Ravichandran C

വീണാലും നേട്ടം?

(1) ഇന്നലെ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ്ഗ മേഖലകളില്‍ അഭയാര്‍ത്ഥികളെ പൗരന്‍മാരായി അംഗീകരിക്കുന്നത് തദ്ദേശിയരുടെ ജീവിതത്തിനും സംസ്‌കാരത്തിനും ആഘാതമേല്‍പ്പിക്കും എന്ന പരാതിയാണ് മിക്കയിടത്തും പ്രക്ഷോഭത്തിന് ആധാരം.വിദേശ അഭയാര്‍ത്ഥികളെ കൊണ്ടുവന്ന് തട്ടാനുള്ള സ്ഥലമല്ല (dumping yard) തങ്ങളുടെ പ്രദേശം എന്നാണവര്‍ തെരുവുകളില്‍ ഇറങ്ങി പ്രഖ്യാപിക്കുന്നത്. നിയമഭേദഗതി ഈ സംസ്ഥാനങ്ങളിലെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ബാധകമല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രക്ഷോഭം തുടരുകയാണ്. പൗരത്വബില്ല് അനുസരിച്ച് അഭയാര്‍ത്ഥികളെ പൗരന്‍മാരായി സ്വീകരിക്കുന്നതിന് എതിരെയാണ്‌ ഇവിടെ നടക്കുന്ന പ്രക്ഷോഭമെങ്കില്‍ മുസ്ലിം അഭയാര്‍ത്ഥികളെ പൗരത്വത്തിന്‌ പരിഗണിക്കാത്തതാണ് മറ്റു മേഖലകളിലെ അമര്‍ഷത്തിന് കാരണം. ആസ്സാം, പശ്ചിമ ബംഗാള്‍, ഒറിസ്സ തുടങ്ങിയ സംസ്ഥാനങ്ങളെ വളരെയധികം ബാധിക്കുന്ന നിയമമാണ് ഇന്നലെ പാസ്സാക്കിയത്.

Image result for citizenship amendment bill"(2) കഴിഞ്ഞ 14 വര്‍ഷത്തില്‍ 11 വര്‍ഷം രാജ്യത്ത് ഉണ്ടായിരിക്കുക, അതില്‍ തന്നെ കഴിഞ്ഞ 12 മാസം സ്ഥിരതാമസം ഉണ്ടായാരിക്കുക എന്നതാണ് 1956 മുതലുള്ള പൗരത്വം സംബന്ധിച്ച ഇന്ത്യന്‍നിയമം. അതില്‍ നാച്ചുറലൈസേഷന്‌ 11 വര്‍ഷം എന്നത് 5 വര്‍ഷമായി (2014 ഡിസമ്പര്‍ 31 വരെയുള്ളവര്‍) കുറച്ചു എന്നതാണ് ഭേദഗതി ബില്ല് കൊണ്ടുവരുന്ന പ്രധാന മാറ്റം. ഏതാണ്ട് മുപ്പതിനായിരം പേര്‍ക്ക് ഈ നിയമത്തിന്റെ ഗുണം ലഭിക്കുമെന്ന് കരുതപ്പെടുന്നു. അഭയാര്‍ത്ഥികളെ പൗരര്‍ ആക്കാനുള്ള മാനദണ്ഡങ്ങളാണ് മറ്റൊന്ന്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മതപീഡനം സഹിക്കാനാവാതെ 2014 ഡിസമ്പര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ അഭയംതേടുകയും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അഭയാര്‍ത്ഥികളായി കഴിയുകയും ചെയ്യുന്നവര്‍ക്ക് പൗരത്വം നല്‍കും എന്നാണ് പുതിയ നിയമം പറയുന്നത്. പക്ഷെ അത്തരം അഭയാര്‍ത്ഥികള്‍ മുസ്ലിം-ഇതര മതവിഭാഗഗങ്ങളില്‍ പെട്ടവരായിരിക്കണം എന്നാണ് നിബന്ധന. മേല്‍പ്പറഞ്ഞ മുസ്ലീംരാജ്യങ്ങളില്‍ നിന്നും രക്ഷനേടുന്നവര്‍ മുസ്ലിങ്ങള്‍ ആകാന്‍ സാധ്യമല്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ആഭ്യന്തരപീഡനങ്ങളും സ്പര്‍ദ്ധകളും കാര്യമായിതന്നെ നിലനില്‍ക്കുന്ന മതമാണ് ഇസ്ലാം. മുസ്ലിങ്ങള്‍ തന്നെ മുസ്ലിങ്ങളെ കൊന്നുതളളുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇസ്ലാംകൊണ്ട് മുറിവേല്‍ക്കുന്ന മുസ്ലിങ്ങളുടെ എണ്ണവും കുറവല്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ മേല്‍ സൂചിപ്പിച്ച മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ പൗരത്വത്തിനായി പരിഗണിക്കില്ല എന്ന വാദം വിവേചനപരം(discriminatory) തന്നെയാണ്.

