാദേശില്‍ ഇരുപതോളംപേരാണ് കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ മതവെറിയരുടെ കൊലക്കത്തിക്ക് ഇരയായത്. കൈവെട്ട് രാജ്യമായി ഇന്ത്യ മാറിയിട്ട് കാലമേറെയായില്ല. ഇവിടെ ഉറങ്ങിക്കിടക്കുന്നത് തന്നെയാണ് പാകിസ്താനിലും ബംഗ്ലാദേശിലും പ്രകടമാകുന്നത്. മതത്തിന്‌ ‘തനിക്കൊണം’ കാണിക്കാന്‍ പറ്റാത്ത രീതിയിലുളള്ള ചില പരിമിതികള്‍ ഈ രാജ്യത്തുള്ളതാണ് പലര്‍ക്കും ഇതൊക്കെ കഥകളായി തോന്നാന്‍ കാരണം.

(5) അവിഭക്ത ഇന്ത്യയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ഡിറ്റ് എം.എ ചാമുപതി രചിച്ച 58 പേജുള്ള ഉറുദു പുസ്തകമാണ് റസൂല്‍ രംഗീല. 1927 ല്‍ മഹാശെ രാജ്പാല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചു. ഇതില്‍ മുഹമ്മദിനെതിരെയുള്ള പരാമര്‍ശം ഉണ്ടെന്ന വാദമുയര്‍ത്തി ഐ.പി.സി 153-എ പ്രകാരം പ്രസാധകനെ ശിക്ഷിക്കണമെന്ന മുറവിളി ഉയര്‍ന്നു. 153-എ രണ്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനെതിരെയുള്ള വകുപ്പാണ്. ആവശ്യം നടപ്പിലാക്കികിട്ടാനായി മുസ്ലീം പൊതുസമൂഹം അക്രമത്തിലേക്ക് തിരിഞ്ഞു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാനിയമം പ്രസ്തുത വിഷയത്തില്‍ അസാധുവായതിനാല്‍ മഹാശെ രാജ്പാലിനെ ലാഹോര്‍ ഹൈക്കോടതി വെറുതെവിട്ടു. മുസ്ലീം പൊതുസമൂഹത്തിന് വിധി സ്വീകാര്യമായില്ല. പ്രത്യക്ഷവും പരോക്ഷവുമായ കൊലവിളികള്‍ ഉയര്‍ന്നു. രാജ്പാലിനെ കൊല്ലാന്‍ വേണ്ടത്ര വിഷം നിയമത്തിന് ഇല്ലെങ്കില്‍ അത് സാധ്യമാക്കുന്ന നിയമം ഉണ്ടാക്കണം എന്നായി. അങ്ങനെയാണ് ബ്രീട്ടീഷ് ഭരണകൂടം 295 എ എന്ന മതനിന്ദാകുറ്റം 1927 ല്‍ കൊണ്ടുവരുന്നത്.

(6) മുഹമ്മദലി ജിന്നയെപ്പോലുള്ളവര്‍ ഈ വകുപ്പ് മതവിമര്‍ശനം നടത്തുന്നവര്‍ക്കെതിരിയും ചരിത്രകാരന്‍മാര്‍ക്കെതിരെയും ഉപയോഗിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ഈ വകുപ്പ് പ്രകാരവും മഹാശെ രാജ്പാല്‍ ശിക്ഷാര്‍ഹനല്ലെന്ന് ലാഹോര്‍ ഹൈക്കോടതി 1929 ഏപ്രില്‍ 6 ന് വിധി പ്രസ്താവിച്ചു. എന്നാല്‍, മുഹമ്മദിനെ വിമര്‍ശിച്ച ഗ്രന്ഥം പ്രസിദ്ധീകരിച്ച പ്രസാധകനെ കുത്തികൊന്ന് ഇലം ദിന്‍ എന്ന പത്തൊമ്പത് വയസ്സുകാരന്‍ ‘മതവിധി’ നടപ്പിലാക്കി. ലാഹോര്‍ കോടതി കൊലയാളിക്ക് വധശിക്ഷ വിധിച്ചു. ‘സാരേജഹാം സെ അച്ചാ’യുടെ കര്‍ത്തവായ കവി മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദ്ദേശപ്രകാരം മുഹമ്മദലി ജിന്ന തന്നെ കൊലയാളിക്ക് വേണ്ടി അപ്പീല്‍ ഹര്‍ജിയുമായി കോടതിയില്‍ ഹാജരായി. പക്ഷെ അപ്പീല്‍ തള്ളപ്പെട്ടു. 1929 ഒക്‌ടോബര്‍ 31 ന് ഇലം ദീനെ തൂക്കിലേറ്റി. കൊലയാളിയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ കവി മുഹമ്മദ് ഇക്ബാലിനെ പോലുള്ളവര്‍ അയാളുടെ ബലിദാനത്തെ വാഴ്ത്തിപ്പാടി. സമാനമായ ആവേശം കാണിച്ച മറ്റൊരു കവി ദീന്‍ മുഹമ്മദ് തസീര്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് 2011 ല്‍ അസിയയ്ക്ക് നീതി കിട്ടണമെന്ന് വാദിച്ചതിന്റെപേരില്‍ മുംതാസ് ഖ്വാദ്രി എന്ന അംഗരക്ഷകന്റെ വെടിയേറ്റു കൊല്ലപ്പെട്ട മുന്‍ പഞ്ചാബ് ഗവര്‍ണ്ണര്‍ സല്‍മാന്‍ തസീര്‍! ഈ വിഷയത്തില്‍ അന്ന് എം.കെ ഗാന്ധിയെപ്പോലുള്ളവര്‍ സ്വീകരിച്ച അഴുകൊഴമ്പന്‍ സമീപനം ഇസ്ലാമോഫോബിയയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അംബേദ്ക്കറിനെപ്പോലുള്ളവര്‍ ഗാന്ധിയെ ഈ ഭീരുത്വത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

(7) ഇന്ന് അസിയ ബീബി ഏതോ അജ്ഞാതകേന്ദ്രത്തില്‍ തടവിലാണ്. അതെവിടെയാണ് എന്നു കണ്ടുപിടിക്കപ്പെടുന്നതുവരെയേ അവര്‍ക്കായുസുള്ളൂ എന്ന പ്രചരണം മതവെറിയര്‍ നടത്തുന്നുണ്ട്. തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന്‌ അസിയയുടെ ഭര്‍ത്താവ് അമേരിക്കന്‍ പ്രസിഡന്റിനോടും യു.കെ പ്രധാനമന്ത്രിയോടും അഭ്യത്ഥിച്ചിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ ഇന്ത്യയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇക്ബാല്‍ രംഗത്തുവന്നതാണ് രസകരമായ മറ്റൊരു കാര്യം. വാഹനങ്ങളുടെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കോണ്‍വെക്‌സ് മിററുകളില്‍ എഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ- “Objects in mirror are closer than they appear.” അയല്‍പക്കത്ത് കാണുന്ന പല കാഴ്ചകളും നാം വിചാരിക്കുന്നതിലും അരികെയാണെന്ന് തിരിച്ചറിയണം; സമാനരോഗങ്ങള്‍ എവിടെയും ഏറെക്കുറെ സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുമെന്നും

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.