സര്‍പ്പദോഷം എന്നൊരു അഖിലേന്ത്യാ ഉടായിപ്പ് ഉണ്ട്, സര്‍പ്പശാപം ഏറ്റവരെ പാമ്പ് ഏതറ്റംവരെയും പിന്തുടരുമത്രെ!

  270

  കടിയേറ്റ ജനത
  (Ravichandran C)

  (1) കഴിഞ്ഞവര്‍ഷം ഇതേ സമയം ബാങ്കില്‍ നിന്ന് കിട്ടിയ ജപ്തി നോട്ടീസ് പൂജവെച്ച് അത്യാഹിതത്തിലേക്ക് നടന്നുകയറിയ ഒരു കുടുംബത്തെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തിരുന്നു. ബാങ്കുകള്‍ക്കെതിരെ വിഷംചീറ്റിയും അവരുടെ കെട്ടിടങ്ങള്‍ അടിച്ചു തകര്‍ത്തും അന്നു പലരും കരുത്തുകാട്ടി. ഭാര്യയെ നശിപ്പിക്കാന്‍ ഒരാള്‍ നടത്തിയ സമാനതകളില്ലാത്ത ക്രൂരകൃത്യത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. കൊല്ലാനായി വിഷപാമ്പിനെ ഉപയോഗിച്ചു എന്നതാണ് കൊല്ലത്ത് അഞ്ചലിലെ കൊലപാതകത്തെ സവിശേഷമാക്കുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുന്ന കഥകള്‍ സിനിമയിലും സീരിയലിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും നിത്യജീവിതത്തില്‍ കേരളീയര്‍ക്ക് അത്ര പരിചയമില്ലാത്ത ഒന്നാണല്ലോ. ഐ.വി ശശി സംവിധാനം ചെയ്ത കരിമ്പിന്‍ പൂവിനക്കരെ(1985) എന്ന ചിത്രത്തില്‍ സമാനമായ ഒരു രംഗമുണ്ട്. അന്ന് അഞ്ചല്‍ കേസിലെ പ്രതി ജനിച്ചിട്ടില്ല.

  (2) ക്രിമിനല്‍ സ്വാഭാവം ഉള്ളവരില്‍ പലപ്പോഴും സാമാന്യബുദ്ധിയും മാനുഷികവികാരങ്ങളും വേണ്ടത്ര തോതില്‍ പ്രവര്‍ത്തിച്ചേക്കില്ല എന്നതിന്റെ തെളിവാണ് (അപവാദങ്ങള്‍ ഇല്ലെന്നല്ല) ഈ കുറ്റകൃത്യനിര്‍വഹണവും. വൈക്കോല്‍ ലോറിപോലെ പോകുന്നിടത്തെല്ലാം ടണ്‍ കണക്കിന് തെളിവുകള്‍ വാരി വിതറിയാണ് പ്രതി കുറ്റകൃത്യം നിര്‍വഹിച്ചത്. അപ്പോഴും പ്രസ്തുത തെളിവുകളെല്ലാം ഒട്ടിച്ചുവെച്ച് ശിക്ഷ വാങ്ങിക്കൊടുക അത്ര എളുപ്പമായിരുന്നില്ല. കൊല നടത്താന്‍ ഉപയോഗിച്ച ജീവികളാണ് നിയമത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. എങ്കിലും കടിച്ച മൂര്‍ഖന്റെ ശവശരീരം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയത് വിഷപ്പല്ലുണ്ടെന്ന് സ്ഥിരീകരിച്ചത് വിലപെട്ട തെളിവാണ്. പാമ്പിന്റെ ജഡം അവിടെ നിന്ന് മാറ്റാനോ കുറഞ്ഞപക്ഷം സിനിമാക്കഥ മാതൃകയില്‍ പകരം മറ്റെന്തെങ്കിലും വിഷമില്ലാത്ത ഇനത്തെ അവിടെ നിക്ഷേപിക്കാനോ പ്രതി തുനിഞ്ഞില്ല എന്നത് കൗതുകകരമാണ്. ‘തെളിവുകള്‍ നശിപ്പിക്കാത്ത പ്രതി’ എന്നത് ഒരു അപൂര്‍വ സാധ്യതയാണ്. എങ്കിലും ഈ കേസില്‍ വെല്ലുവിളികള്‍ ഇനിയുമുണ്ട്.

