മതങ്ങളെ പൊളിച്ചടുക്കുന്ന രവിചന്ദ്രൻ മതത്തിലേക്കോ ?

195

Ravichandran C എഴുതുന്നു 

കാളപ്രസവം

See the Screen shots in circulation. ഇത്തരം ബൗദ്ധിക പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വായിക്കുന്ന എല്ലാവരും ഇത് തമാശയോ കുസൃതിയോ ആയി കാണുന്നില്ലെന്നതിന്റെ തെളിവാണ്. ഈ സ്‌ക്രീന്‍ ഷോട്ടനുസരിച്ച് 2.9 K ലൈക്ക് ലഭിച്ച ഈ സാധനം 4.5 K ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതൊക്കെ എവിടെ-എപ്പോള്‍ എന്നൊന്നും അറിയില്ല. ഇങ്ങനെയൊരു പോസ്റ്റ് ഉണ്ടോ എന്നുപോലും തീര്‍ച്ചയില്ല. May be a Photoshop, I doubt. എന്തായാലും വാട്‌സ് ആപ്പ് വഴിയും മെസഞ്ചര്‍ വഴിയും സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുണ്ട്. ചില വാര്‍ത്തകളുടെ പരസ്യപ്രചരണത്തിനായി കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന പോസ്റ്റുകളോ സ്‌ക്രീന്‍ ഷോട്ടുകളോ ആവാം ഇവ.എത്ര പൊട്ടത്തരമായാലും ഒരു നിശ്ചിത ശതമാനം ആളുകള്‍ ഇതിലൊക്കെ വീണുപോകും എന്നതാണ് ദു:ഖസത്യം.

ലിറ്റ്മസ് 2019 ന് ശേഷം രവിചന്ദ്രന്‍ സി അവയവദാന മാഫിയയുടെ ആളാണെന്നും ഇംഗ്‌ളണ്ടില്‍ പോയി പണംവാങ്ങി ധാരാളം അവയവ കൈമാറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിവരിച്ച്‌ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വിശേഷിച്ചും വാട്‌സ് ആപ്പില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. എനിക്ക് തന്നെ നൂറിലധികം ഫോര്‍വാ‍ഡുകള്‍ ലഭിച്ചിരുന്നു. ചില ചര്‍ച്ചകളില്‍ പ്രസ്തുത പോസ്റ്റ് അപ്പടി വിശ്വസിക്കുന്നവരും കുറെയൊക്കെ കാര്യമുണ്ടാവാം എന്നു കരുതുന്നവരുമായി പലരും കമന്റുകളുമായി എത്തിയിരുന്നു. സംഭവ്യത പൂജ്യമായ കാര്യങ്ങളുടെപോലും വിശ്വസിക്കപ്പെടാനുള്ള സാധ്യത പൂജ്യമല്ല. Believability is never zero even if the probability is zero. അതാണ് മനുഷ്യ മസ്തിഷ്‌കത്തിന്റെ സെറ്റപ്പ്.

ഇതൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. കഴിഞ്ഞ ചൊവ്വാഴ്ച എസെന്‍ഷ്യ 2019 കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ രണ്ട് മെസഞ്ചര്‍ സന്ദേശങ്ങള്‍: അഗസ്റ്റസ് മോറിസിന് എസെന്‍ഷ്യയില്‍ അവസരം നല്‍കാതിരുന്നത് ശരിയായില്ല! സംഗതി ഞാനും അപ്പോഴാണ് അറിയുന്നത്! അയച്ചത് രണ്ട് മുന്തിയ ‘യുക്തിവാദി’കളാണ്. ആരോ കാഷ്ഠിച്ച മഞ്ഞ ചൂടോടെ വിഴുങ്ങിയ ശേഷം മെസേജ് അയച്ചതാണ്. രവിചന്ദ്രന്‍ പൗരത്വഭേദഗതി നിയമം വേണമെന്ന് പറയുന്നു, നിങ്ങളോ എന്ന രീതിയില്‍ ഒരു മഞ്ഞപേജില്‍ ഘോര ചര്‍ച്ച സംഘടിപ്പിച്ചത് ഇന്‍ബോക്‌സില്‍ മെസേജായി കിട്ടിയിരുന്നു…. എന്തെങ്കിലും കിട്ടിയാല്‍ പിന്നെ മുന്‍പിന്‍ നോക്കാതെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആയിരിക്കും.

