എന്താണ് ‘ഭാഗ്യം’?

31

വായിച്ചാല്‍ ഭാഗ്യം!
(Ravichandran C)

(1) ഇന്‍ബോക്‌സില്‍(FB Page& Profile) ദിവസവുംവരുന്ന മെസേജുകളില്‍ മിക്കവയ്ക്കും മറുപടി നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. പക്ഷെ പലതും ബ്രഹ്മാണ്ട ചോദ്യങ്ങളാണ്. ഒരു വാക്കിലോ വാചകത്തിലോ ഉത്തരംപറയാനാവാത്ത മാരക ചോദ്യങ്ങള്‍. ധാരണയില്ലാത്ത മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളും വരാറുണ്ട്. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പലയിടത്തായി പലപ്പോഴായി എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടാവും. പക്ഷെ ലിങ്ക് കൃത്യമായി തപ്പിയെടുത്ത് കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. അത്തരത്തില്‍ പൊതുവെ ആവര്‍ത്തിക്കപെടുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ശ്രമിക്കുന്നത്.

(2) ഭാഗ്യത്തില്‍ വിശ്വസിക്കാത്ത നാസ്തികര്‍ ”ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചില്ല..”എന്നൊക്കെ പറയുന്നത് തെറ്റല്ലേ എന്നതാണ് ചോദ്യം. ചോദ്യത്തിന് പല വേര്‍ഷനുകളുണ്ട്. ചിലവയില്‍ ഭാഗ്യത്തിന് പകരം മറ്റേതെങ്കിലും വാക്കായിരിക്കും. മതപരമായ അര്‍ത്ഥതലങ്ങളുള്ള വാക്കുകള്‍ നാസ്തികര്‍ വര്‍ജ്ജിക്കണം എന്നതാണ് ചോദ്യതാല്പര്യം. എങ്ങനെ നോക്കിയാലും ഇതൊരു ന്യായവൈകല്യമാണ്. ഒന്നാമതായി, നാസ്തികര്‍ക്ക് ഏതെങ്കിലും പദമോ സ്ഥലമോ സാധനമോ ഹറാമാകേണ്ട കാര്യമില്ല. എന്തെങ്കിലും ‘സവിശേഷത’ കാണുന്നുങ്കെില്‍ അങ്ങനെ പെരുമാറിയാല്‍പോരേ? കട കത്തിയാലും കോവില്‍ കത്തിയാലും പെട്ടെന്ന തീയണയ്ക്കണം. ചന്തയിലും അരമനയിലും ശുചിത്വംവേണം. സങ്കുചിത നിലപാടുകളും നൂലുപിടുത്തങ്ങളും സ്വതന്ത്ര ചിന്താരീതിയല്ല. വിശ്വസിക്കാത്ത ഒന്നിനെകുറിച്ച് എഴുതാനോ പറയാനോ സാധിക്കില്ലെന്ന് വന്നാല്‍ നാസ്തികര്‍ എങ്ങനെ ദൈവത്തെയും പ്രേതത്തെയും ആത്മാവിനെയുമൊക്കെ കുറിച്ച് എങ്ങനെ സംസാരിക്കും? ആത്മാവില്‍ വിശ്വാസിക്കാത്തവര്‍ക്ക് എങ്ങനെ ആത്മാര്‍ത്ഥത ഉള്ളവരെ കണ്ടെത്താനാകും?! മദ്യപിക്കാത്തവര്‍ക്ക് മദ്യവിരുദ്ധത പറയാനോ അഴിമതി നടത്താത്തവര്‍ക്ക് അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കാനോ തടസ്സമില്ലെങ്കില്‍ മതനിഷേധികള്‍ക്ക് മതവിമര്‍ശനവും ആകാം. മദ്യംകഴിച്ച് മദ്യവിരുദ്ധത പ്രകടിപ്പിക്കരുതെന്ന് മാത്രം.

(3) ഭാഷയുടെ ഉപയോഗം സമൂഹത്തിലെ മറ്റ് അംഗങ്ങളുമായി ആശയവിനിമയമാണ്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് കൂടി മനസ്സിലാകുന്നില്ലെങ്കില്‍ കഥയില്ല. സ്വന്തം ഇഷ്ടപ്രകാരം സംസാരിക്കാനോ എഴുതാനോ എളുപ്പമല്ല. അതൊരു കൃത്രിമത്വമാണ്. നിങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകുകയുമില്ല. ഭാഷ ഒരു പൊതു ഒത്തുതീര്‍പ്പാണ്. ചില പദങ്ങള്‍ മതം കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ടോ മതപരമായ അര്‍ത്ഥങ്ങള്‍ വ്യാപകമായി ഉള്ളതുകൊണ്ടോ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധത്തില്‍ കഴമ്പില്ല. മതപദങ്ങള്‍ തന്നെ മതേതരമായി ഉപയോഗിക്കാം. എല്ലാം വഴിപാടാണ്, അവന്‍ ഒരു കുരിശാണ്, ചൈനയുടെ കുമ്പസാരം, അമേരിക്കയുടെ അനുഗ്രഹം… എന്നൊക്കെ പറയുന്നതുപോലെ.