  (3) ആറുമാസം ഭര്‍ത്താവ് കൊണ്ടുവരുന്ന പാമ്പിനെ കാത്തിരുന്ന നിര്‍ഭാഗ്യവതിയായ ആ പെണ്‍കുട്ടിയുടെ കഥ ഗ്രീക്ക് ദുരന്തകഥകളെ വെല്ലുന്നതാണ്. ഭര്‍ത്താവിന്റെ വാക്കുംപ്രവര്‍ത്തിയും അവളൊരിക്കലും തെറ്റിദ്ധരിച്ചിരുന്നില്ല എന്നതാണ് ദയനീയം. എലിയെ കൊല്ലാനായി പതിനായിരം രൂപയുടെ പാമ്പിനെ വില്‍ക്കുന്നവര്‍ വിദൂഷകവേഷമണിയുന്ന ഈ കേസില്‍ മലയാളി സമൂഹം ഇടപെടുന്നത് തങ്ങള്‍ക്കില്ലാത്ത എന്തോ ചിലത് പ്രതികളില്‍ ഉണ്ടെന്ന അവകാശവാദത്തോടെയാണ്. കേരള സമൂഹത്തിന് ഒരു യാഥാര്‍ത്ഥ്യ പരിശോധന (reality check) അത്യാവശ്യമാണ്. മാലാഖമാരായി സ്വയംവിലയിരുത്തി കളിച്ചിട്ട് കാര്യമില്ല. യാഥാര്‍ത്ഥ്യബോധമില്ലാത്ത ലോകവീക്ഷണമാണ് സമൂഹത്തെ തളര്‍ത്തുന്നത്. വ്യക്തിതലം മുതല്‍ ഭരണനിര്‍വഹണംവരെ അത് മുഴച്ചുനില്‍ക്കുന്നു. അഞ്ചല്‍ കേസിലന്റെ എല്ലാ തലങ്ങളിലും ഇത് പ്രകടമാണ്.

  (4) കൂടത്തായിലെ വിഷംകൊടുത്തുള്ള കൂട്ടക്കൊലകള്‍ക്ക് ശേഷം ‘ചായയില്‍ സൈനയിഡ് ഉണ്ടോ’എന്ന് കളിയായി ചോദിക്കുന്ന ഭര്‍ത്താക്കന്‍മാരില്‍ നിന്ന് ‘മുറിയില്‍ പാമ്പൊന്നും ഇല്ലല്ലോ അല്ലേ’ എന്ന കുസൃതിചോദ്യം ചോദിക്കുന്ന ഭാര്യമാരിലേക്ക് സാമൂഹ്യവിനിമയങ്ങള്‍ മാറിയെന്നല്ലാതെ കേരളസമൂഹത്തിന്റെ അടിസ്ഥാന സ്വഭാവത്തെ തെല്ലും ഉലയ്ക്കാന്‍ അഞ്ചല്‍ കേസിനും കഴിയുമെന്ന് തോന്നുന്നില്ല. വ്യക്തിക്ക് വിലയില്ലാത്ത, ചാപ്പസംസ്‌കാരത്തില്‍ ആനന്ദിക്കുന്ന ഒരു സമൂഹത്തില്‍ നിന്ന് ഇത്തരം നിരീക്ഷണങ്ങള്‍ അസാധാരണമല്ല. നമ്മുടെ മുഖ്യധാരാ രാഷ്ടീയ ആശയങ്ങളെല്ലാംതന്നെ കളക്റ്റിവിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമാണ്. വിവാഹം എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തെ സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും അതിമാരകമാണ്.

