വാസ്തുനോക്കി സമയം കണ്ട് പൂജ നടത്തി പണിത ഫ്‌ലാറ്റുകള്‍ പൊളിച്ചടുക്കുമ്പോഴും പൂജ, എന്ത് വന്നാലും ലവന്റെ കീശ നിറയും

231

Ravichandran C

mission flatsഎവിടെയോ ഒരു വാല്‍ കിളിര്‍ക്കുന്നു.

വാസ്തുനോക്കി സമയം കണ്ട് പൂജ നടത്തി പണിത ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പേ പൂജ നടത്തിയതിനെ കുറിച്ച് ആഴത്തിലുള്ള വിമര്‍ശനങ്ങള്‍ കണ്ടു. പൂജയുടെ ലക്ഷ്യം തകര്‍ക്കലാണോ തകര്‍ക്കാതിരിക്കലാണോ എന്നൊക്കെയാണ് ചോദ്യശരങ്ങള്‍. പണിതാലും നശിച്ചാലും ലവന്റെ കീശ വീര്‍ക്കും എന്നാണ് മറ്റൊരാക്ഷേപം. ഇതൊക്കെ പറയുന്നത് അവിശ്വാസികളാണെങ്കില്‍ അതിന് ഒരു ചന്തമുണ്ട്. അവര്‍ ഇത്തരം ചിട്ടികളില്‍ ചേര്‍ന്നിട്ടില്ലല്ലോ. പക്ഷെ അര വിശ്വാസികളും കാല്‍വിശ്വാസികളും പ്രേതവിശ്വാസികളും മുഴുവിശ്വാസികളും വിപ്ലവകാരികളുമൊക്കെ ഫ്‌ലാറ്റ് പൊളിക്കാനുള്ള പൂജയെ ഇങ്ങനെ മാന്തുന്നതെന്തെന്ന് മനസ്സിലാകുന്നില്ല. ആത്മവിമര്‍ശനമാണോ? അതോ മദ്യപന് മദ്യപാനം മോശമാണ് എന്ന് പറയാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട് എന്ന ലൈന്‍ പിടിക്കുകയാണോ? ചോദ്യമിതാണ്- ‘നിര്‍മ്മാണപൂജ’യില്‍ നിന്ന് എന്ത് വ്യത്യാസമാണ് ‘നശീകരണ പൂജ’യിലുളളത്?

നശീകരണപൂജയില്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്ക് പൂക്കളാണോ? വമ്പന്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോള്‍ വലിയ തോതില്‍ അപകട സാദ്ധ്യതകളും അനിശ്ചിതത്വങ്ങളും ഇല്ലേ? അടുത്തിടെ ഒരു റെയിവെ മേല്‍പ്പാലം പൊളിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല! അപ്പോള്‍ നിര്‍മ്മാണ പൂജയേക്കാള്‍ യുക്തിസഹമല്ലേ നശീകരണപൂജ?സൃഷ്ടി-സ്ഥിതി-സംഹാരം എന്നല്ലേ പ്രമാണം. പരമ്പരാഗതമായി പൂജ നടത്താന്‍ എന്തൊക്കെയാണ് വേണ്ടത്?

ഭക്തന്റെ കാഞ്ഞ ബുദ്ധി-രണ്ട് കപ്പ്
അവന്റെ അത്യാഗ്രഹം-രണ്ട് കപ്പ്
ഭക്തന്റെ ഭയം-രണ്ട് കപ്പ്
അവന്റെ കയ്യിലെ പണം-ആവശ്യത്തിന്
ബാക്കി പൂവ്, ഭസ്മം, കാറല്‍, പിറുപിറുക്കല്‍…തരാതരംപോലെ
ഇതൊക്കെ നിര്‍മ്മാണപൂജയിലും നശീകരണപൂജയിലും സമാസമം അല്ലേ? പിന്നെന്തിന് ഈ ചിറ്റമ്മനയം? മനസ്സിലാക്കാന്‍ വളരെ പ്രയാസമുള്ള നിലപാടാണിത്.