പോലീസ് ശിക്ഷിക്കാൻ തുടങ്ങിയാൽ എന്താവും സ്ഥിതി.?

143

പോലീസ് ശിക്ഷിക്കാൻ തുടങ്ങിയാൽ എന്താവും സ്ഥിതി.?

( ടി.കെ. രവിന്ദ്രനാഥ് )

ഹൈദരാബാദ് ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നതിനെ കൃഷ്ണപ്രിയയുടെ അച്ഛൻ നടത്തിയ കൊലപാതകവുമായി താരതമ്യം ചെയ്ത് അതിനെ ന്യായീകരിക്കുന്നതു കണ്ടു. ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുന്ന സ്വബോധമുള്ള ആരും പോലീസിന്റെ ഈ കൃത്യത്തെ ന്യായീകരിക്കുകയില്ല. കേരളത്തിലെ തണ്ടർ ബോൾട്ട് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നപ്പോൾ മനുഷ്യാവകാശത്തിന്റെ പേരിൽ കണ്ണീരൊഴുക്കിയവരാണിപ്പോൾ ബലാൽസംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നതിൽ രോമാഞ്ച കഞ്ചുകമണിയുന്നത്. മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലില്ല വെടിവെച്ചു കൊന്നത്. ഹൈദരാബാദ് പ്രതികൾ പോലീസ് പറഞ്ഞ പോലെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എങ്കിൽ തീർച്ചയായും പോലീസിനെ ന്യായീകരിക്കാം. എന്നാൽ വികാര ജീവികളായ ജനങ്ങൾ കരുതുന്നതു പോലെ പൊലീസ് തന്നിഷ്ടത്തിന് ശിക്ഷ നടപ്പാക്കിയതാണെങ്കിൽ പോലീസുകാർ കൊലപാതകികളായി മാറും.

ഇത് ഇന്ത്യയാണ്. സൗദി അറേബ്യയോ ഇറാനൊ അല്ല എന്നോർക്കുക. തീർച്ചയായും മൃഗഡോക്റ്ററെ ബലാത്സംഗം ചെയ്ത് കൊന്നവർ കഠിനമായ ശിക്ഷ അർഹിക്കുന്നുണ്ട്. എന്നാൽ അവരെ ശിക്ഷിക്കേണ്ടത് ഇന്ത്യയിൽ നിലനിൽക്കുന്ന നിയമപ്രകാരമാണ്. നിർഭയ കേസിലെ പ്രതികൾ ഇപ്പോൾ നാളുകളെണ്ണി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിൽ ജയിലിൽ തൂക്കുമരം കാത്ത് കിടക്കുന്നു. ഇതിലും കുറഞ്ഞ ശിക്ഷയാണ് ഇപ്പോൾ ഹൈദരാബാദ് പൊലീസ് പ്രതികൾക്ക് നൽകിയത്. നിർഭയ മോഡൽ ശിക്ഷയല്ലേ വേണ്ടിയിരുന്നത്. പ്രതികാരമല്ല വേണ്ടത് എന്ന് ചുരുക്കം.

ജനാധിപത്യ വ്യവസ്ഥിതിയിൽ കുറ്റവാളിയെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ നീതിപീഠത്തിനേ അധികാരമുള്ളു. പൗരനൊ പോലീസിനോ ശിക്ഷിക്കാൻ അധികാരമില്ല. അങ്ങനെ അധികാരം നൽകിയാലുള്ള അവസ്ഥയെന്തായിരിക്കും? നിരപരാധികൾ കൊല ചെയ്യപ്പെടുകയും അരാജകത്വം നടമാടുകയും ചെയ്യും. ഇന്ന് ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ആ രീതിയിലുള്ളതാണ്. പശുവിനെ കട്ടുകൊണ്ടു പോയി എന്ന് കുറ്റം ചുമത്തി ആൾക്കൂട്ടം നിരപരാധികളെ അടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. ഇതിനെ അപലപിക്കുന്നവരാണ് നമ്മൾ. ഹൈദരാബാദ് പോലിസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെങ്കിൽ അത് തെറ്റാണ്. അതിനെ ന്യായീകരിക്കുന്നവർ ആൾക്കൂട്ട നീതി നടപ്പാക്കുന്ന ഉത്തരേന്ത്യയിലെ സംഘികൾക്ക് തുല്യരാണ്.