  (5) പണ്ട് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ സെക്കന്‍ഡ് ഗ്രേഡ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലം. പുതിയ ജീവനക്കാര്‍ക്കുള്ള ഇന്‍സര്‍വീസ് കോഴ്‌സ് നടക്കുന്നു. ക്ലാസെടുത്ത രസികയായ ഒരു ഉന്നത ഉദ്യോഗസ്ഥയുടെ തമാശ ഇങ്ങനെ: ”നിങ്ങള്‍ ഇപ്പോള്‍ സെക്കന്‍ഡ് ഗ്രേഡ് അസിസ്റ്റന്റാണ്. നിങ്ങള്‍ക്ക് ഈ സ്ഥാപനത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല എന്നൊക്കെയാവും ധരിച്ചിരിക്കുന്നത്. നാളെ രാവിലെ ഞാനുള്‍പ്പടെയുള്ള 650 പേര്‍ ഒറ്റയടിക്ക് ലീവെടുക്കുകയോ വിരമിക്കുകയോ കൊല്ലപെടുകയോ ചെയ്താല്‍ നിങ്ങളാണ് പുതിയ പി.എസ്.സി സെക്രട്ടറി! അതോര്‍ത്ത് വേണം ഈ ക്ലാസില്‍ ഇരിക്കാന്‍..” പുതിയതായി റിക്രൂട്ട് ചെയ്യപെട്ടവര്‍ ക്ലാസില്‍ ശ്രദ്ധിക്കാനായി അവര്‍ പറഞ്ഞ അതിശയോക്തിപരമായ ഈ തമാശ ഗൗരവമായി കാണുന്നവരാണ്‌ കേരള സമൂഹത്തില്‍ നല്ലൊരു പങ്കും എന്നു തോന്നിയിട്ടുണ്ട്.

  (6) മുന്നിലും മുകളിലുമുള്ള ആളുകള്‍ നശിച്ചാല്‍ അവര്‍ അനുഭവിക്കുന്നതെല്ലാം തനിക്ക് സ്വന്തമാകും എന്ന ചിന്ത പല സങ്കുചിത മനസ്സുകളെയും ആഴത്തില്‍ ഭരിക്കുന്നു. ഇതൊരു മതാത്മക പ്രാര്‍ത്ഥനയാണ്. ശിക്ഷാഭീതി മൂലമാണ് ജനം കൂട്ടത്തോടെ കുറ്റകൃത്യത്തിലേക്ക് വഴുതിവീഴാത്തത്. കൂടത്തായിലും അഞ്ചലിലും പ്രതികള്‍ ചെയ്തതും മറ്റൊന്നല്ല. ആദ്യമൊക്കെ, ‘തടസ്സങ്ങള്‍’ ഒഴിവായി കിട്ടാന്‍ കഠിനമായി പ്രാര്‍ത്ഥിക്കുകയും പരിഹാരക്രിയകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടാവും. ഒന്നും നടക്കാതെ വന്നപ്പോഴാണ് ദൈവം കളിക്കാന്‍‍ തീരുമാനിച്ചിട്ടുണ്ടാവുക. അവിശ്വാസികളാണെങ്കില്‍ ഈ ഘട്ടത്തില്‍ സമയവും പണവും ഊര്‍ജ്ജവും ലാഭിക്കാം 🙂 ആരെയെങ്കിലും ഇല്ലാതാക്കിയാല്‍ അവര്‍ക്കുള്ളതെല്ലാം നിങ്ങള്‍ക്ക് ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമാണ്. അങ്ങനെ കിട്ടണമെന്നില്ല എന്നു മാത്രമല്ല പലപ്പോഴും വിപരീതഫലത്തിന് സാധ്യതയുണ്ടെന്ന യാഥാര്‍ത്ഥ്യബോധം ഉരുത്തിരിയണം. അന്യനെ സഹിക്കാന്‍ പഠിക്കണം. അറിവും സമ്പത്തുമല്ല മറിച്ച് ഇത്തരം ലളിതമായ തിരിച്ചറിവുകളും സഹിഷ്ണുതാബോധവുമാണ് നാം ജീവിക്കുന്ന ലോകത്തെ മെച്ചപെട്ട ഇടമാക്കുക. അന്യരാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ നിങ്ങള്‍ നരകമാണ്; നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും.