കപടവാര്‍ത്തകളും നുണകളും വ്യക്തിയധിക്ഷേപങ്ങളും കുത്തി നിറച്ച പോസ്റ്റുകള്‍ക്ക് പഞ്ഞമില്ല. വര്‍ഷങ്ങളായി കാണുന്നു, കേള്‍ക്കുന്നു. ഇറക്കി കളിക്കുന്ന ടീമുകളെ പ്രതികരിച്ചു മഹത്വപെടുത്താന്‍ ഇന്നുവരെ തുനിഞ്ഞിട്ടില്ല. പത്തുപൈസയുടെ വില കൊടുത്തിട്ടുമില്ല. ഭാവിയിലും ആ നിലപാടില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ഇതിലെ പ്രധാന വിഷയം ഇത്തരം പോസ്റ്റുകളും നുണപ്രചരണങ്ങളും കമന്റുകളുമൊക്കെ കണ്ട് വേവലാതിപെട്ട് പലരും വിശദീകരണത്തിനായി ബന്ധപെടുന്നു എന്നതാണ്. ഇങ്ങനെ ‘അന്വേഷിക്കുന്ന’ പലരും ഫ്രണ്ട് ലിസ്റ്റിലുള്ളവരാണ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മഞ്ഞകളുടെ വിശദീകരണം ആവശ്യപെട്ട് വരുന്ന നിഷ്‌കളങ്കരുമുണ്ട്. ഒറ്റ നോട്ടത്തില്‍ നുണയോ പരദൂഷണമോ ആണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന കാര്യങ്ങളില്‍ ‘വിശദീകരണം’ ചോദിക്കുമ്പോഴാണ് അറിയാതെ കൈ തലയില്‍ വെച്ചു പോകുന്നത്.

പരദൂഷണവും മഞ്ഞയും വ്യക്തിയധിക്ഷേപവും മലയാളി സമൂഹം വളരയേറെ ഇഷ്ടപെടുന്നു എന്നു പറഞ്ഞതുകൊണ്ട് മാത്രം ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം ഇല്ലാതാവില്ല. മുന്നില്‍ വരുന്ന ഓരോ കാര്യവും യുക്തിസഹമായി വിശകലനം ചെയ്യാനും തെളിവ് കണ്ടെത്താനും ശ്രമിക്കണം. എല്ലാത്തരം വാര്‍ത്തകളെയും ഒരല്‍പ്പം സംശയത്തോടെ വീക്ഷിക്കുക. കൃത്യമായ തെളിവ് ലഭിക്കുന്നതിന് മുമ്പ് എടുത്തു ചാടി പ്രതികരിക്കാതിരിക്കുക. കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേ കയറെടുക്കരുത്. നുണപ്രചരണവും മഞ്ഞയും കാണുമ്പോള്‍ അത് അവതരിപ്പിക്കുന്നവരുടെ വ്യക്തിമഹിമയും ഉദ്ദേശലക്ഷ്യങ്ങളും കൂടി പരിശോധിക്കുന്നത് നന്നായിരിക്കും…. ഇത്രയും പറഞ്ഞത് കൊണ്ട് നാളെ മുതല്‍ എല്ലാവരും യുക്തിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ സ്വീകരിച്ചു തുടങ്ങും എന്ന അത്യാഗ്രഹമൊന്നും എനിക്കില്ല. ഞാനിങ്ങനെ പറഞ്ഞിരുന്നു എന്നു കണ്ടാല്‍ മതി.

ഇമ്മാതിരി ചരക്കുകളൊന്നും ദയവ് ചെയ്ത് എന്റെ ഇന്‍ബോക്‌സിലോ വാട്‌സ് ആപ്പിലോ കൊണ്ടിടരുത്. That is a request. ഓരോന്നിനും‍ മറുപടി നല്‍കാനോ വിശദീകരിക്കാനോ സാധിക്കില്ല. ഇത്തരം വാര്‍ത്തകളും മഞ്ഞയുമൊക്കെ വരുമ്പോള്‍ അത്യാവശ്യം ഹോംവര്‍ക്ക് ചെയ്യാന്‍ എല്ലാ മാന്യ സുഹൃത്തുക്കളും തയ്യാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ആകെ സ്വന്തമായുള്ളത് ജീവിതത്തില്‍ ബാക്കിയുള്ള സമയമാണ്. അത് മാത്രമാണ് നമ്മുടെ സമ്പത്ത്. സമയം പാഴാക്കുന്നത് ജീവിതംതന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്.