Image result for citizenship amendment bill"(3) അനധികൃത കുടിയേറ്റം നിയമവിരുദ്ധമാണ്. അതാകട്ടെ, എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. അനധികൃത കുടിയേറ്റം/നുഴഞ്ഞുകയറ്റം പല കാരണങ്ങളാല്‍ സംഭവിക്കാം. മതിയായ യാത്രാ രേഖകള്‍ ഇല്ലാതെ കുടുങ്ങിപോയവര്‍ മുതല്‍ കൊലക്കത്തിയില്‍ നിന്ന് പലായനം ചെയ്തു വന്നവര്‍ വരെ ആ പട്ടികയിലുണ്ടാവും. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഇപ്പോഴും ഭദ്രമല്ല. It is still very porous and difficult to scrutinize. പഴുതടച്ച സുരക്ഷയും പരിശോധനയും അസാധ്യമാക്കുന്ന രീതിയിലാണ് ഭൂമിശാസ്ത്രപരമായി ഇരു രാജ്യങ്ങളും നിലകൊള്ളുന്നത്. ബംഗ്ലാദേശില്‍ നിന്ന് രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃമായി കടന്നുകയറിയവരില്‍ മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് അഭയാര്‍ത്ഥി എന്ന പരിഗണനയില്‍ പൗരത്വം ലഭിക്കുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് അത് ലഭിക്കില്ല എന്നതാണ് പ്രധാന വിഷയം. ഇവരെല്ലാം കുറഞ്ഞത് ഒരു ദശകമായി ഇന്ത്യയില്‍ വസിക്കുന്നവരാണ് എന്നതാണ് വാസ്തവം. ബംഗ്ലാദേശ് മുസ്ലീം ഭൂരിപക്ഷ രാജ്യമായതിനാല്‍ അവിടെ നിന്ന് വരുന്ന മുസ്ലീങ്ങള്‍ വിവേചനംമൂലം അതിര്‍ത്തി കടന്നതായി കണക്കാക്കാനാവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുമ്പോള്‍ നിങ്ങള്‍ എന്തിന് അഭയാര്‍ത്ഥിയുടെ മതം നോക്കുന്നു എന്ന എതിര്‍ചോദ്യം വരുന്നു.

Image result for citizenship amendment bill"(4) പൗരാവകാശത്തിന് അര്‍ഹരായ അഭയാര്‍ത്ഥികളുടെ പട്ടികയില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാത്രം എന്നതിലും ജനാധിപത്യബോധമില്ലായ്മ പ്രകടമാണ്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്. ഇവിടങ്ങളില്‍ മതപരമായ വിവേചനവും പീഡനവും അനുഭവിക്കുന്ന ന്യൂനപക്ഷം അമുസ്ലീങ്ങളായിരിക്കും എന്ന വാദം എത്രമാത്രം ശരിയാണ്? മറ്റ് അയല്‍ രാജ്യങ്ങളില്‍ (നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക) നിന്നുള്ള അഭയാര്‍ത്ഥികള്‍ ഒഴിവാക്കപ്പെട്ടതിന്റെ അര്‍ത്ഥം അവിടങ്ങളില്‍ ന്യൂനപക്ഷപീഡനം ഇല്ല എന്നാണോ? പാകിസ്ഥാനിലും ബംഗ്ലാദേശിലും വിഭജനത്തിന് ശേഷം മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതം വന്‍തോതില്‍ കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ 9.5 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായി മുസ്ലീം ജനസംഖ്യ വര്‍ദ്ധിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ഇതില്‍ പാകിസ്ഥാനിലെ ന്യൂനപക്ഷ ജനസംഖ്യ കുറഞ്ഞു എന്ന വാദം പൊതുവെ ഉന്നയിക്കപ്പെടുന്ന ഒന്നാണെങ്കിലും വസ്തുതാപരമായി ശരിയല്ല(സിക്കുലറിസം എന്ന പ്രഭാഷണത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്). അതേസമയം ബംഗ്ലാദേശില്‍ ന്യൂനപക്ഷ ജനസംഖ്യാനുപാതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളില്‍ പ്രധാനം ഒരു രാജ്യം എന്ന നിലയില്‍ ബംഗ്ലാദേശിന്റെ പരാജയവും അവിടെ വര്‍ദ്ധിച്ചുവരുന്ന മതതീവ്രവാദവുമാണ്.