  (7) മതപരമായ അന്ധവിശ്വാസങ്ങളുടെ പതിവ് സാന്നിധ്യമാണ് ഈ കേസില്‍ ശ്രദ്ധയമായി തോന്നിയ മറ്റൊരു കാര്യം. ആദ്യത്തെ പാമ്പ് കടി സ്വാഭാവിക സംഭവമായി എല്ലാവരും കരുതിയിട്ടുണ്ടാവും. എങ്കിലും സംശയിക്കാനുള്ള നിരവധി കാരണങ്ങള്‍ അവിടെയുണ്ടായിരുന്നു. അന്ന് യുവതി കൊല്ലപെട്ടിരുന്നുവെങ്കില്‍ ഒരുപക്ഷെ എല്ലാം അവിടെ തീര്‍ന്നേനെ എന്നു പറയാനാവില്ല. എങ്കിലും പരാജയപെട്ട ആദ്യശ്രമമായിരുന്നു പ്രതിയുടെ ഏറ്റവും മികച്ച പ്രകടനം! അതിന് മുമ്പും ശേഷവും പല തവണ യുവതിയുമായി ബന്ധപെട്ട സ്ഥലങ്ങളില്‍ പാമ്പിന്റെ സാന്നിധ്യമുണ്ടായി. സര്‍പ്പദോഷം എന്നൊരു അഖിലേന്ത്യാ ഉടായിപ്പ് ഉണ്ട്. അതിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു എസ്‌ക്യൂസീവ് ഷോറൂം ആലപ്പുഴ ജില്ലയില്‍ കാണാനാവും. സാധാരണ പാമ്പല്ല സര്‍പ്പം എന്നൊക്കെയാണ് സങ്കല്‍പ്പം. മഹാഭാരതകഥയില്‍ തക്ഷകന്‍ പരീക്ഷിത്തിനെ കൊന്നതുപോലെ സര്‍പ്പശാപം ഏറ്റവരെ പാമ്പ് ഏതറ്റംവരെയും പിന്തുടരുമത്രെ!

  (8) കൊല്ലപെട്ട യുവതിയെ ചുറ്റിപ്പറ്റി നിരന്തരം പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന വാര്‍ത്തകള്‍ ‘വിശ്വാസപൂര്‍വം’ സ്വീകരിക്കാന്‍ അവളുടെ ബന്ധുക്കള്‍ തയ്യാറായിട്ടുണ്ടാവണം. രണ്ടാമതു കടിച്ചിട്ടും ഈ വിശ്വാസം അവര്‍ കയ്യൊഴിഞ്ഞിരുന്നില്ല എന്നുവേണം കരുതാന്‍. പ്രതിയും സംഘവും ഇതേ സിദ്ധാന്തം പ്രത്യക്ഷത്തിലും പരോക്ഷമായും പ്രസരിപ്പിച്ചിരുന്നു എന്നു വ്യക്തമാണ്. എന്തുകൊണ്ട് വീണ്ടും പാമ്പുകള്‍ ഒരു വ്യക്തിയെ മാത്രം തേടി വരുന്നു എന്ന കപട ചോദ്യത്തിന് ഇതല്ലാതെ മറ്റൊരു വായടപ്പന്‍ വിശദീകരണം അസാധ്യമാണല്ലോ! സംഗതി പറഞ്ഞുവരുമ്പോള്‍ മുജ്ജന്മ സിദ്ധാന്തവും കര്‍മ്മദോഷവുമൊക്കെയാണ്. അഡീഷണല്‍ സെക്രട്ടറി ലെവലുള്ള ആള്‍ക്കാര്‍ വരെ ആസുരപൂര്‍വം ആഘോഷിക്കുന്ന യമണ്ടന്‍ മതാശയം! ചോദ്യം തന്നെ തെറ്റാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതാണ് ഇവിടെ യഥാര്‍ത്ഥപ്രശ്‌നം. അങ്ങനെ പാമ്പ് ഒരാളെ സ്ഥിരമായി തേടിവരുന്നില്ല. തേടിവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കേവലമായ ന്യായവൈകല്യം മാത്രമാണ്.