(4) ഭാഗ്യം (luck) എന്ന വാക്കിന്റെ കാര്യവും അത്രയേ ഉള്ളൂ. ഭാഗ്യം എന്നാല്‍ അനുകൂലവും സഹായകരവുമായ സംഭവഗതികളും സാഹചര്യങ്ങളും എന്നര്‍ത്ഥം. എതിരാകുന്നവ നിര്‍ഭാഗ്യം. They are not delusions. ഭാഗ്യം നിര്‍ണ്ണയിക്കുന്നത് സമയവും സന്ദര്‍ഭവുമാണ്. ഇത് മിക്കപ്പോഴും വ്യക്തിഗതം കൂടിയാണ്. ഒരാളുടെ ഭാഗ്യം മറ്റൊരാള്‍ക്ക് തിരിച്ചടി സമ്മാനിക്കാം. പട്ടിണി കിടക്കുമ്പോള്‍ ലോട്ടറിയടിച്ചാല്‍ ഭാഗ്യം. ആ ലോട്ടറി ടിക്കറ്റ് മാറാന്‍ പോകുന്ന സമയത്ത് ലോറിയിടിച്ച് മരിച്ചാല്‍ ലോട്ടറിയടിച്ചത് നിര്‍ഭാഗ്യമാകും. ലോകത്തെ മഹാ ഭാഗ്യവാന്‍മാരായ 10 പേര്‍ ഒരു ബോട്ടില്‍ യാത്ര ചെയ്യുന്നുവെന്നിരിക്കട്ടെ. ബോട്ട് മുങ്ങാന്‍പോകുന്നു. ഒരൊറ്റ ലൈഫ് ജാക്കറ്റ് മാത്രം. നറുക്കിടുന്നു. 9 പേരും നിര്‍ഭാഗ്യരായിമാറുന്നു. ആ സ്ഥാനത്ത് മഹാനിര്‍ഭാഗ്യവാന്‍മാരായ 10 പേരാണ് യാത്രക്കാരെന്ന് സങ്കല്‍പ്പിക്കുക. ലൈഫ്‌ബോട്ടിന് നറുക്കിടുന്നു, ഒരാള്‍ക്ക് പരമമായ ഭാഗ്യം ലഭിക്കുന്നു! വെറുപ്പിച്ച് കൊല്ലുന്ന ഒരു സുഹൃത്തുമായി കാര്‍ യാത്ര ചെയ്യുന്നത് നിര്‍ഭാഗ്യം. വണ്ടിയോടിക്കുന്ന നിങ്ങള്‍ക്ക് തലക്കറക്കം വരുകയും സുഹൃത്ത് ഡ്രൈവറാകുകയും ചെയ്താല്‍ അതേ സുഹൃത്ത് ഭാഗ്യമായി മാറും. അയാള്‍ എവിടെയെങ്കിലുംകൊണ്ട് ചാര്‍ത്തിയാല്‍ വീണ്ടും നിര്‍ഭാഗ്യം! അയിത്തവും ബുര്‍ഖയും സഞ്ചാരനിയന്ത്രണവുമൊക്കെ കോവിഡ് കാലത്ത് സഹായകരമായി തോന്നാം. സാധാരണ മനുഷ്യജീവിതത്തില്‍ അവയൊക്കെ തിന്മയും സ്വാതന്ത്ര്യനിഷേധവുമാണ്.

(5) 1981 ല്‍ ആണെന്ന് തോന്നുന്നു, കേരളത്തിലെ യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് മകരജ്യോതി കൊളുത്തി. ഒന്നല്ല രണ്ടെണ്ണം. പോലീസ് അവരെ പിന്തുടര്‍ന്ന് പുറംതല്ലിപ്പൊളിച്ചു. പിറ്റേന്ന് പത്രംവായിച്ച വിശ്വാസികളായ വൃദ്ധജനം പൊന്നയ്യപ്പാ ഇവനൊക്കെ വേണ്ടത് കൊടുക്കണേ എന്ന ശൈലിയില്‍ തലയില്‍ കൈവെച്ചാണ് ശപിച്ചത്. ഒട്ടുംവൈകാതെ ജ്യോതി കൊളുത്താന്‍പോയ യുക്തിവാദി പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ക്ക് കേരള ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചു! വിളക്ക് കൊളുത്തിയോ എന്ന ഒരൊറ്റ കാര്യമേ അയ്യപ്പന്‍ പരിഗണിക്കുന്നുള്ളൂ. വെളിച്ചവുംപുകയും കണ്ടാല്‍ ബില്ല് പാസ്സാക്കും.