(5) പുതിയ പൗരത്വനിയമ പ്രകാരം ഭൂട്ടാനിലെ ക്രിസ്ത്യാനി അഭയാര്‍ത്ഥികള്‍ക്കും ശ്രീലങ്കയിലെ ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും ഇന്ത്യയില്‍ പൗരത്വം ലഭിക്കില്ല. ഇവിടെ മതങ്ങളെയല്ല മറിച്ച് രാജ്യങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്. അതായത് മാനദണ്ഡങ്ങളില്‍ തന്നെ വൈരുദ്ധ്യം. മൂന്ന് മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വവകാശം നല്‍കുന്നത്. മറ്റ് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് എന്താണ് യോഗ്യതക്കുറവെന്ന് മനസ്സിലാകുന്നില്ല. മുസ്ലീങ്ങള്‍ മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്നു പറയുന്നത് ശരിയല്ല. ഉദാഹരണമായി, മുസ്ലീംപേരുള്ള നാസ്തികരും അവിശ്വാസികളും ഇത്തരം രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാത്രമല്ല പലര്‍ക്കും ജീവന്‍ തന്നെ നഷ്ടപെട്ടു. മുപ്പതോളം നാസ്തികരാണ് കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ബംഗ്ലാദേശില്‍ മതതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരകളായത്. തസ്ലിമ നസ്രീനെപോലൊരു എഴുത്തുകാരി നിലയുറപ്പിക്കാനാവാതെ ലോകമെമ്പാടും അലയുന്നു. പാകിസ്ഥാനില്‍ അഹമ്മദീയ വിഭാഗത്തെ അമുസ്ലീങ്ങളായാണ് സിയാ ഉള്‍ ഹഖിന്റെ കാലംമുതല്‍ അവിടുത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നത്. ലോകത്തുതന്നെ ഏറ്റവുമധികം പീഡനം നേരിടുന്ന മത ഉപവിഭാഗമാണ് അഹമ്മദീയര്‍.

Image result for citizenship amendment bill"(6) പാകിസ്ഥാനില്‍ പീഡനം നേരിടുന്ന മറ്റൊരു വിഭാഗമാണ് ഷിയാകള്‍. വെള്ളിയാഴ്ചകളില്‍ പാകിസ്ഥാനില്‍ പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന പള്ളികളില്‍ മിക്കവയും ഷിയാകളുടേതാണ്. തൊട്ടടുത്തുള്ള ഇറാന്‍ ഷിയാ ഭൂരിപക്ഷ രാജ്യമായിട്ടും പാകിസ്ഥാനില്‍ നിന്നും ഷിയകളെ തുടച്ചുനീക്കാനുള്ള വ്യഗ്രതയിലാണ് പാകിസ്ഥാനിലെ സുന്നി തീവ്രവാദികള്‍. 98 ശതമാനം മുസ്ലീങ്ങളുള്ള അഫ്ഗാനിസ്ഥാനിലും 26 ശതമാനത്തിലധികം ഷിയകളാണ്. പക്ഷെ പുതുക്കിയ പൗരാവകാശ നിയമം അനുസരിച്ച് അഭയാര്‍ത്ഥികളായ അഹമ്മദിയര്‍ക്കോ ഷിയകള്‍ക്കോ ഇന്ത്യയില്‍ പൗരാവകാശം ലഭിക്കില്ല. ഇരു വിഭാഗങ്ങളെയും മുസ്ലീങ്ങള്‍ ആയിട്ടാണ് നിയമം പരിഗണിക്കുന്നതെന്ന് സാരം. വിട്ടുകളഞ്ഞ മറ്റൊരു വിഭാഗം ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥികളായ ബംഗാളികളായ റോഹിഞ്ച്യരാണ്. വംശപരമായും ഭാഷാപരവുമായും ‘ബംഗാളികള്‍ ‘ ആണെന്നതിനാല്‍ മ്യാന്‍മാറും സ്ഥലപരമായി മ്യാന്‍മാറിലുള്ളവരാണെന്നതിനാല്‍ ബംഗ്ലാദേശും അവരെ സ്വീകരിക്കാന്‍ തയ്യാറല്ല. ഈ ദേശരഹിത ജനതയില്‍ പെട്ട 40000 പേര്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.