  (9) പ്രദേശനിവാസി കൂടിയായ വനിതകമ്മീഷന്‍ അംഗം പോലും പറഞ്ഞത് അത്തരം മതസിദ്ധാന്തങ്ങള്‍ എടുത്തു വീശുമോ എന്ന് ഭയപെട്ടതിനാലാണ് ആദ്യഘട്ടത്തില്‍തന്നെ സംശയം തോന്നിയിട്ടും താന്‍ കേസുമായി മുന്നിട്ടിറങ്ങാതിരുന്നത് എന്നാണ്. എല്ലാവരും സ്വന്തം ചക്കര അന്ധവിശ്വാസങ്ങളെ താലോലിക്കുകയും അന്യന്റെ വിശ്വാസങ്ങളെക്കുറിച്ച് മൗനംപാലിക്കുകയും ചെയ്യുന്നത് സാധാരണയാണ്. മതസൗഹാര്‍ദ്ദം ഒരു പരസ്പര സഹകരണ സഹായ സംഘമാണല്ലോ. കേസില്‍ ഉള്‍പെട്ട ഇരുകൂട്ടരും കുറെയേറെ നാട്ടുകാരും മൊത്തമായും ചില്ലറായായും സര്‍പ്പദോഷം എന്ന അന്ധവിശ്വാസം പങ്കിട്ടിരുന്നു എന്നുവേണം കരുതാന്‍. ബുദ്ധിശക്തിയും യാഥാര്‍ത്ഥ്യബോധവും പണയംവെക്കാത്ത ഒന്നോ രണ്ടോ പേര്‍ കൊല്ലപെട്ട യുവതിയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഒരു കൊലപാതകമാണ് അഞ്ചലില്‍ നടന്നത്.

  (10) അന്ധവിശ്വാസങ്ങള്‍ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡല്‍ കേരളത്തിലും വ്യാപകമാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും മതാത്മക മനസ്സുകളുടെ അന്ധവിശ്വാസങ്ങളുടെ ഉദ്പ്പന്നമായിരുന്നു. സര്‍പ്പദോഷമുള്ള സ്ത്രീ പാമ്പുകടിയേറ്റു മരിച്ചു എന്നൊക്കെ പറയുമ്പോഴേക്കും കിളി പോകുന്നവരാണ് ജനതയില്‍ ഭൂരിപക്ഷവും. പക്ഷെ മാധ്യമങ്ങള്‍ സ്ഥിരം മാന്തി തളരുന്ന് മറ്റേതോ മേഖലകളിലാണ്. പ്രതി ഏതോ അന്യഗ്രഹജീവിയാണ്, നമ്മളാരും ഇങ്ങനെയല്ലല്ലോ എന്നൊക്കെയാണ് വിലാപങ്ങള്‍! അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി കേരളത്തിലെ മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. പല കുറ്റകൃത്യങ്ങളിലും ഗണ്യമായ സംഭാവന ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നു. ആധുനിക സങ്കേതികവിദ്യയുടെ കനത്ത പിന്‍ബലമുണ്ടായിട്ടും ഗുണപരമായ വളര്‍ച്ച ഏറ്റവും കുറച്ച് മാത്രം ദൃശ്യമാകുന്ന ഒരു മേഖലയായി മാധ്യമങ്ങള്‍ നിലകൊള്ളുകയാണ്. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അതല്ലേ ശരിക്കും ‘ഞെട്ടിപ്പിക്കുന്ന വാര്‍ത്ത’?