പുക മാത്രം !

112

പുക മാത്രം…
രവിചന്ദ്രൻ സി എഴുതുന്നു

പൊങ്കാലയ്ക്ക് പോകാന്‍ വണ്ടി വേണം, വള്ളം വേണം, അടുപ്പ് കൂട്ടാന്‍ കട്ടകള്‍ വേണം, എല്ലാ സൗകര്യങ്ങളും ഒരുക്കി കിട്ടണം.എല്ലാം സൗജന്യമാണെങ്കില്‍ ഉത്തമം, അതി ഉത്തമം പൊങ്കാല കഴിഞ്ഞാലുടന്‍ വീട്ടിലെത്താന്‍ സ്‌പെഷ്യല്‍ ബസ്സ് വേണം.ഗതാഗത തടസ്സം ഒഴിഞ്ഞു കിട്ടണം. പൊങ്കാല നടക്കുമ്പോള്‍ ആംബുലന്‍സ് പോലും ചലിക്കരുത്.നഗരം നിശ്ചലമാകണം എനിക്ക് ‘സായൂജ്യ’മടയണം. അന്യനും അവന്റെ അവകാശങ്ങളും എനിക്ക് നരകമാണ്. ഞാന്‍ സ്വയം ത്യജിച്ച്, കഷ്ടപെട്ട്, ബുദ്ധിമുട്ടി ലോകത്തിന് വേണ്ടി എടുത്ത് മറിക്കുകയാണ്‌. നഗരം പുകച്ച് ഐശ്വര്യം കൊണ്ടുവരികയാണ്. നിയമങ്ങള്‍ എന്നെപോലുള്ള ‘ആത്മത്യാഗി’കള്‍ക്ക് ബാധകമല്ല. കാര്യസാധ്യത്തിനായി ഞാന്‍ വന്നു, എനിക്കിനി വീട്ടില്‍ പോകണം. ബാക്കിയുള്ളവരുടെ പ്രശ്‌നമൊന്നും എനിക്ക് പ്രശ്‌നമല്ല. കാരണം, ഞാനൊരു മതജീവിയാണ്.

Image result for attukal pongala 2020എന്റെ ആര്‍ത്തി, അത്യാഗ്രഹം, എന്റെ ഭൗതികമോഹങ്ങള്‍, പണം, സമ്പത്ത്, പ്രമോഷന്‍, ദീനം, മകളുടെ കല്യാണം, ആടിന്റെ പ്രസവം, കോഴിക്കാലുമുതല്‍ കുഞ്ഞിക്കാല് വരെ ഒക്കെ എനിക്ക് തെരുവില്‍ തിളപ്പിച്ചൊഴുക്കണം പിറുപിറുക്കണം ആവശ്യങ്ങള്‍ എന്നോട് തന്നെ പറയണം. ഹര്‍ത്താലും രാഷ്ട്രീയസമരങ്ങളും വഴിമുടക്കുമ്പോള്‍ ഞാന്‍ കത്തിക്കാളും. കാരണം എന്റെ അവകാശങ്ങളാണ് അവര്‍ കവര്‍ന്നെടുക്കുന്നത്. പൊങ്കാലയ്ക്ക് പട്ടണം പുകയ്ക്കുമ്പോള്‍ ഞാന്‍ ഈ പ്രദേശത്തെ മുഴുവന്‍ ഉദാരമായി ഉദ്ധരിക്കുകയാണ്. തണല്‍ തേടി വേണം പൊങ്കാലിക്കാന്‍. അല്ലെങ്കില്‍ വാടും. പിറ്റേന്ന് പനി വരും. നന്നായി വേഷംകെട്ടിയാല്‍ പത്രത്തില്‍ വന്നേക്കാം. വീടിനടുത്തായാല്‍ ആയാസവുമില്ല.

ചക്കരകഞ്ഞി ഫ്രിഡ്ജില്‍ വെച്ചാല്‍ അടുത്ത ദിവസം ചളിക്കാതെ വിളമ്പി സ്വയം മഹത്വപ്പെടുത്താം.
സ്വകാര്യമോഹങ്ങളും അത്യാഗ്രഹങ്ങളും പിറുപിറുത്തുകൊണ്ട് തെരുവില്‍ കഞ്ഞി തിളപ്പിക്കുന്ന ഏര്‍പ്പാടിന് ‘ആത്മസമര്‍പ്പണ’മെന്നും ‘സ്വയംഅലിഞ്ഞ് ഇല്ലാതാകല്‍’ എന്നുമൊക്കെ വിളിപ്പേരുണ്ട്. ഇതാണ് ശരിയായ സദാചാരം!! ബാക്കിയൊക്കെ അശ്ലീലം!! പരമമായ സ്വാര്‍ത്ഥതാപ്രകടനങ്ങളും കത്തിക്കാളുന്ന ഭൗതികാസക്തിയും സംസ്‌ക്കാരമാകുന്ന ഒരു സമൂഹത്തില്‍ നിറയുന്നത് പുകയാണ്..പുക മാത്രം..!

Advertisements