(7) ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 14 സമത്വത്തെ സംബന്ധിച്ചുള്ളതാണ്. Equality before law: The State shall not deny to any person equality before the law or the equal protection of the laws within the territory of India Prohibition of discrimination on grounds of religion, race, caste, sex or place of birth എന്നാണ് അവിടെ പറയുന്നത്. any person എന്നു പറയുമ്പോള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമല്ലത് ബാധകം എന്ന് വ്യക്തമാണ്. മനുഷ്യരെ ജാതി-മത-ലിംഗ-ജന്മസ്ഥല വ്യത്യാസമില്ലാതെ തുല്യരായി പരിഗണിക്കണം എന്നാണ് ആര്‍ട്ടിക്കിള്‍ 14 പറയുന്നത്. അതായത് നിയമത്തിന് മുന്നിലുള്ള തുല്യത! ഈ അവകാശത്തില്‍ വെള്ളംചേര്‍ക്കുകയാണ് ഫലത്തില്‍ പുതിയ പൗരാവകാശനിയം. സമത്വനിയമത്തില്‍ വെള്ളംചേര്‍ക്കുന്ന നടപടികള്‍ സര്‍ക്കാരുകള്‍ കൈകൊണ്ടിട്ടില്ലേ എന്ന ചോദ്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. പുതിയ പൗരത്വനിയമം ഭരണഘടനയെ അപമാനിക്കുന്ന ഒന്നായതിനാല്‍ സുപ്രീംകോടതി പാര്‍ലമെന്റിനെ നിയമം പഠിപ്പിക്കുന്ന അവസ്ഥ സംജാതമാകും എന്നു പ്രതീക്ഷിക്കാം. അതേസമയം, അയോദ്ധ്യാക്കേസില്‍ വിധിപറഞ്ഞപോലെയാണ് സുപ്രീംകോടതി പെരുമാറുന്നതെങ്കില്‍ കളി മാറും.

(8) മതപരമായ വിവേചനം നേരിടുന്നവര്‍ മാത്രമാണോ പീഡിതര്‍? ഇത് വല്ലാത്ത ചുരുക്കി കാണലാണ്. വംശീയമായ, ഭാഷാപരമായ, സ്ഥലപരമായ പീഡനം നേരിടുന്നവരാണ് റോഹിഞ്ച്യര്‍. ഭൂരിപക്ഷം മുസ്ലീങ്ങളാണെങ്കിലും അവരില്‍ മറ്റ് മതവിഭാഗങ്ങളുമുണ്ട്. പീഡനത്തിന്റെ ഏക മാനദണ്ഡമായി മതത്തെ പരിഗണിക്കുന്നത് വസ്തുതാവിരുദ്ധമാണ്. അഭയാര്‍ത്ഥികളുടെ പ്രശ്നം ലോകത്തെ ഏറ്റവുമധികം നിറ്റുന്ന ഒന്നാണ്. ഇന്ത്യാ വിഭജനം ഒരു കോടി മനുഷ്യരെയാണ് അവരവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് പറിച്ചെറിഞ്ഞത്. ലോകമെമ്പാടും അഭയാര്‍ത്ഥികളുണ്ട്. വേരുകള്‍ നഷ്ടപെട്ടവര്‍, വിവിധ കാരണങ്ങളാല്‍ ജീവനും കയ്യില്‍ പിടിച്ച് പലായനം ചെയ്യുന്നവര്‍, പുറന്തള്ളപ്പെടുന്നവര്‍…. അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സഭ 1951 ല്‍ രൂപീകരിച്ച യു.എന്‍ റെഫ്യുജി കമ്മീഷന്‍ എന്ന പേരിലുളള കരാറില്‍ 145 അംഗരാജ്യങ്ങള്‍ ഒപ്പിട്ടുണ്ട്.

(9) അംഗരാജ്യങ്ങള്‍ അഭയാര്‍ത്ഥികളോട് മനുഷ്യത്വപരമായ സമീപനം കൈകൊളളണം എന്ന ധാരണയാണ് കരാറിന്റെ കാതല്‍. ഇത്തരം അന്താരാഷ്ട്ര കരാറുകളുടെ അന്തസത്ത അനുസരിച്ചാണ് തങ്ങള്‍ ഭേദഗതി ബില്‍ പാസ്സാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുമ്പോള്‍ അതെന്തുകൊണ്ട് മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ കാര്യത്തിലേക്ക് പരിമിതപെടുത്തി, എന്തുകൊണ്ട് അഭയാര്‍ത്ഥികളെ മതപരമായി വേര്‍തിരിച്ചുകാണുന്നു എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ഏകപക്ഷീയവും(unilateral) സ്വേച്ഛാപരവുമായ(arbitrary) ഒരു തീരുമാനമാണത്. രാജ്യത്തിനുളളില്‍ അനധികൃതമായി കടന്ന എല്ലാവരെയും നിയമപരമായി സമന്മാരായി (equal before law) കാണാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

(10) പൗരത്വനിയം ഭേദഗതി അഭയാര്‍ത്ഥികളെ സംബന്ധിച്ചുള്ളതാണ്. നിലവില്‍ ഇന്ത്യന്‍ പൗരന്‍മായവര്‍ക്ക് ബില്‍ ബാധകമല്ല. അപ്പോള്‍പിന്നെ രാജ്യത്തെ മുസ്ലിങ്ങള്‍ എന്തിന് അസ്വസ്ഥരാകണം? ഇന്ത്യയില്‍ തങ്ങുന്ന അഭയാര്‍ത്ഥികളില്‍ മുസ്ലിങ്ങളല്ലാത്തവരെ മാത്രമേ രാജ്യം സ്വീകരിക്കൂ എന്നാണ് പുതിയ ഭേദഗതി നിയമം സ്പഷ്ടമായി പറയുന്നത്. അപ്പോള്‍ രാജ്യത്തെ മുസ്ളീം അഭയാര്‍ത്ഥികള്‍ എവിടെപ്പോകും? സ്വാഭാവികമായും അവരെ പുറത്താക്കേണ്ടി വരും. അല്ലെങ്കില്‍ രാജ്യത്തിനുള്ളില്‍ നിരവധി സ്ഥലങ്ങളില്‍ സ്ഥിരം അഭയാര്‍ത്ഥി ക്യാമ്പുകളുണ്ടാക്കി പാര്‍പ്പിക്കേണ്ടിവരും. രണ്ടായാലും അതൊരു വമ്പന്‍ മനുഷ്യാവകാശ പ്രശ്‌നം തന്നെയാവും. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അധികാരം വെട്ടിപിടിക്കുന്നതില്‍ താല്പര്യമുള്ള മതമാണെന്ന വസ്തുത ഇസ്ലാം മറച്ചുവെക്കാറില്ല. അതുകൊണ്ടുതന്നെ മുസ്ലിം അഭയാര്‍ത്ഥികളെ മാത്രം പൗരത്വത്തിന് പരിഗണിക്കാത്തത് അവരില്‍ നഷ്ടബോധം ജനിപ്പിക്കും. വിഭജനത്തിന് ശേഷം അയല്‍ രാജ്യങ്ങളില്‍നിന്നും ധാരാളംപേര്‍ ഇന്ത്യയ്ക്കുള്ളിലേക്ക് വന്നിട്ടുണ്ട്. നമ്മുടെ അതിര്‍ത്തികളില്‍ സുഷിരങ്ങളേറെ. അതിര്‍ത്തിസുരക്ഷ ശക്തമാക്കുകയും നുഴഞ്ഞുകയറ്റം കര്‍ശനമായി നേരിടുകയും ചെയ്യാതെ ഈ പ്രശ്നത്തിന് വേറെ പരിഹാരമില്ല.

(11) കാലാകാലങ്ങളില്‍ നുഴഞ്ഞുകയറിയവരെ സംരക്ഷിക്കാനും വോട്ട് ബാങ്കാക്കാനും രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ മാത്രം മുന്നില്‍ കാണുന്ന പ്രവണത പില്‍ക്കാല ദുരിതങ്ങള്‍ക്ക് കാരണമാകും എന്ന ചിന്തയൊന്നും രാഷ്ട്രീയ കക്ഷികള്‍ക്കില്ല. സ്വാഭാവികമായും അവരെല്ലാം ദശകങ്ങളായി ഇന്ത്യയില്‍ വസിക്കുന്നു. അവര്‍ക്കൊന്നും തിരിച്ചുപോകാനാവില്ല. കണക്കെടുപ്പും മറ്റും വരുമ്പോള്‍ ഇതേ രാഷ്ട്രീയക്കാര്‍ തന്നെ വലിയ തോതില്‍ ഒച്ചവെക്കുന്നു. അതിര്‍ത്തി സുരക്ഷ ശക്തമാക്കണം-അനധികൃത കുടിയേറ്റം തടയണം-കുടിയേറ്റക്കാരെയെല്ലാം പൗരത്വം നല്‍കി ആദരിക്കണം-ഈ മൂന്ന് വാചകങ്ങളും ഒറ്റ ശ്വാസത്തില്‍ പറയുന്നു എന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളുടെ പൊതുഗുണം! നിലവില്‍ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിവേചനം ആണോ എന്നു ചോദിച്ചാല്‍ അല്ല. അഭയാര്‍ത്ഥികള്‍ നിലവില്‍ ഇന്ത്യക്കാരല്ലല്ലോ. പക്ഷെ രാജ്യം അഭയാര്‍ത്ഥികളെ പൗരന്‍മാരായി സ്വീകരിക്കുന്നതില്‍ കൊണ്ടുവരുന്ന നിയമം, എന്തൊക്കെ പറഞ്ഞാലും, മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വിവേചനപരം തന്നെയാണ്. അവരെ പരോക്ഷമായി അപമാനിക്കലാണത്.

(12) മുസ്ലീങ്ങള്‍ സാര്‍വദേശീയ മതാത്മകതയില്‍(Pan Islamic Sentiments) വിശ്വസിക്കുകയും വികാരംകൊള്ളുകയും ചെയ്യുന്നവരാണെന്നതിനാല്‍ അഭയാര്‍ത്ഥി മുസ്ലിം ആണെങ്കില്‍ പെട്ടെന്ന് വൈകാരികമായി ഐക്യപെടാന്‍ അവര്‍ക്ക് മതപരമായ പരിശീലനം ലഭിച്ചിട്ടുണ്ട്. പക്ഷെ മതേതരമായ ഭരണഘടനയും ജനാധിപത്യവും ഉയര്‍ത്തിപിടിക്കുന്ന ഒരു രാഷ്ട്രത്തിന് അത്തരത്തിലുള്ള തിരിവുകളും വിവേചനങ്ങളും സാധ്യമല്ല. മനുഷ്യാവകാശവും ന്യൂനപക്ഷ പീഡനവുമൊക്കെ പറഞ്ഞു പതപ്പിച്ച് ന്യായീകരിക്കാന്‍ എളുപ്പമാണെങ്കിലും ഫലത്തില്‍ ഇന്നലെ പാസ്സാക്കിയ പൗരത്വനിയമ ഭേദഗതിയില്‍ മതപരമായ വിവേചനം പ്രകടമാണ്. ജാതി-മത അടിസ്ഥാനത്തില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ മുതല്‍ പൗരത്വം വരെ നല്‍കുന്ന രീതി മാനവിക വിരുദ്ധവും വിഭാഗീയവും രാജ്യത്തെ ഭരണഘടനയ്ക്ക് എതിരുമാണ്. പൗരത്വഭേദഗതി നിയമം ആ പട്ടികയില്‍ പെട്ട ഒരു വിവേചനനിയമം തന്നെയാണ്. സുഗന്ധം ഏറെ പുരട്ടിയാലും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വിവേചനം വിട്ടുപോകില്ല. നിയമം കൊണ്ടുവരുന്നത് തന്നെ രാഷ്ട്രീയനേട്ടം എന്ന തത്വം ഭരണകക്ഷി മുറുകെ പിടിക്കുന്നതായി കാണാം. പൗരത്വഭേദഗതി നിയമം കോടതിയില്‍ പരാജയപ്പെടുമ്പോഴും നിയമം കൊണ്ടുവന്നവര്‍ക്ക് നഷ്ടബോധം ഉണ്ടാകാനുള്ള സാധ്യതയില്ല. കാശ്മീരിനെ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 പരിഷ്‌കരിച്ചതുപോലെ ‘വീണാലുംനേട്ടം’ എന്ന ചിന്ത പ്രകടമാണ്. അനധികൃത അഭയാര്‍ത്ഥികള്‍ തുല്യരാണ്, പക്ഷെ ചില മതങ്ങളില്‍പെട്ടവര്‍ കൂടുതല്‍ തുല്യരാണ് എന്ന് വാദിക്കുമ്പോള്‍ അവിടെ കൈമാറപ്പെടുന്ന സന്ദേശം വ്യക്തമാണ്. ആട്ടിപ്പായിക്കപ്പെടേണ്ട ചിന്തയാണിത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.